വിശ്വാസപരിശീലനം

വിശ്വാസപരിശീലനം

മാമ്മോദീസ സ്വീകരിച്ച കത്തോലിക്കാ വിശ്വാസികള്‍ക്ക് നല്കപ്പെടുന്ന വിശ്വാസസംബന്ധിയായ പരിശീലനമാണ് മതബോധനം എന്ന് പറയുക. വേദപാഠം, വേദോപദേശം, മതബോധനം തുടങ്ങിയ പദങ്ങള്‍ കാറ്റെക്കേസിസ് എന്ന ഇംഗ്ലീഷു പദത്തിന്‍റെ തര്‍ജ്ജമയായിട്ടാണ് ഭാഷയില്‍ പ്രയോഗിക്കപ്പെടുന്നത്.

കാറ്റെക്കേസിസ് എന്ന പദം ഗ്രീക്കുഭാഷയില്‍നിന്ന് ഇംഗ്ലീഷിലേക്ക് കുടിയേറിയതാണ്. ആ നാമ രൂപത്തിന്‍റെ ഉത്ഭവം ഗ്രീക്കിലെ കാറ്റെക്കയിന്‍ (Katechein) എന്ന ക്രിയാരൂപത്തില്‍ നിന്നാണ്. അതിന്‍റെ അര്‍ത്ഥം മുഴങ്ങുക, ധ്വനിക്കുക, പ്രതിധ്വനിക്കുക എന്നൊക്കെയാണ്.

ക്രിസ്തീയ വിശ്വാസസത്യങ്ങള്‍ നവാഗതരെ വാമൊഴിയായി പഠിപ്പിച്ചിരുന്നതിനെയാണ് മതബോധനം എന്നതുകൊണ്ട് ആദിമ സഭ ഉദ്ദേശിച്ചിരുന്നത്. പഠനോദ്ദേശ്യം മാമ്മോദീസാ സ്വീകരണത്തിനുള്ള തയ്യാറെടുപ്പായിരുന്നു. മാമ്മോദീസാ സ്വീകരിച്ച് സഭയില്‍ അംഗമാകുവാന്‍ ആഗ്രഹിച്ചവരെല്ലാം ഒന്നിച്ചു ചേര്‍ന്നാണ് പഠിച്ചിരുന്നത്. ഇപ്രകാരം ഒന്നിപ്പിക്കപ്പെട്ട പഠനസംഘത്തെയാണ് ജ്ഞാനസ്നാനാര്‍ത്ഥികളുടെ സംഘം എന്ന് വിളിച്ചിരുന്നത്.

മാമ്മോദീസാ സ്വീകരണത്തെത്തുടര്‍ന്നും വിശ്വാസപരിശീലനം നടത്തപ്പെട്ടിരുന്നു. സ്വീകരിച്ച കൂദാശകളെക്കുറിച്ച് ആഴത്തിലുള്ള പഠനമാണ് ഇക്കാലത്ത് നടത്തിയിരുന്നത്. പഠനത്തിന്‍റെ മുഖ്യവേദി ആരാധനാക്രമമായിരുന്നു. വി. കുര്‍ബാനയോടനുബന്ധിച്ചാണ് വിശ്വാസപരിശീലനം നടത്തിയിരുന്നത്. കാറ്റെക്കേസിസ് എന്ന പദത്തിന്‍റെ വാച്യാര്‍ത്ഥം സൂചിപ്പിക്കുന്നതുപോലെ വചനമായ ക്രിസ്തുവിനെ വിശ്വാസികളുടെയും ജ്ഞാനസ്നാനാര്‍ത്ഥികളുടെയും ഹൃദയത്തില്‍ പ്രതിധ്വനിപ്പിക്കുന്ന പ്രക്രിയയായിരുന്നു വിശ്വാസപരിശീലനം.

ഏ.ഡി. 80-നും 110-നും ഇടയ്ക്ക് വിരചിതമായ 'ഡിഡാക്കേ' (അപ്പസ്തോലന്മാരുടെ പ്രബോധനം) നവാഗതര്‍ അറിഞ്ഞിരിക്കേണ്ട വിശ്വാസസത്യങ്ങള്‍,

പുതിയ മാര്‍ഗ്ഗം, പുതിയ ധാര്‍മ്മികത എന്നിവയെക്കുറിച്ച് പ്രതിപാദിച്ച ആദ്യ കാറ്റിക്കിസം ടെക്സ്റ്റായി കരുതപ്പെടുന്നു.

രണ്ടാം നൂറ്റാണ്ടിന്‍റെ അവസാനത്തോടെ പല സഭാകേന്ദ്രങ്ങളിലും (അലക്സാണ്ട്രിയയില്‍ ഒരിജന്‍റെ വിദ്യാപീഠം, റോമില്‍ വി. ഹിപ്പോളിറ്റസിന്‍റെ മതാദ്ധ്യാപനാലയം) കാറ്റക്കെറ്റിക്കല്‍ സ്കൂളുകള്‍ നിലവില്‍ വന്നു.

ത്രെന്തോസ് സൂനഹദോസിന്‍റെ നിര്‍ദ്ദേശപ്രകാരം 1566-ല്‍ വി. ചാള്‍സ് ബൊറേമിയോയുടെ നേതൃത്വത്തില്‍ ഒരു വിദഗ്ദ്ധ ദൈവശാസ്ത്ര സമിതി തയ്യാറാക്കിയ മതബോധന ഗ്രന്ഥമാണ് സഭയിലെ ആദ്യത്തെ ഔദ്യോഗിക സാര്‍വ്വത്രിക മതബോധന ഗ്രന്ഥം. 'റോമന്‍ കാറ്റെക്കിസം' അഥവാ ത്രെന്തോസിന്‍റെ മതബോധനഗ്രന്ഥം (Catechism of Trent) എന്നാണിത്. ചരിത്രത്തില്‍ അറിയപ്പെടുന്നത്.

രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ മുതല്‍ ലോകവ്യാപകമായി മതബോധനരംഗത്ത് പുതിയ ചലനങ്ങള്‍ ദൃശ്യമാണ്. അതിനുള്ള തെളിവാണ് 1992 ഡിസംബറില്‍ പ്രസിദ്ധീകൃതമായ സാര്‍വ്വത്രിക മതബോധന ഗ്രന്ഥം.

രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിനെ തുടര്‍ന്ന് ഭാരതത്തില്‍ മതബോധനരംഗത്ത് പൊതുവായ നവീകരണ യത്നങ്ങള്‍ക്ക് നേതൃത്വം നല്കിയത് ബാംഗ്ലൂരില്‍ സ്ഥാപിതമായ നാഷണല്‍ ബിബ്ളിക്കല്‍ കാറ്റക്കെറ്റിക്കല്‍ ആന്‍റ് ലിറ്റര്‍ജിക്കല്‍ സെന്‍ററാണ് (NBCLC).

കേരളസഭയിലെ മതബോധന നവീകരണ പ്രസ്ഥാനത്തിന് നേതൃത്വം നല്കിയത് കേരളത്തിലെ കത്തോലിക്കാ മെത്രാന്‍ സമിതിയുടെ ആസ്ഥാനമായ പാസ്റ്ററല്‍ ഓറിയന്‍റേഷന്‍ സെന്‍ററാണ് (POC).

വത്തിക്കാന്‍ കൗണ്‍സിലിന്‍റെ ചൈതന്യം മറ്റേതു പ്രാദേശിക സഭയേക്കാളും മെച്ചപ്പെട്ട നിലയില്‍ ഭാരതസഭയ്ക്ക് ഉള്‍ക്കൊള്ളുവാന്‍ സാധിച്ചുവെന്നതിന്‍റെ പ്രത്യക്ഷമായ തെളിവാണ് കൗണ്‍സിലിനെ തുടര്‍ന്ന് സ്ഥാപിതമായ ഈ പരിശീലന കേന്ദ്രങ്ങള്‍.

മതബോധന ഡയറക്ടറി 1971
വത്തിക്കാന്‍ കൗണ്‍സിലിന്‍റെ പ്രമാണ രേഖകള്‍ക്കുശേഷം പുറത്തുവന്ന മതബോധന സംബന്ധമായ ആധികാരിക രേഖയാണ് പൊതുമതബോധന ഡയറക്ടറി. ആഗോള സഭയിലെ മതബോധന ശ്രമങ്ങള്‍ കാര്യക്ഷമമാക്കുന്നതിനുവേണ്ടി കൗണ്‍സില്‍ പിതാക്കന്മാര്‍ മുന്നോട്ടുവച്ച ശ്രദ്ധേയമായ നിര്‍ദ്ദേശങ്ങളില്‍ ഒന്നായിരുന്നു മതബോധന ഡയറക്ടറി.

1970-കളില്‍ മതബോധന രംഗത്ത് ഉണര്‍വേകാന്‍ വളരെയേറെ സഹായകമായിട്ടുള്ള ഒരു മാര്‍ഗ്ഗരേഖയാണ് 1971-ലെ പൊതു മതബോധന ഡയറക്ടറി. ഇപ്പോഴും മതബോധന നവീകരണത്തിന് സഭയില്‍ ആകമാനം പ്രോത്സാഹനവും മാര്‍ഗ്ഗനിര്‍ദ്ദേശവും നല്കുന്ന അടിസ്ഥാന രേഖയാണിത്. മതബോധന ഗ്രന്ഥങ്ങള്‍ പുതുതായി നിര്‍മ്മിക്കുമ്പോള്‍ ഈ പ്രാമാണിക ഗ്രന്ഥത്തില്‍ നിന്നുമാണ് പ്രചോദനം സ്വീകരിക്കേണ്ടത്.

1975 ഡിസംബര്‍ 8-ാം തീയതി ആറാം പൗലോസ് മാര്‍പാപ്പ പുറപ്പെടുവിച്ച 'സുവിശേഷപ്രഘോഷണം' എന്ന ശ്ലൈഹിക പ്രബോധനത്തില്‍ സുവിശേഷ വല്‍ക്കരണത്തിന്‍റെ സുപ്രധാനമായ ഒരു ഘട്ടമായിട്ടാണ് മതബോധനം വിശേഷിപ്പിക്കുന്നത്. 1975-ല്‍ മാര്‍പാപ്പ ഒരു അന്തര്‍ദ്ദേശീയ മതബോധന കൗണ്‍സിലിനു രൂപം കൊടുത്തുവെന്നതും ശ്രദ്ധേയമായ കാര്യമാണ്.

1977-ലെ മെത്രാന്മാരുടെ സിനഡിന്‍റെ നാലാം സമ്മേളനത്തില്‍ മതബോധനമായിരുന്നു ചര്‍ച്ചാവിഷയം. ഇതിനെത്തുടര്‍ന്ന് 1979 ഒക്ടോബറില്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ പ്രസിദ്ധീകരിച്ച അപ്പസ്തോലിക പ്രബോധനമാണ് മതബോധനം ഇന്ന് (Catechesi Tradendae 1979).

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org