Latest News
|^| Home -> Suppliments -> Baladeepam -> ഉണ്ണീശോയുടെ കരം പിടിച്ച്

ഉണ്ണീശോയുടെ കരം പിടിച്ച്

Sathyadeepam

ബ്ര. ജെറിൽ കുരിശിങ്കൽ

ശിഷ്യന്മാര്‍ക്കിന്നു കൊല്ലപ്പരീക്ഷയുടെ പ്രാക്ടിക്കലാണ്. പരീക്ഷ വളരെ എളുപ്പത്തില്‍ നടത്താന്‍ നല്ലവനായ ഗുരു തീരുമാനിച്ചു. ചോദ്യം നേരത്തെ ചോര്‍ന്നിരുന്നു. ഒരൊറ്റ കാര്യമേ ചെയ്യേണ്ടതുള്ളൂ. രാത്രിയില്‍ ആശ്രമത്തിനടുത്തുള്ള ചെറിയ കാട്ടിലൂടെ നടന്നുചെന്ന് അരുവിയില്‍ നിന്ന് ഒരു പാത്രം വെള്ളം ശേഖരിച്ചുകൊണ്ടുവരണം-കാര്യം വളരെ നിസ്സാരം. ഗുരുവിന്‍റെ മൂന്നു ശിഷ്യന്മാരും പരീക്ഷാദിവസത്തിനായി ആവേശത്തോടെ കാത്തിരുന്നു.

ആദ്യദിവസം രാത്രി ഒന്നാമത്തെ ശിഷ്യന്‍ വളരെ കൂളായി പാട്ടുപാടി കാട്ടിലെ നടപ്പാതയിലൂടെ നടന്നു. പക്ഷേ, വഴിയില്‍ ഒരു വലിയ കുഴിയുണ്ടാക്കി, ആര്‍ക്കും തിരിച്ചറിയാനാകാത്ത വിധത്തില്‍ കമ്പുകളും ഇലകളുമൊക്കെയിട്ടു മൂടിയിട്ടുകൊണ്ടു ഗുരു ഒരു മരത്തിനരികില്‍ മറഞ്ഞുനില്ക്കുന്നുണ്ടായിരുന്നു. കുഴിയില്‍നിന്നു ശിഷ്യന്‍ രക്ഷപ്പെടാന്‍ ഏറെ അദ്ധ്വാനിച്ചു. നന്നായി പരിശ്രമിച്ചിട്ടും കരയ്ക്കെത്താന്‍ സാധിച്ചില്ല. അയാള്‍ തളര്‍ന്നുവീണു. ഒടുവില്‍ ഗുരു ശിഷ്യന്‍റെ അടുത്തെത്തി. ഇക്കാര്യം ആരോടും പറയരുതെന്നു പറഞ്ഞു. പിറ്റേന്നു രണ്ടാമത്തെ ശിഷ്യന്‍റെ പരീക്ഷയായിരുന്നു. അയാളും കുഴിയില്‍ വീണു. ഭക്തനായ ആ ശിഷ്യന്‍ മുട്ടിമേല്‍നിന്നു പഠിച്ച പ്രഭാതപ്രാര്‍ത്ഥനകളൊക്കെ ഉരുവിടാന്‍ ആരംഭിച്ചു. കരകയറാന്‍ പല മന്ത്രങ്ങളും ചൊല്ലിനോക്കി. വീണ്ടും ഗുരുതന്നെ വന്ന് അയാളെയും രക്ഷിച്ചു. കുഴിയില്‍ വീണ മൂന്നാമത്തെ ശിഷ്യന്‍ ആദ്യം കുറച്ചു നേരം പ്രാര്‍ത്ഥിച്ചു. തുടര്‍ന്നു പ്രാര്‍ത്ഥനാമന്ത്രങ്ങള്‍ ഉരിവിട്ടുകൊണ്ടു കുഴിയിലുണ്ടായിരുന്ന കല്ലുകളും കോലുകളും ചേര്‍ത്തുവച്ചു പടികളുണ്ടാക്കി. കഠിനാദ്ധ്വാനംകൊണ്ടു കരകയറിയ ആ ശിഷ്യന്‍ വളരെ വേഗത്തില്‍ അരുവിയില്‍ നിന്ന്. ഒരു പാത്രം വെള്ളമെടുത്ത് തിരികെ ആശ്രമത്തിലെത്തി. അങ്ങനെ അയാള്‍ പരീക്ഷയില്‍ വിജയിച്ചു.

പ്രിയമുള്ളവരേ, ഈ മൂന്നു ശിഷ്യന്മാരും നമ്മുടെ പ്രതിനിധികളാണ.് ഒന്നാമത്തെ കൂട്ടര്‍ ഊണും ഉറക്കവുമിളച്ചു കഷ്ടപ്പെട്ടു പഠിക്കും. പക്ഷേ, പരീക്ഷാസമയത്ത് ഒരു തലവേദന വന്നു-പഠിച്ചതും പോയി. പിന്നെ മുകളിലെ ഫാന്‍ കറങ്ങുന്നതും എണ്ണിയിരിക്കും. രണ്ടാമത്തെ കൂട്ടര്‍ കര്‍ത്താവിനെ ബാങ്കാക്കുന്നവരാണ്. “ഞാന്‍ ഡെപ്പോസിറ്റായി കപ്പേളയുടെ മുമ്പില്‍ രണ്ടു പെട്ടി തിരി കത്തിക്കാം; എനിക്കു പലിശയടക്കം നൂറില്‍ തൊണ്ണൂറു മാര്‍ക്കെങ്കിലും വാങ്ങിത്തരണം – ഇതാണവരുടെ പ്രാര്‍ത്ഥന. പക്ഷേ, ഒന്നും പഠിക്കാതിരുന്നതുകൊണ്ട് ഉത്തരപേപ്പറില്‍ മാര്‍ക്കും കാണുകയില്ല. മെഴുകുതിരിയുടെ കാശ് പോയതല്ലാതെ വേറെ കാര്യമൊന്നും അവര്‍ക്കുണ്ടാകുകയുമില്ല.

പക്ഷേ, മൂന്നാമത്തെ കൂട്ടര്‍ തികച്ചും വ്യത്യസ്തരാണ്. ദിവസവും പള്ളിയില്‍ പോയി പ്രാര്‍ത്ഥിച്ച്, കൊന്ത ചൊല്ലി, നന്നായി പഠിച്ചു പരീക്ഷ എഴുതുന്നവരാണവര്‍. ട്യൂഷന്‍റെയോ ഉറങ്ങാതിരിക്കുന്നതിന്‍റെയോ കപ്പേളയില്‍ മെഴുകുതിരി കത്തിക്കുന്നതിന്‍റെയോ ആവശ്യം അവര്‍ക്കില്ല. ഈശോയാണ് അവരുടെ അദ്ധ്യാപകന്‍. കുഞ്ഞായിരിക്കുമ്പോള്‍ പരീക്ഷാദിനങ്ങളില്‍, അമ്മ ചെവിയില്‍ മന്ത്രിക്കാറുണ്ടായിരുന്ന രഹസ്യം ഓര്‍മ്മയില്‍ വരുന്നു. പരീക്ഷാസമയത്തു പരി. അമ്മയോടും ഉണ്ണീശോയോടും കൂടി വന്ന് അരികിലിരുന്ന് കൈപിടിച്ചു പരീക്ഷയെഴുതിത്തരാന്‍ എന്നും പ്രാര്‍ത്ഥിക്കണം.” അങ്ങനെ പ്രാര്‍ത്ഥിച്ച്, ബൈബിളിലെ ജ്ഞാനത്തിന്‍റെ പുസ്തകം ഒമ്പതാം അദ്ധ്യായം (ജ്ഞാനത്തിനുവേണ്ടിയുള്ള പ്രാര്‍ത്ഥന) വായിച്ചു പരീക്ഷ എഴുതിയതില്‍പ്പിന്നെ, അതിശയകരമായ വിജയം നല്കി കര്‍ത്താവ് അനുഗ്രഹിച്ചിട്ടുണ്ടെന്നതു സത്യമാണ്. പ്രാര്‍ത്ഥനയും പഠനവും ചേരുന്നിടത്തു വിജയം ഉറപ്പാണ്. പരീക്ഷാവേളകളില്‍ മാത്രമല്ല, ജീവിതത്തിലുടനീളം കര്‍ത്താവിന്‍റെ കരം ഒപ്പമുണ്ടാകുവാന്‍ നമുക്കു പ്രാര്‍ത്ഥിക്കാം.

Leave a Comment

*
*