വത്തിക്കാൻ ദിനപത്രം

വത്തിക്കാൻ ദിനപത്രം

1861 മാര്‍ച്ച് 17-ാം തീയതി ഇറ്റാലിയന്‍ സാമ്രാജ്യം സ്ഥാപിതമായതിനുശേഷം ഏതാനും മാസങ്ങള്‍ക്കുള്ളിലാണു മാര്‍പാപ്പയുടെ പത്രം പ്രസിദ്ധീകരണമാരംഭിച്ചത്. ഇറ്റാലിയന്‍ സാമ്രാജ്യം നിലവില്‍ വന്നതോടെ മാര്‍പാപ്പയ്ക്ക് ഇറ്റലി മുഴുവന്‍ ഉണ്ടായിരുന്ന രാഷ്ട്രീയാധികാരം കുറയുകയും മാര്‍പാപ്പയുടെ സാമ്രാജ്യം (പേപ്പല്‍ സ്റ്റേറ്റ്) വത്തിക്കാന്‍ രാഷ്ട്രമായി ചെറുതാകുകയും ചെയ്തപ്പോള്‍ ഇറ്റലി മുഴുവനും ലോകത്തിന്‍റെ ഇതര ഭാഗങ്ങളിലും മാര്‍പാപ്പയുടെയും കത്തോലിക്കാസഭയുടെയും നയങ്ങളും ആശയങ്ങളും എത്തിക്കാനാണു ദിനപത്രം ആരംഭിച്ചത്. 1849 സെപ്തംബര്‍ 1 മുതല്‍ ഇറ്റലിയിലെ ഇടവക വൈദികനായിരുന്ന ഫ്രാന്‍ചെസ് കോബത്തെല്ലി ഫ്രാന്‍സിലെ ഒരു പ്രാര്‍ത്ഥനാഗ്രൂപ്പിന്‍റെ സഹായത്തോടെ റോമില്‍നിന്നും മാസംതോറും പ്രസിദ്ധീകരിച്ചിരുന്ന ലഘുലേഖയുടെ പേരായിരുന്നു ലസ്സോര്‍വത്തോരെ റൊമാനോ. റോമാ നിരീക്ഷകന്‍ എന്നാണ് ഈ പദത്തിന്‍റെ അര്‍ത്ഥം. റോമിലും വത്തിക്കാനിലും സംഭവിച്ചുകൊണ്ടിരുന്ന വാര്‍ത്തകളും മാര്‍പാപ്പയുടെ പ്രസംഗങ്ങളും കത്തോലിക്കാസഭയുടെ മറ്റു ഔദ്യോഗികപരിപാടികളുമാണ് ഈ ലഘുലേഖ വഴി പ്രസിദ്ധീകരിച്ചിരുന്നത്. 1861-ല്‍ കത്തോലി ക്കാസഭ ഔദ്യോഗിക ദിനപത്രം ആരംഭിച്ചപ്പോള്‍ ഈ ലഘുലേഖയുടെ പേര് സ്വീകരിക്കുകയും അതിന്‍റെ പ്രസിദ്ധീകരണം നിര്‍ത്തലാക്കുകയും ചെയ്തു. പിയൂസ് ഒമ്പതാം മാര്‍പാപ്പയുടെ കാലത്താണു ലസ്സോര്‍വത്തോരേ റൊമാനോ പ്രസിദ്ധീകരണമാരംഭിക്കുന്നത്.

മറ്റു പത്രങ്ങള്‍ക്കു ലഭിക്കാത്ത വന്‍ സ്വീകരണമായിരുന്നു ഇറ്റലിക്കാര്‍ ലസ്സോര്‍ വത്തോരേ റൊമാനോയ്ക്കു നല്കിയത്. ഇറ്റാലിയന്‍ രാഷ്ട്രീയത്തിന്‍റെ ആസ്ഥാനവും ആഗോള കത്തോലിക്കാസഭയുടെ ആസ്ഥാനവും റോമായതുകൊണ്ടു റോമില്‍ നിന്നുള്ള വാര്‍ത്തകള്‍ വായിക്കാന്‍ ഇറ്റലിക്കാര്‍ക്കു പൊതുവേയും കത്തോലിക്കര്‍ പ്രത്യേകിച്ചും അതിയായ ആഗ്രഹമുണ്ടായിരുന്നു.

ലോകചരിത്രത്തിലും കത്തോലിക്കാസഭയുടെ ചരിത്രത്തിലും നിര്‍ണായകമായ സ്വാധീനം ചെലുത്താന്‍ ലസ്സോര്‍ വത്തോരേ റൊമാനോയ്ക്കു കഴിഞ്ഞിട്ടുണ്ട്. ലോകമനഃസാക്ഷിയുടെ മുന്നില്‍ നിഷ്പക്ഷമായ ശബ്ദമായിരുന്നു മാര്‍പാപ്പയുടെ ഔദ്യോഗിക പത്രത്തിനുണ്ടായിരുന്നത്. ലോകമഹായുദ്ധങ്ങള്‍ നടന്നപ്പോള്‍ സമാധാനത്തിന്‍റെ സന്ദേശമെത്തിക്കാന്‍ പരിശ്രമിച്ച ഒരേയൊരു പത്രം മാര്‍പാപ്പയുടെ പത്രമായിരുന്നു. റേഡിയോയും ടെലിവിഷനുകളും ഒന്നുമില്ലാതിരുന്ന ഒരു കാലഘട്ടത്തില്‍ മാര്‍പാപ്പയുടെയും കത്തോലിക്കാസഭയുടെയും ശബ്ദം ലോകമനഃസാക്ഷിക്കു മുന്നില്‍ എത്തിച്ചത് ലസ്സോര്‍വത്തോരെ റൊമോനോയാണ്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org