വൈദികരുടെ നിയമനവും ഇൻകാർഡിനേഷനും തമ്മിലുള്ള ബന്ധം

വൈദികരുടെ നിയമനവും ഇൻകാർഡിനേഷനും തമ്മിലുള്ള ബന്ധം

ഡോ. ജോസ് ചിറമേല്‍
(പ്രസിഡന്‍റ്, സീറോ-മലബാര്‍
മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ ട്രിബ്യൂണല്‍)

ചോദ്യം
എറണാകുളം-അങ്കമാലി അതിരൂപതയില്‍ പുരോഹിത ശുശ്രൂഷി എന്ന നിലയില്‍ സ്ഥിരമായി ചേര്‍ക്കപ്പെട്ട വൈദികനെ ഫരിദാബാദ് രൂപതാദ്ധ്യക്ഷന് തന്‍റെ രൂപതയിലെ ഇടവകയില്‍ അസ്തേന്തിയായി നിയമിക്കാമോ?

ഉത്തരം
ചോദ്യത്തിന്‍റെ ഉത്തരത്തിലേയ്ക്കു കടക്കുന്നതിനുമുന്‍പ് ഇടവക സംവിധാനത്തെപ്പറ്റിയും സാര്‍വ്വത്രികസഭയില്‍ ഇടവകയ്ക്കുള്ള പ്രാധാന്യത്തെപ്പറ്റിയും ഹ്രസ്വമായി മനസ്സിലാക്കുന്നത് ഉചിതമായിരിക്കും.

സഭയിലെ വിവിധ ശുശ്രൂഷകളും ശുശ്രൂഷകരും
ക്രിസ്തുവിന്‍റെ മൗതിക ശരീരമായ സഭ ഈ ലോകത്തില്‍ ഒരു ദൃശ്യസമൂഹമാണ്. വിശ്വാസത്തില്‍ ഒന്നിപ്പിക്കപ്പെട്ട ഈ സമൂഹം അടിസ്ഥാനപരമായി നിത്യ രക്ഷ ലക്ഷ്യം വയ്ക്കുന്നതും കൗദാശിക ബന്ധത്താല്‍ സംയോജിക്കപ്പെട്ടതുമായ സമൂഹമാണ്. ഈ സമൂഹത്തെ നിത്യരക്ഷയിലേക്ക് നയിക്കുവാന്‍ ക്രിസ്തുനാഥന്‍ സഭയില്‍ വിവിധ ശുശ്രൂഷകള്‍ സ്ഥാപിക്കുകയും അതിനായി ശുശ്രൂഷകരെ ചുമതലപ്പെടുത്തുകയും ചെയ്തു. വി. പൗലോസ് അപ്പസ്തോലന്‍ പറയുന്നതുപോലെ, അവന്‍ ചിലര്‍ക്ക് അപ്പസ്തോലന്മാരും പ്രവാചകന്മാരും സുവിശേഷ പ്രഘോഷകന്മാരും ഇടയന്മാരും പ്രബോധകന്മാരും മറ്റും ആകാന്‍ വരം നല്കി. ഇത് വിശുദ്ധരെ പരിപൂര്‍ണ്ണരാക്കുന്നതിനും ശുശ്രൂഷയുടെ ജോലി ചെയ്യുന്നതിനും ക്രിസ്തുവിന്‍റെ ശരീരത്തെ പണിതുയര്‍ത്തുന്നതിനും വേണ്ടിയാണ് (എഫേ. 4:11-12).

തന്‍റെ അജഗണത്തെ നയിക്കാനുള്ള ഉത്തരവാദിത്തം യേശു തന്‍റെ അപ്പസ്തോലന്മാരെ ഏല്പിക്കുകയും അപ്പസ്തോലന്മാര്‍ ഈ ദൗത്യം അവരുടെ പിന്‍ഗാമികളായ മെത്രാന്മാരെ ഏല്പിക്കുകയും ചെയ്തു. മെത്രാന്മാര്‍ ഈ ദൗത്യം പ്രധാനമായും തങ്ങളുടെ സഹപ്രവര്‍ത്തകരായ വൈദികരുടെ സഹായത്തോടെയും സഹകരണത്തോടെയും സഭയില്‍ നിര്‍വ്വഹിക്കുന്നു.

ഇടവക-സഭയിലെ ഏറ്റവും അടിസ്ഥാനപരമായതും പ്രധാനപ്പെട്ടതുമായ സംവിധാനം
സഭയിലെ ഏറ്റവും അടിസ്ഥാനപരമായതും പ്രധാനപ്പെട്ടതുമായ ഒരു സംവിധാനമാണ് ഇടവക. 1984 ഒക്ടോബര്‍ 20-ന് വൈദികര്‍ക്കു വേണ്ടിയുള്ള വത്തിക്കാന്‍ കാര്യാലയത്തിന്‍റെ പ്ലീനറി അസംബ്ളിയില്‍ (Plenary Assembly of the Congregation for the Clergy) സംസാരിച്ചപ്പോള്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ സഭയുടെ ദൃശ്യഘടകങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട സംവിധാനമാണ് ഇടവക എന്ന് ആവര്‍ത്തിച്ചു പറയുകയുണ്ടായി.

രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്‍റെ ആരാധനക്രമത്തെ സംബന്ധിക്കുന്ന കോണ്‍സ്റ്റിട്യൂഷനിലും സഭയില്‍ ഇടവകയുടെ പ്രാധാന്യത്തെപ്പറ്റി പരാമര്‍ശിക്കുന്നുണ്ട്: ഓരോ രൂപതയിലും മെത്രാനെ കേന്ദ്രീകരിച്ചുള്ള ആരാധനക്രമ ജീവിതം എല്ലാവരും കാര്യമായി കരുതണം. എന്നാല്‍, തന്‍റെ സഭയില്‍ എല്ലായിടത്തും എല്ലായ്പ്പോഴും അജഗണങ്ങളുടെ സമൂഹത്തില്‍ അദ്ധ്യക്ഷ്യം വഹിക്കുവാന്‍ മെത്രാന് സാദ്ധ്യമല്ലല്ലോ. അതുകൊണ്ടാണ് വിശ്വാസികളെ ചെറിയ ഗണമായി തിരിച്ചിരിക്കുന്നത്. മെത്രാന്‍റെ പ്രതിനിധികളായ വികാരിമാരുടെ അധീനതയില്‍ ഓരോ പ്രദേശത്ത് സ്ഥാപിതമായിട്ടുള്ള ഇടവകകളാണ് ഇവയില്‍ ഏറ്റവും പ്രധാനം. സാര്‍വ്വത്രികവും ദൃശ്യവുമായ സഭയെ അത് പ്രതിനിധാനം ചെയ്യുന്നു (ആരാധനക്രമം, no. 42).

അസ്തേന്തിമാരുടെ നിയമനം
ഇടവകകളില്‍ അസ്തേന്തിമാരായി നിയമിക്കപ്പെടുന്നതിന് ഒരു ഗുണം (requirement) മാത്രമെ നിയമസംഹിതയില്‍ ആവശ്യപ്പെടുന്നുള്ളു. അതായത്, ഒരു വ്യക്തിയെ അസ്തേന്തിയായി സാധുവായി നിയമിക്കുന്നതിന് അദ്ദേഹം പൗരോഹിത്യപട്ടം സ്വീകരിച്ച ആളായിരിക്കണം (CIC. c. 546). തന്മൂലം, തിരുപ്പട്ടം സ്വീകരിക്കാത്തവരെയോ ഡീക്കന്മാരെയോ ഈ തസ്തികയിലേയ്ക്ക് നിയമിക്കാന്‍ പാടില്ലെന്നു വ്യക്തം. തിരുപ്പട്ടം സ്വീകരിക്കാത്തവരെ നിയമിച്ചാല്‍ ആ നിയമനം അതിനാല്‍ത്തന്നെ അസാധുവായിത്തീരും. പൗരോഹിത്യ ശുശ്രൂഷ ആവശ്യമായ, ആത്മീയപരിചരണം (care of souls) അനിവാര്യമായ ഉദ്യോഗം പൗരോഹിത്യപട്ടം സ്വീകരിക്കാത്ത ഒരു വ്യക്തിക്ക് സാധുവായി നല്കുവാന്‍ പാടില്ലെന്ന സഭാനിയമത്തിന്‍റെ നിഷ്കര്‍ഷയാണ് ഇതിനു പിന്നില്‍ (CIC. c. 150).

ഇടവകയുടെ അജപാലന ശു ശ്രൂഷ ഫലപ്രദമായി നടത്തുന്നതിന് നിയമിതനാകുന്ന അസ്തേന്തി അജപാലനപരമായ എല്ലാകാര്യങ്ങളിലും വികാരിയെ സഹായിക്കേണ്ടതാണ് (CCEO. c. 301; CIC. c. 545/2). അതുകൊണ്ടാണ് അസ്തേന്തിയും തിരുപ്പട്ടം സ്വീകരിച്ച വ്യക്തിയായിരിക്കണമെന്ന് സഭാനിയമത്തില്‍ നിഷ്കര്‍ഷിക്കുന്നത്.  തല്ലാതെ, ഇടവകയില്‍ വികാര യോ അസ്തേന്തിയോ ആയി നിയമിക്കപ്പെടണമെങ്കില്‍ രൂപതയില്‍ അംഗമായി ചേര്‍ക്കപ്പെട്ടിരിക്കണമെന്ന് (Incardination/Ascription) സഭാനിയമത്തില്‍ ഒരിടത്തും പരാമര്‍ശിക്കുന്നില്ല. ഡീക്കന്‍മാര്‍, അല്മായ വിശ്വാസികള്‍ തുടങ്ങിയവരെ ഇടവക ശുശ്രൂഷയില്‍ വികാരിയെ സഹായിക്കുവാനായി നിയമിക്കാവുന്നതാണ്. എന്നാല്‍ അവര്‍ ഒരിക്കലും അസ്തേന്തിമാരാവുകയില്ല. മറിച്ച്, അവരെ പാസ്റ്ററല്‍ അസോസിയേറ്റ്സ് ആയി പരിഗണിക്കാവുന്നതാണ്.

ഇടവകയില്‍ വികാരിയെയോ അസ്തേന്തിയെയോ
നിയമിക്കാനുള്ള അധികാരം രൂപതാ മെത്രാന് മാത്രം
ഇടവകയില്‍ അസ്തേന്തിമാരെ നിയമിക്കാനുള്ള സ്വതന്ത്രമായ അധികാരം രൂപതാ മെത്രാനുണ്ടെങ്കിലും വികാരിയുമായി ചര്‍ച്ച ചെയ്തതിനുശേഷം നിയമനം നടത്തുന്നതായിരിക്കും കൂടുതല്‍ യുക്തം (CCEO. c. 301; CIC. c. 547). എന്നാല്‍, വികാരിയുമായി ചര്‍ച്ച ചെയ്തിരിക്കണമെന്ന് സഭാ നിയമം നിര്‍ബന്ധിക്കുന്നില്ല. എന്നിരുന്നാലും, വികാരിയുമായി ആലോചിക്കാതെ മെത്രാന്‍ അസ്തേന്തിയെ നിയമിക്കുന്നത് അവിവേകം (imprudent) ആണെന്ന കാര്യത്തില്‍ നിയമദൃഷ്ട്യ സംശയമില്ല. അന്തിമതീരുമാനം എപ്പോഴും മെത്രാന്‍റേതായിരിക്കും. സന്ന്യാസ സഭാംഗമായ ഒരു വൈദികനെയാണ് നിയമിക്കുന്നതെങ്കില്‍ മെത്രാന്‍ പ്രസ്തുത വൈദികന്‍റെ മേജര്‍ സുപ്പീരിയറുടെ നിര്‍ദ്ദേശം സ്വീകരിച്ചുകൊണ്ടുവേണം നിയമനം നടത്തുവാന്‍.

സ്വന്തം രൂപതയില്‍ അംഗമായി ചേര്‍ക്കപ്പെടാത്ത മറ്റൊരു രൂപതാ വൈദികനെ നിയമിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടവ
സ്വന്തം രൂപതയില്‍ വൈദികനായി ചേര്‍ക്കപ്പെടാത്ത മറ്റൊരു രൂപതാ വൈദികനെ അസ്തേന്തിയായോ മറ്റ് സഭാനിയമപരമായ ഓഫീസിലേക്കോ രൂപതാ മെത്രാന്‍ നിയമിക്കുമ്പോള്‍ അദ്ദേഹം അംഗമായി ചേര്‍ക്കപ്പെട്ടിരിക്കുന്ന രൂപതയുടെ മെത്രാനുമായി പരസ്പര ധാരണയോടെ വേണം അപ്രകാരം ചെയ്യുവാന്‍. രൂപതാദ്ധ്യക്ഷനുമായുള്ള പരസ്പര ധാരണയോടെ കുറെക്കാലത്തേക്ക് മറ്റൊരു രൂപതയില്‍ ശുശ്രൂഷ ചെയ്യുന്നതിന് സഭാനിയമം വൈദികരെ അനുവദിക്കുന്നുണ്ട് (CCEO. cc. 360, 361; CIC. c. 271).

പ്രേഷിത പ്രവര്‍ത്തനത്തിനായി വൈദികര്‍ കുറവുള്ള ഏതെങ്കിലും രൂപതയില്‍ അംഗമായി സേവനം ചെയ്യണമെന്ന് ഏതെങ്കിലും രൂപതാ വൈദികനോ സന്ന്യാസ വൈദികനോ ആഗ്രഹിക്കുന്ന പക്ഷം തക്കകാരണമില്ലാതെ അനുമതി നിഷേധിക്കുന്നത് ശരിയല്ല. എന്നാല്‍, സ്വന്തം രൂപതയിലോ സന്ന്യാസ സഭയിലോ അദ്ദേഹത്തിന്‍റെ സേവനം അത്യന്താപേക്ഷിതമാണെങ്കില്‍ അത്തരത്തിലുള്ള അനുവാദം ബന്ധപ്പെട്ട സഭാധികാരികള്‍ക്ക് നിഷേധിക്കാവുന്നതാണ്. മറ്റൊരു രൂപതയിലെ സേവനത്തിന് നിയമാനുസൃതം അയയ്ക്കപ്പെട്ട വൈദികനെ അവിടെ സ്ഥിരമായി അംഗമാക്കുന്നതിനു മുന്‍പ് അത്യാവശ്യമെങ്കില്‍ സ്വന്തം രൂപതാദ്ധ്യക്ഷന് തിരികെ വിളിക്കാവുന്നതുമാണ്.

ചുരുക്കത്തില്‍, ഒരു രൂപതാമെത്രാന് മറ്റൊരു രൂപതയില്‍ അംഗമായി ചേര്‍ക്കപ്പെട്ട വൈദികനെ സ്വന്തം രൂപതയില്‍ അസ്തേന്തിയായി നിയമിക്കാവുന്നതാണ്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org