വിശപ്പും വിയര്‍പ്പും

വിശപ്പും വിയര്‍പ്പും
Published on

മാതൃപാഠങ്ങള്‍

ഷൈനി ടോമി

മക്കളുടെ സ്വഭാവരൂപീകരണത്തില്‍ മാതാപിതാക്കള്‍ എടുക്കേണ്ട നിലപാടുകളെക്കുറിച്ചും കരുതലിനെക്കുറിച്ചും
ഒരമ്മയുടെ ജീവിതകാഴ്ചകളുടെ പംക്തി….

ആലപ്പുഴ മെഡിക്കല്‍ കോളേജ് അദ്ധ്യാപകനാണ് ഡോക്ടര്‍ മധു. രോഗികളോട് അനുകമ്പയുള്ള പൊതുജനസമ്മതനായ ഒരു നല്ല മനുഷ്യസ്നേഹി കൂടിയാണ് അദ്ദേഹം. 'നമ്മള്‍ തമ്മില്‍' എന്ന ടെലിവിഷന്‍ പരിപാടിയില്‍ അദ്ദേഹം ഒരിക്കല്‍ പങ്കെടുത്തിരുന്നു. അന്ന് അമ്മയെക്കുറിച്ച് അദ്ദേഹം പങ്കുവച്ച ഓര്‍മ്മകള്‍ ഇപ്പോഴും ഞാന്‍ ഓര്‍മ്മിക്കുന്നു. "എന്‍റെ അമ്മയുടെ തൊഴില്‍ കയറുപിരിക്കല്‍ ആയിരുന്നു. അമ്മയ്ക്ക് വിദ്യാഭ്യാസം ഒന്നും ഉണ്ടായിരുന്നില്ല. പക്ഷെ, സമര്‍ത്ഥമായി കുടുംബം നോക്കി." കഠിനാദ്ധ്വാനിയായിരുന്ന ആ അമ്മ മക്കളെയും ചെറുപ്പം മുതല്‍ അദ്ധ്വാനിക്കാന്‍ പരിശീലിപ്പിച്ചു. വിയര്‍പ്പൊഴുക്കി അദ്ധ്വാനിച്ചാലേ വീട്ടില്‍ നിന്നും ഭക്ഷണം കിട്ടുമായിരുന്നുള്ളൂ.

ആ കാലത്തെ ജീവിതരീതിയെക്കുറിച്ച് ഡോക്ടര്‍ ഓര്‍ത്തെടുത്തത് ഇങ്ങനെയായിരുന്നു. "സ്കൂളില്‍ പഠിക്കുന്ന കാലത്ത് ഞങ്ങള്‍ വെളുപ്പീന് അഞ്ചുമണിക്ക് എഴുന്നേല്ക്കും. നേരെ പാടത്തേക്ക്. അമ്മയോടൊപ്പം പാടം ഒരുക്കലും നിലം കിളക്കലും. ചാണകം ചുമക്കലും. ആറുമണിയോടെ അമ്മ അടുക്കളപ്പണിക്കു പോകും. ഞങ്ങള്‍ പണിയെടുക്കുന്നതു തുടരും. സ്കൂളില്‍ പോകാന്‍ സമയമായാല്‍ ഇരുപതു മിനിറ്റുകൊണ്ട് കുളിച്ചു വേഷംമാറി ഭക്ഷണം കഴിച്ച് ഓടുകയായി. ഉച്ചയ്ക്ക് ഭക്ഷണം സ്കൂളിലെ ഉപ്പുമാവ്. അതുകഴിച്ചാല്‍ ഒന്നും ആവില്ല. ചോറു കൊണ്ടുവരാന്‍ മാത്രം സമ്പന്നരായ ചുരുക്കം കുട്ടികളെ അന്നു ക്ലാസിലുണ്ടായിരുന്നുള്ളൂ. അവരുണ്ണുന്നത് കൊതിയോടെ നോക്കിനിന്നിട്ടുണ്ട്."

വിശപ്പിനെ കീഴടക്കണമെങ്കില്‍ നന്നായി പഠിച്ച് ജോലി നേടണമെന്ന് അദ്ധ്യാപകര്‍ ബോദ്ധ്യപ്പെടുത്തുമായിരുന്നു. എങ്കിലും, ഒരു ഡോക്ടര്‍ക്കു കിട്ടുന്ന ആദരവും അംഗീകാരവും കണ്ട് ഡോക്ടറാകണമെന്ന് ഉറപ്പിച്ചു. കഠിനാദ്ധ്വാനത്തിനും ആത്മവിശ്വാസത്തിനും ലക്ഷ്യത്തില്‍ നിന്നു വ്യതിചലിക്കാതിരിക്കാനുള്ള പരിശീലനം ഈ ദരിദ്ര ബാലനു ലഭിച്ചത് സമൃദ്ധിയില്‍ നിന്നായിരുന്നില്ല; ദാരിദ്ര്യത്തില്‍ നിന്നായിരുന്നു.

സമൃദ്ധിയില്‍ വളര്‍ന്ന്, സമ്പന്നര്‍ പഠിക്കുന്ന മെഡിക്കല്‍ കോളേജിലെ ഒരു വിദ്യാര്‍ത്ഥിനിയെ പരിചയപ്പെടാം. ഇവള്‍ കോഴിക്കോട്ടുകാരിയാണ്. വിവാഹം നിശ്ചയിച്ചു. വിവാഹനിശ്ചയത്തിന്‍റെ സന്തോഷത്തില്‍ ഡോക്ടര്‍ വിദ്യാര്‍ത്ഥിനി സുഹൃത്തിനെ ഫോണില്‍ വിളിച്ചു. സുഹൃത്ത് അപ്പോള്‍ പോലീസ് കസ്റ്റഡിയിലായിരുന്നു. ഒരു മയക്കുമരുന്നു കേസില്‍ പിടിക്കപ്പെട്ടതാണ്. ഫോണിലൂടെ യുവതി യുവസുഹൃത്തിനോട് ആവശ്യം പറഞ്ഞു. "വിവാഹം നിശ്ചയിച്ചു. ഒന്നു കിറുങ്ങണം. മരുന്നുണ്ടോ?" മയക്കുമരുന്നാണ് ആവശ്യപ്പെടുന്നത്. ഈ ഡോക്ടര്‍ എങ്ങനെയാവും രോഗികളെ ചികിത്സിക്കുക എന്ന് ഊഹിക്കാവുന്നതേയുള്ളൂ. പണം ഉള്ളതുകൊണ്ട് ഭാവിയില്‍ എം.ഡി.യോ എം.എസ്.ഓ ഒക്കെ സ്വന്തമാക്കം. വലിയ സ്പെഷ്യാലിറ്റി ആശുപത്രികളില്‍ ജോലിയും നേടും. എങ്കിലും ഡോക്ടര്‍ മധുവിനു അനുഭവിക്കുവാന്‍ കഴിയുന്ന ആത്മസംതൃപ്തിയോ, ആദരവോ, തിരിച്ചറിയാന്‍ പോലും കഴിയില്ല. താന്‍ സ്വന്തമാക്കിയ അമൂല്യരത്നമാണ് ഡോക്ടര്‍ മധുവിന് തന്‍റെ ബിരുദങ്ങള്‍. മയക്കുമരുന്നു തേടിപ്പോകുന്ന ഒരു ഡോക്ടര്‍ക്ക് ബിരുദങ്ങള്‍ പൊങ്ങച്ചവും.

ഔദാര്യത്തോടുള്ള അതിരുകടന്ന മമത നമ്മുടെ കാലഘട്ടത്തിന്‍റെ ഒരു പ്രധാന ശത്രുവാണ്. ഔദാര്യം കിട്ടിയാല്‍ വിയര്‍ക്കാതെ സ്വന്തമാക്കാം. റെക്കമെന്‍റേഷനിലും ക്യാപിറ്റേഷനിലും മാത്രം ശ്രദ്ധവച്ച് കുട്ടികളുടെ അഡ്മിഷനുവേണ്ടി മത്സരിക്കുന്ന മാതാപിതാക്കള്‍, തങ്ങളുടെ കുഞ്ഞുങ്ങളുടെ വിശപ്പും വിയര്‍പ്പും മോഷ്ടിച്ചെടുക്കുകയാണു ചെയ്യുന്നത്. അര്‍ഹതയില്ലാതെ സ്വീകരിക്കുന്ന ഏത് ഔദാര്യവും നമ്മുടെ മക്കളുടെ ജീവിതം പരാജയമാക്കാനെ ഉപകരിക്കൂ. അദ്ധ്വാനിക്കാനാവതില്ലാത്തവര്‍ക്കു മാത്രം അര്‍ഹതപ്പെട്ടതാണ് മറ്റുള്ളവരുടെ ഔദാര്യം.

നമ്മുടെ കുഞ്ഞിന്‍റെ നെറ്റിയില്‍ വിയര്‍പ്പു പൊടിയുന്നുണ്ട് എന്ന് ഉറപ്പുവരുത്തി അവരെ വളര്‍ത്തിക്കൊണ്ടുവരാം. നാളെ അവന്‍ ഒരു ഡോക്ടറോ, എഞ്ചിനീയറോ, ശാസ്ത്രജ്ഞനോ ആരും ആയിത്തീരട്ടെ. പക്ഷെ, അവന്‍ നെറ്റിയിലെ വിയര്‍പ്പുകൊണ്ടുമാത്രം അപ്പം ഭക്ഷിക്കുവാന്‍ ഇഷ്ടപ്പെടും തീര്‍ച്ച.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org