വേണ്ടത് ഭര്‍ത്താവിനെ, ‘പാമ്പി’നെയല്ല

വേണ്ടത് ഭര്‍ത്താവിനെ, ‘പാമ്പി’നെയല്ല

അഡ്വ. ചാര്‍ളി പോള്‍

ഭര്‍ത്താവിന്‍റെ അമിത മദ്യപാനം സഹിക്കവയ്യാതെ വിവാഹബന്ധം വേര്‍പെടുത്തുന്ന ഭാര്യമാര്‍ നിരവധിയാണ്. ഭര്‍ത്താവ് മുഴുക്കുടിയനാണെന്ന് തിരിച്ചറിയാന്‍ വൈകുന്നതാണ് പലപ്പോഴും വിനയാകുന്നത്. എന്നാല്‍ കതിര്‍മണ്ഡപത്തില്‍ വച്ചുതന്നെ പ്രതിശ്രുതവരന്‍റെ തനിനിറം ബോ ധ്യമായാലോ… ഷാജഹാന്‍പൂര്‍ നഗരത്തിലാണ് സിനിമയെ വെല്ലുന്ന സംഭവം അരങ്ങേറിയത്. പ്രിയങ്ക ത്രിപാഠി എന്ന ഇരുപത്തി മൂന്നുകാരിയാണ് വരന്‍ വിവാഹവേദിയില്‍ മദ്യപിച്ച് നാഗനൃത്തം ചവിട്ടിയതിന്‍റെ പേരില്‍ ബന്ധം ഉപേക്ഷിച്ചത്. ആചാരപ്രകാരം വധുവിന്‍റെ കുടുംബാംഗങ്ങളെ ആനയിച്ച ശേഷം വരനായ അനുഭവ് മിശ്ര നൃത്തം തുടങ്ങുകയായിരുന്നു. ഡി.ജെ. പാര്‍ട്ടിക്കിടെ മുഴങ്ങിയ നാഗഗാനം കേട്ടതോടെയാണ് വരന്‍ സര്‍വതും മറന്ന് നൃത്തം ചെയ്തത്. കൂട്ടിനു വരന്‍റെ സുഹൃത്തുക്കള്‍ കൂടിയെത്തിയതോടെ വിവാഹവേദി നൃത്തവേദിയായി മാറി. പയ്യന്‍റെ പ്രകടനം കണ്ട് മനംമടുത്ത വധുവാകട്ടെ ഉടന്‍തന്നെ സ്ഥലം വിടുകയും ചെയ്തു. ബന്ധുക്കള്‍ ചേര്‍ന്ന് അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഈ മുഴുക്കുടിയനെ വേണ്ടെന്നായിരുന്നു വധുവിന്‍റെ പ്രതികരണം.

ഒരു മദ്യപനുമായുള്ള വിവാഹജീവിതം ഒരിക്കലും സന്തോഷ പ്രദമായിരിക്കുകയില്ലെന്നാണ് പ്രസിദ്ധ മനോരോഗ ചികിത്സകനായ റൂത്ത് ഫോക്സ് അഭിപ്രായപ്പെടുന്നത്. പ്രതിദിനം നടക്കുന്ന വിവാഹമോചനകേസുകള്‍ പരിശോധിച്ചാല്‍ പ്രധാനവില്ലന്‍ മദ്യമാണെന്നു കാണാം. ഡോ. വില്യം എച്ച് മാസ്റ്റേഴ്സ്, ഡോ. വെര്‍ജീനിയ ഇ ജോണ്‍സണ്‍ എന്നീ ശാസ്ത്രജ്ഞന്മാര്‍ ലൈംഗിക ശാസ്ത്രത്തെക്കുറിച്ച് നടത്തിയ ഗവേഷണ ഫലമായി മദ്യപരായ പുരുഷന്മാരില്‍ ബഹുഭൂരിപക്ഷവും ആപേക്ഷിക ഷണ്ഡത്വം (secondary impotency) ഉള്ളവരാണെന്ന് കണ്ടെത്തി. സംതൃപ്തമായ ദാമ്പത്യജവിതം നയിക്കാന്‍ ഇക്കൂട്ടര്‍ക്ക് സാധിക്കുകയില്ല. ലൈംഗികമായ സംതൃപ്തി ദാമ്പത്യജീവിതത്തില്‍ പ്രധാനമാണ്. മദ്യം ആദ്യകാലങ്ങളില്‍ ചെറിയതോതില്‍ ലൈംഗിക ഉത്തേജനം ഉണ്ടാക്കുമെങ്കിലും പിന്നീട് ശാരീരികബന്ധത്തിന് സാധിക്കാതെ വരും. ഇത് ദാമ്പത്യ ജീവിതത്തില്‍ വിള്ളലുകള്‍ വീഴ്ത്തും. ദാമ്പത്യജീവിതത്തിലെ പ്രധാന വില്ലന്‍ സംശയരോഗമാണ്. ശാരീരികബന്ധത്തിന് സാധിക്കാതെ വരുമ്പോള്‍ ഭാര്യ വേലിചാടുന്നുവെന്ന് സംശയിച്ച് ശാരീരിക പീഡനം വരെ ഉണ്ടാകാം.

2012 മേയ് 19-ന് കൊച്ചിയില്‍ നടന്ന ലൈംഗിക ശാസ്ത്ര വിദഗ്ധരുടെ സമ്മേളനം "സെക്സ് മെഡ് 2012" നാല്‍പതു ശതമാനം വിവാഹബന്ധങ്ങളുടെയും തകര്‍ച്ചയ്ക്ക് കാരണമാകുന്നത് ലൈംഗികപ്രശ്നങ്ങളാണെന്ന് അഭിപ്രായപ്പെട്ടു. യൂറോളജി, ഗൈനക്കോളജി, ക്ലിനിക്കല്‍ സൈക്കോളജി, സൈക്യാട്രി, സര്‍ജറി, റേഡിയോളജി, ജനറല്‍ മെഡിസിന്‍ എന്നീ വിഭാഗങ്ങളില്‍പ്പെട്ട 200 ഡോക്ടര്‍മാരാണ് സമ്മേളനത്തില്‍ പങ്കെടുത്തത്. മദ്യപാനം, പുകവലി, കൊഴുപ്പ് കൂടിയ ഭക്ഷണം എന്നിവ യുവതലമുറയുടെ ലൈംഗികാരോഗ്യത്തെ സാരമായി ബാധിക്കുമെന്ന് സമ്മേളനം വിലയിരുത്തി. ലൈംഗികപ്രശ്നങ്ങള്‍ മാത്രമല്ല മറ്റ് നിരവധി പ്രശ്നങ്ങള്‍ മദ്യപനെ വിവാഹം കഴിക്കുന്നതു വഴി സംഭവിക്കാം. മദ്യപന്‍റെ സ്വഭാവത്തിലും പെരുമാറ്റത്തിലും സംഭവിക്കുന്ന ക്രമരാഹിത്യം, വാഗ്ദാനങ്ങളുടെ തുടര്‍ച്ചയായ ലംഘനം, ഉത്തരവാദിത്വങ്ങളിലെ അലസതയും അലം ഭാവവും സമയനിഷ്ഠ പാലിക്കുന്നതിലെ നിരന്തര പരാജയം ഇതെല്ലാം ഭാര്യയെ ബാധിക്കും. നിരന്തര സംഘര്‍ഷങ്ങള്‍ ഭാര്യയെ രോഗിയാക്കി മാറ്റും. സഹനത്തിന്‍റെ ഏറ്റവും വലിയ പ്രതീകം മദ്യപന്‍റെ ഭാര്യയായിരിക്കും. കവി ബാലചന്ദ്രന്‍ ചുള്ളിക്കാട് സ്വാനുഭവത്തില്‍ നിന്ന് വിവരിക്കുന്നതു പോലെ ധനനഷ്ടം, മാനനഷ്ടം, ആരോഗ്യനഷ്ടം, സമയനഷ്ടം എന്നിങ്ങനെ നാല് നഷ്ടങ്ങള്‍ മദ്യപന്‍റെ കൂടപ്പിറപ്പായിരിക്കും. 'പാമ്പി' നെ ഒഴിവാക്കുന്നതാണ് ബുദ്ധി.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org