ഔഷധ​ഗുണങ്ങൾ നിറഞ്ഞ വേലിച്ചീര

ഔഷധ​ഗുണങ്ങൾ നിറഞ്ഞ വേലിച്ചീര

വീടും തൊടിയും

ജോഷി മുഞ്ഞനാട്ട്

നമ്മുടെ നാട്ടില്‍ കയ്യാലപ്പുറത്തും വേലിക്കായും മറ്റും വച്ചുപിടിപ്പിക്കുന്ന ചീരയാണ് മധുരച്ചീര അഥവ 'ചെക്കൂര്‍ മാനീസ്' ചില ഭാഗങ്ങളില്‍ ഇതിനെ 'വേലിച്ചീര' എന്നും വിളിക്കുന്നു. നിരവധി ഔഷധ പോഷക ഗുണങ്ങളുടെ ഉറവിടം കൂടിയാണ് ഇവ. പലതരം വൈറ്റമിനുകള്‍ അടങ്ങിയിരിക്കുന്നതുകൊണ്ട് ഇവയെ 'മള്‍ട്ടി വൈറ്റമിന്‍ ഗ്രീന്‍' എന്നും വിളിക്കാറുണ്ട്.

ഇല വര്‍ഗ്ഗ പച്ചക്കറി വിളകളില്‍ ഒരു സ്ഥിരം വിളയാണ്. ചെക്കൂര്‍ മാനീസ്. യൂഫോര്‍ബിയേസിയേ സസ്യകുലത്തില്‍പ്പെട്ട ഈ ചെടിയുടെ സസ്യനാമം സന്‍റൊപ്പസ് ആന്‍ഡ്രൊഗൈനസ് എന്നാണ്.

കേരളത്തിന്‍റെ കാലാവസ്ഥയില്‍ കൃഷി ചെയ്യാന്‍ ഏറ്റവും പറ്റിയ ചീര ഇനമാണ്. ചെക്കൂര്‍ മാനീസ്. മറ്റ് ഇലവര്‍ഗവിളകളെക്കാള്‍ കൂടുതല്‍ പോഷകങ്ങള്‍ ഇതില്‍ അടങ്ങിയിട്ടുണ്ട്. ഇതില്‍ ജീവകം എ, ബി, സി എന്നിവ ധാരാളമായി ഉള്‍പ്പെടുന്നു. മാംസ്യം, ധാതുക്കള്‍ എന്നിവയുടെ ഒരു കലവറതന്നെയാണ്. ചെക്കൂര്‍ മാനീസ്. ഇതില്‍ 7.4%ത്തോളം മാംസ്യം അടങ്ങിയിട്ടുണ്ട്.

ഇതിന്‍റെ തളിരിലയും ഇളംതണ്ടുകളും സ്വാദിഷ്ടമായ സാലഡായും ഇലക്കറിയായും ഉപയോഗിക്കാം. വൈറ്റമിന്‍ ഡി, എഫ്, കെ എന്നിവയും ഈ ചീരയില്‍ അടങ്ങിയിരിക്കുന്നു.

നേത്രരോഗങ്ങള്‍ക്കും, ത്വക്ക് രോഗങ്ങള്‍ക്കും ഒരു പ്രതിവിധി കൂടിയാണ് ഇതിന്‍റെ തളിരിലകള്‍. ഇവ തോരനായി ഉപയോഗിക്കാം. ദഹനത്തിനും ഉദരസംബന്ധമായ പല രോഗങ്ങള്‍ക്കും ഇവ പ്രതിവിധിയാണ്.

നിവര്‍ന്ന് വളരുന്ന ഈ ചീര വേലിയായി വളര്‍ത്താന്‍ അത്യുത്തമമാണ്. തണലുള്ളിടത്തും വലിയ ശ്രദ്ധയൊന്നും കൂടാതെ ഇവ വളരും. ഇവയ്ക്കു പ്രത്യേകിച്ച് ഇനങ്ങള്‍ ഇല്ല. തണലില്‍ വളരുന്നവയുടെ ഇലകള്‍ വീതി കൂടിയതും തുറസ്സായ പ്രദേശത്ത് വളരുന്നവയുടെ ഇലകള്‍ വീതി കുറഞ്ഞും കാണുന്നു. തളിരിലകള്‍ നുള്ളിയെടുത്ത് ഭക്ഷ്യ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കാം. വിളഞ്ഞ ചെടിയുടെ കമ്പ് 20 സെ.മി. നീളത്തില്‍ മുറിച്ചെടുത്ത് നടാന്‍ ഉപയോഗിക്കാം. ഉണങ്ങിപൊടിഞ്ഞ കാലിവളമിട്ടു തയ്യാറാക്കിയ ചാലുകളില്‍ 15-20 സെ.മീ. അകലത്തില്‍ ഇവ നടാവുന്നതാണ്.

നട്ട് നാലു മാസത്തിനു ശേഷം വിളവെടുക്കാം. ഇലകളും ഇളംതണ്ടുകളും കറിക്കും, സൂപ്പിനുമായി ഉപയോഗിക്കാം. ഉയരത്തില്‍ വളരുന്ന ചെടിയായതിനാല്‍ വിളവെടുപ്പിന് സൗകര്യത്തിനായി ഇടയ്ക്കിടെ മണ്ടനുള്ളി ഉയരം നിയന്ത്രിച്ച് നിറുത്താം. മുകള്‍ഭാഗം നുള്ളിക്കൊടുക്കുന്നത് കൂടുതല്‍ പാര്‍ശ്വശാഖകള്‍ വളരുവാന്‍ സഹായിക്കും. ഓരോ പ്രാവശ്യത്തെയും വിളവെടുപ്പിനു ശേഷം വളം ചേര്‍ത്തു കൊടുക്കുന്നതും നല്ലതാണ്. രണ്ടാഴ്ചയില്‍ ഒരിക്കല്‍ ചാണകവെള്ളം കലക്കി ഒഴിച്ചുകൊടുക്കുന്നത് വളരെ നല്ലതാണ്. ഇത് ചെടികള്‍ നന്നായി വളരാനും തളിരിലകള്‍ കൂടുതലായി ഉണ്ടാകുവാനും ഉപകരിക്കും.

വേനല്‍ക്കാലങ്ങളില്‍ നനച്ചു കൊടുക്കുന്നതും – പുതയിടല്‍ നടത്തുന്നതും നല്ലതാണ്. ഇവയ്ക്ക് വലുതായി രോഗ കീടബാധകള്‍ ഒന്നും തന്നെ ഉണ്ടായിക്കാണാറില്ല. വീട്ടുവളപ്പിലെ കൃഷിയിടങ്ങളില്‍ വേലി ചീരയ്ക്കു കൂടി സ്ഥാനം നല്കേണ്ട സമയം കഴിഞ്ഞിരിക്കുന്നു. ഇവയ്ക്കു കൂടി സ്ഥാനം നല്കുവാന്‍ ഓരോ കര്‍ഷകമിത്രങ്ങളും ശ്രമിക്കേണ്ടതുണ്ട്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org