ഇന്ത്യ: ഉന്നതവിദ്യാഭ്യാസത്തിന്‍റെ നിലവാരമുയരണം, വിദ്യാകേന്ദ്രമാകണം

ഇന്ത്യ: ഉന്നതവിദ്യാഭ്യാസത്തിന്‍റെ നിലവാരമുയരണം, വിദ്യാകേന്ദ്രമാകണം

ഡോ. ശശി തരൂര്‍ എം.പി.

1960-കള്‍ മുതല്‍ ലോകത്തിലേറ്റവുമധികം എന്‍ജിനീയര്‍മാരേയും ശാസ്ത്രജ്ഞരേയും സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന രാജ്യമാണു ഭാരതം. എല്ലാവര്‍ക്കും വേണ്ട അവസരങ്ങള്‍ ഇവിടെയില്ലാത്തതുകൊണ്ട് ധാരാളം പേര്‍ വിദേശരാജ്യങ്ങളില്‍ ജോലി തേടി പോകുകയും ചെയ്യുന്നു. അമേരിക്കയിലും മറ്റും അവര്‍ കമ്പനികള്‍ സ്ഥാപിക്കുകയും അമേരിക്കയ്ക്ക് രണ്ടു നോബല്‍ സമ്മാനങ്ങള്‍ നേടിക്കൊടുക്കുകയും ചെയ്തിട്ടുണ്ട്. ഇന്ത്യയിലെ ഐഐടികളുടെ ലോകോത്തരനിലവാരം ഈ വിജയങ്ങളിലൂടെ എല്ലാവരും അംഗീകരിക്കുകയും ചെയ്തിട്ടുണ്ട്.

എന്നാല്‍ ഇവരുടെ വിജയത്തിന്‍റെ മറുവശത്ത് വൈരുദ്ധ്യാത്മകമായ മറ്റൊരു യാഥാര്‍ത്ഥ്യമുണ്ട്. ഇന്ത്യയിലെ കോളേജുകളില്‍ നിന്നിറങ്ങുന്ന ബഹുഭൂരിപക്ഷം ബിരുദധാരികളും നേടിയിരിക്കുന്ന പരിശീലനം, വിവിധ വ്യവസായസ്ഥാപനങ്ങള്‍ക്ക് ജോലി ചെയ്യാന്‍ പര്യാപ്തമായതല്ല എന്നതാണത്. തങ്ങള്‍ ജോലിക്കെടുക്കുന്നവര്‍ക്ക് ആവശ്യമായ വൈദഗ്ദ്ധ്യമില്ലെന്നു കാണുകയും ടാറ്റയും ഇന്‍ഫോസിസുമൊക്കെ ഏതാണ്ട് ഒരു വര്‍ഷത്തോളം ഇവര്‍ക്കു വിദ്യാഭ്യാസം നല്‍കുകയുമാണു ചെയ്യുന്നത്. മൈസൂരിലെ ഇന്‍ഫോസിസ് ക്യാംപസില്‍ പോയി നോക്കുക. ഒരു അമേരിക്കന്‍ യൂണിവേഴ്സിറ്റി ക്യാംപസ് പോലെ തോന്നിക്കുമത്. തങ്ങള്‍ ജോലിക്കെടുക്കുന്ന ബിരുദധാരികള്‍ക്ക് കൂടുതല്‍ പരിശീലനം നല്‍കുകയാണ് ഈ ക്യാംപസുകളില്‍ അവര്‍ ചെയ്യുന്നത്. ഇന്ത്യയിലെ യഥാര്‍ത്ഥ ക്യാംപസുകള്‍ പരാജയപ്പെട്ടതുകൊണ്ടാണ് കമ്പനികളുടെ ക്യാംപസുകള്‍ക്ക് ഇതു ചെയ്യേണ്ടി വരുന്നത്. നമ്മുടെ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ രൂപപ്പെടുത്തുന്നത് ആവശ്യമായ യോഗ്യതകളുള്ള ബിരുദധാരികളെയാണോ എന്നു നാം ചിന്തിക്കേണ്ടിയിരിക്കുന്നു. കമ്പനികളുടെ ആവശ്യമെന്നല്ല, ഇന്ത്യയുടെ വളര്‍ച്ചയുടെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ അവര്‍ പര്യാപ്തരാണോ എന്ന ചോദ്യം ഉന്നയിക്കേണ്ടിയിരിക്കുന്നു.

ലോകത്തിലെ തന്നെ ഏറ്റവും വലിയ ഉന്നതവിദ്യാഭ്യാസസംവിധാനമുള്ള രാജ്യമാണ് ഇന്ത്യ. വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനത്തു നില്‍ക്കുന്നു. നെഹ്രുവിന്‍റെ കാലത്തു തുടങ്ങിയ പ്രവര്‍ത്തനങ്ങളുടെ ഫലമായി ലോകത്തിലെ ഏറ്റവും വലിയ വിദ്യാഭ്യാസഘടന ഇന്ത്യയില്‍ നിലവില്‍ വന്നു. 1947-ല്‍ നമ്മുടെ സാക്ഷരതാ നിരക്ക് 17% ആയിരുന്നു, ഏതാണ്ട് 30 യൂണിവേഴ്സിറ്റികളും 750 കോളേജുകളും 4 ലക്ഷം വിദ്യാര്‍ത്ഥികളും മാത്രമാണ് അന്നുണ്ടായിരുന്നത്. ഇന്ന് നമുക്ക് 74%-നു മുകളില്‍ സാക്ഷരതയുണ്ട്, 2.8 കോടി വിദ്യാര്‍ത്ഥികള്‍ 750 യൂണിവേഴ്സിറ്റികളിലെ 42,000 കോളേജുകളിലായി പഠിക്കുന്നു. ഈ സംഖ്യകള്‍ അനുദിനം ഉയരുകയും ചെയ്യുന്നു.

ഇന്ത്യന്‍ വിദ്യാഭ്യാസസമ്പ്രദായത്തിലെ രണ്ട് 'ഇ' കളായ എക്സ്പാന്‍ഷന്‍, ഇക്വിറ്റി എന്നിവയില്‍ സ്വാതന്ത്ര്യകാലം മുതല്‍ നേടിയ വിജയമായിരുന്നു ഇതിനു കാരണം. ജാതിയുടെയും മതത്തിന്‍റെയും പ്രദേശത്തിന്‍റെയും ലിംഗത്തിന്‍റെയും അടിസ്ഥാനത്തിലുള്ള വിവേചനം മൂലം വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടിരുന്നവര്‍ക്ക് അതു ലഭിക്കാന്‍ തുടങ്ങി. അതാണ് ഇക്വിറ്റി എന്നതുകൊണ്ടുദ്ദേശിച്ചത്. ഈ പ്രക്രിയയില്‍ മൂന്നാമത്തെ 'ഇ' ആയ എക്സലന്‍സ് നാം അവഗണിച്ചു. അതിന്‍റെ ഫലമായി നാലാമത്തെ 'ഇ' ആയ എംപ്ലോയബിലിറ്റിയിലും നമുക്കു വീഴ്ച സംഭവിച്ചു.

എക്സ്പാന്‍ഷന്‍
നമ്മുടെ ജനസംഖ്യയെ പ്രയോജനപ്പെടുത്തുന്നതിനു ഉന്നതവിദ്യാഭ്യാസരംഗത്ത് നാം വിപുലീകരണം നടത്തി. ലോകത്തിലെ ഏറ്റവുമധികം യുവജനങ്ങളുള്ള രാജ്യമെന്ന സ്ഥിതി ഒരു ശാപത്തിനു പകരം അനുഗ്രഹമാകുന്നതിന് ഇതാവശ്യമാണ്. വിദ്യാഭ്യാസ അവകാശ നിയമം മുന്‍ യുപിഎ ഗവണ്‍മെന്‍റ് പാസ്സാക്കിയതിനു ശേഷം പ്രൈമറി സ്കൂളുകളില്‍ ചേരുന്ന കുട്ടികളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്. എന്നാല്‍ ഇവരെ ഉന്നതവിദ്യാകേന്ദ്രങ്ങളിലേയ്ക്ക് എത്തിക്കുക എന്നതില്‍ വെല്ലുവിളികള്‍ അവശേഷിക്കുന്നു. പ്രൈമറി ക്ലാസുകളില്‍ ചേരുന്ന കുട്ടികളുടെ അനുപാതം ഇപ്പോള്‍ 104% ആണ്. പ്രൈമറിയില്‍ ചേരുന്നതിനുള്ള പ്രായവിഭാഗത്തിലെ കുട്ടികളുടെ എണ്ണവും ചേരുന്ന കുട്ടികളുടെ എണ്ണവും നോക്കിയിട്ടാണ് ഇതു കണക്കാക്കുന്നത്. പ്രൈമറിയില്‍ ചേരുന്നതിനുള്ള പ്രായത്തില്‍ ചേരാതിരിക്കുകയും ഇപ്പോള്‍ ചേരുകയും ചെയ്ത കുട്ടികള്‍ ഉള്ളതുകൊണ്ടാണ് അനുപാതത്തിന്‍റെ ശതമാനം 100 കടന്നത്. എന്നാല്‍ എട്ടാം ക്ലാസിലെത്തുമ്പോള്‍ ഇത് 69% ആയും പ്ലസ് വണ്‍ ആകുമ്പോള്‍ 39% ആയും കുറയുന്നു. പ്രൈമറി സ്കൂളുകളില്‍ ചേരുന്ന കുട്ടികളെയെല്ലാം ഉയര്‍ന്ന ക്ലാസുകളിലേയ്ക്ക് എത്തിക്കാന്‍ നമുക്കു സാധിക്കുന്നില്ല എന്ന വസ്തുത അവശേഷിക്കുന്നു.

ഇക്വിറ്റി
സമൂഹത്തിലെ ചില വിഭാഗങ്ങളുടെ ആവശ്യങ്ങള്‍ ഇപ്പോഴും നമ്മുടെ ഉന്നതവിദ്യാഭ്യാസ സംവിധാനം അവഗണിക്കുന്നു. ഗണ്യമായ പുരോഗതി ഈ രംഗത്തുണ്ടായിട്ടുണ്ട്. പെണ്‍കുട്ടികളെ വിദ്യാഭ്യാസമുള്ളവരാക്കുക എന്നത് സമൂഹപരിവര്‍ത്തനത്തിന് അത്യാവശ്യമാണ്. ഒരു മെച്ചപ്പെട്ട ഇന്ത്യയെ സൃഷ്ടിക്കുന്നതിന് എനിക്കുള്ള ദ്വിപദ മന്ത്രമിതാണ് – പെണ്‍കുട്ടികളെ പഠിപ്പിക്കുക.

എക്സലന്‍സ്, എംപ്ലോയബിലിറ്റി
തൊഴിലുടമകളുടെ പല സംഘടനകള്‍ ഇന്ത്യയില്‍ തൊഴിലിനായി ലഭ്യരായിരിക്കുന്നവരുടെ ഗുണമേന്മയില്‍ നിരാശ രേഖപ്പെടുത്തിയിട്ടുണ്ട്. തൊഴിലുടമകളില്‍ 62% വും റിക്രൂട്ട്മെന്‍റിന് ലഭ്യരായിട്ടുള്ളവരുടെ ഗുണമേന്മയില്‍ അസംതൃപ്തി പ്രകടിപ്പിച്ച സാഹചര്യം ഞാന്‍ മന്ത്രിയായിരുന്നപ്പോള്‍ ഉണ്ടായിരുന്നു. അധികപരിശീലനം സ്വന്തം നിലയില്‍ നല്‍കാതെ നമ്മുടെ കോളേജുകളില്‍ നിന്നുള്ളവരെ നേരെ ജോലിക്കു വയ്ക്കാന്‍ പറ്റാത്ത സാഹചര്യം പല വ്യവസായ നടത്തിപ്പുകാരും പറഞ്ഞിട്ടുണ്ട്. അതിന്‍റെ ഫലമായി വ്യവസായസ്ഥാപനങ്ങള്‍ വിദ്യാഭ്യാസരംഗത്തേയ്ക്കു പ്രവേശിക്കുകയാണ്. വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കു നല്‍കാന്‍ കഴിയാത്ത ഉയര്‍ന്ന പ്രതിഫലം നല്‍കി അദ്ധ്യാപകരെ അവര്‍ സ്വന്തമാക്കുകയും ചെയ്യുന്നുണ്ട്.

ലക്ഷകണക്കിനു എന്‍ജിനീയര്‍മാരേയും ഉന്നതബിരുദധാരികളേയും ഓരോ വര്‍ഷവും നാം പുറത്തിറക്കുന്നു. അതിന്‍റെ ഫലമായി ഉന്നതയോഗ്യതകളാവശ്യമില്ലാത്ത ജോലികള്‍ക്ക് ഇവരെല്ലാം അന്വേഷിക്കുന്ന സാഹചര്യവും ഉണ്ടായിരിക്കുന്നു. ഉദാഹരണത്തിന് ഉത്തര്‍പ്രദേശിലെ സെക്രട്ടേറിയറ്റില്‍ ഈ വര്‍ഷം 368 പിയൂണ്‍മാരുടെ ഒഴിവിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. ഇതിന് എത്ര പേര്‍ അപേക്ഷിച്ചുവെന്നറിയാമോ? 23 ലക്ഷം പേര്‍. 2.2 ലക്ഷം എന്‍ജിനീയര്‍മാരും 255 പിഎച്ച് ഡി ധാരികളും ഇതിലുണ്ടായിരുന്നു. ലക്ഷകണക്കിനു ബിരുദാനന്തരബിരുദധാരികളും. ഇതാണു നാം നേരിടുന്ന ഒരു പ്രതിസന്ധി. നമ്മുടെ എന്‍ജിനീയര്‍മാരില്‍ 80 ശതമാനവും ചെയ്യുന്നത് എന്‍ജിനീയറിംഗ് ബിരുദം ആവശ്യമില്ലാത്ത ജോലികളാണ്.

എന്‍ജീനിയര്‍മാര്‍ക്ക് വേണ്ടത്ര തൊഴിലവസരമില്ലെങ്കിലും ഇന്നും ധാരാളം പേര്‍ ഈ കോഴ്സിനു ചേരുന്നു. ഇന്നലെ ഒരു ചെറുപ്പക്കാരന്‍ എന്നെ കാണാന്‍ വന്നു. തന്‍റെ സ്വപ്നവിഷയമായ രാഷ്ട്രതന്ത്രവും അന്താരാഷ്ട്രബന്ധങ്ങളും പഠിക്കാന്‍ ബ്രിട്ടന്‍റെ വിസ ലഭിക്കുന്നില്ല എന്നതായിരുന്നു അദ്ദേഹത്തിന്‍റെ പ്രശ്നം. ബിരുദം എന്‍ജിനീയറിംഗിലായതുകൊണ്ടാണ് വിസ കിട്ടാത്തത്. എന്‍ജിനീയര്‍ എന്തിനു ഇന്‍റര്‍നാഷണല്‍ റിലേഷന്‍സും പൊളിറ്റിക്സും പഠിക്കണം എന്നാണ് ബ്രിട്ടീഷ് എമിഗ്രേഷന്‍ അധികാരികളുടെ ചോദ്യം. ഞാനും ഇതേ ചോദ്യം ഇയാളോടു ചോദിച്ചു. തന്‍റെ സ്വപ്നവിഷയം എന്നും ഇതായിരുന്നെങ്കിലും മാതാപിതാക്കള്‍ എന്‍ജിനീയറിംഗ് പഠിക്കാന്‍ നിര്‍ബന്ധിച്ചു എന്നതായിരുന്നു മറുപടി.

ഇക്കാര്യത്തില്‍ ഞാന്‍ വളരെ ഭാഗ്യവാനാണ്. വിഷയം തിരഞ്ഞെടുക്കുന്നതില്‍ അവരെന്നെ നിര്‍ബന്ധിച്ചില്ല. മാനവീകവിഷയങ്ങള്‍ ഉപരിപഠനത്തിനു തിരഞ്ഞെടുത്തപ്പോള്‍ എന്‍റെ അദ്ധ്യാപകര്‍ സ്തബ്ധരായി. അവര്‍ മാതാപിതാക്കളെ സ്കൂളില്‍ വിളിപ്പിച്ചു. സയന്‍സില്‍ ഫസ്റ്റ് കിട്ടുന്ന വിദ്യാര്‍ത്ഥിയാണെന്നും മാനവീകവിഷയങ്ങള്‍ പഠിക്കാന്‍ പോകുന്നതു ശരിയല്ലെന്നും അദ്ധ്യാപകര്‍ പറഞ്ഞു. ഡോക്ടറോ എന്‍ജിനീയറോ ആകണമെന്നതാണല്ലോ മലയാളികളുടെ രീതി. സയന്‍സില്‍ എനിക്കു മാര്‍ക്ക് കിട്ടുന്നത് പരീക്ഷ എഴുതേണ്ടതെങ്ങനെ എന്നറിയാമായിരുന്നതുകൊണ്ടാണ്. പരീക്ഷ കഴിഞ്ഞ് രണ്ടു ദിനം കഴിഞ്ഞാല്‍ സയന്‍സ് പഠിച്ചതെല്ലാം ഞാന്‍ മറക്കും. മാതാപിതാക്കള്‍ എന്നെ നിര്‍ബന്ധിച്ചില്ല. അതിനാല്‍ ഹ്യുമാനിറ്റീസ് പഠിക്കുകയും ഞാന്‍ എന്‍റെ ജീവിതം നയിക്കുകയും ചെയ്തു. ചുരുങ്ങിയത്, പഠിക്കാനിഷ്ടമുള്ളതു പഠിക്കുകയെങ്കിലും ചെയ്തു. പഠനം ആസ്വദിച്ചു. ഇക്കാര്യം കണ്ടുമുട്ടാനിടയാകുന്ന മാതാപിതാക്കളോടെല്ലാം ഞാന്‍ പറയാറുണ്ട്. മക്കള്‍ അവര്‍ക്കിഷ്ടമുള്ളതു പഠിക്കട്ടെ. നിങ്ങളുടെ സ്വപ്നങ്ങള്‍ നിറവേറ്റാനല്ല അവരെ പഠിപ്പിക്കേണ്ടത്.

വ്യവസായമേഖലയും വിദ്യാഭ്യാസമേഖലയും തമ്മിലുള്ള ബന്ധങ്ങളും വിനിമയങ്ങളും വര്‍ദ്ധിപ്പിക്കണം. വ്യവസായമേഖലയുടെ ആവശ്യങ്ങളും അവിടെ നടക്കുന്ന കാര്യങ്ങളുമറിയാതെ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ നടത്തിയിട്ടു കാര്യമില്ല.

തൊഴില്‍ക്ഷമതയെ കുറിച്ച് പറയുമ്പോള്‍ ശുദ്ധമായ ശാസ്ത്രത്തെയും വിജ്ഞാനത്തെയും അവഗണിക്കുകയാണെന്നു കരുതരുത്. ഇന്ത്യയെ ഒരു വിജ്ഞാനസമൂഹമാക്കി മാറ്റേണ്ടതുണ്ട്. വിജ്ഞാനം തേടുന്നതില്‍ മികവു പ്രകടിപ്പിക്കുന്ന സമൂഹത്തെയാണ് വിജ്ഞാനസമൂഹമെന്നു വിളിക്കുക. ശാസ്ത്രസാങ്കേതികവിജ്ഞാനരംഗത്ത് ആവശ്യമായ നേതൃത്വം കൈവരിക്കാനും വേണ്ടത്ര കരുത്തുറ്റ ഒരു സമ്പദ്വ്യവസ്ഥയായി മാറാനും ഇതു സഹായിക്കുകയും ചെയ്യും.

ദീര്‍ഘകാലസാമ്പത്തിക വളര്‍ച്ച തീര്‍ച്ചയായും കണ്ടുപിടിത്തങ്ങളേയും നവീനചിന്തകളേയും ആശ്രയിച്ചിരിക്കുന്നു. ഉത്പാദനക്ഷമതയും ഇന്നവേഷനും തമ്മില്‍ ബന്ധമുണ്ട്. അതിനാല്‍ ഗവേഷണങ്ങളിലും ഇന്നവേഷനിലും നാം കൂടുതല്‍ ശ്രദ്ധ കൊടുക്കേണ്ടിയിരിക്കുന്നു. നാം ഐടി ഹബ്ബായി കരുതപ്പെടുന്നുണ്ട്. പക്ഷേ അതു വാസ്തവത്തില്‍ വെറും ആഗോള ബാക്ക് ഓഫീസ് സ്റ്റാഫ് മാത്രമാണ്. കണ്ടുപിടിത്തങ്ങള്‍ നടത്താന്‍ വേണ്ട ധീരത നാം ഇനിയും കാണിച്ചിട്ടില്ല.

ആഗോള ഗവേഷണഫലങ്ങളുടെ കാര്യത്തില്‍ ഇന്ത്യയുടെ സംഭാവന 3.5% മാത്രമാണ്. ലോകത്തിലെ മസ്തിഷ്കത്തിന്‍റെ 17% ഉം ഇന്ത്യയിലാണെന്നോര്‍ക്കണം. ലോകത്തിലെ ഏറ്റവും മികച്ച 200 യൂണിവേഴ്സിറ്റികളില്‍ ഇന്ത്യയില്‍ നിന്ന് ഒന്നുമില്ല. കമ്പ്യൂട്ടര്‍ സയന്‍സ് പിഎച്ച്ഡികളില്‍ കഴിഞ്ഞ ഒരു ദശകത്തിനിടെ ഇന്ത്യയില്‍ നിന്നുള്ളത് 125 എണ്ണം മാത്രമാണ്. ഇപ്പോള്‍ എണ്ണം ഒരല്‍പം വര്‍ദ്ധിച്ചിട്ടുണ്ടാകാം. എന്നാല്‍, 2015-ല്‍ മാത്രം അമേരിക്കയില്‍ നിന്നുണ്ടായത് 55,000 പി എച്ചഡികളാണ്. അമേരിക്കയില്‍ നിന്നുണ്ടാകുന്ന കമ്പ്യൂട്ടര്‍ സയന്‍സ് പിഎച്ച്ഡികളില്‍ 25% വും ഇന്ത്യന്‍ വംശജരായ വിദ്യാര്‍ത്ഥികളില്‍ നിന്നുള്ളതാണ്. ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് അമേരിക്കയില്‍ നിന്നു പിഎച്ച്ഡികള്‍ കിട്ടുന്നുണ്ടെങ്കില്‍ അതിനര്‍ത്ഥം എന്താണ്? നമ്മുടെ മസ്തിഷ്കശേഷിയുടെ പ്രശ്നമല്ല ഇവിടെ ഗവേഷണങ്ങള്‍ കുറയുന്നതിനു കാരണം. ഗവേഷകര്‍ക്കു ആവശ്യമായ അന്തരീക്ഷം ഇവിടെയില്ല എന്നതാണ്. അതിനുള്ള അന്തരീക്ഷം നാം സൃഷ്ടിക്കണം. ഗവേഷകര്‍ക്കു തൊഴില്‍ ലഭിക്കുന്നതിനുള്ള അവസരങ്ങള്‍ ഇന്ത്യയില്‍ വേണ്ടത്രയില്ല എന്നതും പരിഗണിക്കണം.

ഇന്ന് ഇന്ത്യാക്കാരായ ധാരാളം രക്ഷാകര്‍ത്താക്കള്‍ മക്കളെ വിദേശങ്ങളില്‍ പഠിപ്പിക്കുന്നതിനായി ധാരാളം പണം ചിലവഴിക്കുന്നു. ലക്ഷക്കണക്കിനു വിദ്യാര്‍ത്ഥികളെ പുറത്തേക്കയ്ക്കുന്നതിനായി ഇന്ത്യ കോടിക്കണക്കിനു ഡോളര്‍ ചിലവഴിക്കുന്നു. ഇത് ലജ്ജാകരമാണ്. യഥാര്‍ത്ഥത്തില്‍ ലോകരാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ ഇങ്ങോട്ടു വരുന്ന സാഹചര്യമാണ് ഉണ്ടാകേണ്ടിയിരുന്നത്. നളന്ദയുടെയും തക്ഷശിലയുടെയും വിക്രംശിലയുടെയും കാലത്ത് ഇന്ത്യ വിദേശവിദ്യാര്‍ത്ഥികളെ ആകര്‍ഷിച്ചിരുന്ന നാടായിരുന്നു. കിഴക്ക് ജപ്പാനും കൊറിയയും മുതല്‍ പടിഞ്ഞാറ് പേര്‍ഷ്യയും തുര്‍ക്കിയും വരെയുള്ള രാജ്യങ്ങളില്‍ നിന്ന് അക്കാലത്ത് വിദ്യാര്‍ത്ഥികള്‍ പഠിക്കാനായി ഇന്ത്യയിലേയ്ക്കു വന്നിരുന്നു. ഇന്ന് ഇന്ത്യാക്കാരായ വിദ്യാര്‍ത്ഥികള്‍ പഠിക്കാനായി വിദേശരാജ്യങ്ങളിലേയ്ക്കു പോകുന്നു, അതൊരു അപമാനമാണ്. നാം ഉന്നതനിലവാരമുള്ള വേണ്ടത്ര വിദ്യാഭ്യാസസ്ഥാപനങ്ങള്‍ ഇവിടെ പടുത്തുയര്‍ത്തിയില്ല എന്നതിനു തെളിവാണിത്.

(സെപ്തംബര്‍ 28 നു തേവര സെക്രഡ് ഹാര്‍ട്ട് കോളേജില്‍ നടത്തിയ നാലാമത് ചാവറ എക്സലന്‍സ് ഫോര്‍ സോഷ്യല്‍ ട്രാന്‍സ്ഫോര്‍മേഷന്‍ പ്രഭാഷണത്തില്‍ നിന്ന്.)

തയ്യാറാക്കിയത്:
ഷിജു ആച്ചാണ്ടി
സബ് എഡിറ്റര്‍

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org