|^| Home -> Suppliments -> Familiya -> ഉത്തരവാദിത്വബോധം

ഉത്തരവാദിത്വബോധം

Sathyadeepam

മാതൃപാഠങ്ങള്‍

ഷൈനി ടോമി

കുറുക്കുവഴികളിലൂടെ ലക്ഷ്യം നേടുന്നതു വിജയമാണോ? അത് അവനവന്‍റെ ഉത്തരവാദിത്വത്തില്‍ നിന്നുള്ള ഒളിച്ചോട്ടം മാത്രമല്ലേ? ഉത്തരവാദിത്വബോധത്തില്‍ വളരാത്ത ഒരാള്‍ക്കു വിജയത്തിന്‍റെ യഥാര്‍ത്ഥ രുചി അനുഭവിക്കാന്‍ കഴിയില്ല. അവകാശങ്ങള്‍ക്കുവേണ്ടി നിലവിളിച്ചു നിലവിളിച്ച് ഒടുവില്‍ ആ നിലവിളി മാത്രം അവശേഷിപ്പിച്ചു മണ്ണു പൂകുന്നവരെ ഓര്‍ത്തുപോകുന്നു.

എന്താണ് ഉത്തരവാദിത്വബോധം? അതു ഭൂമിയിലെ സമസ്ത ജീവജാലങ്ങളിലും ഉള്‍ച്ചേര്‍ന്നിരിക്കുന്ന ഒരു ആത്മീയസാന്നിദ്ധ്യമാണ്. ഒരു മാമ്പഴപ്പൊതി കാക്ക കൊത്തി പുഴയോരത്തിട്ടു. മണ്ണില്‍ പൂണ്ട വിത്തു മഴക്കാലം വന്നപ്പോള്‍ മുളച്ചു പൊന്തുന്നു. വളരുമ്പോള്‍ വെയിലേറു നോക്കി ചാഞ്ഞു വളരാന്‍ ആരും അതിനെ സഹായിക്കേണ്ടതില്ല. വേരുകള്‍ വെള്ളവും വളവും തേടിപ്പോകാനും ആരും പരിശീലിപ്പിക്കേണ്ട. വിത്തിനും അതിനുള്ളിലെ മരത്തിനും ലഭിച്ച സാഹചര്യങ്ങള്‍ അത് ഉപയോഗിച്ചു. സാദ്ധ്യത പരമാവധി പ്രയോജനപ്പടുത്തിക്കൊണ്ട് ആ മാവ് ഒരുനാള്‍ നിറയെ മാമ്പഴം തരും. നമുക്കും പക്ഷികള്‍ക്കും. ഇത് ആ ചെടിയുടെ വിജയനിമിഷമാണ്. തണലും ഫലങ്ങളും നല്കുന്നതിലൂടെ ആ മരം തന്‍റെ ഉത്തരവാദിത്വം നിറവേറ്റി. ആരുടെയും ഇടപെടലില്ലാതെ തന്നെ. മൃഗങ്ങളും പക്ഷികളുമെല്ലാം വളരുന്നതും വംശം നിലനിര്‍ത്തുന്നതും അവരവരുടെ സാഹചര്യങ്ങളില്‍ നിന്നു സാദ്ധ്യതകള്‍ ഉത്തരവാദിത്വത്തോടെ ഉപയോഗിച്ചുകൊണ്ടുതന്നെയാണ്.

മനുഷ്യന്‍ പക്ഷേ, ലഭിച്ച സാഹചര്യം പര്യാപ്തമല്ലെന്നു കരുതി, അതിന്‍റെ സാദ്ധ്യതകളുപേക്ഷിച്ച്, ഭാവനയിലുള്ള സാഹചര്യം തേടിപ്പോകുന്നു. തന്‍റേതിനേക്കാള്‍ മെച്ചപ്പെട്ടതു അപരന്‍റേതെന്നു കരുതി, അതു തട്ടിയെടുക്കാനും പിടിച്ചുപറിക്കാനും മറ്റും നോക്കുന്നു. ആയിരിക്കുന്ന ഇടത്തില്‍ത്തന്നെ എത്രയോ സാദ്ധ്യത ഓരോരുത്തര്‍ക്കുമുണ്ട് എന്നറിയുന്നില്ല എന്നു മാത്രം. എന്നാല്‍ സാഹചര്യം വളരെ മോശമെന്നു ഞാന്‍ കരുതിയ ഒരു യുവാവ് – അയാള്‍ക്കു കാലുകളില്ല – ലോകപ്രശസ്ത മോട്ടിവേഷന്‍ സ്പീക്കറാണ്. അന്ധയായ ഒരു പെണ്‍കുട്ടി അരങ്ങുകളില്‍ നിന്നും അരങ്ങുകളിലേക്കു ഗാനമേളകളുമായി സഞ്ചരിച്ചുകൊണ്ടിരിക്കുന്നുണ്ട്. ഇവര്‍ക്ക് എന്തുകൊണ്ടാണിതു സാധിക്കുന്നത് എന്ന് ആലോചിച്ചിട്ടുണ്ടോ? ഇവര്‍ രണ്ടു പേരും സാഹചര്യങ്ങളെ പഴിപറഞ്ഞു നേരം കളഞ്ഞില്ല. പകരം സാദ്ധ്യതകള്‍ അന്വേഷിച്ചു കണ്ടെത്തി ഉപയോഗിച്ചു.

ജനിക്കുംമുമ്പേ ഓരോ ജീവനിലും ഒരു തിരിവെട്ടംകൂടി സ്രഷ്ടാവ് വച്ചുതന്നിട്ടുണ്ട്. ആ വെട്ടത്തില്‍ നടന്നു പഠിക്കണം. ശൈശവത്തില്‍ ലഭിക്കേണ്ടത് അതിനുള്ള പരിശീലനമാണ്.

കുഞ്ഞുങ്ങളുടെ സ്വാഭാവികമായ ഇത്തരത്തിലുള്ള വളര്‍ച്ചയെ മുരടിപ്പിച്ചു ബോണ്‍സായികളാക്കുന്നതു നമ്മള്‍തന്നെയല്ലേ? ചെടിച്ചട്ടിയില്‍ വളര്‍ത്തിയ ഒരു മാവ് രാസവളവും മറ്റും നല്കിയപ്പോള്‍ പൂത്തു, പിന്നെ കായ്ച്ചു. പക്ഷേ ആ മാവിനൊരിക്കലും ഒരു മാമ്പഴക്കാലം നല്കാനാവില്ല. അതിന്‍റെ ഫലസമൃദ്ധിയില്‍ കണക്കറ്റ പക്ഷികള്‍ തൃപ്തരാക്കപ്പെടുകയില്ല. ആകാശത്തേയ്ക്കു തലയുയര്‍ത്തി നില്ക്കുന്ന മാവു കണ്ടു പക്ഷികള്‍ ചേക്കേറാനെത്തില്ല. പൊരിവെയിലില്‍ മാഞ്ചോട്ടിലെ തണല്‍ തേടി പൈക്കിടാങ്ങള്‍ എത്തുകയുമില്ല. അതുപോലെയുള്ള മനുഷ്യജീവിതങ്ങളുമുണ്ട്. നമ്മള്‍ തന്നെ പരിമിതി കൂടുകള്‍ തീര്‍ത്ത് അതിലിട്ടു വളര്‍ത്തുന്ന മക്കളാണവ.

നമ്മുടെ വീടുകളില്‍ സംഭവിക്കുന്നത് ഇങ്ങനെയല്ലേ? അമ്മയ്ക്കു സുഖമില്ല. അതുകൊണ്ടു മോന്‍ ഒരാഴ്ച അപ്പൂപ്പന്‍റേം അമ്മൂമ്മേടേം വീട്ടില്‍ നിന്നു സ്കൂളില്‍ പോയാല്‍ മതി എന്നു പറയും. അമ്മയ്ക്കു വയ്യാണ്ടായാല്‍ എന്തു ചെയ്യണമെന്ന് എങ്ങനെ കുട്ടി പഠിക്കും? എല്ലാവരും തന്‍റെ ബുദ്ധിമുട്ടു മാറ്റിത്തരാനുള്ളവരാണെന്നും കൂടെ കൂട്ടി ധരിക്കുന്നു. അവന്‍റെ കരുതാനുള്ള കഴിവാണു മുരടിക്കുന്നത്. എപ്പോള്‍, എങ്ങനെ, എത്രമാത്രം ചെയ്യണം, എന്തൊക്കെ ചെയ്യരുത് എന്നൊക്കെ പുസ്തകങ്ങളില്‍ നിന്നു മാത്രം പഠിക്കുന്നവര്‍ക്കറിയില്ല. അമിതാവേശമോ കുറുക്കുവഴി തന്ത്രമോ ഒക്കെ സാദ്ധ്യമായേക്കും. പക്ഷേ, ആത്മവിശ്വാസത്തോടെ വേണ്ടതു വേണ്ടപ്പോള്‍ ചെയ്യാന്‍ കഴിയില്ല. അതിനു ചെയ്തു പരിചയമുണ്ടാക്കിയെടുക്കുക തന്നെ വേണം.

ഹൈടെക് ജീവിതരീതികള്‍ക്കു വിവേകമോ വിവേചനമോ എന്താണെന്നു വിശദീകരിച്ചുകൊടുക്കുവാന്‍ കഴിയില്ല. അത് അനുഭവങ്ങളിലൂടെ, തെറ്റിയും തിരുത്തിയും പരാജയങ്ങളറിഞ്ഞു വിജയിക്കുന്നവര്‍ക്കു മാത്രം സ്വന്തമാക്കാന്‍ കഴിയുന്നതാണ്.

ഒരു സമ്മാനംപോലും സ്വന്തം വിയര്‍പ്പും അദ്ധ്വാനവുംകൊണ്ടു നേടിയതല്ലെങ്കില്‍ അതവരെ തളര്‍ത്തുവാനേ ഉപകരിക്കൂ. ആ സമ്മാനം നല്കുന്ന പ്രശസ്തി അയാളെ ലഹരി പിടിപ്പിക്കും. കച്ചവടലാക്കുള്ളവര്‍ ആ പ്രശസ്തി വിറ്റു കാശാക്കും. അയാള്‍ക്കു കിട്ടുന്ന അനര്‍ഹമായ പുകഴ്ചകള്‍ അയാളെ അഹങ്കാരിയാക്കുന്നു. അതോടെ വിവേകം അപ്രത്യക്ഷമാകും; വീഴ്ചകള്‍ വേഗത്തിലുമാകും.

സ്വാഭാവികമായി അവനവനിലുള്ള ഉത്തരവാദിത്വബോധം എന്ന വിളക്കിന്‍റെ വെട്ടത്തില്‍ നടക്കാന്‍ പഠിച്ചില്ലെങ്കില്‍, മുതിര്‍ന്നവര്‍ പഠിപ്പിച്ചെടുക്കുകയെങ്കിലും ചെയ്തില്ലെങ്കില്‍ എങ്ങനെയാണു വിജയം അനുഭവിക്കുവാന്‍ ഒരാള്‍ക്കു കഴിയുന്നത്!

Leave a Comment

*
*