വയമ്പ്

വയമ്പ്

വീടും തൊടിയും

നിരവധി ഔഷധഗുണങ്ങള്‍ നിറഞ്ഞതാണ് വയമ്പ്. 'അരേസി' കുടുംബത്തില്‍പ്പെട്ട വയമ്പിന്‍റെ ശാസ്ത്രനാമം "അക്കോറസ് കലാമസ്" എന്നാണ് വയമ്പിന്‍റെ സസ്യശരീരമാസകലം കലാമസ് തൈലം അടങ്ങിയിരിക്കുന്നു. വേരിലാകട്ടെ. അക്കോറിന്‍ എന്ന ഗ്ലൂക്കോസൈഡ് ധാരാളമുണ്ട്. ഒപ്പം കലാമിന്‍, കലാമോള്‍, കലാമിനോണ്‍ എന്നീ ഘടകങ്ങളടങ്ങിയ ബാഷ്പശീലതൈലമുണ്ട് തണ്ടിലും ഇലകളിലും. കലാമസ് തൈലത്തോടൊപ്പം ഓക്സാലിക് അമ്ലത്തിന്‍റെ സാന്നിദ്ധ്യവുമുണ്ട്.

ബുദ്ധിവികാസത്തിനു പ്രകൃതിദത്ത ഒറ്റമൂലിയാണ് വയമ്പ്. ഗായകര്‍ക്കു സ്വരമാധുര്യം നല്കുന്ന മരുന്നുമാണ്. വില്ലന്‍ചുമയ്ക്കും പ്രതിവിധിയായി ഇവ ഉപയോഗിക്കുന്നുണ്ട്. കൊച്ചുകുട്ടികള്‍ക്കു തേനും വയമ്പും നല്കുന്നതു പണ്ടുകാലം മുതലേ നിലനില്ക്കുന്നു. പലവിധ രോഗങ്ങളെ തടയാനുള്ള കഴിവും വയമ്പിനുണ്ട്. ദഹനം എളുപ്പമാക്കുന്നതാണു വയമ്പ്. ശീതളപാനീയങ്ങള്‍ക്കു ഗന്ധരുചി നല്കാനും വയമ്പിന്‍റെ വേര് ഉപയോഗിക്കാറുണ്ട്. പാര്‍ശ്വഫലങ്ങള്‍ ഇല്ലാതെ ഒട്ടനവധി ചെറുതും വലുതുമായ രോഗങ്ങള്‍ക്ക് ആശ്വാസമേകുന്ന വയമ്പിനു കമ്പോളത്തില്‍ പ്രിയമേറുകയാണ്.

പല്ലിനും മോണയ്ക്കും വളരെ നല്ലതാണു വയമ്പ്. സാധാരണയായി കിഴങ്ങു മുറിച്ചു നട്ടാണ് ഇവയുടെ വംശവര്‍ദ്ധന. ഏപ്രില്‍ ആദ്യവാരമാണ് നടീലിന് ഏറ്റവും പറ്റിയ സമയം. ആഴത്തില്‍ കിളച്ച് ഒരുക്കി തയ്യാറാക്കിയ കൃഷിയിടത്തില്‍ ചെറു കുഴികള്‍ എടുത്ത് ഇവ നടാം. ചാണകപ്പൊടി, കമ്പോസ്റ്റ് എന്നിവ വളമായി ഉപയോഗിച്ചാല്‍ മതിയാകും.

നട്ട് മൂന്നാം മാസം മണ്ണു കൂട്ടികൊടുക്കുന്നതു വിളവിന് ആക്കം കൂട്ടും. മണ്ണില്‍ നനവ് നിലനിര്‍ത്തുവാന്‍ ശ്രദ്ധിക്കണം. ഇവയ്ക്കു ജൈവവളങ്ങള്‍ മാത്രം നല്കിയാല്‍ മതിയാകും. വയമ്പിന്‍റെ വിളകാലം 245-290 ദിവസമാണ്. നന്നായി പരിപാലിച്ചാല്‍ മികച്ച ആദായം നേടുവാന്‍ കഴിയും. അങ്ങാടി മരുന്നുകടകള്‍, ആയുര്‍വേദ ഔഷധശാലകള്‍ തുടങ്ങിയവരാണു പ്രധാനമായും ഇതിന്‍റെ ആവശ്യക്കാര്‍. നമ്മുടെ കൃഷിസ്ഥലത്തും വയമ്പിനുകൂടി സ്ഥാനം നല്കുവാന്‍ ഓരോ കര്‍ഷകമിത്രവും ശ്രമിക്കേണ്ടതുണ്ട്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org