ഉയിർപ്പിന്റെ സന്തോഷം

ഉയിർപ്പിന്റെ സന്തോഷം

ക്രിസ്തുനാഥന്‍റെ ഉത്ഥാനം നമ്മുടെയും ഉത്ഥാനമാണ്. ഇതാണു നമ്മുടെ സന്തോഷത്തിന്‍റെ നിദാനം. ക്രിസ്തു ഉയിര്‍ത്തെഴുന്നേറ്റു. ക്രിസ്തു ഉയിര്‍ത്തെഴുന്നേറ്റെങ്കില്‍ നാമും ഉയിര്‍ത്തെഴുന്നേറ്റ ജനമാണ്. ക്രിസ്തുവിന്‍റെ മൗതികശരീരത്തിന്‍റെ രഹസ്യത്തില്‍നിന്ന് ഉരുത്തിരിയുന്ന ഒരു യാഥാര്‍ത്ഥ്യമാണിത്. ജ്ഞാനസ്നാനം വഴി ക്രിസ്തുവാകുന്ന തായ്ത്തണ്ടില്‍ ഒട്ടിക്കപ്പെട്ട ശാഖയായിത്തീര്‍ന്നു നമ്മള്‍. അവിടുത്തെ ദൈവികജീവന്‍ നമ്മിലേക്കൊഴുകുന്നു. അതു നമ്മെ ജീവിപ്പിക്കുന്നു. ആ ജീവന്‍ ഉയിര്‍ത്തെഴുന്നേറ്റ ക്രിസ്തുവിന്‍റെ ജീവനാണ്.

ഉയിര്‍ത്തെഴുന്നേറ്റ ക്രിസ്തുനാഥന്‍റെ ജീവന്‍ നമ്മിലേക്കു തടസ്സമില്ലാതെ പ്രവഹിക്കുവാന്‍ നമ്മള്‍ ക്രിസ്തുവിന്‍റെ മൗതികശീരീരത്തിലെ സജീവാംഗങ്ങളാകണം. ഈ ജീവന്‍റെ പ്രവാഹത്തെ തടയുന്നതു നമ്മുടെ പാപങ്ങളും ദുരാശകളും സ്വാര്‍ത്ഥതയും ജഡികാഭിലാഷങ്ങളുമൊക്കെയാണ്. ഇവയ്ക്കെല്ലാം വശംവദരായി ജീവിക്കുന്നിടത്തോളം കാലം നമ്മള്‍ പഴയ മനുഷ്യരായിരിക്കും. ക്രിസ്തു പകര്‍ന്ന പുതിയ ജീവനില്‍ പങ്കുപറ്റാത്ത പഴയ മനുഷ്യര്‍. ഉത്ഥാനം ചെയ്ത ക്രിസ്തുനാഥന്‍റെ ജീവന്‍ സമൃദ്ധമായി ഉള്‍ക്കൊള്ളാന്‍ നമുക്കു നിരന്തരമായ പരിശ്രമം ആവശ്യമാണ്.

നമ്മുടെ ആത്മശരീരങ്ങളെയും വികാര, വിചാരങ്ങളെയും നമ്മുടെ ജീവിതത്തിന്‍റെ എല്ലാ മണ്ഡലങ്ങളെയും ക്രിസ്തുവിനു തുറന്നു കൊടുക്കണം. ക്രിസ്തു നമ്മില്‍ വസിക്കണം. നമ്മുടെ ജീവിതത്തിന്‍റെ ഓരോ സാഹചര്യത്തിലും ക്രിസ്തു നമ്മില്‍നിന്ന് ആവശ്യപ്പെടുന്നതും പ്രതീക്ഷിക്കുന്നതും ചെയ്യുവാന്‍ നമ്മള്‍ തയ്യാറാകണം.

ക്രിസ്തുവിന്‍റേതല്ലാത്ത, ക്രിസ്തുവിനു ചേരാത്ത ഒരു ജീവിതമാണു നമ്മുടേതെങ്കില്‍ അതു നമ്മള്‍ ഉപേക്ഷിക്കണം. നിരന്തരമായ പരിശ്രമവും നിസ്വാര്‍ത്ഥ ത്യാഗവും കൊണ്ടു മാത്രമേ അതു സാധിക്കൂ. പരിശ്രമത്തിലുണ്ടാകുന്ന പരാജയങ്ങളും പാളിച്ചകളും നമ്മെ നിരാശരാക്കാതിരിക്കട്ടെ. ലോകത്തെയും മരണത്തെയും ജയിച്ച, ഉത്ഥാനം ചെയ്ത ക്രിസ്തുവാണു നമ്മുടെ ശക്തിയും ജീവനും. അവിടുന്നാണ് നമ്മുടെ എല്ലാ പ്രതീക്ഷയും.

ആകയാല്‍ ഉയിര്‍പ്പ് വര്‍ഷംതോറും അനുസ്മരിച്ചാഘോഷിക്കേണ്ട ഒരു ചരിത്രസംഭവമായി കരുതാതെ, നമ്മുടെ ജീവിതത്തെയാകെ അടിസ്ഥാനപരമായും മുഴുവനുമായും ബാധിക്കുന്ന ഇന്നിന്‍റെ ഒരു രഹസ്യമായി മനസ്സിലാക്കി, നമ്മള്‍ അപ്പസ്തോലന്മാരെപ്പോലെ ഉയിര്‍പ്പിന്‍റെ സന്തോഷത്താല്‍ നിറയപ്പെട്ടവരാകട്ടെ.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org