ഉത്ഥിതനെ തിരിച്ചറിയാൻ

ഉത്ഥിതനെ തിരിച്ചറിയാൻ

ഉത്ഥിതനായ യേശുവിനെ നമ്മുടെ കണ്ണുകള്‍കൊണ്ടു കാണാന്‍ കഴിയുമോ? ഇല്ല. പഞ്ചേന്ദ്രിയങ്ങള്‍കൊണ്ട് അനുഭവിക്കാനവുമോ? ഇല്ല. "ഉത്ഥിതമായ ശരീരം മഹത്ത്വമണിഞ്ഞ ശരീരമാണ്" (1 കോറി. 15:35-38). ആ ശരീരം നമ്മുടെ നഗ്നനേത്രങ്ങള്‍ക്കു ദൃശ്യമല്ല. ഉത്ഥിതനായ യേശുവിനെ സുവിശേഷത്തില്‍ തോട്ടക്കാരനായും അപരിചിതനായും അവതരിപ്പിക്കുമ്പോള്‍ ഉത്ഥിതനെ തിരിച്ചറിയാന്‍ നഗ്നനേത്രങ്ങള്‍ അശക്തമാണെന്നു സൂചിപ്പിക്കുന്നു.

ഉയിര്‍ത്തെഴുന്നേറ്റ യേശുവിനെ കാണുവാന്‍ വിശ്വാസത്തിന്‍റെ നേത്രങ്ങള്‍ക്കു മാത്രമേ കഴിയൂ എന്നു വി. തോമസ് അക്വിനാസ് പഠിപ്പിക്കുന്നു. യേശു സ്വയം കാണിച്ചുതരുമ്പോള്‍ മാത്രമാണു നമുക്കു കാണാന്‍ സാധിക്കുക. എമ്മാവൂസിലെ ശിഷ്യന്മാരുടെ കണ്ണുകള്‍ ബന്ധിതമായിരുന്നു. അപ്പം മുറിക്കലിന്‍റെ അടയാളത്തിലൂടെ യേശു അവര്‍ക്കു സ്വയം വെളിപ്പെടുത്തി. മഗ്ദലനായെ 'മറിയം' എന്നു വിളിച്ചപ്പോള്‍ ആ സ്വരത്തിലൂടെ യേശുവിനെ അവള്‍ തിരിച്ചറിഞ്ഞു.

യേശുതന്നെയാണു നമ്മുടെ പിതാവായ തോമാശ്ലീഹായെ ഉത്ഥാനത്തിന്‍റെ അനുഭവത്തിലേക്കു കൊണ്ടുവന്നത്. അവിടുന്നു തന്‍റെ മുറിവുകള്‍ കാണിച്ചുകൊണ്ടു സ്പര്‍ശിക്കുവാന്‍ ആവശ്യപ്പെട്ടു തോമായെ വിശ്വാസത്തിലേക്കു കൊണ്ടുവന്നു. അതുവഴിയാണു തോമാശ്ലീഹാ, യേശുവിനെ തന്‍റെ കര്‍ത്താവും ദൈവവുമായി തിരിച്ചറിഞ്ഞത്. ഉത്ഥാനത്തിന്‍റെ അനുഭവത്തിലേക്ക് അദ്ദേഹം എത്താതിരുന്നതിന്‍റെ കാരണം വിശ്വാസരാഹിത്യമായിരുന്നുവെന്നു യേശുവിന്‍റെ ശാസന വെളിപ്പെടുത്തുന്നു. അവിടുന്നു പറഞ്ഞു: "തോമാ, നീ അവിശ്വാസിയാകാതെ വിശ്വാസിയായിരിക്കുക." അങ്ങനെ യേശുവാണു തന്‍റെ പരിശുദ്ധാത്മാവിലൂടെ വിശ്വാസം നല്കിക്കൊണ്ട് ഉത്ഥാനത്തിന്‍റെ അനുഭവം നമുക്കു നല്കുന്നത്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org