വത്തിക്കാന്‍ കാര്യാലയങ്ങള്‍

വത്തിക്കാന്‍ കാര്യാലയങ്ങള്‍

സഭാഭരണം കാര്യക്ഷമമായി നിര്‍വഹിക്കുന്നതിന് മാര്‍പാപ്പയെ സഹായിക്കുവാന്‍ വിവിധ കാര്യലയ ങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

1. വിശ്വാസസത്യങ്ങള്‍ക്കായുള്ള കാര്യാലയം (Congregation for the Doctrine of Faith): പ്രധാനമായും വിശ്വാസവും സന്മാര്‍ഗ്ഗവും സംബന്ധിച്ച കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നു.

2. പൗരസ്ത്യ സഭകള്‍ക്കായുള്ള കാര്യാലയം (Congregation for the Oriental Churches): അലക്സാണ്ട്രിയന്‍, അന്ത്യോക്യന്‍, ബൈസന്‍റൈന്‍, കാര്‍ഡിനല്‍, അര്‍മേനിയന്‍ എന്നീ അഞ്ചു മുഖ്യ റീത്തുകളുമായി ബന്ധപ്പെട്ട റീത്തുകളുടെ പ്രവര്‍ത്തനങ്ങള്‍ കൈകാര്യം ചെയ്യുന്നു.

3. ആരാധന-കൂദാശകള്‍ സംബന്ധിച്ച കാര്യാലയം (Congregation for Divine Worship and Discipline of Sacraments): ആരാധനാ വിഷയവും ലിറ്റര്‍ജി-പാരാലിറ്റര്‍ജി ഗ്രന്ഥങ്ങളുടെ പ്രസിദ്ധീകരണ വിഷയവുമായ കാര്യങ്ങള്‍ നിര്‍വഹിക്കുന്നു.

4. വിശുദ്ധപദ പ്രഖ്യാപന കാര്യാലയം (Congregation for the Cause of Saints): വീരോചിതമായ സുകൃതജീവിതം നയിച്ചിട്ടുള്ള വ്യക്തികളെ ദൈവദാസര്‍, വാഴ്ത്തപ്പെട്ടവര്‍, വിശുദ്ധര്‍ തുടങ്ങിയ പദവികളിലേക്ക് ഉയര്‍ത്തി, സഭയുടെ വണക്കത്തിനു വേണ്ടി പ്രഖ്യാപനങ്ങള്‍ നടത്തുന്നു.

5. മെത്രാന്‍മാര്‍ക്കുള്ള കാര്യാലയം (Congregation for the Bishops): പൗരസ്ത്യസഭകള്‍ക്കും സുവിശേഷവല്‍ക്കരണത്തിനുമായുള്ള കോണ്‍ഗ്രിഗേഷനുകളുടെ അധികാരസീമയില്‍പ്പെടാത്ത സ്ഥലങ്ങളിലെ രൂപതകളുടെ സ്ഥാപനം, വിഭജനം, സംയോജനം, പ്രൊവിന്‍സുകളുടെ സ്ഥാപനം തുടങ്ങിയ കാര്യങ്ങള്‍ക്കും മെത്രാന്‍, അഡ്മിനിസ്ട്രേറ്റര്‍ അപ്പസ്തോലിക്കമാര്‍ പിന്‍തുടര്‍ച്ചാവകാശത്തോടും (Co-adjutor) പിന്തുടര്‍ച്ചാവകാശമില്ലാതെയു(Auxilliaries)മുള്ള സഹായമെത്രാന്മാര്‍ എന്നിവരുടെ നിയമനങ്ങള്‍, മെത്രാന്മാരുടെ പ്രാദേശിക കൗണ്‍സിലുകള്‍, കോണ്‍ഫെറന്‍സുകള്‍ തുടങ്ങിയവയുടെ സ്ഥാപനനിര്‍വഹണങ്ങള്‍ക്കു വേണ്ടി നിലകൊള്ളുന്നു.

6. സുവിശേഷവല്‍ക്കരണത്തിനായുള്ള കാര്യാലയം (Congregation for the Evangelisation of People): പാശ്ചാത്യ (ലത്തീന്‍) സഭകളുടെ ഭരണം ഈ കാര്യാലയം നിര്‍വഹിക്കുന്നു. മിഷനറി സമര്‍പ്പിത സമൂഹങ്ങള്‍, ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ തുടങ്ങിയവയുടെ നിയന്ത്രണവും ഈ കാര്യാലയം നിര്‍വഹിക്കുന്നു. പ്രൊപ്പഗാന്താ തിരുസംഘം എന്ന് ഇത് അറിയപ്പെടുന്നു.

7. വൈദികര്‍ക്കായുള്ള കാര്യാലയം (Congregation for the Clergy): വൈദികരുടെ ആദ്ധ്യാത്മികവും അജപാലനപരവുമായ കാര്യങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്നു.

8. സമര്‍പ്പിത സമൂഹങ്ങള്‍ക്കായു ള്ള കാര്യാലയം (Congregation for the Institutes of Consecrated Life and Societies of Apostolic Life): മെത്രാന്മാരും സമര്‍പ്പിത സമൂഹങ്ങളുമായുള്ള ബന്ധം പുലര്‍ത്തുകയും സെക്കുലര്‍ ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍, മൂന്നാം സഭകള്‍ തുടങ്ങിയവ സംബന്ധിച്ച കാര്യങ്ങള്‍ നിര്‍വഹിക്കുകയും ചെയ്യുന്നു.

9. കത്തോലിക്കാ വിദ്യാഭ്യാസത്തിനുള്ള കാര്യാലയം (Congregation for the Catholic Education): സെമിനാറുകള്‍, സ്ക്കോളാസ്റ്റിക്കുകള്‍, സമര്‍പ്പിതര്‍ക്കും സെക്കുലര്‍ സഭാംഗങ്ങള്‍ക്കുമായുള്ള ഫോര്‍മേഷന്‍ കേന്ദ്രങ്ങള്‍, കത്തോലിക്കാ യൂണിവേഴ്സിറ്റികള്‍, വിദ്യാപീഠങ്ങള്‍, കലാലയങ്ങള്‍ തുടങ്ങിയവയുടെ സ്ഥാപനം, ഭരണസംവിധാനം തുടങ്ങിയവയ്ക്ക് മേല്‍നോട്ടം വഹിക്കുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org