വിശ്വാസപരിശീലനം: പാഠ്യപദ്ധതികളേക്കാള്‍ പ്രധാനം അദ്ധ്യാപകപരിശീലനം

വിശ്വാസപരിശീലനം: പാഠ്യപദ്ധതികളേക്കാള്‍ പ്രധാനം അദ്ധ്യാപകപരിശീലനം

മുപ്പത്തടം ഹോളി ഏഞ്ജല്‍സ് പള്ളിയിലെ മതബോധന വിഭാഗം ഹെഡ്മാസ്റ്ററും പെരുമ്പാവൂര്‍ പോലീസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടറുമായ ബൈജു പൗലോസ് തന്‍റെ ഔദ്യോഗികാനുഭവങ്ങളും മതാദ്ധ്യാപകപരിചയവും പശ്ചാത്തലമാക്കി നടത്തുന്ന നിരീക്ഷണങ്ങള്‍:

2003-ല്‍ സബ് ഇന്‍സ്പെക്ടറായി കേരള പോലീസില്‍ ചേര്‍ന്ന ബൈജു പൗലോസിന് ഇതിനകം 70-ല്‍ പരം ഗുഡ് സര്‍വീസ് എന്‍ട്രികളും റിവാര്‍ഡുകളും ലഭിച്ചിട്ടുണ്ട്.2016-ല്‍ മികച്ച സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ പോലീസ് മെഡലിനും അര്‍ഹനായി. ഇവയേക്കാളൊക്കെ ശ്രദ്ധേയമാണ്, വടക്കന്‍ കേരളത്തിലെ ഒരു കുറ്റകൃത്യം സംബന്ധിച്ച കേരള ഹൈക്കോടതിവിധിയിലെ പരാമര്‍ശം. ആ കേസ് ബൈജു പൗലോസിനെ പോലുള്ള ഉദ്യോഗസ്ഥരെ വച്ച് അന്വേഷിപ്പിക്കണമെന്ന ഹൈക്കോടതിയുടെ നിര്‍ദേശം കേരളത്തിലെ ഒരു പോലീസ് ഉദ്യോഗസ്ഥനു ലഭിക്കാവുന്ന വലിയൊരു അംഗീകാരമാണ്.

2016 മെയ് മാസമൊടുവില്‍, പെരുമ്പാവൂര്‍ ജിഷ വധക്കേസിലെ അന്വേഷണസംഘത്തില്‍ തന്നെ നിയോഗിച്ചു കൊണ്ടുള്ള ഉത്തരവിറങ്ങുന്നതിനു ഒരാഴ്ച മുമ്പ് ബൈജു തന്‍റെ ഇടവകയായ മുപ്പത്തടം ഹോളി എഞ്ജല്‍സ് പള്ളി വികാരിക്ക് ഒരുറപ്പു കൊടുത്തിരുന്നു. മെയ് അവസാന വാരം മുതല്‍ ഇടവകയിലെ മതബോധന ഹെഡ്മാസ്റ്ററായി പ്രവര്‍ത്തിച്ചുകൊള്ളാമെന്നതായിരുന്നു അത്. വികാരിക്കു വാക്കു കൊടുക്കുമ്പോള്‍ സ്പെഷല്‍ ബ്രാഞ്ചില്‍ ഇന്‍സ്പെക്ടറായിരുന്നു ബൈജു. വേണമെങ്കില്‍ ഞായറാഴ്ചകളിലൊക്കെ ഒഴിവെടുക്കാവുന്ന ജോലിയാണത്. അതു മനസ്സില്‍ വച്ചുകൊണ്ടാണ് ഞായറാഴ്ചകളില്‍ മതബോധനരംഗത്തു പ്രവര്‍ത്തിക്കാമെന്നു കരുതിയത്. പക്ഷേ ഹെഡ്മാസ്റ്റര്‍ സ്ഥാനം ഏറ്റെടുക്കുന്നതിന് ഒരാഴ്ച മുമ്പ് സ്പെഷല്‍ ബ്രാഞ്ചില്‍നിന്നു പെരുമ്പാവൂര്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടറായി നിയമനം ലഭിച്ചു. ഇടവേളകളില്ലാത്ത ഉത്തരവാദിത്വമാണ് ക്രമസമാധാന ചുമതലയുള്ള ഇന്‍സ്പെക്ടറുടേത്. ഹെഡ്മാസ്റ്ററാകാമെന്ന വാക്കു മാറ്റാമെന്നു കരുതി. വികാരി പക്ഷേ, വിസമ്മതിച്ചു. ദൗത്യനിര്‍വഹണത്തിനു വികാരിയുടെയും സ്റ്റാഫിന്‍റെയും പൂര്‍ണസഹകരണം വാഗ്ദാനം ചെയ്യപ്പെട്ടു. ഒറ്റയ്ക്ക് ഉത്തരവാദിത്വം നിറവേറ്റുക സാദ്ധ്യമല്ലെന്നുറപ്പിച്ചുകൊണ്ടുതന്നെ ഹെഡ്മാസ്റ്ററായി ചുമതലയേറ്റു. പക്ഷേ അക്കൊല്ലം, രണ്ടോ മൂന്നോ ഞായറാഴ്ചകളില്‍ മാത്രമേ സണ്‍ഡേസ്കൂളില്‍ നിന്നു മാറി നില്‍ക്കേണ്ടതായി വന്നുള്ളൂ. അതിനെ ഒരു ദൈവികപദ്ധതിയായി കാണുകയാണു ബൈജു.

സങ്കീര്‍ണമായ അന്വേഷണപ്രക്രിയകള്‍ക്കൊടുവില്‍ ജിഷ വധക്കേസിലെ പ്രതിയെ പിടികൂടി ആശ്വസിക്കുമ്പോഴേയ്ക്കും അടുത്ത കേസെത്തി. പ്രമുഖനടി നഗരമദ്ധ്യത്തില്‍ ക്രൂരമായി ആക്രമിക്കപ്പെട്ട സംഭവം. കേരളത്തെ ഞെട്ടിച്ച ആ കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്നു ബൈജു പൗലോസ്. കേരളം അതീവ ശ്രദ്ധാപൂര്‍വം വീക്ഷിച്ചുകൊണ്ടിരുന്ന കേസന്വേഷണവും അനന്തരനടപടികളും. രാപ്പകലില്ലാത്ത ജോലി. രഹസ്യസ്വഭാവം സൂക്ഷിക്കുന്നതിനു ഒരാളെ പോലും കൂട്ടാതെ സ്വയം ഡ്രൈവ് ചെയ്ത് നിരന്തരം യാത്ര ചെയ്തു അന്വേഷണങ്ങള്‍ നടത്തി. പക്ഷേ ആ തിരക്കിലും മതബോധന ഹെഡ്മാസ്റ്ററുടെ ഉത്തരവാദിത്വം നിറവേറ്റാന്‍ സാധിച്ചു. രാവെളുക്കുവോളം പോലീസ് ക്ലബ്ബില്‍ ചോദ്യം ചെയ്യലും ചര്‍ച്ചകളും ഉന്നതോദ്യോഗസ്ഥരുമൊത്തുള്ള മീറ്റിംഗുകളും കഴിഞ്ഞു നേരെ പള്ളിയില്‍ പോയി കുട്ടികളും അദ്ധ്യാപകരുമൊത്തു ഞായറാഴ്ചകള്‍ ഉച്ചവരെ ചിലവഴിച്ചു.

മാതൃ ഇടവകയായ മുരിങ്ങൂര്‍ സാന്‍ജോനഗറില്‍ 1995-ല്‍ മതാദ്ധ്യാപകനായി സേവനമാരംഭിച്ചതാണു ബൈജു പൗലോസ്. പോലീസില്‍ സബ് ഇന്‍സ്പെക്ടറായി ജോലി കിട്ടിയപ്പോള്‍ അതു നിറുത്തി വയ്ക്കേണ്ടി വരികയായിരുന്നു. മകന്‍ നിറുത്തിയപ്പോള്‍ അമ്മ റോസിലി പൗലോസ് മാച്ചാമ്പിള്ളി അവിടെ മതാദ്ധ്യാപികയായി സേവനം തുടങ്ങി. അടുത്ത വര്‍ഷം അമ്മ മതാദ്ധ്യാപനരംഗത്തു നിന്നു വിരമിക്കും. ബൈജുവിന്‍റെ ഭാര്യ, റോഡ്സ് ആന്‍ഡ് ബ്രിഡ്ജസ് കോര്‍പറേഷനില്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായ ബോബിയും മുപ്പത്തടത്തു മതാദ്ധ്യാപികയാണ്.

ബൈജുവും ബോബിയും പുതിയ തലമുറയുടെ സ്വഭാവരൂപീകരണത്തിലും വ്യക്തിത്വപരിശീലനത്തിലും പ്രത്യേക താത്പര്യമെടുക്കുന്നവരാണ്. സണ്‍ഡേസ്കൂള്‍ അദ്ധ്യാപകര്‍ ഞായറാഴ്ചകളില്‍ മാത്രമല്ല ആ ജോലി ചെയ്യേണ്ടതെന്ന അഭിപ്രായം ഇരുവരും പങ്കുവയ്ക്കുന്നു. കുട്ടികളുമായി ഇടപെടേണ്ടി വരുമ്പോഴെല്ലാം, അവസരം കിട്ടുമ്പോഴും അവസരം ഉണ്ടാക്കിയും, കുട്ടികള്‍ക്കു ധാര്‍മ്മികബോധനം നല്‍കാന്‍ അവര്‍ ശ്രമിക്കുന്നു. അതിനു ജാതിയും മതവും ഭേദമില്ല. നല്ലതു പറഞ്ഞുകൊടുക്കുക, പരിശീലിപ്പിക്കുക, നല്ല മനുഷ്യരാകാന്‍ സഹായിക്കുക എന്നതാണു ലക്ഷ്യം. ഈ കാലത്ത് അത് പ്രത്യേകമായ വിധത്തില്‍ ആവശ്യമാണെന്ന് പോലീസിലെ ജോലിയില്‍ നിന്നു ലഭിച്ച വിപുലമായ അനുഭവങ്ങള്‍ വച്ചു ബൈജു പറഞ്ഞു. കുറ്റകൃത്യങ്ങള്‍ നടന്നിട്ടു പ്രതികളെ കണ്ടെത്തുകയല്ല, കുറ്റകൃത്യങ്ങള്‍ നടക്കാത്ത സാഹചര്യം സൃഷ്ടിക്കുകയാണല്ലോ ആവശ്യം.

മതബോധനവിദ്യാര്‍ത്ഥിയായിരുന്നതും തുടര്‍ന്ന് അദ്ധ്യാപകനായതും തന്‍റെ വ്യക്തിത്വരൂപീകരണത്തെ സഹായിച്ചിട്ടുണ്ടെന്നു ബൈജു പൗലോസ് പറഞ്ഞു. "പോലീസില്‍ ചേരുന്നതിനു മുമ്പ് ചെയ്തിരുന്ന ഓഡിറ്റിംഗ് ജോലിയുടെ ഭാഗമായി ശനിയാഴ്ചകളില്‍ ഇടുക്കിയിലെ ദുര്‍ഗമപ്രദേശത്തുള്ള ഒരു എസ്റ്റേറ്റില്‍ പോകേണ്ടതുണ്ടായിരുന്നു. അവിടത്തെ ജോലി കഴിയുമ്പോള്‍ രാത്രി 8 കഴിയും. അവിടെ താമസിച്ചു പിറ്റേന്നു പോരാനുള്ള എല്ലാ സുഖസൗകര്യങ്ങളുമുള്ള ബംഗ്ലാവ് ലഭ്യമാണ്. പക്ഷേ മതബോധനമുള്ളതുകൊണ്ട് ജീപ്പിലും അടിമാലിയില്‍ നിന്നു മീന്‍ലോറിയിലും കയറി ഞാന്‍ വീട്ടിലെത്തുമായിരുന്നു. മതബോധനം ഉള്ളതുകൊണ്ടു മാത്രം. ഇതെല്ലാം എന്‍റെ വ്യക്തിത്വത്തെ അറിഞ്ഞും അറിയാതെയും രൂപാന്തരപ്പെടുത്തുകയും രൂപീകരിക്കുകയും ചെയ്തിട്ടുണ്ട്."

ബൈജുവും ബോബിയും ജപമാലയോടു പ്രത്യേക ഭക്തി പുലര്‍ത്തുന്നവരാണ്. തൊഴില്‍ ജീവിതത്തിലെയും വ്യക്തിജീവിതത്തിലെയും പ്രതിസന്ധികളെ നേരിടുന്നതിനും ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനും ജപമാലയര്‍പ്പണം തന്നെ സഹായിച്ചിട്ടുള്ളതായി ബൈജു പറയുന്നു. കുടുംബപ്രാര്‍ത്ഥനയുടെ ഭാഗമായി മാത്രമല്ല ജപമാല അര്‍പ്പിച്ചു വരുന്നത്. യാത്രയ്ക്കിടയിലും ഒഴിവുനേരങ്ങളിലും അതതു സമയങ്ങളിലെ നിയോഗങ്ങള്‍ക്കായി ജപമാലകള്‍ ചൊല്ലി സമര്‍പ്പിക്കുന്ന തങ്ങളുടെ പതിവിനെക്കുറിച്ചു സണ്‍ഡേസ്കൂളിലെ കുട്ടികളോടും പങ്കുവയ്ക്കാറുണ്ട്. നിരവധി കുട്ടികള്‍ അതു മാതൃകയാക്കുകയും ചെയ്യുന്നു.

പുതിയ തലമുറയിലെ കുട്ടികളുടെ വഴിതെറ്റലുകളെക്കുറിച്ചുള്ള ധാരാളം അനുഭവങ്ങള്‍ പോലീസ് ജോലിയില്‍ ഉണ്ടാകുന്നുണ്ടെന്നു ബൈജു പറഞ്ഞു. "സ്റ്റേഷനുകളില്‍ വരുന്ന എല്ലാ കേസുകളും വാര്‍ത്തകളാകാറില്ല. യഥാര്‍ത്ഥ സ്ഥിതി വളരെ സങ്കീര്‍ണവും ആശങ്കാകുലവുമാണ്. ആഡംബരജീവിതത്തിനുവേണ്ടിയുള്ള പിടിച്ചുപറിയും മയക്കുമരുന്നും മുതല്‍ റിമോട്ട് കിട്ടാത്തതിന് ആത്മഹത്യവരെയുള്ള കേസുകള്‍. മൊബൈല്‍ ഫോണും ഇന്‍റര്‍നെറ്റും ഒരുക്കുന്ന ചതിക്കെണികളില്‍ വീഴുന്നവര്‍. ഒരു പ്രൊഫഷണല്‍ കോളേജിലെ അവസാനവര്‍ഷവിദ്യാര്‍ത്ഥികള്‍ സ്വകാര്യമായി നടത്തുന്ന ഫെയര്‍ വെല്‍ പാര്‍ട്ടിയെക്കുറിച്ചു പരാതി ലഭിച്ചതനുസരിച്ചു ചെന്നപ്പോള്‍ കണ്ട രംഗങ്ങള്‍, അവിടെ നിന്നു പിടിച്ചെടുത്ത ലാപ്ടോപ്പിലെ ഫോട്ടോകള്‍. മയക്കുമരുന്നിന്‍റെ പല വകഭേദങ്ങള്‍ ഉപയോഗിക്കുകയും ഉപയോഗിക്കാന്‍ ശീലിപ്പിക്കുകയും ചെയ്യുന്ന കുട്ടികള്‍. ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഭേദമില്ല. ഇതെല്ലാം നമ്മുടെ കുട്ടികള്‍ ചെന്നുചേരുന്ന പുറംലോകം എങ്ങനെയെന്ന ചിത്രമാണു നല്‍കുന്നത്."

മതബോധനമെല്ലാം നല്‍കിയിട്ടും നമ്മുടെ കുട്ടികള്‍ എന്തുകൊണ്ട് ഇങ്ങനെയാകുന്നു എന്ന ചോദ്യത്തിനുത്തരമായി ബൈജു പറയുന്നു, "മതബോധനസ്കൂളില്‍ കുട്ടികളെ കിട്ടുന്നത് ഒരു മണിക്കൂര്‍ മാത്രമാണ്. അതിനു പരിമിതികളുണ്ട്. പുറത്തുള്ള ലോകം എപ്പോഴും കുട്ടികളെ കരുതുകയും നല്ല വഴിയ്ക്കു നയിക്കുകയും ചെയ്യുകയില്ല, കഴിയുമെങ്കില്‍ കബളിപ്പിക്കുകയും വഴി തെറ്റിക്കുകയും ചെയ്യും. അതിനെ കരുതിയിരിക്കണം. ഈ ബോദ്ധ്യം കുട്ടികള്‍ക്കു പകരാന്‍ നമുക്കു സാധിക്കണം. അതിനാണു സണ്‍ഡേസ്കൂളുകളില്‍ നാം ശ്രമിക്കേണ്ടത്."

മതബോധന പാഠ്യപദ്ധതിയിലെ കാര്യങ്ങള്‍ മാത്രം പഠിപ്പിക്കുന്നതുകൊണ്ടു കാര്യമില്ല എന്നതാണു വസ്തുതയെന്നു ബൈജു വ്യക്തമാക്കി. "പാഠ്യപദ്ധതിയില്‍ ഒരുപാടു കാര്യങ്ങള്‍ ഉള്‍പ്പെടുത്തുന്നതും പ്രായോഗികമല്ല. അദ്ധ്യാപകര്‍ക്കു തുടര്‍ച്ചയായി പരിശീലനവും അവബോധവും നല്‍കിക്കൊണ്ടിരിക്കുക എന്നതാണ് ആവശ്യം. മാറിക്കൊണ്ടിരിക്കുന്ന കാലത്തെക്കുറിച്ച് യഥാസമയം അറിഞ്ഞുകൊണ്ടിരിക്കുന്നവരാകണം മതാദ്ധ്യാപകര്‍. അതനുസരിച്ചു കാര്യങ്ങള്‍ കുട്ടികള്‍ക്കു പറഞ്ഞു കൊടുക്കാന്‍ അവര്‍ക്കു കഴിയണം. സണ്‍ഡേസ്കൂളില്‍ സിലബസിലെ കാര്യങ്ങള്‍ പകുതി സമയം മാത്രമേ പഠിപ്പിക്കേണ്ടതുള്ളൂ എന്നാണ് എന്‍റെ അഭിപ്രായം. ബാക്കി സമയം നിത്യജീവിതത്തെ ബാധിക്കുന്നതും ആനുകാലിക സംഭവവികാസങ്ങളുമായി ബന്ധപ്പെട്ടതുമായ കാര്യങ്ങള്‍ അവരുമായി ചര്‍ച്ച ചെയ്യുകയാണു വേണ്ടത്. അവയെല്ലാം കുട്ടികളുടെയും മാതാപിതാക്കളുടേയും ശ്രദ്ധയില്‍പെടുത്തണം. അതിനു മതാദ്ധ്യാപകര്‍ സജ്ജരായിരിക്കണം. അനുദിനം നവീകരിക്കപ്പെടുന്നവരാകണം അവര്‍. പാഠ്യപദ്ധതികളേക്കാള്‍ അദ്ധ്യാപകരുടെ പരിശീലനപരിപാടികള്‍ക്കായിരിക്കണം വിശ്വാസപരിശീലനത്തില്‍ പ്രാമുഖ്യം എന്നാണു ഞാന്‍ കരുതുന്നത്" – ബൈജു വിശദീകരിച്ചു.

-സ്റ്റാഫ് റിപ്പോര്‍ട്ടര്‍

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org