അവധിക്കാലം അർത്ഥപൂർണമാക്കാം…

അവധിക്കാലം അർത്ഥപൂർണമാക്കാം…

സെമിച്ചന്‍ ജോസഫ്

മദ്ധ്യവേനലവധികളുടെ കേളികൊട്ട് മുഴങ്ങിക്കഴിഞ്ഞു. പരീക്ഷകളുടെയും പിരിമുറുക്കത്തിന്‍റെയും നാളുകള്‍ ഉല്ലാസത്തിന്‍റെയും ആഘോഷത്തിന്‍റെയും നാളുകള്‍ക്കായി വഴിമാറുന്നു. സംഭവബഹുലമായ മറ്റൊരു അദ്ധ്യയന വര്‍ഷംകൂടി കാലയവനികയ്ക്കുള്ളില്‍ മറയുന്നു. ഒരിക്കലും അവസാനിക്കാത്ത തുടര്‍പ്രക്രിയയായിട്ടാണു വിദ്യാഭ്യാസത്തെ പൊതുവില്‍ വിശേഷിപ്പിക്കുക. അങ്ങനെയെങ്കില്‍ ജീവിതാവസാനംവരെ നീണ്ടുനില്ക്കുന്ന പഠനജീവിതത്തില്‍ അവധിക്കാലത്തിന്‍റെ പ്രാധാന്യമെന്താണ്?

പലരും പറഞ്ഞു പഴകിയ ഒരു വിറകുവെട്ടുകാരന്‍റെ കഥയാണ് ഓര്‍മയില്‍ തെളിയുന്നത് രാവിലെ മുതല്‍ രാവേറുന്നതുവരെ കുറച്ചു വിറകൊരുക്കുവാനേ അയാള്‍ക്കു കഴിയുന്നുള്ളൂ. ആകെ വിഷമിച്ചു ലോകത്തോടു മുഴുവന്‍ പരിഭവവുമായിരിക്കുന്ന അയാള്‍ക്കു മുമ്പില്‍ മഴുവിനു മൂര്‍ച്ച കൂട്ടുക എന്ന ഏകപോംവഴി മാത്രം. അതിനായി ഓരോ മണിക്കൂറിലും പത്തു നിമിഷങ്ങളുടെ ഇടവേള അയാള്‍ക്ക് അനിവാര്യവുമായിരുന്നു. യഥാര്‍ത്ഥത്തില്‍ നമ്മുടെ അവധിദിനങ്ങളും ഇപ്രകാരമുള്ള ഒരു മൂര്‍ച്ചകൂട്ടലിന്‍റെ അവസരമായി വേണം നാം കരുതാന്‍. വിശ്രമത്തിന്‍റെ ഈ നാളുകള്‍ വരാനിരിക്കുന്ന തിരക്കുപിടിച്ച ദിവസങ്ങളിലേക്കുള്ള കരുതലും തയ്യാറെടുപ്പുമായി മാറണം. ഇത്രമാത്രം പ്രാധാന്യമര്‍ഹിക്കുന്ന അവധിക്കാലത്തെ വേണ്ടത്ര ഒരുക്കത്തോടും തയ്യാറെടുപ്പോടും കൂടിയാണോ നാം വരവേല്ക്കുന്നത് എന്ന ചോദ്യം ഓരോ വിദ്യാര്‍ത്ഥിയും സ്വയം ചോദിക്കേണ്ടതാണ്.

മലയാളത്തിന്‍റെ മഹാനായ കഥാകാരന്‍ എം.ടി. വാസുദേവന്‍ നായര്‍ ഇപ്രകാരം എഴുതിയിട്ടുണ്ട്: "അവധി ദിനങ്ങള്‍ അടുത്തുവരുമ്പോള്‍ ധാരാളം എഴുതാം എന്ന പ്രതീക്ഷയായിരിക്കും മനസ്സില്‍. എന്നാല്‍ വെറുതെ ചാരുകസേരയില്‍ മനോരാജ്യം കണ്ടിരുന്ന് ആ നല്ല ദിനങ്ങളൊക്കെയും കടന്നുപോകുമ്പോള്‍ വല്ലാത്തൊരു കുണ്ഡിതം എനിക്കനുഭവപ്പെടാറുണ്ട്." നമ്മില്‍ പലരും അനുവദിച്ചിട്ടുള്ള അവസ്ഥയാണിത്. അവധിദിനങ്ങള്‍ക്കായി നിരവധി പദ്ധതികള്‍ നാം മെനയാറുണ്ട്. എന്നാല്‍ പലപ്പോഴും അവ പ്രാവര്‍ത്തികമാക്കാന്‍ നമുക്കു കഴിയാറില്ല. തീര്‍ച്ചയായും വ്യക്തമായ മുന്നൊരുക്കത്തോടെ അവധിദിനങ്ങളെ സമീപിക്കാത്തതുതന്നെയാണ് ഇതിന്‍റെ കാരണം.

മദ്ധ്യവേനലവധി-ലക്ഷ്യം
ഉഷ്ണമേഖലയില്‍ സ്ഥിതി ചെയ്യുന്ന നമ്മുടെ രാജ്യത്ത് ക്ലാസ് റൂം പഠനത്തിന് അനുയോജ്യമല്ലാത്ത, പകലിന്‍റെ ദൈര്‍ഘ്യം ഏറിയ രണ്ടു മാസങ്ങളെയാണു മദ്ധ്യവേനലവധിക്കായി സര്‍ക്കാര്‍ തെരഞ്ഞെടുത്തിരിക്കുന്നത്. ശാരീരികവും മാനസികവുമായ വിശ്രമവും ഉല്ലാസവും കുട്ടികള്‍ക്കു ലഭിക്കുക എന്നതാണ് ഇതിന്‍റെ ലക്ഷ്യം പലവിധ കാരണങ്ങളില്‍ ഇന്നു നമ്മുടെ സ്കൂളുകള്‍ അവധിക്കാല ക്ലാസ്സുകള്‍ സംഘടിപ്പിക്കാറുണ്ട്. ഒട്ടും തന്നെ ആശാസ്യമായ ഒന്നല്ല വൊക്കേഷന്‍ ക്ലാസ്സുകള്‍ എന്നു സൂചിപ്പിച്ചുകൊള്ളട്ടെ. 1989-ലെ അന്താരാഷ്ട്ര ഉടമ്പടിപ്രകാരം വിനോദത്തിനും വിശ്രമത്തിനും കുട്ടികള്‍ക്കുള്ള അവകാശം സാര്‍വദേശീയമായിത്തന്നെ അംഗീകരിക്കപ്പെട്ടിട്ടുള്ളതാണ്.

ഒരുങ്ങാം മുന്‍കൂട്ടി
മുന്‍കൂട്ടി തയ്യാറാക്കിയ ഒരു ടൈംടേബിള്‍ അവധിക്കാലത്തേയ്ക്കായി ഉണ്ടാകുന്നതു നല്ലതാണ്. നഷ്ടബോധത്തിനിട നല്കാതെ സന്തോഷകരവും ഉപകാരപ്രദവുമായി അവധിദിനങ്ങളാഘോഷിക്കാന്‍ അതു നിങ്ങളെ സഹായിക്കും. പഠനത്തിരക്കിന്‍റെ നാളുകളില്‍ ഏര്‍പ്പെടാന്‍ സാധിക്കാത്ത മേഖലകള്‍ക്ക് ഊന്നല്‍ നല്കി, വീട്ടിലെ മുതിര്‍ന്നവരുമായി ആലോചിച്ചു വേണം ഈ ടൈംടേബിള്‍ രൂപീകരിക്കാന്‍. ഒട്ടുമിക്ക വീടുകളിലും ദീര്‍ഘയാത്രകള്‍ക്കും ബന്ധുജന സന്ദര്‍ശനങ്ങള്‍ക്കുമായി തിരഞ്ഞെടുക്കുന്ന സമയം മക്കളുടെ അവധിദിനങ്ങളാണ്. അത്തരം യാതനകളെല്ലാം പരിഗണിച്ചു വേണം ടൈംടേബിള്‍ തയ്യാറാക്കാന്‍. വിനോദത്തിനും വിശ്രമത്തിനും വിജ്ഞാനസമ്പാദനത്തിനുമുള്ള സമയം കൃത്യനിഷ്ഠയോടെ ക്രമപ്പെടുത്തി ടൈംടേബിള്‍ തയ്യാറാക്കിയാല്‍ അവധിദിനങ്ങള്‍ വിരസമോ അലസമോ ആയിരിക്കില്ലെന്നു തീര്‍ച്ച.

ചില പ്രായോഗിക നിര്‍ദ്ദേശങ്ങള്‍
ഓരോരുത്തരുടെയും അഭിരുചികളും ഇഷ്ടാനിഷ്ടങ്ങളും വ്യത്യസ്തമാണെങ്കിലും അവധിദിനങ്ങളെ ക്രിയാത്മകമായി വിനിയോഗിക്കാന്‍ സഹായിക്കുന്ന ചില ചിന്തകള്‍ പങ്കുവയ്ക്കാം.

1. ഈശ്വരചൈതന്യം ഓരോ വ്യക്തിയുടെയും ജീവിതവിജയത്തിനു മാറ്റു കൂട്ടും. കഴിയുമെങ്കില്‍ ദിവസവും അല്പസമയം പ്രാര്‍ത്ഥനകള്‍ക്കും ഈശ്വരദര്‍ശനത്തിനുമായി മാറ്റിവയ്ക്കുക.

2. കഴിഞ്ഞ കാലങ്ങളിലെ ജയപരാജയങ്ങളെ വിലയിരുത്താനും ആവശ്യമെങ്കില്‍ പ്രവര്‍ത്തനപദ്ധതികളില്‍ മാറ്റം വരുത്താനുമുള്ള ആത്മപരിശോധനാവേളയായി അവധിക്കാലത്തെ ഉപയോഗപ്പെടുത്താം.

3. പാഠപുസ്തകങ്ങള്‍ക്കപ്പുറത്തുള്ള വായനയുടെ വിശാലമായ ലോകം നിങ്ങളെ മാടി വിളിക്കുന്നു. വായനശാലകളെ പ്രയോജനപ്പെടുത്തുക.

4. ആവശ്യവും അഭിരുചികളും പരിഗണിച്ച് ഉചിതമായ പരിശീലനപരിപാടി വേണം തെരഞ്ഞെടുക്കുവാന്‍. ഉദാ: നീന്തല്‍ പരിശീലനം, സ്പോക്കണ്‍ ഇംഗ്ലീഷ് മുതലായവ.

5. മത്സരാധിഷ്ഠിതമായ ലോകത്തു പൊതുവിജ്ഞാനം അനിവാര്യമാണ്. ഈ അവധിക്കാലത്തു പത്രം വായിച്ചു കുറിപ്പെഴുതുന്ന ശീലം ഒന്നാരംഭിച്ചു നോക്കൂ. വരുംനാളേയ്ക്കുള്ള നല്ലൊരു ഒരുക്കമായിരിക്കും അത്.

6. വീട്ടുജോലികളില്‍ പ്രത്യേകിച്ചു പാചകത്തില്‍ പങ്കാളികളാകാന്‍ ഒന്നു ശ്രമിച്ചുനോക്കുക. രസകരമായിരിക്കും ആ അനുഭവം.

7. അടുക്കളത്തോട്ടവും പൂന്തോട്ടവും നിര്‍മ്മിച്ചു പ്രകൃതിയുമായി നല്ലൊരു ചങ്ങാത്തം തുടങ്ങാനും പറ്റിയ സമയമാണു മദ്ധ്യവേനലവധി.

8. അടുത്ത അദ്ധ്യയനവര്‍ഷത്തെ പാഠപുസ്തകങ്ങള്‍ സംഘടിപ്പിക്കാനും അതിനോടു ബന്ധപ്പെട്ട പുസ്തകങ്ങളും സിനിമകളും ഡോക്കുമെന്‍ററികളുമെല്ലാം സംഘടിപ്പിച്ചുവയ്ക്കാം.

9. ടെലിവിഷന്‍റെയും ഇന്‍റര്‍നെറ്റിന്‍റെയും കമ്പ്യൂട്ടര്‍ ഗെയിമുകളുടെയും ഉപയോഗം കുറച്ച് വ്യക്തിത്വരൂപീകരണത്തില്‍ നിങ്ങളെ സഹായിക്കുന്ന കലാ-സാംസ്കരിക സംഘടനാപ്രവര്‍ത്തനങ്ങള്‍ക്കായി സമയം കണ്ടെത്തുക.

10. ഈ അവധിക്കാലത്തു നിങ്ങളുടെ വീട്ടിലെ മുതിര്‍ന്നവരുമായി അല്പസമയം ചെലവഴിച്ചുനോക്കൂ. നമ്മെ അത്ഭുതപ്പെടുത്തുന്ന ജീവിതാനുഭവങ്ങള്‍ അവര്‍ക്കു നമ്മോടു പങ്കുവയ്ക്കാനുണ്ടാകും. ഓര്‍ക്കുക, അവയൊന്നും ഗൂഗിള്‍ സെര്‍ച്ചില്‍ ലഭ്യമായ വിവരങ്ങളല്ല.

'നിങ്ങള്‍ക്കു പറക്കാന്‍ കഴിയുന്നില്ലെങ്കില്‍ ഓടുക
ഓടാനാവുന്നില്ലെങ്കില്‍ നടക്കുക
നടക്കാനാവുന്നില്ലെങ്കില്‍ ഇഴയുക
എന്തുതന്നെയായാലും നിങ്ങള്‍ മുന്നോട്ട് പൊയ്ക്കൊണ്ടേയിരിക്കണം."

മഹാനായ അമേരിക്കന്‍ നേതാവ് മാര്‍ട്ടിന്‍ ലൂഥര്‍ കിങിന്‍റെ ഈ വാക്കുകള്‍ നിങ്ങളെ വഴി നടത്തട്ടെ. അര്‍ത്ഥപൂര്‍ണമായ, ക്രിയാത്മകമായ ഒരവധിക്കാലം ആശംസിക്കുന്നു…

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org