വേദോപദേശം / മതബോധനം / സുവിശേഷബോധനം

വേദോപദേശം / മതബോധനം / സുവിശേഷബോധനം

എബ്രഹാം പള്ളിവാതുക്കല്‍ എസ്.ജെ.

2017 മെയ് 27-ന് ജനോവയില്‍ വച്ച് യുവജനങ്ങളെ അഭിസംബോധന ചെയ്യവേ, ഫ്രാന്‍സിസ് പാപ്പ പറഞ്ഞു "സ്നേഹിക്കുക എന്നതിനര്‍ത്ഥം 'അഴുക്കു പുരണ്ട കരങ്ങള്‍ ഗ്രഹിക്കുവാനുള്ള വ്യഗ്രതയും, ശോച്യാവസ്ഥയില്‍ ആയിരിക്കുന്നവരുടെ കണ്ണുകളിലേയ്ക്ക് നോക്കിക്കൊണ്ട്, നിനക്ക് ഞാനുണ്ട്; നിന്‍റെ കണ്ണുകളില്‍ ഞാന്‍ യേശുവിനെ കാണുന്നു എന്നു പറയുവാനുള്ള പ്രാപ്തിയും തന്‍റേടവും ആര്‍ജ്ജിക്കുകയാണ്." സ്നേഹിക്കുവാനുള്ള കഴിവ് രൂപീകരണത്തിലൂടെയും പരിശീലനത്തിലൂടെയും നേടിയെടുക്കുന്ന വേദികളാവണം നമ്മുടെ സുവിശേഷബോധന ക്ലാസ്സുകള്‍.

സണ്‍ഡേ സ്കൂളില്‍ പത്താം ക്ലാസും പന്ത്രണ്ടാം ക്ലാസും കഴിഞ്ഞ് മതാദ്ധ്യാപികയായ പെണ്‍കിടാവ് ഒരു സുപ്രഭാതത്തില്‍ അപ്രത്യക്ഷയായി. കണ്ടെത്തിയപ്പോള്‍, 'ഞാന്‍ സ്നേഹിക്കുന്ന രാമകൃഷ്ണനുമായി (പേര് സാങ്കല്പികം) ഞാന്‍ ഇറങ്ങിക്കഴിഞ്ഞു. നിങ്ങളിനിയും വെറുതേ കേസും കുണ്ടാമണ്ടിയുമായി വരണ്ട" എന്നൊരു താക്കീതും. 26 വര്‍ഷം നിന്നെ കണ്ണിലെ കൃഷ്ണമണി പോലെ നോക്കി, കയ്യാണോ കാലാണോ വളരുന്നതെന്ന് ആര്‍ത്തിയോടെ നോക്കിയ മാതാപിതാക്കളെ വേദനിപ്പിച്ച് ഇറങ്ങിപ്പുറപ്പെടുക ശരിയോ? "ശരിയും തെറ്റും ഇവിടെ പ്രശ്നമല്ല. ഞങ്ങളുടെ പ്രണയമാണെനിക്ക് വലുത്" മോളെ നിന്നെ സൃഷ്ടിച്ച് പരിപാലിച്ച്, നിനക്കായി ജീവാര്‍പ്പണം ചെയ്ത ഈശോയെ മറന്ന് അന്യ മതവിശ്വാസിയുടെ കൂടെ ഇറങ്ങിപ്പുറപ്പെടാന്‍ നീ തയ്യാറായത് കഷ്ടമല്ലേ? പോരെങ്കില്‍ നീ ഒരു സണ്‍ഡേ സ്കൂള്‍ ടീച്ചറുകൂടിയായിരുന്നു. നീ പ്രഖ്യാപിച്ച നിന്‍റെ വിശ്വാസമെവിടെ? "അതെന്‍റെ കാര്യമാണ്. നിങ്ങള്‍ ഇടപെടാന്‍ ഞാന്‍ സമ്മതിക്കില്ല. എല്ലാ മതങ്ങളും കണക്കാ!" പോരെ? നമ്മുടെ ദൈവവിശ്വാസവും മൂല്യബോധവും സുവിശേഷ പ്രഘോഷണ ഒരുക്കവും എവിടം വരെയെത്തി?

വര്‍ഷങ്ങളായി മതാദ്ധ്യാപകനായി കസറുന്ന ഒരദ്ധ്യാപകന്‍റെ സമീപനത്തെപ്പറ്റി കഴിഞ്ഞ ദിവസം കേള്‍ക്കാനിടയായി. നിസാര കാര്യങ്ങളിലുള്ള അഭിപ്രായ വ്യത്യാസത്തിന്‍റെ പേരില്‍ അടുത്ത ബന്ധുവിന്‍റെ മകന്‍റെ വിവാഹം ബഹിഷ്കരിച്ചെന്നു മാത്രമല്ല, അത് ബഹിഷ്കരിക്കാന്‍ അനേകരെ പ്രേരിപ്പിക്കുകയും അതില്‍ വിജയിക്കുകയും ചെയ്തു.

കേരളത്തില്‍ നിലവിലിരിക്കുന്ന വര്‍ത്തമാന പത്രങ്ങളും ടെലിവിഷന്‍ ചാനലുകളും മറ്റു മാധ്യമങ്ങളും സഭാ ജീവിതത്തെ ഒളിഞ്ഞു നോക്കി സഭയ്ക്കും സഭാപഠനത്തിനുമെതിരേ ശക്തമായ പ്രചാരണം പ്രതികാര ബുദ്ധിയോടെ നിര്‍വഹിക്കുന്നത് കണക്കിലെടുത്തുകൂടി വേണം നമ്മള്‍ വിശ്വാസ ബോധനം ക്രമീകരിക്കാന്‍. നിരന്തരമായ വിമര്‍ശനവും ഏതാനും ചിലരുടെ വ്യക്തിജീവിതത്തിലെ പാളിച്ചകളും അവയിലൂടെ പ്രചരിക്കുന്ന അശ്ലീലവും ക്രൈസ്തവ ധാര്‍മ്മികതയെ പ്രതികൂലമായി സ്വാധീനിക്കുന്നു. ഇതൊക്കെ കാണുകയും കേള്‍ക്കുകയും ചെയ്യുന്ന പുതുതലമുറ എങ്ങോട്ടു തിരിയണം? തങ്ങള്‍ക്കുവേണ്ടി മാത്രം ജീവിക്കുന്ന അദ്ധ്യാപകരും മാതാപിതാക്കളും പുതുതലമുറയെ വഴിതെറ്റിക്കുന്നു. വീട്ടില്‍ നിന്നും ക്ലാസ്റൂമില്‍ നിന്നും ദൈവവിശ്വാസത്തിന്‍റെയും മാനവികതയുടെയും ബാലപാഠങ്ങള്‍ കുട്ടികള്‍ക്ക് ലഭിക്കുന്നില്ല. ത്രിയേക ദൈവവുമായി ആഴമേറിയ വ്യക്തിബന്ധം പുലര്‍ത്തി സഹജീവികളെ സഹോദരീ സഹോദരന്മാരായി കാണാന്‍ കുഞ്ഞുങ്ങളെ പ്രാപ്തരാക്കുക, ഇതായിരിക്കണം മതബോധനത്തിന്‍റെ ആത്യന്തിക ലക്ഷ്യം. പ്രതിബന്ധങ്ങളെ അതിജീവിച്ച് തകരാതെ തളരാതെ മുന്നേറുവാന്‍ ഇസ്രായേല്‍ ജനത്തിനൊപ്പം നടന്നുനീങ്ങിയ ദൈവസാമിപ്യം പോലെ പകല്‍ മേഘമായും രാത്രി അഗ്നി സ്തംഭമായും യുവജനങ്ങളെയും പുതിയ തലമുറയെയും അനുധാവനം ചെയ്യുവാനും കൈപിടിച്ചു നടത്തുവാനും ഉത്ഥാനം ചെയ്ത യേശുനാഥന്‍ നമ്മോടൊപ്പം ഉണ്ടെന്ന അടിയുറച്ച വിശ്വാസവും ബോദ്ധ്യവും യുവജനങ്ങളില്‍ സംജാതമാക്കണം.

ഇതിനുള്ള നേതൃനിര, ആഴമേറിയ ദൈവാനുഭവവും ക്രിസ്തു പ്രേമവും കൈമുതലായുള്ള വൈദികരും, അല്മായ സഹോദരരും, സന്ന്യസ്തരും നമുക്കുണ്ടാവണം. വി. പൗലോസിന്‍റെ വാക്കുകളില്‍ "നേതൃനിരയിലേയ്ക്കു വരുന്നവര്‍ സത്യത്തിന്‍റെ വചനം ഉചിതമായി കൈകാര്യം ചെയ്തുകൊണ്ട് അഭിമാനിക്കുവാന്‍ ആവകാശമുള്ള വേലക്കാരായി ദൈവസന്നിധിയില്‍ അര്‍ഹതയോടെ പ്രത്യക്ഷപ്പെടാന്‍ ഉത്സാഹപൂര്‍വ്വം പരിശ്രമിക്കണം." 2 തിമോ 2:15. "വര്‍ത്തമാന ചരിത്രത്തില്‍ ഉത്ഥിതനായ ക്രിസ്തുവിന്‍റെ സാന്നിദ്ധ്യത്തിന്‍റെ ജീവിക്കുന്ന അടയാളമായി മാറുവാന്‍ വിശ്വാസം നമ്മെ പ്രതിബദ്ധരാക്കുന്നു." വിശ്വാസകവാടം, നവംബര്‍ 15, ബനഡിക്ട് പാപ്പ.
ദൈവത്തെ അറിയാതെ, അനുഭവിക്കാതെ എങ്ങനെ നമുക്ക് അവിടുത്തെ സാന്നിദ്ധ്യമായി അവതരിക്കാനാവും? സുവിശേഷബോധനത്തിന് തെരഞ്ഞെടുക്കപ്പെടുന്നവര്‍ ദൈവാനുഭവമുള്ളവരും അവിടുത്തെ സ്വഭാവവും, മനോഭാവവും, കരുണയും ജീവിതത്തിലുടനീളം കൈവരിക്കാന്‍ താല്പരരുമാവണം.

വി. അഗസ്റ്റീനോസിന്‍റെ മാനസാന്തരാനുഭവദാഹം "ദൈവമേ നീയെന്നെ നിനക്കായി സൃഷ്ടിച്ചു, നിന്നില്‍ എത്തിച്ചേരും വരെ എന്‍റെ ഹൃദയം സംതൃപ്തമാകുന്നില്ല." എന്നതായിരുന്നു ഈ അദമ്യമായ ദാഹം പുതുതലമുറയിലേയ്ക്കെത്തിക്കുവാന്‍ കഴിവുള്ള മതാദ്ധ്യാപകരെയാണിന്ന് നമുക്കാവശ്യം, അതിനവരെ സജ്ജരാക്കാനുള്ള കടമ സഭയ്ക്കുണ്ട്.

കണക്കും കമ്പ്യൂട്ടറും ലോക ചരിത്രവും പഠിപ്പിക്കുന്ന അദ്ധ്യാപകരെപ്പോലെയല്ല ദൈവത്തേയും ദൈവരാജ്യത്തേയും പകര്‍ന്നു കൊടുക്കാന്‍ തെരഞ്ഞെടുക്കപ്പെടുന്ന സുവിശേഷബോധകര്‍ പ്രവര്‍ത്തിക്കേണ്ടത്. യേശുവിന്‍റെ പ്രവാചകദൗത്യത്തില്‍ സജീവരാകേണ്ടവര്‍ ദൈവവുമായി, അവിടുത്തെ അഭിഷിക്തരുമായി സജീവ ബന്ധത്തിലായിരിക്കണം. പ്രവാചകന്‍ ദൈവനാമത്തില്‍ ജീവിച്ച് ദൈവഹിതം നിറവേറ്റുന്നവനാകണം. വാക്കിലും സംസാരത്തിലും പ്രവൃത്തിയിലും വിശ്വാസസംബന്ധമായ പഠനങ്ങളിലും, പ്രാര്‍ത്ഥനയിലും, സംവാദങ്ങളിലും പങ്കെടുത്ത് നിരന്തരം വിശുദ്ധീകരിക്കപ്പെടേണ്ടവര്‍. ഒപ്പം വിദ്യാര്‍ത്ഥികളും അവരുടെ കുടുംബങ്ങളുമായി സമ്പര്‍ക്കം പുലര്‍ത്തി അവര്‍ക്ക് ദൈവമക്കളും യേശുവിന്‍റെ സുഹൃത്തുക്കളും വിലമതിക്കപ്പെട്ടവരുമാണെന്ന ബോദ്ധ്യം പകരാനും പങ്കുവയ്ക്കാനും സഹായിക്കാന്‍ കഴിവുള്ള പുളിമാവായിത്തീരണം.

അവസാനമായി സുവിശേഷ ബോധനത്തിന് വിളിക്കപ്പെട്ട ഏവരും, പിതാക്കന്മാരും, വൈദികരും, സന്ന്യസ്തരും, അദ്ധ്യാപകരും, മാതാപിതാക്കളും, ദൈവജനമൊന്നാകെയും വി. പൗലോസ് അപ്പസ്തോലന്‍റെ വേദന ഹൃദയത്തില്‍ സംവഹിക്കുന്നവരാകണം. "എന്‍റെ കുഞ്ഞുങ്ങളെ, ക്രിസ്തു നിങ്ങളില്‍ രൂപപ്പെടുന്നതുവരെ വീണ്ടും ഞാന്‍ നിങ്ങള്‍ക്കുവേണ്ടി ഈറ്റു നോവനുഭവിക്കുന്നു" (ഗലാ. 4:19).

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org