വിശുദ്ധരുടെ നാമകരണ നടപടിക്രമങ്ങള്‍

വിശുദ്ധരുടെ നാമകരണ നടപടിക്രമങ്ങള്‍

സഭയുടെ ആദ്യനൂറ്റാണ്ടുക ളില്‍ റോമിലും മറ്റു പല സ്ഥലങ്ങളിലും രൂക്ഷമായ മതപീഡനം നടന്നിരുന്നു. വിശ്വാസികള്‍ അന്ന് രക്തസാക്ഷികള്‍ക്ക് നല്‍കിയിരുന്ന വണക്കം തന്നെയായിരുന്നു അന്നത്തെ നാമകരണം (Canonization). ഇപ്രകാരം അവര്‍ ബഹുമാനിക്കപ്പെടാന്‍ തുടങ്ങുന്നതിനു മുമ്പ് തത്സംബന്ധമായി നയ്യാമികമായ ചടങ്ങുകള്‍ ഒന്നുംതന്നെ ഉണ്ടായിരുന്നില്ല. വിശ്വാസികളുടെ ഐകകണ്ഠേനെയുള്ള സ്വരം ദൈവത്തിന്‍റെ സ്വരമായി പരിഗണിക്കപ്പെട്ടുപോന്നു.

ആദിമക്രൈസ്തവര്‍ രക്തസാക്ഷികളുടെ അംഗീകൃത ലിസ്റ്റ് തയ്യാറാക്കി സൂക്ഷിച്ചിരുന്നു. അവരുടെ പേര്, മരണത്തീയതി, സംസ്കരിച്ച സ്ഥലം തുടങ്ങിയവ ഈ ലിസ്റ്റില്‍ (പട്ടികയില്‍)പെടുത്തിയിരുന്നു. പില്ക്കാലത്ത് രക്തസാക്ഷികളുടെ ഓര്‍മ്മപ്പെരുന്നാള്‍ ആഘോഷിക്കുന്നതിന് ഈ പട്ടികയാണ് പ്രയോജനപ്പെട്ടിരുന്നത്. ഈ പട്ടികയോട് ബന്ധപ്പെടുത്തിയാണ് കാനോനൈസേഷന്‍ (Canonization) എന്ന വാക്കുണ്ടായത്. ഔദ്യോഗിക ലിസ്റ്റ് എന്നാണിതിന്‍റെ അര്‍ത്ഥം. ആ പട്ടികയില്‍ ഒരാളുടെ പേര് ചേര്‍ക്കുന്നതിനാണ് Canonization എന്നു പറയുന്നത്. വിശുദ്ധരെ നാമകരണം ചെയ്യുന്ന നടപടി കാലാന്തരത്തില്‍ കാനൊനൈസേഷന്‍ എന്ന് അറിയപ്പെടാന്‍ തുടങ്ങി.

വിശുദ്ധരുടെ നാമകരണ നടപടികള്‍ മാര്‍പാപ്പയുടെ മാത്രം അധികാരപരിധിയില്‍പ്പെട്ടതാണെന്ന് നിശ്ചയിച്ചത് 1234-ല്‍ ബെനഡിക്ട് ഒമ്പതാമന്‍ മാര്‍പാപ്പയാണ്. നാമകരണ നടപടികളുടെ കാര്യത്തില്‍ ഏറ്റവുമധികം ശ്രദ്ധിക്കപ്പെടുന്ന മാര്‍പാപ്പയാണ് ഉര്‍ബന്‍ എട്ടാമന്‍ (1623- 1644). ഇതു സംബന്ധിച്ച് ഒട്ടേറെ ഡിക്രികളും നിര്‍ദ്ദേശങ്ങളും അദ്ദേഹം പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. അദ്ദേഹത്തിന്‍റെ പിന്‍ഗാമികളായി സഭയെ നയിച്ച പല മാര്‍പാപ്പമാരും നാമകരണ നടപടികളില്‍ പരിഷ്കാരങ്ങള്‍ വരുത്തിയിട്ടുണ്ട്. ബെനഡിക്ട് പതിനാലാമന്‍ മാര്‍പാപ്പ (1740-1758) പുണ്യജീവിതം നയിച്ചവരുടെ വീരോചിത സുകൃതങ്ങളെപ്പറ്റിയുള്ള അന്വേഷണത്തിനു പ്രാധാന്യം നല്‍കി. അള്‍ത്താരയിലെ വണക്കത്തിന് ഒരാള്‍ യോഗ്യനെന്ന് തിരുസഭ ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിനുമുമ്പ് ആ ആള്‍ ദൈവികപുണ്യങ്ങളും (വിശ്വാസം, ശരണം, സ്നേഹം) സാന്മാര്‍ഗിക പുണ്യങ്ങളും (വിവേകം, ധൈര്യം, നീതി) സുവിശേഷാനുസൃതമായ പുണ്യങ്ങളും (ദാരിദ്ര്യം, അനുസരണം, വിശുദ്ധി, വിനയം) വീരോചിതമാം വിധം അനുഷ്ഠിച്ചാണ് ജീവിച്ചിരുന്നതെന്ന് തെളിയിക്കപ്പെടേണ്ടതാണ്.

വിശുദ്ധ പത്താം പീയൂസ് മാര്‍പാപ്പ 1913-ല്‍ പുറപ്പെടുവിച്ച ഒരു കല്പന വഴി ധന്യനെന്ന് ആളെ വിളിക്കുന്നതിനു മുമ്പ്, പുണ്യാഭ്യസനത്തെപ്പറ്റിയുള്ള പഠനം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് പരിശുദ്ധ സിംഹാസനം അംഗീകരിക്കേണ്ടതാണെന്ന് വ്യവസ്ഥ ചെയ്തു.

ബനഡിക്ട് പതിനഞ്ചാമന്‍ മാര്‍പാപ്പ (1914-1922) ലത്തീന്‍ കാനന്‍ നിയമ സംഹിത പ്രസിദ്ധീകരിച്ചതോടുകൂടി (1917) വിശുദ്ധരുടെ നാമകരണനടപടിക്ക് നിശ്ചിതമായ ഒരു ക്രമം നിലവില്‍ വന്നു. രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്‍റെ (1962-1965) വെളിച്ചത്തില്‍ പോള്‍ ആറാമന്‍ മാര്‍പാപ്പ വീണ്ടും ചില പരിഷ്കാരങ്ങള്‍ വരുത്തുകയുണ്ടായി.

ഏറ്റവും കൂടുതല്‍ നാമകരണങ്ങള്‍ നടന്നത് ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ (1978- 2005) കാലത്താണ്. അദ്ദേഹം നാമകരണനടപടികള്‍ കൂടുതല്‍ എളുപ്പമാക്കി.

നാമകരണ നടപടികളുടെ ആരംഭം ബന്ധപ്പെട്ട വ്യക്തി മരണം വരിച്ച രൂപതയില്‍നിന്നാണ്. നടപടികള്‍ ആരംഭിക്കാന്‍ മാത്രം ആ ആളുടെ ജീവിതം യോഗ്യമായിരുന്നോ എന്ന പ്രാഥമിക അന്വേഷണമാണ് ആദ്യം നടത്തുക. അതിനായി രൂപതാദ്ധ്യക്ഷന്‍ ഒരു വൈദികനെ നിയോഗിക്കുന്നു. പുണ്യ പുരുഷനുമായി ഏതെങ്കിലും വിധത്തില്‍ ബന്ധപ്പെട്ടിട്ടുള്ള വ്യക്തികള്‍, സ്ഥലങ്ങള്‍, അദ്ദേഹത്തിന്‍റെ എഴുത്തു കുത്തുകള്‍, ലേഖനങ്ങളോ, പുസ്തകങ്ങളോ ഉണ്ടെങ്കില്‍ അവ, രോഗശാന്തിയോ ശ്രദ്ധിക്കപ്പെടേണ്ട മറ്റെന്തെങ്കിലും അത്ഭുതമോ ഉണ്ടെങ്കില്‍ അവ തുടങ്ങിയവയെപ്പറ്റിയെല്ലാം അദ്ദേഹം അന്വേഷിക്കുന്നു. അവയുടെ വെളിച്ചത്തില്‍ തയ്യാറാക്കുന്ന റിപ്പോര്‍ട്ട് അദ്ദേഹം മെത്രാനു സമര്‍പ്പിക്കുന്നു. റിപ്പോര്‍ട്ട് തൃപ്തികരമെങ്കില്‍ നടപടികളുടെ പ്രാരംഭഘട്ടം ആരംഭിക്കുകയായി. നടപടികളുടെ നടത്തിപ്പിനായി നിയമിക്കപ്പെടുന്ന പോസ്റ്റുലേറ്റര്‍ക്കാണ് മുഖ്യമായ ഉത്തരവാദിത്വം, റോമില്‍ വിശുദ്ധരുടെ നാമകരണ നടപടികള്‍ക്കായുള്ള തിരുസംഘവുമായി ഔദ്യോഗികമായി ബന്ധപ്പെടുന്നത് പോസ്റ്റുലേറ്ററാണ്. അദ്ദേഹത്തെ സഹായിക്കാന്‍ ഒന്നോ കൂടുതലോ വൈസ് പോസ്റ്റുലേറ്റര്‍മാരും നിയമിക്കപ്പെടുന്നു. രൂപതയില്‍ നാമകരണ നടപടികള്‍ ഔദ്യോഗികമായി ആരംഭിക്കുന്നതിന് റോമില്‍ നിന്നുള്ള അനുവാദം (Nihil, Obstat) കിട്ടിയിരിക്കണം.

ഒരാളെ വിശുദ്ധനെന്നോ വിശുദ്ധയെന്നോ പേരു വിളിക്കുക നാമകരണ നടപടികളുടെ നാലാമത്തേതും അവ സാനത്തേതുമായ പടിയാണ്. പ്രാഥമിക അന്വേഷണങ്ങള്‍ക്കെല്ലാം ഒടുവില്‍, ഔദ്യോഗികമായി നടപടികള്‍ ആരംഭിക്കുമ്പോഴാണ് ദൈവദാസന്‍ (ദൈവദാസി) എന്ന് വിളിക്കുക. അന്ന് ആരംഭിക്കുന്ന രൂപതാ ട്രിബ്യൂണലില്‍ നാലു അംഗങ്ങളാണുള്ളത്. പ്രിസൈഡിംഗ് ജഡ്ജ്, പ്രൊമോട്ടര്‍ ഓഫ് ജസ്റ്റിസ് (വിശ്വാസസംരക്ഷകന്‍), നോട്ടറി, കര്‍സര്‍ എന്നിവരാണവര്‍.

ഈ കോടതിയാണ് ബന്ധപ്പെട്ട ആള്‍ സുകൃതങ്ങളെല്ലാം വീരോചിതമായ വിധത്തില്‍ അനുഷ്ഠിച്ചാണോ ജീവിച്ചിരുന്നതെന്ന് വിശദമായ പഠനം നടത്തുന്നത്. ദൈവദാസന്‍ (ദാസി) മരിച്ചിട്ട് ഏറെനാളായിട്ടില്ലെങ്കില്‍, ആളിനെ നേരിട്ടറിഞ്ഞിരുന്ന ധാരാളം പേരുണ്ടായിരിക്കും. അവരില്‍ നിന്നാണ് വിവരങ്ങള്‍ ശേഖരിക്കുന്നത്. നേരിട്ടുള്ള സാക്ഷികളില്ലാത്ത, പഴക്കം ചെന്ന നടപടികളാണെങ്കില്‍, ചരിത്രപരമായ പഠനം (Historical Process) നടത്തേണ്ടതുണ്ട്. ദൈവ ദാസനുമായി ബന്ധപ്പെട്ട എല്ലാ രേഖകളും – കത്തുകള്‍, ലേഖനങ്ങള്‍, പുസ്തകങ്ങള്‍, രജിസ്റ്ററുകള്‍, റിപ്പോര്‍ട്ടുകള്‍, അനുകൂലവും പ്രതികൂലവുമായ പരാമര്‍ശങ്ങള്‍ തുടങ്ങിയവയെല്ലാം പഠനത്തിന് വിധേയമാകും. ചരിത്രാന്വേഷണം (Historical Commission), ദൈവശാസ്ത്രപഠനം (Theological
Commission) തുടങ്ങിയവയെല്ലാം ഇതിന്‍റെ ഭാഗങ്ങളാണ്. ആരെങ്കിലും എവിടെയെങ്കിലും പരസ്യവണക്കം നല്‍കുന്നുണ്ടോ എന്നും അന്വേഷിക്കും. ബന്ധപ്പെട്ട വ്യക്തിയെപ്പറ്റി വിശ്വാസികളുടെ പൊതുവിലുള്ള അഭിപ്രായം, അവര്‍ക്കു കിട്ടിയിട്ടുള്ള അനുഗ്രഹങ്ങള്‍, കബറിടത്തിലെത്തുന്ന തീര്‍ത്ഥാടകര്‍ തുടങ്ങിയ കാര്യങ്ങളും അന്വേഷണവിധേയമാക്കുന്നു.

ഇപ്രകാരം ശേഖരിക്കുന്ന രേഖകളെല്ലാം റോമിലെ തിരുസംഘത്തിനു സമര്‍പ്പിക്കുന്നു. രൂപതാ തലത്തില്‍ നടത്തിയ നടപടികളെല്ലാം നിയമാനുസൃതമാണോ എന്ന് അവര്‍ പരിശോധിക്കും. തൃപ്തികരമെങ്കില്‍ രേഖകളുടെ അടിസ്ഥാനത്തില്‍ Positio തയ്യാറാക്കാന്‍ ആവശ്യപ്പെടും.

വിവിധ ഉറവിടങ്ങളില്‍നിന്നു ലഭിച്ച വിവരങ്ങളുടെയെല്ലാം വെളിച്ചത്തില്‍ ദൈവദാസ(ദാസി)ന്‍റെ സുകൃതജീവിതത്തെ സമഗ്രമായി വിലയിരുത്തുന്ന ഗ്രന്ഥമാണ് Positio.

പ്രസ്തുത Positio റോമന്‍ തിരുസംഘത്തിലെ ഒമ്പതു ദൈവശാസ്ത്രജ്ഞന്മാര്‍ പ്രത്യേകം പ്രത്യേകം പഠിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കുന്നു. തുടര്‍ന്ന് മെത്രാന്മാരും കര്‍ദിനാളന്മാരുമടങ്ങിയ സംഘം അവ പഠിച്ച് വിലയിരുത്തുന്നു. റിപ്പോര്‍ട്ടുകള്‍ അനുകൂലമാണെങ്കില്‍ വിവരം മാര്‍പാപ്പയെ അറിയിക്കുന്നു. മാര്‍പാപ്പ, ദൈവദാസന്‍റെ വീരോചിത പുണ്യങ്ങള്‍ അംഗീകരിച്ച് പ്രഖ്യാപനം നടത്തുമ്പോള്‍ ആ ആള്‍ ധന്യന്‍ (ധന്യ) ആകുന്നു.

ധന്യനായ വ്യക്തിയുടെ മാദ്ധ്യസ്ഥം വഴി സംഭവിച്ച ഒരു സുഖപ്രാപ്തി അത്ഭുതമാണെന്ന് തെളിയിക്കപ്പെടുമ്പോഴാണ് വാഴ്ത്തപ്പെട്ടവന്‍ (വാഴ്ത്തപ്പെട്ടവള്‍) ആകുന്നത്.

സുകൃതജീവിതം നയിച്ചു എന്നതിന്‍റെ ബാഹ്യതെളിവുകളാണ് അത്ഭുതങ്ങള്‍. ഒരത്ഭുതം സ്ഥിരീകരിക്കപ്പെട്ടതോടെ വാഴ്ത്തപ്പെട്ടവളായ വ്യക്തി, അതൊന്നു കൂടെ ഉറപ്പിക്കുകയാണ് രണ്ടാമതൊരത്ഭുതം വഴി. നിയമാനുസൃതമായ എല്ലാ പഠനങ്ങള്‍ക്കുമൊടുവില്‍ പ്രസ്തുത രോഗശാന്തിയും അത്ഭുതമെന്ന് തിരുസഭ അംഗീകരിച്ചാല്‍ പ്രസ്തുത വ്യക്തി വിശുദ്ധ പദവിയിലെത്തും.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org