വത്തിക്കാന്‍ മ്യൂസിയം

വത്തിക്കാന്‍ മ്യൂസിയം

ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട മ്യൂസിയങ്ങളിലൊന്നാണ് വത്തിക്കാന്‍ മ്യൂസിയം. ലോകപ്രസിദ്ധമായ സിസ്റ്റൈന്‍ ചാപ്പലും റഫായേലിന്‍റെ കലാപ്രതിഭ രൂപംകൊടുത്ത മുറികളും വത്തിക്കാന്‍ ഗ്രന്ഥശാലയുമെല്ലാം ഇതില്‍ ഉള്‍പ്പെടുന്നു. പല ദിവസങ്ങള്‍ നടന്നു കാണുവാന്‍ തക്കവിധം ബൃഹത്തായ ഈ മ്യൂസിയങ്ങളില്‍ അരലക്ഷത്തിലേറെ വസ്തുക്കളാണ്, ഏഴു കി.മീ. നീളത്തില്‍ സംഭരിച്ചിരിക്കുന്നത്. സാധാരണയായി തീര്‍ത്ഥാടകര്‍ സിസ്റ്റൈന്‍ ചാപ്പല്‍, വിശ്വവിഖ്യാതമായ ചില മാര്‍ബിള്‍ പ്രതിമകള്‍, റഫായേല്‍ വരച്ച ചില ചിത്രങ്ങള്‍ എന്നിവയില്‍ തങ്ങളുടെ സന്ദര്‍ശനം ഒതുക്കുകയാണ് പതിവ്.

1450-ല്‍ നിക്കോളാസ് അഞ്ചാമന്‍ പാപ്പായാണ് ഇന്നു വത്തിക്കാന്‍ മ്യൂസിയങ്ങള്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടങ്ങള്‍ പണിയാന്‍ തുടക്കമിട്ടത്. പുതിയൊരു കൊട്ടാരമായിരുന്നു അദ്ദേഹം പണിയാന്‍ ഉദ്ദേശിച്ചത്. കൊട്ടാരക്കപ്പേളയായി സിക്സ്സസ് നാലാമന്‍ പണിത കപ്പേളയാണ് ഇന്നത്തെ സിസ്റ്റൈന്‍ കപ്പേള. വത്തിക്കാന്‍ കുന്നിന്‍ ഇന്നസെന്‍റ് എട്ടാമന്‍ "സുന്ദരദൃശ്യം" (Belvedere) എന്നൊരു മന്ദിരവും നിര്‍മ്മിച്ചു. ബ്രമാന്തേ ഇവയെ ബന്ധിപ്പിച്ചുകൊണ്ട് പല ഏച്ചുകെട്ടലുകളും നടത്തി (Cortile del Belvedere). നൂറ്റാണ്ടുകളുടെ പ്രവാഹഗതിയില്‍ റോമിലെ പെരുന്തച്ചന്മാരും മഹാകലാകാരന്മാരും ഇവിടെ താന്താങ്ങളുടെ വ്യക്തിമുദ്ര പതിപ്പിച്ചു: മൈക്കലാഞ്ചലോ, ദൊമെനിക്കോ ഫൊന്താന, പിരോ ലിഗോറിയോ, ബെര്‍ണീനി. കഴിഞ്ഞ നൂറ്റാണ്ടുകളിലും പുതിയ കെട്ടിടങ്ങള്‍ പണിയുകയോ, പഴയവ നവീകരിക്കപ്പെടുകയോ ചെയ്തിട്ടുണ്ട്.

ലോകത്തിലെ ഏറ്റവും പ്രധാനമായ കലാശേഖരമെന്ന് നിരവധി കലാസ്വാദകര്‍ കരുതുന്ന വത്തിക്കാന്‍ മ്യൂസിയം ആരംഭിച്ചത് മ്യൂസിയമായിട്ടല്ല. നവോത്ഥാന കാലഘട്ടത്തിന്‍റെ ചൈതന്യത്തിനു നിരക്കുംവിധം 1506-ല്‍ രണ്ടാം ജൂലിയസ് മാര്‍പാപ്പയാണ് പുരാതനമായ കലാവസ്തുക്കള്‍ ശേഖരിക്കാന്‍ തുടങ്ങിയത്. അപ്പോള്‍ത്തന്നെ വലിയൊരു ശേഖരം വത്തിക്കാനില്‍ ഉണ്ടായിരുന്നു. മതജീവിതവും വിശ്വാസവും കാലാമാധ്യമങ്ങളിലൂടെ അവതരിപ്പിക്കാനുള്ള അഭിവാഞ്ചയോടൊപ്പം കാലവസ്തുക്കള്‍ സംഭരിക്കാനുള്ള മാര്‍പാപ്പാമാരുടെ അഭിനിവേശവും ഇതിനു പിന്നിലുണ്ട്. ഒരു വര്‍ഷം 30 ലക്ഷം സന്ദര്‍ശകരാണ് ഇവിടെയെത്തുന്നത്; ചില ദിവസങ്ങളില്‍ 20,000 പേര്‍ വരെ എത്താറുണ്ട്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org