വളർത്താം നല്ല ശീലങ്ങൾ

വളർത്താം നല്ല ശീലങ്ങൾ


അന്നമ്മ രാജു

മാപ്പിളപ്പറമ്പില്‍
(ഹെഡ്മിസ്ട്രസ്)

"ശൈശവത്തില്‍ തന്നെ നടക്കേണ്ട വഴി പരിശീലിപ്പിക്കുക. വാര്‍ദ്ധക്യത്തിലും അതില്‍നിന്നു വ്യതിചലിക്കുകയില്ല" (സുഭാ. 22:6).

കുട്ടികളെ വളര്‍ത്തുന്നതിനെപ്പറ്റിയാണു നാം ഇവിടെ ചിന്തിക്കുന്നത്. വളര്‍ത്തിയാലും വളര്‍ത്തിയില്ലെങ്കിലും കുട്ടികള്‍ വളരും. എല്ലാ മൂല്യങ്ങളുടെയും ദാതാവായ ഈശ്വരനിലേക്കു വളര്‍ത്തിയാല്‍ അവര്‍ നല്ലവരായിത്തീരും. മക്കളുടെ ജീവിതത്തിന്‍റെ ഏതവസ്ഥയിലും അവരുടെ പ്രായത്തിനനുസൃതമായി ഉപദേശങ്ങള്‍ നല്കാനും ജീവിതത്തെ ക്രമീകരിക്കാന്‍ സഹായിക്കാനും മാതാപിതാക്കള്‍ക്കു കടമയുണ്ട്. അവരുടെ അനുഭവ സമ്പത്തും അനുഗ്രഹവും എന്നും മക്കളുടെ പാദങ്ങള്‍ക്കു വിളക്കും പാതയില്‍ പ്രകാശവുമാണ്.

വിദ്യ ജ്ഞാനമാണ്, അറിവാണ്, വിവരക്കേടിനെ വിഭൂതിയാക്കുന്ന അഗ്നിയാണ്. ജ്ഞാനംകൊണ്ടു മനസ്സു സംസ്കൃതമാകണം. ജ്ഞാനവിജ്ഞാനങ്ങളിലൂടെ തള്ളേണ്ടതു തള്ളാനും കൊള്ളേണ്ടതു കൊള്ളാനും നമ്മുടെ കുട്ടികള്‍ പഠിക്കണം. ജീവിതത്തിന്‍റെ പ്രതിസന്ധികളെ തരണം ചെയ്യാനും പ്രശ്നങ്ങളെ അഭിമുഖീകരിക്കാനും കുട്ടികള്‍ പ്രാപ്തരാകണം. സര്‍വശക്തനായ ദൈവമാണു അവരെ തങ്ങളെ ഏല്പിച്ചിരിക്കുന്നതെന്ന അവബോധം മാതാപിതാക്കള്‍ക്കുണ്ടാകണം. അതിനാല്‍ അര്‍ത്ഥപൂര്‍ണമായ ശിക്ഷണം നല്കി സമഗ്രമായ വ്യക്തിത്വങ്ങളായി അവരെ രൂപപ്പെടുത്തുക എന്നതു തങ്ങളുടെ കടമയുടെ ഒരു ഭാഗം മാത്രമാണെന്നു മാതാപിതാക്കള്‍ മനസ്സിലാക്കുക.

മഹാത്മാഗാന്ധി പറയുന്നത് "വിദ്യാഭ്യാസമെന്നാല്‍ സ്വഭാവരൂപവത്കരണമാണ്" എന്നാണ്. അതായതു കുട്ടികള്‍ നേരും നെറിവുമുള്ളവരായി വളരണം. ബൗദ്ധികജ്ഞാനം വിദ്യാഭ്യാസത്തിന്‍റെ ഒരു മുഖം മാത്രമാണ്. ബൗദ്ധികമായ വളര്‍ച്ചയോടൊപ്പം വൈകാരികവും ധാര്‍മികവും കലാപരവും ആദ്ധ്യാത്മികവുമായ വളര്‍ച്ച പ്രാപിക്കുമ്പോഴാണു സമഗ്ര വ്യക്തിത്വരൂപീകരണം സംഭവിക്കുന്നത്.

മൂല്യങ്ങള്‍ക്കു പ്രസക്തി നഷ്ടപ്പെടുന്ന കാലഘട്ടത്തിലാണു നാം ഇന്നു ജീവിക്കുന്നത്. മക്കള്‍ സത്യസന്ധതയിലും നീതിബോധത്തിലും ധാര്‍മികമൂല്യങ്ങളിലും വളരണം എന്നാഗ്രഹിക്കാത്ത മാതാപിതാക്കള്‍ ഉണ്ടാകില്ല. അവര്‍ മൂല്യബോധമുള്ളവരാകണമെങ്കില്‍ സത്യത്തിനും നീതിക്കും വേണ്ടി ജീവിതം ഹോമിച്ച മഹാത്മാക്കളെ അവര്‍ അറിയണം. അവരുടെ ജീവിതകഥകള്‍ പഠിക്കണം. അതോടൊപ്പം അനുദിനജീവിതത്തില്‍ നാം കണ്ടുമുട്ടുന്ന മൂല്യബോധത്തിന്‍റെ നല്ല പ്രവര്‍ത്തനങ്ങളെ കുട്ടികള്‍ക്കു പരിചയപ്പെടുത്തിക്കൊടുക്കണം.

കുട്ടികള്‍ ശീലിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് അടിയുറച്ച ഈശ്വരവിശ്വാസം. കേവലം ആചാരവിശ്വസങ്ങള്‍ക്കുപരി ഏകദൈവത്തിലും മാനവികതയിലും അവരെ വളര്‍ത്തണം. കര്‍മരഹിതമായിരിക്കാന്‍ ആര്‍ക്കും സാധിക്കില്ല എന്നും അതിനാല്‍ സത്കര്‍മങ്ങള്‍ മാത്രമേ ചെയ്യാവൂ എന്നും അവരെ ബോദ്ധ്യപ്പെടുത്തി കൊടുക്കണം. ഈശ്വരഭയം തിന്മകളില്‍ നിന്നും അവരെ അകറ്റിനിര്‍ത്തും.

മനുഷ്യന്‍ ഒരു സാമൂഹ്യജീവിയാണ്. പരസ്പരം ബന്ധപ്പെടാതെ അവനു ജീവിക്കാനാവില്ല. എന്നാല്‍ ഈ അവബോധം ഇന്നു നമ്മുടെ ഇടയില്‍ ഇല്ലാതാകുന്നുണ്ടോ എന്നു പലപ്പോഴും തോന്നിപ്പോകാറുണ്ട്. അവനവനിലേക്കു ചുരുങ്ങുന്നവരായി നാം മാറിയോ? അതിനിടവരരുത്. ജീവിതത്തെ സന്തുഷ്ടമാക്കുന്ന സൗഹൃദങ്ങള്‍ വളര്‍ത്താന്‍ ചെറുപ്പം മുതലേ കുട്ടികളെ പ്രേരിപ്പിക്കണം. സ്വാര്‍ത്ഥതയില്ലാതെ ഹൃദയവിശാലതയോടെ മാതാപിതാക്കള്‍ എന്നും അവരോടൊപ്പം ഉണ്ടാകണം. കുട്ടികള്‍ കളിയിലൂടെയും വിനോദങ്ങളിലൂടെയും മനുഷ്യരാകട്ടെ.

കുട്ടികളിലെ ഇന്‍റര്‍നെറ്റ് ഉപയോഗം മാതാപിതാക്കള്‍ നിയന്ത്രിക്കണമെന്നും അവരതിന് അടിമകളാകുന്നതു തടയണമെന്നും നമ്മുടെ സമൂഹം ചിന്തിച്ചു തുടങ്ങിയിരിക്കുന്നു. ലോകം അതിവേഗം പുരോഗമിക്കുമ്പോള്‍ നമ്മുടെ മക്കളെ ഇത്തരം നവീനമാധ്യമങ്ങളില്‍ നിന്നും അകറ്റി സൂക്ഷിക്കുക ഒരു പരിധിവരെ അസാദ്ധ്യവും അപ്രായോഗികവുമാണ്.

നെറ്റ് കണക്ഷനില്ലെങ്കില്‍ മൊബൈല്‍ ജഢതുല്യമായി കാണുന്ന നമ്മുടെ യുവത്വം ഫെയ്സ്ബുക്ക് വാട്സാപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയകളിലൂടെ സ്വയം അപ്ഡേറ്റ് ആവുകയാണ്. മുന്‍പിന്‍ ചിന്തയില്ലാതെ നടത്തുന്ന ചാറ്റിംഗ് ദ്രുതപ്രതികരണശേഷി വര്‍ദ്ധിപ്പിക്കുന്നുവെങ്കിലും ചിന്താശേഷിയെ തളര്‍ത്തുന്നില്ലേ? നാളെയെ രൂപപ്പെടുത്തേണ്ട ഇന്നത്തെ കുട്ടികള്‍ ഇത്തരം ഉപരിപ്ലവമായ കാര്യങ്ങളില്‍ ഇത്രയധികം ആഴപ്പെടാമോ?

പഠനവിഷയവുമായി ബന്ധപ്പെട്ടു വിവരശേഖരണങ്ങള്‍ക്കും ഇതര പ്രവര്‍ത്തനങ്ങള്‍ക്കും നെറ്റ് ഉപയോഗിക്കാം. നിയന്ത്രണത്തോടെ അതുപയോഗിക്കാന്‍ പര്യാപ്തമാകുന്ന രീതിയില്‍ മുതിര്‍ന്നവരുടെ മേല്‍ നോട്ടം ഇക്കാര്യത്തിലുണ്ടാകണം. സാമൂഹികസേവനം, ശുചിത്വബോധം, കലാസംസ്കാരിക മണ്ഡലങ്ങള്‍ ഇവയിലെല്ലാം കാര്യക്ഷമമമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവയ്ക്കാന്‍ കൂട്ടായ്മകള്‍ സംഘടിപ്പിക്കാന്‍ നെറ്റിലൂടെ കഴിഞ്ഞിട്ടുണ്ട്. അത്തരം പ്രവര്‍ത്തനങ്ങളിലേക്കു കുട്ടികളുടെ ശ്രദ്ധ തിരിച്ചുവിടാനാകണം. അവ പേരിനും പെരുമയ്ക്കുമാകാതെ ലക്ഷ്യത്തിലൂന്നിയാകണമെന്നു മാത്രം. പൊതുനന്മ, സാമൂഹികോന്നതി ഇവ ലക്ഷ്യമാക്കി വേണം ഏതു മാധ്യമവും നിലനില്ക്കാന്‍. ലാഭേച്ഛ മാത്രം ലക്ഷ്യമാക്കുന്നവയെ തള്ളിപ്പറയാന്‍ നാം ശീലിക്കേണ്ടിയിരിക്കുന്നു. അതു നമ്മുടെ കുട്ടികളെയും പരിശീലിപ്പിക്കണം. പ്രതിബദ്ധതയോ നിസ്വാര്‍ത്ഥതയോ കുട്ടികള്‍ കാണുന്നില്ല. അനുകരണീയ മാതൃകകള്‍ അവര്‍ക്കില്ല. അതുകൊണ്ടുതന്നെ അധികാരികളും അദ്ധ്യാപകരും മാതാപിതാക്കളും ഇക്കാര്യത്തില്‍ നിതാന്തജാഗ്രത പുലര്‍ത്തേണ്ടിയിരിക്കുന്നു.

യഥാര്‍ത്ഥ ജീവിതസാഹചര്യങ്ങളില്‍ നിന്നും കുട്ടികളെ അകറ്റി ആര്‍ഭാടങ്ങളുടെ അമിതസൗകര്യങ്ങളില്‍ അവരെ വളര്‍ത്തരുത്. യാഥാര്‍ത്ഥ്യങ്ങളെ മറന്നുകൊണ്ടുള്ള ലെക്കുകെട്ട ഒരു കുതിച്ചുപായലാകരുത് കുട്ടികളുടെ ജീവിതം.

ഇതിനൊപ്പം കൂട്ടിവായിക്കേണ്ട മറ്റൊന്നാണു കുട്ടികളിലെ വായനാശീലം. മികച്ച ലൈബ്രറികളും പുസ്തകശേഖരവും "ഈ" വായനയ്ക്കുള്ള അവസരങ്ങളുമൊക്കെ ഉണ്ടായിട്ടും അവര്‍ വായനയില്‍ പിന്നിലാകുന്നുണ്ടോ? പഠനത്തിനും പരീക്ഷകള്‍ക്കും ആഘോഷങ്ങള്‍ക്കും ഇന്‍റര്‍നെറ്റ് രസങ്ങള്‍ക്കുംശേഷം മാറ്റിവയ്ക്കുന്ന ഒന്നാണ് അവര്‍ക്കിന്നു വായന. വായന ശരിതെറ്റുകളെ തിരിച്ചറിയാനുള്ള വിവേചനശക്തി പകര്‍ന്നു നല്കും. പത്രപാരായണത്തിലൂടെ ലോകത്തിന്‍റെ സ്പന്ദനങ്ങള്‍ അവര്‍ അറിയണം. കൂടുതല്‍ വായിക്കുവാനും വായനയിലൂടെ ആനന്ദം കണ്ടെത്തുവാനും കുട്ടികളെ പ്രേരിപ്പിക്കുകതന്നെ വേണം.

മനസ്സിലെ നന്മകളെ മാത്രം പുറത്തുകൊണ്ടുവരികയാണു വിദ്യാഭ്യാസത്തിന്‍റെ ലക്ഷ്യം. ഉറച്ച ശരീരത്തിലെ ഉറച്ച മനസ്സാണു വിദ്യാഭ്യാസത്തിലൂടെ സിദ്ധിക്കേണ്ടത് എന്നു ഗാന്ധിജി ഉത്ബോധിപ്പിക്കുന്നു. സമൂഹത്തില്‍ പടര്‍ന്നുപിടിച്ചിരിക്കുന്ന സ്വാര്‍ത്ഥതയ്ക്കും ആഡംബരത്തിനും ദയാശൂന്യതയ്ക്കും പ്രതികരണമില്ലായ്മയ്ക്കും അറുതിവരണമെങ്കില്‍ അതിനുതകുന്ന പ്രാഥമിക പാഠങ്ങള്‍ ചെറുപ്പത്തിലെ ലഭിക്കണം. വീടും വിദ്യാലയവും ആരാധനാലയങ്ങളും അതിനുള്ള കളരികളാകണം. സമൂഹത്തിലെ തിന്മകളെ ചെറുക്കാന്‍ കുട്ടികളെ പ്രാപ്തരാക്കുവാനുള്ള ആര്‍ജ്ജവവും മനസ്സും നമുക്കുണ്ടാകട്ടെ.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org