Latest News
|^| Home -> Suppliments -> CATplus -> വിളവിനായി ക്ഷമയോടെ കാത്തിരിക്കുക

വിളവിനായി ക്ഷമയോടെ കാത്തിരിക്കുക

Sathyadeepam

നിബിന്‍ കുരിശിങ്കല്‍

അറിഞ്ഞും അറിയാതെയുമൊക്കെ സംഭവിച്ച കുറ്റങ്ങളില്‍ ശിക്ഷിക്കപ്പെട്ട ഒരുപാടാളുകള്‍ ആ ജയിലിലുണ്ട്. പ്രതീക്ഷയുടെ പുതു ജീവിതത്തെപ്പറ്റി അവരോട് പറയാന്‍ ചില പുരോഹിതര്‍ അവിടെ ചെല്ലുമായിരുന്നു. ഒരുപാട് നാളുകളായി അവരങ്ങനെ ചെല്ലുന്നുണ്ടെങ്കിലും അവരോടൊന്നും ഒരു വാക്കു പോലും ഉരിയാടാത്ത, ഒരു നോക്ക് പോലും നല്കാത്ത ഒരു ചെറുപ്പക്കാരന്‍ ആ ജയിലിലുണ്ടായിരുന്നു. അവന്‍റെ മൗനത്തെ മുറിക്കാന്‍ നോക്കിയവരെല്ലാം പരാജയപ്പെട്ടു. പിന്നെ പിന്നെ ആരും അവനെ നോക്കാതായി.

ഒരു ദിവസം പതിവുള്ള സന്ദര്‍ശനം അവസാനിപ്പിച്ച് പുരോഹിതര്‍ പുറത്തേക്കിറങ്ങുന്ന നേരം അതിലവസാനമിറങ്ങുന്ന പുരോഹിതന്‍റെ കൈയില്‍ ആരോ പിടിച്ചു. പുരോഹിതന്‍ നോക്കുമ്പോള്‍ അത് ആ ചെറുപ്പക്കാരനാണ്. അയാളുടെ കണ്ണുകള്‍ നിറഞ്ഞിരിക്കുന്നുണ്ട്. അധരങ്ങള്‍ക്ക് മേല്‍ അക്ഷരങ്ങളുടെ വന്നു പോകലുകള്‍ കാണാനാകുന്നുണ്ട്. നിറമിഴികളോടെ ആ ചെറുപ്പക്കാരന്‍ പുരോഹിതനോട് പറഞ്ഞു, “അച്ചാ, കുറച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഞാനും ഒരള്‍ത്താരബാലനായിരുന്നു.” വല്ലാതെ ഉയര്‍ന്നിറങ്ങിയ മാനസിക പിരിമുറുക്കത്താല്‍ ആ ചെറുപ്പക്കാരന്‍ തന്‍റെ രണ്ടു കൈയും അരികിലെ കരിങ്കല്‍ ഭിത്തിയിലേക്ക് ആഞ്ഞിടി ച്ചു. സഹതടവുകാരായ സുഹൃത്തുക്കള്‍ ഓടിയെത്തി അവനെ പിടിച്ച് അകത്തേക്ക് കൊണ്ടുപോയി.

ഈ സംഭവം പറഞ്ഞതിന് ശേഷം ബോബിയച്ചന്‍ തന്‍റെ പ്രഭാഷണത്തില്‍ ഇങ്ങനൊരു വാക്യം കൂട്ടിച്ചേര്‍ത്തു: “ഏതോ ഒരു കാലത്ത് അള്‍ത്താരയില്‍ ചവിട്ടി നിന്നതിന്‍റെ പുണ്യം മനസ്സില്‍ അങ്ങനെ അവശേഷിക്കുന്നതു കൊണ്ടാണ് ആ ചെറുപ്പക്കാരന് ‘ഞാനും ഒരള്‍ത്താര ബാലനായിരുന്നുവെന്ന്’ വിളിച്ച് പറഞ്ഞ് അകം തകര്‍ന്ന് കരയാനായത്.’

ഓര്‍മ്മവച്ച നാള്‍ മുതല്‍ അപ്പന്‍റേയുമമ്മയുടേയും വിരല്‍ തുമ്പിലൂടെ ദേവാലയങ്ങള്‍ക്കകത്തും തീര്‍ത്ഥാടന കേന്ദ്രങ്ങളിലുമൊക്കെ നാം ചുവട് വച്ചപ്പോള്‍ ആ പഴയ കൃഷിക്കാരന്‍ നമ്മുടെയൊക്കെ ഉള്ളകങ്ങളില്‍ വിതറി വിതച്ചത് പുണ്യങ്ങളുടെയും നന്മകളുടെയും വിത്തുകളാണ്. ജീവിതത്തിലെ ചില നിമിഷങ്ങളില്‍ ദൈവസ്നേഹത്തിന്‍റെ പാനപാത്രം നാം ചുണ്ടോടു ചേര്‍ക്കുന്നത് വിതയ്ക്കപ്പെട്ട വിത്തില്‍ ചിലത് നെഞ്ചില്‍ വേരിറങ്ങിയത് കൊണ്ടാണ്. പ്രലോഭനങ്ങളുടെ നേരത്ത് ‘സാത്താനേ നീ പിന്നിലേക്ക് പോ’ എന്നു പറയാന്‍ സാധിക്കുന്നതും അന്യായസമ്പത്തിന്‍റെ കറുത്ത കാശുകള്‍ മേശയ്ക്കടിയിലൂടെ നീട്ടപ്പെടുമ്പോള്‍ ‘വേണ്ടെ’ന്നു പറഞ്ഞ് ഇരുന്നിടത്തുനിന്നും എഴുന്നേല്‍ക്കാന്‍ സാധിക്കുന്നതും ആരുടെയോ മുറിവ് കാണുമ്പോള്‍ മരുന്ന് നല്കാന്‍ തോന്നുന്നതും കണ്ണീര് കാണുമ്പോള്‍ കര്‍ച്ചീഫെടുക്കാന്‍ നോക്കുന്നതും വിത്തിന്‍റെ പൊട്ടിമുളയ്ക്കലുകളാണ്. ഞായറാഴ്ചകളില്‍ കുര്‍ബാന കണ്ടിട്ട് ക്രിസ്ത്യാനികള്‍ക്കൊന്നും സംഭവിക്കുന്നില്ലല്ലോ… എന്നൊക്കെ സങ്കടപ്പെടേണ്ടതില്ല. കുര്‍ബാന കഴിഞ്ഞ് പള്ളി മുറ്റത്തേക്കിറങ്ങുമ്പോള്‍ കാണുന്ന ആരുടെയോ ഹൃദയമാറ്റ ശസ്ത്രക്രിയയുടെ അക്കൗണ്ട് നമ്പര്‍ നമ്മളില്‍ ചിലര്‍ കുറിച്ചെടുക്കുന്നതും, കയ്യിലെ ചെമ്പ് തുട്ടില്‍ ചിലത് ആ നമ്പറിലേക്കയയ്ക്കുന്നതും ‘കൊണ്ട കുര്‍ബാന’ യുടെ കൃപ കത്തുന്നതിനാല്‍ തന്നെയാണ്.

“പന്ത്രണ്ട് വര്‍ഷക്കാലം വിശ്വാസം പരിശീലിച്ചിട്ട് പിള്ളേരെന്താണ് പള്ളിക്ക് പുറത്ത്?” മാതാപിതാക്കളുടെയും മതാധ്യാപകരുടെയും മുതിര്‍ന്നവരുടെയും നാവിന്‍തുമ്പിലെ കനംകൂടിയ ചോദ്യമാണിത്. പള്ളി പരിസരത്തും പാതിവഴികളിലും മക്കളെ കാണുമ്പോള്‍ കാരണവന്മാരുടെ നെഞ്ചിലുയരുന്ന ഈറ്റുനോവാണ് ഈ ചോദ്യം എന്നറിയാം. ഉത്തരമന്വേഷിച്ചിറങ്ങേണ്ടത് വെളിയിലേക്കല്ല, ഉള്ളിലേക്കാണ് എന്ന് തോന്നിപ്പോകുന്നു.

യുവജനങ്ങളായ മക്കളെ വിമര്‍ശിക്കുന്നതിനും കുറ്റപ്പെടുത്തുന്നതിനും മുന്‍പ് നാം ഒരു കാര്യം ചിന്തിക്കുന്നത് നല്ലതാണ്, എന്തായിരുന്നു നമ്മുടെയൊക്കെ കൗമാരവും യൗവനവുമൊക്കെയെന്ന്. അവരവരുടെ കാലത്തിനു യോജിച്ച ചെറുതും വലുതുമായ കുറവുകളുടെ കറ കാലില്‍ പറ്റാത്ത എത്ര കാരണവന്മാര്‍ ഉണ്ട്? കുടുംബത്തിലെ മക്കളിലാരെങ്കിലുമൊക്കെ ഇടറി വീഴുന്നുണ്ടെങ്കില്‍ അത് അവരുടെ മാത്രം കുറ്റം കൊണ്ടാകണമെന്നില്ല. അത്ര നല്ലതല്ലാത്ത ഒരപ്പനോ അമ്മയോ വീടിനകത്തുണ്ടെങ്കില്‍ അവിടെ വളരുന്ന മക്കളുടെ ഹൃദയഭിത്തിയില്‍ അവരുടെയും കയ്യൊപ്പ് കാണുമല്ലോ!

മകന്‍റെ കൂട്ടുകാരിലൊരുവനെ കഞ്ചാവുമായി പൊലീസ് അറസ്റ്റ് ചെയ്തെന്നറിഞ്ഞാല്‍ കാരണവന്മാരെടുക്കുന്ന ഒരു കരുതലുണ്ട്. ‘മേലില്‍ അവനെപ്പോലെയുള്ളവരോട് കൂട്ടുകൂടാന്‍ പോകരുത്’ എന്ന താക്കീത്. സ്വന്തം കുഞ്ഞുങ്ങള്‍ വഴിപിഴയ്ക്കാതിരിക്കാന്‍ മാതാപിതാക്കള്‍ കൊടുക്കുന്ന ഈ കരുതലിന്‍റെ നാലിലൊന്നു മതിയാകും കേസില്‍ പെട്ട കൂട്ടുകാരന്‍ പയ്യനെ ഒന്നുകാണാന്‍ ചെല്ലാനും സ്നേഹത്തോടെ സാരമില്ലെന്നു പറഞ്ഞ് അവനെ തിരുത്താനും പരിശ്രമിക്കാന്‍. വഴിതെറ്റി നടക്കുന്ന കുഞ്ഞുങ്ങളില്‍ നിന്നും തന്‍റേതെന്ന് കരുതുന്നവരെ മാത്രം കാക്കലല്ല കത്തോലിക്കന്‍റെ കരുതല്‍. സ്വന്തം കുഞ്ഞിനോടൊപ്പം അവന്‍റെയും അവളുടെയും കൂട്ടുകാരെകൂടി ചേര്‍ത്തുപിടിക്കലാണ് കൂടുതല്‍ ശ്രേഷ്ഠമായ മാതൃപിതൃത്വം.

വിശ്വാസപരിശീലനം ഒരു സെക്കുലര്‍ വിദ്യാഭ്യാസത്തിന്‍റെ രീതിയിലേക്ക് മാറിപ്പോകാതെ കാക്കേണ്ടതുണ്ട്. പക്ഷേ ആത്യന്തികമതല്ലല്ലോ! അച്ചടക്കത്തിലും അനുസരണത്തിലും അസംബ്ലിയിലും ബാഗിലും തുണിയിലും മുടിയിലും താടിയിലുമൊക്കെ നാം നോക്കുന്നുണ്ട്. പക്ഷേ കുഞ്ഞുങ്ങളുടെ ഉള്ളിലേക്കും അവരുടെ വീടുകളിലേക്കും നമ്മുടെ നോട്ടമെത്താതെ പോകുന്നത് പോലെ. പന്ത്രണ്ട് വര്‍ഷമെന്നത് അത്ര ദീര്‍ഘമായ ഒരു കാലയളവല്ലല്ലോ. ആ പന്ത്രണ്ടു വര്‍ഷത്തിനു ശേഷം പിള്ളേര് പ്രാര്‍ത്ഥിക്കാത്തത് അവരുടെ കുറ്റമായ് കാണേണ്ടതില്ല എന്നു തോന്നുന്നു. കാരണം ദൈവത്തെ അന്വേഷിക്കാന്‍ മാത്രമുള്ള അവസ്ഥകളിലേക്ക് അവരിനിയും എത്തിയിട്ടില്ലല്ലോ. അവനവന്‍റെ ജീവിതത്തില്‍ വേദനയുടെ തീര്‍ത്ഥജലം കുടിച്ചിട്ടുള്ളവര്‍ക്കേ കര്‍ത്താവിന്‍റെ പാനപാത്രത്തോട് പ്രണയം തോന്നുകയുള്ളൂ. കാരണം, അവര്‍ക്കറിയാം എന്‍റെ പാനപാത്രത്തിലെ ചോരയും ഭാരവും എനിക്കുമുമ്പേ നുകര്‍ന്നവന് മാത്രമേ എന്നെ ആശ്വസിപ്പിക്കാനാകൂവെന്ന്. നാമോരോരുത്തരും നെഞ്ചുതകര്‍ന്ന് പ്രാര്‍ത്ഥിച്ചിട്ടുള്ളത് എപ്പോഴാണ്? കുടുംബത്തില്‍ നിന്ന് കടവും ദേഹത്തുനിന്ന് മരുന്നും മാറാതായപ്പോഴല്ലേ നാം കര്‍ത്താവിനെ കെട്ടിപ്പിടിക്കാനോടിയത്! അടുക്കളയിലെ അരിക്കും അലമാരയിലെ തുണിക്കും കാശ് കൂടിയപ്പോഴല്ലേ എന്‍റെ നേര്‍ച്ചക്കാശിനൊപ്പം കണ്ണീരും ഞാന്‍ ഭണ്ഡാരത്തിലേക്കിട്ടത്! ചുരുക്കത്തില്‍, പിരിമുറുക്കങ്ങളാല്‍ പ്രാണന്‍ പിടഞ്ഞപ്പോഴാണ് എന്‍റെ പ്രാര്‍ത്ഥനകള്‍ പൊട്ടിക്കരച്ചിലുകളായി മാറിയത്. സത്യത്തില്‍ മക്കള്‍ പ്രാര്‍ത്ഥിക്കാത്തത് അവരുടെ പ്രാണനുമേല്‍ പിരിമുറുക്കത്തിന്‍റെ പ്രേതം കൂടാത്തതു കൊണ്ടാണ്.
മക്കളുടെ ചോറ്റുപാത്രത്തില്‍ ചോറു നിറയ്ക്കാന്‍, അവരുടെ പനിക്കിടക്കയില്‍ ചാരെയിരിക്കാന്‍, അവരുടെ സ്കൂളില്‍ ഫീസടയ്ക്കാന്‍, അവരുടെ ദേഹത്ത് ഉടുപ്പിടീക്കാനും കാലില്‍ ചെരുപ്പിടീക്കാനും, അവര്‍ക്കോടിക്കാന്‍ ബൈക്കെടുക്കാനും, അവര്‍ വീണാല്‍ അവരെയെടുക്കാനും, അവര്‍ കരയാതിരിക്കാന്‍ സ്വ യം കരയാനും അവര്‍ക്ക് നോവാതിരിക്കാന്‍ നോമ്പെടുക്കാനും അപ്പനും അമ്മയും ഇങ്ങനെ നിവര്‍ന്നു നില്ക്കുമ്പോള്‍ പിന്നെ മക്കളെന്തിനാ പള്ളിക്കകത്ത് വളഞ്ഞ് നില്‍ക്കുന്നത്? ആത്മീയതയുടെ ഉത്തംഗശൃംഗങ്ങളിലെത്തി നില്‍ക്കുന്ന ആചാര്യന്മാരെയൊക്കെ മാറ്റി നിര്‍ത്തിയാല്‍ നമ്മളെപ്പോലുള്ള സാധാരണ വിശ്വാസികള്‍ പള്ളിയില്‍ കയറുന്നതും പ്രാര്‍ത്ഥിക്കുന്നതും സങ്കടം മാറാനും കാര്യം കാണാനുമൊക്കെത്തന്നെയാണ്.

‘ഒരു കുറവും അറിയിക്കാതെയാണ് ഞാനെന്‍റെ മക്കളെ വളര്‍ത്തിയതെ’ന്ന് പറയുന്ന കാരണവന്‍മാര്‍ ഒരു കാര്യം ഓര്‍ക്കുന്നത് നല്ലതാണ്. ജീവിതത്തിലെ ചില കുറവുകളാണ് നമ്മെ ദൈവാന്വേഷികളാക്കുന്നത്. ആരുമില്ലാതായപ്പോഴല്ലേ ആരെങ്കിലുമുണ്ടായിരുന്നെങ്കില്‍ എന്നാശിച്ച ത്! അസുഖക്കിടക്കയിലായപ്പോഴല്ലേ ആരോഗ്യത്തെക്കുറിച്ചോര്‍ത്തത്! കുടുംബത്തിലെ കുറവുകള്‍ കണ്ടു കൊണ്ടായിരിക്കട്ടെ കുഞ്ഞുങ്ങള്‍ വളര്‍ന്നുവരുന്നത്. ക്യാറ്റിക്കിസം ക്ലാസിലെ പുസ്തകങ്ങളില്‍ കര്‍ത്താവിനെ കണ്ടുമുട്ടാത്തവരൊക്കെ, കുടുംബമാകുമ്പോള്‍, കുടുംബത്തില്‍ കുറെ കുറവുകള്‍ വരുമ്പോള്‍ കര്‍ത്താവിനെ കണ്ടോളും, തീര്‍ച്ച!

Leave a Comment

*
*