ഉയര്‍ന്നു ചിന്തിക്കാം

ഉയര്‍ന്നു ചിന്തിക്കാം

പണ്ടുപണ്ടു ദൈവം സൂര്യചന്ദ്ര നക്ഷത്രാദികളെ അവയുടെ ഭ്രമണപഥത്തില്‍ ഉറപ്പിക്കുന്നതിനുമുമ്പ്, ഒരു സംഭവമുണ്ടായി. ഒരു നക്ഷത്രം മാനത്തുനിന്നു നിലതെറ്റി ഭൂമിയില്‍ പതിച്ചു. ഒരു കൊടുംവനത്തിലായിരുന്നു ആ പതനം. കൊടുങ്കാട്ടില്‍, കൂരിരുട്ടില്‍ പതിച്ച ആ നക്ഷത്രം അവിടെക്കിടന്നു പ്രകാശിച്ചു. ഇരതേടിയിറങ്ങിയ ഒരു ചെന്നായയുടെ ദൃഷ്ടിയില്‍ ആ പ്രകാശവീചി പതിച്ചു. ചെന്നായ് ഓടിച്ചെന്നു നോക്കി. എങ്ങും നിശ്ശബ്ദത. അനക്കമില്ലാതെ കിടക്കുന്ന പ്രകാശക്കഷണം ചെന്നായ് മണത്തു നോക്കി. ഒരു മണവുമില്ല. ഒരു കൈകൊണ്ടു തട്ടിനോക്കി. കരിങ്കല്ലുപോലുള്ള എന്തോ സാധനം ചെന്നായ് അതു തട്ടിമറിച്ചു. എന്നിട്ടും സര്‍വാംഗപ്രകാശമായി ആ നക്ഷത്രം തിളങ്ങി. ചെന്നായ് തനിനിറം കാട്ടി. നാലു വശത്തുനിന്നും മണ്ണും ചെളിയും ചപ്പും ചവറും തോണ്ടി തടുത്തുകൂട്ടി നക്ഷത്രത്തെ മറച്ചു. മറവു ചെയ്തിട്ടു ചെന്നായ് സ്ഥലംവിട്ടു.

പിറ്റേദിവസം പ്രഭാതം. വിറകു പെറുക്കാന്‍ വന്ന ഒരു ആദിവാസിയും ഭാര്യയും. അങ്ങു ദൂരെ കാട്ടിനുള്ളില്‍ നിന്നു സ്ഫുരിക്കുന്ന പ്രകാശക്കതിരുകള്‍ അവരുടെ കണ്ണുകളില്‍ പതിച്ചു. ജിജ്ഞാസയോടെ അവര്‍ അടുത്തു ചെന്നു. ചപ്പുചവറുകള്‍ക്കിടയിലൂടെ നാലുപാടും പ്രസരിക്കുന്ന പ്രകാശക്കതിരുകള്‍! അവര്‍ക്കു ജിജ്ഞാസ വര്‍ദ്ധിച്ചു. അവര്‍ അടുത്തുചെന്നു മണ്ണും ചെളിയും ചപ്പും ചവറും ചികഞ്ഞു മാറ്റി. അത്ഭുതമേ! ഒരു പ്രകാശക്കട്ട! അവരതെടുത്തു തോളിലേറ്റി തങ്ങളുടെ ഏറുമാടത്തിലെത്തിച്ചു. എങ്ങും പ്രഭാവലയം. അവര്‍ കൗതുകത്തോടെ നോക്കിനിന്നു. അതു നഷ്ടപ്പെടാതിരിക്കാന്‍, ആരും തട്ടിക്കൊണ്ടു പോകാതിരിക്കാന്‍ അവര്‍ അതൊരു കൊട്ടകൊണ്ടു മൂടി. എങ്കിലും കൊട്ടയുടെ സുഷിരങ്ങളിലൂടെ പ്രകാശം അനുസ്യൂതം പ്രസരിച്ചു.

നമുക്കു കിട്ടി. നമുക്കായി നമുക്കതു സൂക്ഷിക്കാം. ഭാര്യയുടെ അഭിമതവും ശാഠ്യവും അതായിരുന്നു. ഭര്‍ത്താവു പറഞ്ഞു: നമ്മള്‍ അതു കൊട്ടകൊണ്ടു മൂടിവച്ചിട്ടെന്തു ഫലം? അതു മൂടാതെ തന്നെ വയ്ക്കാം. മറ്റുള്ളവരും കണ്ടുകൊള്ളട്ടെ. നമുക്കൊരു നഷ്ടവുമില്ലാത്ത ഉപകാരമായിരിക്കില്ലേ അത്? അവസാനം ആ നക്ഷത്രക്കുഞ്ഞു മരക്കൊമ്പുകള്‍ക്കിടയിലുള്ള ഏറുമാടത്തില്‍ നിന്നു പ്രകാശം വിതറി വിരാജിച്ചു.

വെറുമൊരു കെട്ടുകഥയായിരിക്കാമിതെങ്കിലും എന്തെന്തു പാഠങ്ങള്‍ അതു നമുക്കു നല്കുന്നില്ലേ? നമ്മുടെ പ്രകാശം മറ്റുള്ളവരും കണ്ടുകൊള്ളട്ടെ. ഒരു ചേതവുമില്ലാത്ത വലിയൊരു ഉപകാരമായിരിക്കില്ലേ അത്? നമ്മുടെ പ്രകാശം നമുക്കായി മാത്രം മൂടിവച്ചിട്ടു നമുക്കെന്തു മെച്ചം? നേരെമറിച്ച്, നമ്മുടെ പ്രകാശം മറ്റുള്ളവര്‍ക്കായും തുറന്നുകൊടുത്താല്‍, ഉയര്‍ത്തി പ്രതിഷ്ഠിച്ചാല്‍ ആയിരങ്ങളും പതിനായിരങ്ങളും അതിന്‍റെ ഗുണഭോക്താക്കളാവില്ലേ? സന്തോഷമായിരിക്കില്ലേ ഫലം?

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org