Latest News
|^| Home -> Suppliments -> ULife -> വിലയിടിഞ്ഞ കര്‍ഷകന്‍

വിലയിടിഞ്ഞ കര്‍ഷകന്‍

Sathyadeepam

ഫാ. ജോസഫ് പാംപ്ലാനി

അടുത്തകാലത്ത് ആരോ അയച്ചുതന്ന ഒരു സന്ദേശത്തിലെ ഒരു ചിന്തയില്‍ നിന്നാണ് ഈ വിചിന്തനം രൂപപ്പെടുന്നത്. ഏതാനുംപേര്‍ ചേര്‍ന്നു ടൂര്‍പോയപ്പോഴുണ്ടായ അനുഭവമാണ് സന്ദേശത്തിന്‍റെ പൊരുള്‍. യാത്രയ്ക്കിടയില്‍ വാങ്ങിയ നൂറുകൂട്ടം സാധനങ്ങള്‍ക്ക് പ്രിന്‍റു ചെയ്ത വില യാതൊരുപേശലും കൂടാതെ നല്‍കി. തലമുറകളെ കൊല്ലുന്ന സിഗററ്റും മദ്യവും ടിന്നിലടച്ച ഭക്ഷണവും പഞ്ചനക്ഷത്ര ഹോട്ടലിലെ നാലു കോഴ്സു ഡിന്നറും പറഞ്ഞ വില നല്‍കിയാണ് യാത്രാസമയം സ്വായത്തമാക്കിയത്. എന്നാല്‍, തിരിച്ചുപോരും വഴി തെരുവോരത്ത് ഒരു പാവം കര്‍ഷകന്‍ സ്വന്തം പുരയിടത്തില്‍നിന്ന് പറിച്ച മാങ്ങാപഴം വില്‍ക്കാന്‍ കുട്ടയുമായി നില്‍ക്കുന്നു. മൂത്തുപഴുത്ത സുന്ദരമായ മാങ്ങാ പഴത്തിന്‍റെ കുട്ട കണ്ട് യാത്രാസംഘം വണ്ടി നിര്‍ത്തി വില ചോദിച്ചു. കിലോയ്ക്ക് 20 രൂപ, പറഞ്ഞ കര്‍ഷകനെ വിരട്ടിയും വാദിച്ചും 10 രൂപാ നിരക്കില്‍ സംഘം 3 കിലോ മാങ്ങാവാങ്ങി സമൃദ്ധമായി രുചിയോടെ ഭക്ഷിച്ചു. ഇതുവരെ യാതൊന്നിനും വില പേശാതിരുന്നവര്‍ നിസ്സഹായനായ കര്‍ഷകന്‍റെ ന്യായമായ വിലയെ സംഘാതമായി എതിര്‍ത്തതിലെ അന്യായമാണ് സന്ദേശമയച്ച വ്യക്തിയെ അലോസരപ്പെടുത്തുന്നത്.
ഇത് കേവലം ഒറ്റപ്പെട്ടൊരു സംഭവമല്ല. മണ്ണിനോടു മല്ലടിക്കുന്ന കര്‍ഷകന്‍റെ അധ്വാനത്തെ ആരും സാരമായി പരിഗണിക്കുന്നില്ല. അരിവില അഞ്ചുരൂപ കൂടിയെന്നു കേള്‍ക്കുമ്പോഴും മില്‍മ പാലിന്‍റെ വില വര്‍ദ്ധിപ്പിച്ചു എന്നു കേള്‍ക്കുമ്പോഴും മലയാളികള്‍ ധാര്‍മ്മികരോഷം കൊള്ളാറുണ്ട്. വരള്‍ച്ചമൂലം പച്ചക്കറി കൃഷി നശിച്ചപ്പോള്‍ ശേഷിച്ച പച്ചക്കറി കര്‍ഷകന്‍ വിലകൂട്ടി വിറ്റാല്‍ അത് അന്യായമാകുന്നതെങ്ങനെയാണ്? പലപ്പോഴും വര്‍ദ്ധിത വിലകളുടെ ആനുകൂല്യം കര്‍ഷകനല്ല ഇടനിലക്കാരനായ കച്ചവടക്കാര്‍ക്കാണു ലഭിക്കുന്നത് എന്നത് മറ്റൊരു ദുഃഖമാണ്. ബ്രാന്‍ഡഡ് ഉല്‍പന്നങ്ങളുടെ വിലവര്‍ദ്ധനവിന്‍റെ നാലിലൊന്നുപോലും കാര്‍ഷികവിളകളുടെ വില വര്‍ദ്ധിക്കുന്നില്ല. കര്‍ഷകന്‍റെ മണ്ണിലെ വെള്ളമൂറ്റി അന്താരാഷ്ട്ര കമ്പനിയുടെ സീലുള്ള കുപ്പിയില്‍ നിറയ്ക്കുമ്പോള്‍ അതു മിനറല്‍ വാട്ടറായി. കുപ്പിവെള്ളത്തിന്‍റെ വിപണി ഇന്ന് ഇന്ത്യയിലെ ഏറ്റവും വലിയ ഉപഭോഗ വസ്തുവായി മാറി. കൃഷിക്കു ലഭിക്കേണ്ട വെള്ളം ഊറ്റി കോളാ കമ്പനികള്‍ ലാഭം കൊയ്തു മെഴുക്കുമ്പോള്‍ കര്‍ഷകന്‍റെ കരിഞ്ഞുണങ്ങുന്ന വിളകള്‍ക്ക് ആരു സമാധാനം പറയും? നിയമവും ന്യായവും എന്നും കുത്തകകള്‍ക്ക് അനുകൂലമാണ്. അന്താരാഷ്ട്രവിപണിയിലെ വിലക്ക് ഡീസലും പെട്രോളും സാധാരണക്കാരനു കിട്ടാതിരിക്കാന്‍ സര്‍ക്കാര്‍ കരുനീക്കിയപ്പോള്‍ പെട്രോളിയം വിറ്റവകയില്‍ അംബാനി ഗ്രൂപ്പിന്‍റെ കഴിഞ്ഞ വര്‍ഷത്തെ ആദായം ഒരുലക്ഷം കോടികഴിഞ്ഞതായി ഓഡിറ്റു പോയിട്ടുണ്ട്. വലിയവനു പാദസേവചെയ്യാന്‍ മത്സരിക്കുന്ന ഭരണക്കൂടം കര്‍ഷകന്‍റെ സര്‍വ്വ സബ്സിഡിയും എടുത്തു മാറ്റി.
സര്‍ക്കാര്‍വേതനം പറ്റുന്നവരുടെ ശബളം വര്‍ദ്ധിപ്പിക്കാന്‍ സമയാസമയം ശമ്പളക്കമ്മീഷന്‍ വയ്ക്കാറുണ്ട്. എന്നാല്‍ കാര്‍ഷിക വിളകളുടെ താങ്ങു വില താഴാതിരിക്കാനെങ്കിലും ഒരു കമ്മീഷനെ വയ്ക്കേണ്ടതല്ലേ? സമരവും അഴിമതിയുമായി നാടുകൊള്ളയടിച്ച ജീവനക്കാര്‍ക്കുപോലും ജീവിതകാലം മുഴുവന്‍ പെന്‍ഷന്‍ ലഭിക്കുമ്പോള്‍ നാടിന്‍റെ വിശപ്പുമാറ്റാന്‍ നടുവൊടിഞ്ഞു പണിത കര്‍ഷകന്‍റെ പെന്‍ഷനോ? ശമ്പള വര്‍ദ്ധനവിനുള്ള അധികവിഭവ സമാഹരണവും കര്‍ഷകനെ ചൂഷണം ചെയ്തുകൊണ്ടാണ്.
ശമ്പളം വര്‍ദ്ധിപ്പിക്കുന്നതിനനുസരിച്ച് കാര്‍ഷിക വിഭവങ്ങളുടെ വില വര്‍ദ്ധിപ്പിക്കാന്‍ നടപടി വേണ്ടതല്ലേ? കടലില്‍ പോയി മീന്‍പിടിക്കുന്ന മുക്കുവന്‍റെയും പാടത്തു പണിയുന്ന കര്‍ഷകന്‍റെയും അധ്വാനഫലങ്ങള്‍ സംഘടിത തൊഴിലാളി വര്‍ഗ്ഗം ചുളുവിളയ്ക്ക് അടിച്ചു മാറ്റാന്‍ ശ്രമിക്കുന്നത് ദുഃഖകരമാണ്. സോപ്പിനും ചീപ്പിനും കള്ളിനും ബീഡിക്കും MRP നിശ്ചയിച്ച് കുത്തകക്കാരെ സംരക്ഷിക്കുന്ന സര്‍ക്കാര്‍ കപ്പയ്ക്കും ചേനയ്ക്കും മത്തിക്കും അയിലയ്ക്കും സമാനമായ വില നിര്‍ണ്ണയം നടത്തേണ്ടതല്ലേ? നാണ്യവിളകളുടെ വിലയിടിഞ്ഞിട്ട് വര്‍ഷങ്ങളായി. പക്ഷേ കര്‍ഷകനുവേണ്ടി കരയാന്‍ മുതലയ്ക്കു പോലും കണ്ണീരില്ല.
കേരളത്തിലെ കര്‍ഷക ആത്മഹത്യകള്‍ അരസഹസ്രം കടന്നു. കാട്ടുമൃഗങ്ങളുടെ അക്രമത്തില്‍ മരിച്ച കര്‍ഷകര്‍ ഒരു ഡസന്‍ പിന്നിട്ടിട്ടും സരിതയ്ക്കും ലക്ഷ്മീനായര്‍ക്കും പിന്നാലെ പരക്കം പായുന്ന മാധ്യമങ്ങള്‍ക്ക് ഇതൊന്നും മൂല്യമുള്ള വാര്‍ത്തകളാകുന്നില്ല. കര്‍ഷകത്തൊഴിലാളികളെക്കൊണ്ടു പ്രകടനം നടത്തി പ്രഹസനം നടത്തുന്ന രാഷ്ട്രീയക്കാര്‍ക്കും കാര്‍ഷികപ്രശ്നങ്ങള്‍ വിഷയമല്ല. കര്‍ഷകന്‍റെ കൃഷിഭൂമി പിടിച്ചെടുക്കാന്‍ കസ്തൂരിരംഗന്മാര്‍ വാനനിരീക്ഷണം നടത്തി റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കുന്നു. ഹരിത ട്രൈബൂണലുകള്‍ കര്‍ഷകരെ ദേശദ്രോഹികളാക്കി ശിക്ഷ വിധിക്കുന്നു. കര്‍ഷകന്‍ ഈ രാജ്യത്തെ പൗരനാണോ എന്ന കാര്യത്തില്‍ ഭരണ കര്‍ത്താക്കള്‍ പുലര്‍ത്തുന്ന സംശയം അക്ഷന്തവ്യമായ അപരാധമാണ്.

Leave a Comment

*
*