വിഷം തിന്നുന്ന നാട്

വിഷം തിന്നുന്ന നാട്
Published on

വൃക്ഷങ്ങളിലും ചെടികളിലും തളിക്കുന്ന വിഷപദാര്‍ത്ഥങ്ങളും കായ്കള്‍ പെട്ടെന്ന് പഴുക്കാനും പച്ചക്കറികള്‍ ദീര്‍ഘനാള്‍ കേടുകൂടാതെയിരിക്കാനും ഉപയോഗിക്കുന്ന രാസപദാര്‍ത്ഥങ്ങളും വിപണിയെ വിഷലിപ്തമാക്കാന്‍ തുടങ്ങിയിട്ട് നാളേറെയായി. ഇതിനെതിരെയുള്ള ജല്പനങ്ങള്‍ അങ്ങുമിങ്ങും കേള്‍ക്കുന്നതല്ലാതെ ഗൗരവമായും കര്‍ശനമായും നടപടികള്‍ സ്വീകരിക്കുവാന്‍ ബന്ധപ്പെട്ടവര്‍ തുനിയുന്നില്ല. അത് നമ്മുടെ നാടിന്‍റെ ശാപം.

ദൈവനിയോഗത്തെ നെഞ്ചിലേറ്റിയ പിതാമഹന്മാരുടെ നിര്‍ദ്ദേശങ്ങള്‍ക്ക് പുല്ലുവിലപോലും നല്‍കാതെ, സ്വാദിഷ്ടമായതെന്തോ അതാണ് യഥാര്‍ത്ഥ 'മോഡേണ്‍ ഫുഡ്' എന്ന സങ്കല്പം സര്‍വ്വസാധാരണമായിരിക്കുന്നു. അതിന്‍റെ പരിണിതഫലമായിട്ടാണ് ഇന്ന് ഭക്ഷണപദാര്‍ത്ഥങ്ങളുടെ വിപണന രംഗത്തു കാണുന്ന പല വൈകല്യങ്ങളും സംഭവിക്കുന്നത്.

നമ്മള്‍ പത്രമാധ്യമങ്ങളില്‍ വായിച്ചറിഞ്ഞ 'ന്യൂഡില്‍സി'ന്‍റെ ഉത്ഭവവും അങ്ങനെതന്നെ. അപകടകാരിയായ ഈയത്തിന്‍റെ അംശം അമിതമായി ഉള്‍ക്കൊണ്ട ന്യൂഡില്‍സ് സ്ഥിരമായി കഴിക്കുന്ന ലക്ഷക്കണക്കിന് ആളുകളെയാണ് ആ വാര്‍ത്ത ഞെട്ടിച്ചത്. ഈയത്തിന്‍റെ അംശം അനിയന്ത്രിതമായി ശരീരത്തില്‍ പ്രവേശിച്ചാല്‍ ഉണ്ടാകുന്ന ഭവിഷ്യത്തുകള്‍ ഏറെയാണ്. അത് കാലക്രമേണ ഹൃദയപേശികള്‍, അസ്ഥികള്‍, ആമാശയാന്ത്രങ്ങള്‍, വൃക്കകള്‍, പ്രത്യുല്പാദന അവയവങ്ങള്‍, മസ്തിഷ്ക്കം എന്നിവയുടെ പ്രവര്‍ത്തനത്തെ തളര്‍ത്തുന്നു. കൃത്രിമമായി ഉല്പാദിപ്പിക്കപ്പെടുന്ന ആഹാരപദാര്‍ത്ഥങ്ങള്‍ കൃത്യമായ നിര്‍മ്മാണ നിബന്ധനകള്‍ക്കും മാനദണ്ഡങ്ങള്‍ക്കും വിധേയമാകാതെ വിപണിയിലെത്തിച്ചേരുന്നതിന്‍റെ അനന്തരഫലമാണിതെന്നോര്‍ക്കണം. ഒരുപക്ഷെ യാദൃശ്ചികമായി കണ്ടുപിടിക്കപ്പെട്ടതുകൊണ്ടാകാം ഇതൊരു വിവാദമായത്. ഇങ്ങനെ കണ്ടുപിടിക്കപ്പെടാത്ത വിഷലിപ്തമായ ഭക്ഷണപദാര്‍ത്ഥങ്ങള്‍ ഇന്ത്യന്‍ വിപണിയില്‍ ഇനിയും ധാരാളമുണ്ടെന്നോര്‍ക്കണം. അവ എന്നെങ്കിലും കണ്ടുപിടിക്കപ്പെടുന്നതുവരെ നമ്മള്‍ ആഘോഷപൂര്‍വ്വം ഉപയോഗിച്ചുകൊണ്ടിരിക്കും.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org