|^| Home -> Suppliments -> CATplus -> വെളിപാടു സാഹിത്യം

വെളിപാടു സാഹിത്യം

Sathyadeepam

ബി.സി. രണ്ടാം നൂറ്റാണ്ടിന്‍റെ ആരംഭത്തോടെ യഹൂദമതത്തില്‍ വ്യാപകമായിത്തീര്‍ന്ന ഒരു സാഹിത്യരൂപമാണ് ‘വെളിപാടു സാഹിത്യം.’ പുതിയനിയമത്തിലെ അവസാന പുസ്തകമായ “വെളിപാടി”ല്‍ നിന്നാണ് ഈ വിഭാഗത്തില്‍പ്പെടുന്ന കൃതികള്‍ക്ക് ഈ പേരു ലഭിച്ചത് (ഗ്രീക്കില്‍ അപ്പോകാല്യു പ്സിസ് = വെളിപാട്; ഇംഗ്ലീഷില്‍ അപ്പോകലിപ്റ്റിക്. ഈ പദം നാമവും നാമവി ശേഷണവുമായി ഇംഗ്ലീഷില്‍ ഉപയോഗിക്കപ്പെടുന്നു). പ്രവചന സാഹിത്യവുമായി ബന്ധപ്പെട്ട ഒരു സാഹിത്യരൂപമാണ് വെളിപാടു സാഹിത്യം. പ്രവചനത്തെക്കാള്‍ ശക്തമാണ് വെളിപാടിന്‍റെ ശൈലി. രചയിതാവിന് മനുഷ്യേതരമായ വിധത്തില്‍ (ദൈവത്തില്‍ നിന്നോ മാലാഖമാരില്‍നിന്നോ) ലഭിക്കുന്ന വെളിപ്പെടുത്തലുകളായിട്ടാണ് ഈ കൃതികളില്‍ യുഗാന്ത്യ സംഭവങ്ങള്‍ അവതരിപ്പിക്കുക. അവ ശ്രവണം, ദര്‍ശനം, സ്വപ്നം മുതലായ മാദ്ധ്യമങ്ങളിലൂടെയാണ് രചയിതാവിന് സംവേദനം ചെയ്യപ്പെട്ടിരിക്കുന്നത്. ഒരു പ്രത്യേക സംഭവമല്ല, ഒരു കാലഘട്ടത്തിന്‍റെ തന്നെ (ലോകത്തിന്‍റെ, ചരിത്ര ത്തിന്‍റെ) പരിസമാപ്തിയാണ് വെളിപാടില്‍ അവതരി പ്പിക്കുക. ഈ കാലഘട്ടത്തെ ‘യുഗം’ എന്നാണ് വിശേഷിപ്പിക്കുന്നത്. യുഗാന്ത്യ സംഭവങ്ങളുടെ മുന്നോടിയാണ് ഇപ്പോഴുള്ള ക്ലേശങ്ങളും ഞെരുക്കങ്ങളും. വെളിപാടു സാഹിത്യകൃതികള്‍ അവതരിപ്പിക്കുന്ന അനുഭവപരമ്പരകള്‍ നിരവധിയാണ്. അസ്വസ്ഥതകള്‍, ബാധകള്‍, യുദ്ധങ്ങള്‍, പ്രകൃതിദുരന്തങ്ങള്‍, അഗ്നിബാധ, പ്രളയം, വരള്‍ച്ച, പഞ്ഞം, പകര്‍ച്ചവ്യാധികള്‍, ഭൂമികുലുക്കം, സൂര്യതമസ്ക്കരണം മുതലായവ. വെളിപാടുപുസ്തകത്തില്‍ ഇവ സമാധാനപൂര്‍ണ്ണമായ പുതിയ യുഗത്തിന്‍റെ നാന്ദിയാണ്. ആ പ്രത്യാശ വിസ്മരിച്ചുകൊണ്ടാണ് വെളിപാടുസാഹിത്യത്തെ ഭയാനകമായി മാത്രം ചിത്രീകരിക്കുന്നത്.

പഴയനിയമ വെളിപാടു സാഹിത്യ കൃതികള്‍
പഴയ നിയമത്തിലുള്ള വെളിപാടു സാഹിത്യകൃതികളാണ് ദാനിയേല്‍, എസെക്കിയേലിന്‍റെ ദേവാലയദര്‍ശനം (എസ. 40-48), സഖറിയായുടെ രക്ഷാവാഗ്ദാനങ്ങള്‍ (സഖ. 9-14), ഏശയ്യയുടെ വെളിപാടു പ്രസ്താവനകള്‍ (ഏശ 24-27; 65-66) എന്നിവ. ബി. സി. രണ്ടാം നൂറ്റാണ്ടുമുതല്‍ ഉണ്ടായിട്ടുള്ള യഹൂദ വെളിപാടുകൃതികളാണ് 1,2 ഏനൊക്ക്; 2,3 ബാറൂക്ക്; 4 എസ്റാ, അബ്രാഹമിന്‍റെ വെളിപാട്, ചില ഖുംറാന്‍ കൃതികള്‍ എന്നിവ – ഈശോമിശിഹായുടെ സാന്നിദ്ധ്യമാണ് വെളിപാടിനെ ഒരു ക്രൈസ്തവ ഗ്രന്ഥമാ ക്കുന്നത്.

വെളിപാടു സാഹിത്യം പുതിയ നിയമത്തില്‍ : യോഹന്നാനു ലഭിച്ച വെളിപാട്
യോഹന്നാന്‍റെ പേരില്‍ പുതിയനിയമത്തിലുള്ള അഞ്ചു കൃതികളില്‍ ഈ പുസ്തകം മാത്രമാണ് രചയിതാവിന്‍റെ പേരിലുള്ളത് (1,1.4.8; 22,8). വെളിപാടു സാഹിത്യരൂപത്തില്‍ പുതിയനിയമത്തിലുള്ള ഏകകൃതിയും ഇതുതന്നെ. ഒരു കത്തിന്‍റെ രൂപമുണ്ട് ഈ കൃതിക്ക്. മാത്രമല്ല ഏഴു സഭകള്‍ക്കുള്ള കത്തുകളും ഇതിലുണ്ട്. സമൂഹത്തില്‍ വായിക്കാന്‍ ഉദ്ദേശിച്ചാണ് ഇതെഴുതപ്പെട്ടത് (1,3).

രചയിതാവ്: ദൈവം ഈശോമിശിഹായ്ക്കു നല്‍കിയ വെളിപാടാണ് (1,1മ; കാ. 22,16) പുസ്തകത്തിന്‍റെ ഉള്ളടക്കമെന്ന് രചയിതാവ് പറയുന്നു. ഈ വെളിപാട് ഈശോമിശിഹായില്‍ നിന്നു സ്വീകരിച്ചത് “ദാസനായ യോഹന്നാന്‍” ആണ് (1,2). ഏഷ്യയിലുള്ള സഭകള്‍ക്കായി ഇതെഴുതുന്ന യോഹന്നാന്‍ (1,4) അവരുടെ “സഹോദരനും സഹനങ്ങളില്‍ സഹചാരി”യുമാണ്. തന്‍റെ വിവരണങ്ങള്‍ പ്രവചനമായിട്ടാണ് യോഹന്നാന്‍ മനസ്സിലാക്കുന്നത് (1.3; 19,10; 22,7.10.18.19). അദ്ദേഹം ആദിമസഭയിലെ പല പ്രവാചകരില്‍ ഒരാളായിരുന്നു (22,6; കാ. 10,11). അദ്ദേഹത്തിന്‍റെ ജന്മദേശം സിറിയ അല്ലെങ്കില്‍ പാലസ്തീന ആണ്.

രചനാസ്ഥലവും കാലവും: വെളിപാടിലെ വിവരണമനുസരിച്ച് യോഹന്നാനു ദര്‍ശനങ്ങള്‍ ലഭിക്കുന്നത് ഏജിയന്‍ കടലിലുള്ള പാത്മോസ് ദ്വീപില്‍ വച്ചാണ്. ഏഷ്യാ മൈനറില്‍നിന്നും അക്കാലത്ത് ഒരു ദിവസം കപ്പലില്‍ യാത്ര ചെയ്താല്‍ എത്തിച്ചേരാവുന്ന ദൂരത്തിലാണത്. ഒരുപക്ഷേ രാജാരാധനയെ എതിര്‍ത്തതുകൊണ്ട് അദ്ദേഹം അങ്ങോട്ടു നാടുകടത്തപ്പെട്ടതാകാം. ദര്‍ശനങ്ങള്‍ ഉണ്ടായത് ഭൂതകാലത്തിലാണെന്ന ധാരണയാണ് 1, 9 തരുന്നത്. പാത്മോസില്‍ വച്ചുതന്നെയാണോ രചന നടന്നത് എന്ന കാര്യം വ്യക്തമല്ല.

ഡൊമീഷ്യന്‍ ചക്രവര്‍ത്തിയുടെ ഭരണ കാലത്തു നടന്ന മതമര്‍ദ്ദനവും രാജാരാധനയുമാണ് വെളിപാടിന്‍റെ രചനാപശ്ചാത്തലമെന്ന് ഇന്ന് പൊതുവേ അംഗീകരിക്കപ്പെട്ടിട്ടുണ്ട്. തന്നെ “കര്‍ത്താവും ദൈവവും” എന്ന് അഭിസംബോധന ചെയ്യാന്‍ ഡൊമീഷ്യന്‍ കല്പിച്ചിരുന്നു. ഏഷ്യാ മൈനറിലെ സഭകളുടെ വിശ്വാസമന്ദതയും അവര്‍ നേരിട്ട അബദ്ധ പ്രബോധകരുടെ ഭീഷണിയും ഈ കാലഘട്ടത്തിന്‍റെ പ്രത്യേകതകളാണ്. 90-95 വര്‍ഷങ്ങളില്‍ ഈ കൃതി രചിക്കപ്പെട്ടു കാണണം.

Leave a Comment

*
*