വളയം പിടിക്കുന്നവരുടെ വഴികാട്ടി…

വളയം പിടിക്കുന്നവരുടെ വഴികാട്ടി…

ഫാ. സെബാസ്റ്റ്യന്‍ തേയ്ക്കാനത്ത്
ഡയറക്ടര്‍, സാരഥി

കൊച്ചി അന്തര്‍ദ്ദേശീയ വിമാനത്താവളം കേന്ദ്രീകരിച്ച് 2,000-ല്‍ കേരളത്തിലെ ടാക്സി-ഓട്ടോ ഡ്രൈവര്‍മാരുടെയും അവരുടെ കുടുംബങ്ങളുടെയും സമഗ്രവികസനം ലക്ഷ്യമാക്കി ആരംഭിച്ച പ്രചോദനാത്മക പ്രസ്ഥാനമാണു സാരഥി. "സുസ്ഥിര വികസനത്തിനായി ഡ്രൈവര്‍മാരുടെ ശക്തീകരണം" എന്നതാണു സാരഥിയുടെ ദര്‍ശനം. മാനുഷികമൂല്യങ്ങളില്‍ അധിഷ്ഠിതമായി, ജോലിയുടെ അന്തസ്സുയര്‍ത്തി, സമാധാനത്തിന്‍റെയും സാമൂഹിക ഐക്യത്തിന്‍റെയും സന്ദേശവാഹകരാകുന്നതിനു ഡ്രൈവര്‍മാരെ ശക്തിപ്പെടുത്തുക എന്നതാണ് ഈ പ്രസ്ഥാനത്തിന്‍റെ ദൗത്യം.

സാമ്പത്തികവും സാംസ്കാരികവുമായ ഉന്നതിക്കുവേണ്ടി ജാതി-മത-വര്‍ഗ-വര്‍ണ-രാഷ്ട്രീയചിന്തകള്‍ക്ക് അതീതമായി ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന കൂട്ടായ്മകള്‍ രൂപീകരിക്കുകയാണു സാരഥിയുടെ ലക്ഷ്യം. രാഷ്ട്രീയ യൂണിയനുകളിലു ള്ള അംഗത്വം കളയാതെതന്നെ അവരവരുടെ മതവിശ്വാസം നിലനിര്‍ത്തിക്കൊണ്ടും മറ്റു മതവിശ്വാസങ്ങളെയും രാഷ്ട്രീയ ചിന്താധാരകളെ ആദരിച്ചുകൊണ്ടും ഒരേ തൊഴില്‍ ചെയ്യുന്നവരുടെ കൂട്ടായ്മകള്‍ രൂപീകരിച്ചു സാമ്പത്തിക-സാംസ്കാരിക ഉന്നമനം ലക്ഷ്യം വച്ച് ഒരുമയോടെ പ്രവര്‍ത്തിച്ചു പൊതു സമൂഹത്തിനു മാതൃകയാകുക എന്നതാണു സാരഥിയുടെ മറ്റൊരു ലക്ഷ്യം. ഡ്രൈവര്‍മാരെ സമാധാനത്തിന്‍റെയും സൗഹൃദത്തിന്‍റെയും മത, രാഷ്ട്രീയ സഹിഷ്ണുതയുടെയും വക്താക്കളാക്കാനും സാരഥി പരിശ്രമിക്കുന്നു. വഴിക്കവലകളില്‍ കാത്തുകിടന്ന് അന്നന്നു വേണ്ട വകയ്ക്കുവേണ്ടി രാപ്പകലില്ലാതെ സമൂഹത്തെ സേവിക്കുന്ന ഡ്രൈവര്‍മാരുടെ കുടുംബങ്ങളില്‍ ഭൂരിപക്ഷത്തിനും എന്നും പട്ടിണിയും പരിവട്ടവുമാണ്. അതിനു ശാശ്വതപരിഹാരം ഉണ്ടാകുവാനും അമിത പലിശയ്ക്കു പണം കടംവാങ്ങേണ്ട സന്ദര്‍ഭങ്ങള്‍ കുറയ്ക്കുവാനും വേണ്ടി ഡ്രൈവര്‍മാരുടെ സ്വയം സഹായസംഘങ്ങള്‍ രൂപീകരിച്ച്, സമ്പാദ്യശീലം വളര്‍ത്തി പരസ്പരം താങ്ങായിത്തീരുവാന്‍ അവരെ പരിശീലിപ്പിക്കുകയും ചെയ്യുന്നുണ്ട്.

ഡ്രൈവര്‍ സുഹൃത്തുക്കള്‍ വളരെയധികം നന്മയുള്ളവരാണ്. എന്നാല്‍ പൊതുസമൂഹം അതു പലപ്പോഴും തിരിച്ചറിയുന്നില്ല, കാണുന്നില്ല. അതുകൊണ്ടു ഡ്രൈവര്‍മാരുടെ സത്യസന്ധതയെ, സേവനതത്പരതയെ, നന്മകളെ പൊതുജനസമക്ഷം ഉയര്‍ത്തിക്കാട്ടാനും അതുവഴി അവരുടെ അന്തസ്സുയര്‍ത്താനും 'ഐക്യസാരഥി' എന്ന മാസികയിലൂടെ സാരഥി നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുന്നു. ഡ്രൈവര്‍മാരുടെ ക്ഷേമത്തിനും സാമ്പത്തികസുസ്ഥിതിക്കും വേണ്ടി ഗവണ്‍മെന്‍റ് തലത്തിലുള്ള ക്ഷേമനിധി, അതുപോലുള്ള മറ്റു പദ്ധതികള്‍ ഇവ കൃത്യമായി മുന്നോട്ടു കൊണ്ടുപോകുവാനും ലഭ്യമാക്കുവാനും സംസ്ഥാനതലത്തില്‍ തന്നെ ലെയ്സണ്‍ വര്‍ക്ക് ചെയ്തു ഡ്രൈവര്‍മാരെ സഹായിക്കുന്നുമുണ്ട്. ടാക്സി-ഓട്ടോ ഓടിച്ചു കിട്ടുന്ന വരുമാനംകൊണ്ടു മാത്രം സാമ്പത്തികകാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന ഡ്രൈവര്‍ കുടുംബങ്ങളെ, രണ്ടാമതൊരു സമ്പാദ്യമാര്‍ഗം, ഡ്രൈവര്‍മാരുടെ കൂട്ടായ്മ വഴിയോ, ഒറ്റയ്ക്കോ ഡ്രൈവര്‍മാരുടെ കുടുംബമായോ ആരാഞ്ഞ് അതു കണ്ടെത്തി പരിശീലിപ്പിച്ചു സാമ്പത്തികനില ഭദ്രമാക്കാന്‍ സഹായിക്കുന്നു.

ടാക്സി-ഓട്ടോ ഡ്രൈവര്‍മാരുടെ സൗഹൃദവലയം കേരളമൊട്ടാകെ രൂപീകരിച്ചു പുതിയൊരു സൗഹൃദ-സഹായ കണ്ണിക്കു രൂപംകൊടുക്കുക, അതിനായി സാരഥിയുടെ ലൈഫ് മെമ്പര്‍ഷിപ്പ് കാര്‍ഡും സാരഥി സ്റ്റിക്കറും നല്കി ഓരോ ഡ്രൈവറെയും ഈ സൗഹൃദവലയത്തിന്‍റെ ഭാഗമാക്കുക എന്നതും സാരഥി നിര്‍വഹിച്ചു വരുന്നു. ടാക്സി-ഓട്ടോ ഡ്രൈവര്‍മാരുടെ കൂട്ടായ പ്രവര്‍ത്തനങ്ങള്‍ വഴി തങ്ങളാല്‍ കഴിയുംവിധം, തങ്ങളേക്കാള്‍ ബുദ്ധിമുട്ടുന്നവരെ സഹായിക്കാന്‍ സര്‍വാത്മനാ സന്നദ്ധരാക്കുവാന്‍ അവരെ ബോധവാന്മാരാക്കുക. അതുവഴി സമൂഹത്തില്‍ അവരുടെ അന്തസ്സുയര്‍ത്തുക എന്നതും സാരഥിയുടെ ലക്ഷ്യമാണ്.

സുസ്ഥിരവികസനം, പ്രകൃതിസംരക്ഷണം, മാലിന്യവിമുക്തമായ കേരളം, ജീവസംരക്ഷണ പ്രവര്‍ത്തനം തുടങ്ങിയവയില്‍ ടാക്സി-ഓട്ടോ ഡ്രൈവര്‍മാരെ പങ്കുകാരാക്കുക, അതുവഴി നാടിന്‍റെ വികസനത്തില്‍ അവരുടെ പങ്കു നിര്‍വഹിക്കാന്‍ അവസരമൊരുക്കുക എന്നതും സാരഥി ലക്ഷ്യമിടുന്നു.

സുരക്ഷിതമായ യാത്ര എല്ലാവര്‍ക്കും ഉറപ്പാക്കാന്‍ ഉതകുന്ന പദ്ധതികള്‍ എല്ലാ ഡ്രൈവര്‍മാരുടെയും സഹകരണത്തോടെ നടപ്പിലാക്കുക. അതിനായി അവര്‍ക്കും പൊതുജനത്തിനും ബോധവത്കരണം-പരിശീലനപദ്ധതികള്‍ ആവിഷ്കരിച്ചു നടപ്പാക്കുക തുടങ്ങിയ കാര്യങ്ങളും അനുവര്‍ത്തിക്കുന്നുണ്ട്.

ടാക്സി-ഓട്ടോ ഡ്രൈവര്‍മാര്‍ക്ക് നീതിപൂര്‍വകവും ജീവിക്കാന്‍ ആവശ്യമായതുമായ പ്രതിഫലം ഉറപ്പാക്കുമ്പോള്‍ അതിനുവേണ്ടി രാഷ്ട്രീയവും നിയമപരവുമായ ഇടപെടലുകള്‍ നടത്താനും നിത്യവും നിരത്തുകളില്‍ വാഹനമോടിക്കുന്ന ഡ്രൈവര്‍ സുഹൃത്തുക്കളെ അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ ജീവന്‍റെ രക്ഷകരാകാനുള്ള പ്രഥമശുശ്രൂഷാ പരിശീലനം നല്കുന്നുണ്ട്.

'കാഴ്ചപ്പാടു മാറിയാല്‍ കഷ്ടപ്പാടു മാറും' എന്ന സാരഥിയുടെ മുദ്രാവാക്യത്തില്‍ ഊന്നി തങ്ങള്‍ ചെയ്യുന്നതു കൂലിക്കുവേണ്ടിയുള്ള ഒരു ജോലി മാത്രമല്ല, മറിച്ച് ഇതു വലിയൊരു സേവനവും ശുശ്രൂഷയുമാണ് എന്ന ബോദ്ധ്യം പകര്‍ന്നു കൊടുക്കുന്നുണ്ട്. ആവശ്യമായ സന്ദര്‍ഭങ്ങളില്‍ ടാക്സി-ഓട്ടോ ഡ്രൈവര്‍മാരെ ഒരുമിച്ചുകൂട്ടി പൊതുകാര്യങ്ങളിലും ട്രാഫിക് നിയമങ്ങളിലും ധാര്‍മ്മികവിഷയങ്ങളിലും കാലോചിതമായ പരിശീലനം കൊടുക്കുന്നു. സമൂഹത്തിലെ കഷ്ടതയനുഭിക്കുന്ന ആളുകളെ സഹായിക്കാന്‍ സന്മനസ്സുള്ളവരായി ടാക്സി-ഓട്ടോ ഡ്രൈവര്‍മാരെ മാറ്റിയെടുക്കുകയാണ്. രോഗാവസ്ഥയിലുള്ള യാത്രക്കാരോട് കൂടുതല്‍ അനുകമ്പാര്‍ദ്രമായ വിധത്തില്‍ പെരുമാറാനും പരിശീലിപ്പിക്കുമ്പോള്‍ നീതിപൂര്‍വം മാത്രം പ്രതിഫലം പറ്റുന്ന സത്യസന്ധരായ വ്യക്തികളായി അവരെ രൂപീകരിക്കാനും യത്നിക്കുന്നു.

ടാക്സി-ഓട്ടോ സ്റ്റാന്‍റും പരിസരവും വൃത്തിയായി സൂക്ഷിക്കുക. അവിടെ നിയമം അനുവദിക്കുന്നതുപോലെ പൂന്തോട്ടം നിര്‍മ്മിച്ച് ഒഴിവുസമയങ്ങളില്‍ അവ പരിപാലിക്കുക തുടങ്ങിയ ക്രിയാത്മകമായ കാര്യങ്ങള്‍ക്കും മുന്‍തൂക്കം നല്കിവരുന്നുണ്ട്.

സമൂഹത്തിന്‍റെ 'പള്‍സ്' അറിയുന്നവരാണു കൂടുതല്‍ സമയവും വഴിക്കവലകളിലും റോഡിലുമായി സമയം ചെലവിടുന്ന ടാക്സി-ഓട്ടോ ഡ്രൈവര്‍ സുഹൃത്തുക്കള്‍. അവര്‍ വിചാരിച്ചാല്‍ പല സാമൂഹ്യതിന്മകളും ഇല്ലാതാക്കാന്‍ എളുപ്പമാണ്. അതുകൊണ്ടു സാമൂഹ്യതിന്മകള്‍ക്കെതിരെ ഡ്രൈവര്‍മാരെ ജാഗ്രതയുള്ള, ഉത്തരവാദിത്വമുള്ള പൗരന്മാരാക്കുക എന്നതും നമ്മുടെ ലക്ഷ്യമാണ്.

ടാക്സി-ഓട്ടോ ഡ്രൈവര്‍മാരുടെ മക്കള്‍ക്കു തുടര്‍പഠനത്തിനു വേണ്ടുന്ന ഗൈഡന്‍സ് നല്കുകയും നല്ല വിദ്യാഭ്യാസം ലഭിക്കാന്‍ ഉതകുന്ന വഴികള്‍ കാണിക്കുകയും ഉയര്‍ന്ന മാര്‍ക്ക് വാങ്ങുന്നവര്‍ക്കു സാരഥി കൂട്ടായ്മകളില്‍ ക്യാഷ് അവാര്‍ഡുകള്‍ നല്കുകയും ചെയ്യുന്നുണ്ട്.

ഇത്തരത്തില്‍ ടാക്സി-ഓട്ടോ ഡ്രൈവര്‍മാരുടെയും അവരുടെ കുടുംബാംഗങ്ങളുടെയും സമഗ്രമായ വികസനവും ക്ഷേമവും ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന സാരഥി കഴിഞ്ഞ 18 വര്‍ഷങ്ങളായി പൊതുസമൂഹത്തില്‍ സജീവസാന്നിദ്ധ്യമായി നിലകൊള്ളുകയാണ്. കേരളത്തിലങ്ങോളമിങ്ങോളം സമൂഹത്തിനു മാതൃകായോഗ്യമായ വിധത്തില്‍ തങ്ങളുടെതന്നെ സാമ്പത്തികവും ഭൗതികവുമായ ഉന്നതിക്ക് ഉതകുന്ന വിധത്തില്‍ സാരഥിയില്‍ അംഗങ്ങളായി സ്നേഹ-സൗഹൃദ കണ്ണികള്‍ തീര്‍ത്ത് അഭിമാനകരമായ വിധത്തില്‍ അനേകം ഡ്രൈവര്‍മാര്‍ സമൂഹത്തെ സേവിക്കുന്നു എന്നതു അഭിമാനകരമാണ്.

ബഹു. വര്‍ഗീസ് കരിപ്പേരിയച്ചനാണ് ഈ സംരംഭത്തിന്‍റെസ്ഥാപകന്‍. സാരഥിയുടെ ആരംഭം മുതല്‍ ഡ്രൈവര്‍മാരുടെ ക്ഷേമത്തിനായി കേരളം മുഴുവന്‍ ഓടിനടന്നു പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിച്ച അച്ചനെ ഈയവസരത്തില്‍ നന്ദിയോടെ ഓര്‍ക്കുമ്പോള്‍ സാരഥിയുടെ അനുദിന പ്രവര്‍ത്തനങ്ങള്‍ ഏറ്റവും ഭംഗിയാക്കാന്‍ പരിശ്രമിക്കുന്ന, അതിന്‍റെ ഉദ്ദേശ്യലക്ഷ്യങ്ങളോടു ചേര്‍ന്ന് അതിനെ ശക്തിപ്പെടുത്തുന്ന എല്ലാ ഡ്രൈവര്‍മാര്‍ക്കും കുടുംബാംഗങ്ങള്‍ക്കും അഭ്യുദയകാംക്ഷികള്‍ക്കും സ്നേഹാദരങ്ങള്‍ അര്‍പ്പിക്കുകയും ചെയ്യുന്നു.

സാരഥി, കരയാംപറമ്പ്, ആഴകം പി.ഓ., അങ്കമാലി, കൊച്ചി-682 077
E-mail : sarathi.drivers4@gmail.com
Tel : 8301945573

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org