Latest News
|^| Home -> Suppliments -> Baladeepam -> അവധിക്കാല ​ഗെയിം

അവധിക്കാല ​ഗെയിം

Sathyadeepam

കൂട്ടുകാര്‍ അവധിക്കാലം ആസ്വദിച്ചുകൊണ്ടിരിക്കുകയല്ലേ. സംഘബോധം വളര്‍ത്താന്‍ ഉതകുന്ന ഒരു കളിയാകട്ടെ ഇത്തവണ. പൊതുവായ ഒരു ലക്ഷ്യത്തിനുവേണ്ടി ഒട്ടേറെപ്പേര്‍ ചേര്‍ന്ന് അദ്ധ്വാനിക്കുകയാണ്. ‘ഐകമത്യം മഹാബലം’ എന്ന ചൊല്ലിനെ ഈ ഗെയിം ഓര്‍മ്മിപ്പിക്കുന്നു. ഇവിടെ ഈ കളിയുടെ ലക്ഷ്യം ഒരു യന്ത്രം നിര്‍മ്മിക്കുകയാണ്. ഇതില്‍ പങ്കെടുക്കുന്ന വ്യക്തികളുടെ ഉള്ളിലെ ഭയം, അപകര്‍ഷതാബോധം എന്നിവ സാവധാനം ഇല്ലാതെയാകുന്നു.

കളിക്കാരുടെ എണ്ണം: 8-16

കളി നിയന്ത്രിക്കാന്‍ ഒരാളുണ്ടാകണം. ആ ആളെ ലീഡറാക്കാം.

എന്തു തരം മെഷീനാണ് ഉണ്ടാക്കേണ്ടതെന്ന് ആദ്യമേ ചര്‍ച്ച ചെയ്തു തീരുമാനിക്കുക. കളിക്കാര്‍ക്കു പരിചയമുള്ള ഒരു യന്ത്രം തിരഞ്ഞെടുക്കുക. ഉദാഹരണത്തിന് വാഷിംഗ് മെഷീന്‍, കംപ്രസ്സര്‍, മിക്സി തുടങ്ങിയ വീട്ടുപകരണങ്ങള്‍. വേറെയും യന്ത്രങ്ങള്‍ കളിക്കാര്‍ക്കു യുക്തിപൂര്‍വം തിരഞ്ഞെടുക്കാവുന്നതാണ്.

സംഘത്തിലെ ഒരാള്‍ ആദ്യം യന്ത്രത്തിന്‍റെ ഒരു ഭാഗമാകുന്നു. അയാള്‍ ശബ്ദത്തോടെ ചലിക്കാന്‍ തുടങ്ങുന്നു. ചലിക്കുമ്പോള്‍ ശരീരം മുഴുവന്‍ ചലിപ്പിക്കാന്‍ ശ്രദ്ധിക്കുക. അയാള്‍ പുറപ്പെടുവിക്കുന്ന ശബ്ദം മെഷീന്‍റെ യഥാര്‍ത്ഥ ശബ്ദവുമായി പൊരുത്തപ്പെട്ടു പോകുന്നതായിരിക്കണം.

ആദ്യത്തെയാള്‍ ചലിച്ചുകൊണ്ടിരിക്കുമ്പോള്‍ രണ്ടാമത്തെ കളിക്കാരന്‍ മെഷീന്‍റെ മറ്റൊരു ഭാഗമായി ചലിച്ചുതുടങ്ങുന്നു. പിന്നീടു മൂന്നാമത്തെയാള്‍ മെഷീന്‍റെ മറ്റൊരു ഭാഗമായി സ്വയം ഘടിപ്പിച്ചു ശബ്ദത്തോടൊപ്പം ചലിച്ചു തുടങ്ങുന്നു. യന്ത്രം പൂര്‍ണമായി പ്രവര്‍ത്തിച്ചു തുടങ്ങുന്നു.

പെട്ടെന്നു യന്ത്രത്തിന്‍റെ വേഗം കൂടുന്നു. ശബ്ദം കൂടുന്നു. വേഗം കൂടിക്കൂടി പെട്ടെന്നു യന്ത്രഭാഗങ്ങള്‍ പൊട്ടിത്തെറിക്കുകയോ കേടാകുകയോ ചെയ്യുന്നു.

യന്ത്രഭാഗങ്ങള്‍ തെറിച്ചു നിലത്തുവീഴുന്നു. കളി പൂര്‍ത്തിയാകുന്നു. കളിക്കാര്‍ തമ്മില്‍ നല്ല മാനസിക ഐക്യം സൃഷ്ടിക്കപ്പെടുകയാണെങ്കില്‍ ഗെയിം കൂടുതല്‍ ആസ്വാദ്യകരവും പ്ര യോജനകരവുമായി മാറും.

Leave a Comment

*
*