വിശുദ്ധ കുർബാനക്കിടയിലെ പലവിചാരം

വിശുദ്ധ കുർബാനക്കിടയിലെ പലവിചാരം

"വിശ്വാസത്തിന്‍റെ ഈ രഹസ്യത്തില്‍ വിശ്വാസികള്‍ ഭാഗഭാക്കുകളാകുമ്പോള്‍ അപരിചിതരെപ്പോലെയോ നിശബ്ദ പ്രേക്ഷകരെപ്പോലെയോ ആകരുതെന്നാണ് തിരുസഭാ മാതാവിന്‍റെ അഭിലാഷം. മറിച്ച് തിരുക്കര്‍മ്മങ്ങളുടെയും പ്രാര്‍ത്ഥനകളുടെയും അര്‍ത്ഥം ഗ്രഹിച്ച് തങ്ങള്‍ ചെയ്യുന്നതെന്താണെന്നുള്ള ബോധത്തോടും ഭക്തിയോടും സഹകരണത്തോടും കൂടി വേണം ഇതില്‍ പങ്കെടുക്കാന്‍. അവര്‍ ദൈവവചനത്താല്‍ പ്രബോധിതരും വി. കുര്‍ബാന വഴി നവോന്മേഷവാന്മാരും ആകണം. പുരോഹിതന്മാര്‍ വഴി എന്നു മാത്രമല്ല. അദ്ദേഹത്തോടു കൂടി വി. ബലിവസ്തു അര്‍പ്പിക്കുന്നതോടൊപ്പം സ്വയം സമര്‍പ്പിക്കാനും അവര്‍ പഠിച്ചിരിക്കേണ്ടതാണ്" (ആരാധനാക്രമം 48).

നമ്മില്‍ പലരും അപരിചിതരേപ്പോലെയോ അല്ലെങ്കില്‍ നിശബ്ദരായ പ്രേക്ഷകരെപ്പോലെയോ ആകുമ്പോള്‍ നമുക്ക് ബലിയര്‍പ്പണം അനുഭവമാകാതെ പോകുന്നു. ഇനി ബലിയര്‍പ്പണത്തില്‍ നിശബ്ദരായി നില്‍ക്കാതെ പ്രാര്‍ത്ഥനകള്‍ ബോധത്തോടും ഭക്തിയോടും സഹകരണത്തോടും കൂടിയല്ലാതെ യാന്ത്രികമായി ഉച്ചത്തില്‍ ചൊല്ലുന്നവരും ഉണ്ട്.

ഇവിടെയാണ് തിരുക്കര്‍മ്മങ്ങളുടെയും പ്രാര്‍ത്ഥനകളുടെയും അര്‍ത്ഥം ഗ്രഹിച്ച് തങ്ങള്‍ ചെയ്യുന്നതെന്താണെന്നുള്ള ബോധത്തോടും ഭക്തിയോടും സഹകരണത്തോടും (ആരാധനക്രമം 48) കൂടി ചെയ്യുന്നതിന്‍റെ പ്രസക്തി. വി. ബലിയില്‍ പല പ്രാവശ്യം നാം 'ആമ്മേന്‍' പറയാറുണ്ട്. ഈ 'ആമ്മേന്‍' യാന്ത്രികമായി പറഞ്ഞാല്‍ പോരാ. യാന്ത്രികമായി പറയുമ്പോള്‍ നമ്മള്‍ പൂര്‍ണ്ണതയിലേക്ക് കടക്കുന്നില്ല. യഥാര്‍ത്ഥത്തില്‍ ബലിയര്‍പ്പണം ഒരു സ്വര്‍ഗ്ഗീയ അനുഭവമായി മാറണം. സ്വര്‍ഗ്ഗവാസികളോട് ചേര്‍ന്ന് ഭൂവാസികളായ നാം ദൈവത്തെ സ്തുതിക്കുന്നത് ഒന്നു ഭാവനയില്‍ കണ്ടുനോക്കിക്കേ. ദിവ്യബലിയിലെ ഓരോ പ്രാര്‍ത്ഥനയും അര്‍ത്ഥം ഗ്രഹിച്ചു ചൊല്ലിയാല്‍ നാം സ്വര്‍ഗ്ഗീയാനുഭവത്തില്‍ നിറയും.

നാം മൗനം ഭജിക്കുമ്പോള്‍ അല്ലെങ്കില്‍ വെറും കാഴ്ചക്കാരായി മാത്രം മാറുമ്പോള്‍ അല്ലെങ്കില്‍ യാന്ത്രികമായി അര്‍ത്ഥം ഗ്രഹി ക്കാതെ പ്രാര്‍ത്ഥിക്കുമ്പോള്‍ ദൈവാനുഭവത്തില്‍ വളരാന്‍ അത് നമുക്ക് തടസ്സമാകുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org