വെറോനിക്കാ

വെറോനിക്കാ

ആഞ്ജെലാ ലോപസ്

ഓന്നാമത്തെ വീഴ്ച്ചയിലാണ്
മിഴികള്‍ തമ്മിലിടഞ്ഞത്.

മുതുകില്‍ മിന്നല്‍പ്പിണറായി
ചാട്ടവാറടികള്‍.
വലിയ കുരിശനടിയിലേക്ക്
ഞെരിഞ്ഞമര്‍ന്ന ഇടങ്കെയ്യിലൂടെ
ഉടലാകെ ചെങ്കടലായലറുന്ന വേദന.

നിനക്കായോങ്ങിയ ചാട്ടവാറുകള്‍ പതിച്ചെന്‍റെ
ചങ്ക് കലങ്ങി.

അപ്പോള്‍ .. അപ്പോഴാണ്
തീര്‍ത്തും നിനയ്ക്കാത്ത നേരത്ത്,
അതുവരെ നിനക്കജ്ഞാതമെന്നു ഞാന്‍ നിനച്ച
പ്രണയത്തിരികളെരിയുന്ന മിഴികളാല്‍
നീയെന്‍ ഹൃദയം തൊട്ടത്.

ഈ നിമിഷത്തിനായി
എവിടെയെല്ലാം, എത്രനാള്‍
നിന്നെ ഞാന്‍ പിന്തുടര്‍ന്നു.

സീയോന്‍ താഴ് വരകളില്‍
അത്തിപ്പഴത്തോട്ടങ്ങളില്‍
നിന്‍റെ വാഗ് വിലാസങ്ങളാല്‍ മുഖരിതമായ
സിനഗോഗുകളുടെ ഇടനാഴികളില്‍.

പുരുഷാരങ്ങളില്‍ എന്നും ഞാന്‍ നിനക്കന്യയായി.
സകലര്‍ക്കും അലിവ് ചൊരിഞ്ഞ,
ഒരിക്കലുമെന്നിലേക്ക് നീളാത്ത നിന്‍റെ മിഴികള്‍,
എനിക്ക് പകരാത്ത മൃദുഹാസങ്ങള്‍.

ആത്മനിന്ദയാല്‍ ഞാനെരിഞ്ഞു.

നിന്‍ സൗഹൃദത്തണലിലിളവേറ്റ്
മഗ്ദലനയും മാര്‍ത്തയും മറിയയും.
കാരണമില്ലാതെ ഞാനവരെ ശത്രുവെന്നെണ്ണി.
സ്വപ്നകലഹങ്ങളില്‍ നിരന്തരം തോല്വിയായി.

ഓര്‍ക്കുന്നില്ലേ,
നിനക്കായി ഓശാനപാടി രാജവീഥിയൊരുക്കിയ സുദിനം.
അന്നു നിന്‍ പാതയിലെ
ഏറ്റം പുതിയ ഉത്തരീയം ഏന്‍റേതായിരുന്നു..
എങ്കിലുമത് നിന്‍ പാദസ്പര്‍ശ്ശനം അറിഞ്ഞില്ല.
ഉയര്‍ത്തിയ തളിരിലപ്പച്ചയില്‍
ഏറ്റംമനോഹരമായ ഒലിവ് ചില്ലയും എന്‍റേതായിരുന്നു .

കയ്യപ്പായുടെ അങ്കണത്തിലും
പീലത്തോസിന്‍റെ അനീതിയുടെ അരമനമുറ്റത്തും
എന്‍ പാദം നിന്നെ അനുഗമിച്ചു.

ഓര്‍ശലേമില്‍ നിനക്കായി കരഞ്ഞവരുടെ കണ്ണീര്‍,
സ്വയംമറന്നു നീ അലിവിയലും
വാക്കുകളാല്‍ ഒപ്പുമ്പോഴും
ഒരു നോക്കിനായികാത്തു
നിന്‍റെ കാലടിപ്പാടുകളില്‍ ഞാനുണ്ടായിരുന്നു.

ഗാഗുല്‍ത്തായുടെ വഴികളില്‍
ചോരചിന്തി കിതച്ചു നീ നീങ്ങുമ്പോള്‍
മനസ്സുകൊണ്ടു നിന്‍ കുരിശു താങ്ങി,

ഒന്നും നീയറിഞ്ഞില്ല
അല്ല … അങ്ങനെ നിനച്ചു ഞാനെന്‍റെ,
പ്രണയത്തിന്
കുരിശുവഴികളില്‍ സ്വയം
പീഡിതയായി.

ഇന്നു ഞാനറിയുന്നു .
നീയെന്നെ കാണുന്നുണ്ടായിരുന്നു.
എന്മനം അറിയുന്നുണ്ടായിരുന്നു.

നിന്നെയെന്‍ ഹൃദയത്തിലൊപ്പിയതിന്
നിഴലല്ലേയീ തൂവാല കവര്‍ന്നു..

ബലിപൂര്‍ത്തിയായതിവിടെയാണ്നാഥ,
നിന്നോടുള്ളയെന്‍ പ്രണയമെരിഞ്ഞുരുകിയ
ഈ ഹൃദയ ബലിപീഠത്തില്‍..

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org