വിശ്വാസ പരിശീലനം-ചില യാഥാര്‍ത്ഥ്യങ്ങള്‍

വിശ്വാസ പരിശീലനം-ചില യാഥാര്‍ത്ഥ്യങ്ങള്‍

ജോണി കിഴക്കൂടന്‍

കത്തോലിക്കാ സഭ കുട്ടികളുടെ വിശ്വാസ പരിശീലനത്തിന് വലിയ പ്രാധാന്യമാണ് നല്‍കിപോരുന്നത്. മുമ്പ് പത്തു കൊല്ലമായിരുന്നു ഔപചാരിക വിശ്വാസ പരിശീലന കാലാവധി. പിന്നീടത് പന്ത്രണ്ടു കൊല്ലമായും ഇപ്പോള്‍ പതിനഞ്ചു കൊല്ലമായും വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. പന്ത്രണ്ടു വര്‍ഷത്തെ വിശ്വാസ പരിശീലനം എല്ലാവരും തന്നെ സ്വായത്തമാക്കുന്നുണ്ട്. പക്ഷേ പിന്നീട് ഇവരുടെ ജീവിതം സഭയിലും സഭയുടെ അനുഷ്ഠാനങ്ങളിലും തങ്ങളുടെ അനുദിന ജീവിതത്തിലും എപ്രകാരമാണെന്ന് അധികമാരും അന്വേഷിക്കാറില്ലെന്നതാണ് വാസ്തവം. അഥവാ അതാതു കാലത്തെ വികാരിയച്ചന്മാര്‍ ആവര്‍ത്തിച്ചാവശ്യപ്പെട്ടാലും വലിയ മാറ്റമൊന്നും ഉണ്ടാകാറുമില്ല. പന്ത്രണ്ടു കൊല്ലം വിശ്വാസപരിശീലനം പൂര്‍ത്തിയാക്കിയ ഒരു യുവാവ് ഇടവക പ്രതിനിധി യോഗത്തില്‍ പറഞ്ഞത് ഇപ്രകാരം "ബൈബിളിലെല്ലാം തെറ്റാണ്." പത്തുകൊല്ലത്തെ വിശ്വാസ പരിശീലനം പൂര്‍ത്തിയാക്കി കുറെക്കാലം വേദപാഠം അദ്ധ്യാപകനായി സേവനം ചെയ്ത ഒരു മദ്ധ്യ വയസ്കന്‍ പ്രതിനിധി യോഗത്തില്‍ പ്രതികരിച്ചതിങ്ങനെ: "കര്‍ത്താവാണ് ലോകത്തിലെ ആദ്യത്തെ വാറ്റുകാരന്‍."

ഇതെല്ലാം ഒറ്റപ്പെട്ട സംഭവങ്ങളാണെന്ന് പറഞ്ഞ് തള്ളിക്കളയേണ്ടതല്ല. ഇടവക സമൂഹത്തിലെ കുറെ പേരെയെങ്കിലും പ്രതിനിധീകരിക്കുന്നുണ്ട് മുകളില്‍ സൂചിപ്പിച്ച വ്യക്തികള്‍.

ഈ പുതുഞായറാഴ്ച ഒരിടവകയില്‍ കുട്ടികളുടെ കുര്‍ബാനയില്‍ (രാവിലെ 9.15-ന്) സംബന്ധിക്കാനിടയായി. വേദപാഠം അവധിയായതിനാലാകണം, ആയിരത്തിലധികം കുട്ടികള്‍ വേദപാഠം പഠിക്കുന്ന ആ ഇടവകയില്‍ ആ കുര്‍ബാനയില്‍ കേവലം നൂറില്‍ താ ഴെ കുട്ടികളേ സംബന്ധിച്ചിരുന്നുള്ളൂ. അവരില്‍ ആണ്‍കുട്ടികളുടെ ഭാഗത്ത് കുര്‍ബാന പുസ്തകം കയ്യിലുള്ളവര്‍ ആരും തന്നെയില്ല. പെണ്‍കുട്ടികളില്‍ ഏതാനും ചെറിയ കുട്ടികളുടെ കൈയില്‍ പുസ്തകമുണ്ടായിരുന്നു. ചിലര്‍ തമാശയായി ഇപ്രകാരം പറയുന്നത് കേട്ടിട്ടുണ്ട്, "ഒന്നാം ക്ലാസ്സില്‍ പഠിക്കുന്നവരെ അള്‍ത്താരയോടു ഏറ്റവും അടുത്തു നിറുത്തും. ഓരോ ക്ലാസ്സു കയറ്റത്തോടുമൊപ്പം കുട്ടിയെ അള്‍ത്താരയില്‍ നിന്ന് ഓരോ ചുവട് പിന്നിലേയ്ക്ക് മാറ്റും. അവസാനം പന്ത്രണ്ടാം ക്ലാസ്സ് കഴിയുന്നതോടെ അവരില്‍ വളരെപേരും കൊടിമരച്ചുവട്ടിലും മുറ്റത്തെ കല്‍കുരിശിനു ചുറ്റിപ്പറ്റിയുമായിരിക്കും." ഇത് തീര്‍ത്തും അതിശയോക്തിയാണെന്ന് പറയാന്‍ കഴിയില്ല. 1965 മുതല്‍ 2012 വരെ വിശ്വാസ പരിശീലന പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിട്ടുള്ള ലേഖകനറിയാം ഇതില്‍ കുറേയേറെ യാഥാര്‍ത്ഥ്യമുണ്ടെന്ന്. കാരണം ലേഖകന്‍റെ തന്നെ പൂര്‍വ്വ വിദ്യാര്‍ത്ഥികളില്‍ ചിലരെങ്കിലും ദൈവാലയത്തിന്‍റെ മുന്‍വശത്തെ ചവിട്ടുപടികളില്‍ (ഗാലറിയിലെന്ന പോലെ) അള്‍ത്താരയ്ക്ക് പുറംതിരിഞ്ഞ് റോഡിലേക്ക് നോക്കിയിരുന്നാണ് വിശുദ്ധ കുര്‍ബാനയില്‍ സംബന്ധിക്കുന്നത്. ലേഖകന്‍ പറഞ്ഞുവരുന്നത് ഇന്നത്തെ വിശ്വാസപരിശീലനം കേവലം അറിവിന്‍റെ തലത്തില്‍ നിന്നും അനുഭവത്തിന്‍റെ തലത്തിലേയ്ക്ക് വളരാന്‍ കുട്ടികളെ പ്രാപ്തരാക്കുന്നില്ലെന്നാണ്. ഇതിന് അദ്ധ്യാപകരെ മാത്രം പഴി പറഞ്ഞതുകൊണ്ട് കാര്യമില്ല. കുറെ വസ്തുതകള്‍ കുട്ടികളുടെ തലച്ചോറിലേയ്ക്ക് അടിച്ചു കയറ്റുക എന്നതിനേക്കാളുപരി യഥാര്‍ത്ഥ ക്രൈസ്തവജീവിതം നയിക്കാന്‍ അവരെ പ്രാപ്തരാക്കുന്ന രീതിയിലേയ്ക്ക് വിശ്വാസ പരിശീലന രീതികള്‍ മാറണം. അതിന് ആദ്യം വേണ്ടത് യഥാര്‍ത്ഥ ക്രൈസ്തവജീവിതം നയിക്കുന്നവരുടെ സാക്ഷ്യങ്ങളാണ്. മാതാപിതാക്കളിലും മുതിര്‍ന്ന സഹോദരങ്ങളിലും അദ്ധ്യാപകരിലും ഇടവക സമൂഹത്തിലും ഈ ജീവിത സാക്ഷ്യത്തിന്‍റെ അഭാവമാണ് വിശ്വാസപരിശീലനത്തിന്‍റെ ഏറ്റവും വലിയ പ്രതിസന്ധി. അന്‍പതോ അറുപതോ വര്‍ഷങ്ങള്‍ക്കു മുമ്പുള്ള തലമുറ അറിവിന്‍റെ തലത്തില്‍ വളരെ പിന്നിലായിരുന്നെങ്കിലും വിശ്വാസത്തിന്‍റെ കാര്യത്തില്‍ വളരെ മുന്നിലായിരുന്നു.

ഈ വിശ്വാസം ജീവിതത്തിന്‍റെ സമസ്ത മേഖലകളിലും അനുദിനജീവിതത്തില്‍ അവര്‍ പ്രായോഗികമാക്കിയിരുന്നു. ഞാനോര്‍ക്കുന്നു എന്‍റെ കുട്ടിക്കാലം. ഉറങ്ങുമ്പോഴും ഉണരുമ്പോഴും പഠിക്കുമ്പോഴും ഭക്ഷണം കഴിക്കുമ്പോഴും മരുന്ന് കഴിക്കുമ്പോഴും ജോലി തുടങ്ങുമ്പോഴും അവസാനിക്കുമ്പോഴും എല്ലാം പ്രാര്‍ത്ഥിക്കുകയും പ്രാര്‍ത്ഥിക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്യുന്ന മാതാപിതാക്കള്‍ ഇന്നില്ലാതെ പോയിരിക്കുന്നതും അതാണ്. ജീവിക്കുന്ന വിശ്വാസം. പുസ്തകചുരുളുകളിലൊതുങ്ങാത്ത, അനുദിനജീവിതത്തിലനുഭവിച്ചറിയേണ്ട ഒന്നായിരിക്കണം നമ്മുടെ വിശ്വാ സം. അതിന് പാഠ്യപദ്ധതി മാത്രം മാറ്റിയാല്‍ പോര. നമ്മളോരോരുത്തരും മാതാപിതാക്കളും മതാദ്ധ്യാപകരും സഭാ നേതൃത്വവും നമ്മുടെ സ്ഥാപനങ്ങളുമെല്ലാം അടുത്ത തലമുറയ്ക്ക് അനുകരണീയമായ മാതൃകകളായി മാറണം. നമ്മുടെ ആഘോഷങ്ങള്‍ വ്യക്തിതലത്തിലും കുടുംബതലത്തിലും സമൂഹതലത്തിലും ഇടവകതലത്തിലും ക്രൈസ്തവീകതയ്ക്കനുയോജ്യമായിരിക്കണം. രാജ്യത്തിന്‍െറ നിയമങ്ങള്‍ പാലിക്കാത്ത വരുമാന മാര്‍ഗ്ഗങ്ങളോ പ്രവര്‍ത്തന മേഖലകളോ വ്യക്തിതലത്തിലോ സഭാതലത്തിലോ നമുക്കുണ്ടാകരുത്. ആണ്ടുവട്ടത്തിലെ ഏതാനും ആഘോഷങ്ങള്‍ക്കുമപ്പുറം ക്രൈസ്തവ ജീവിതത്തിനു പ്രസക്തിയും മൂല്യവുമുണ്ടെന്ന ഉള്‍ക്കാഴ്ചയാണ് അടുത്ത തലമുറയ്ക്ക് കൈമാറേണ്ടത്. 'സമൃദ്ധിയുടെ' സുവിശേഷത്തേക്കാളുപരി സഹനത്തിന്‍റെ, അതും അപരനുവേണ്ടിയുള്ള സഹനത്തിന്‍റെ, മൂല്യത്തെക്കുറിച്ച് പുതിയ തലമുറയില്‍ ബോദ്ധ്യം വളര്‍ത്തണം. അതിനാദ്യം നമുക്കും ആ ബോധ്യമുണ്ടാകണം. ഉള്ളവനേ കൊടുക്കാനാകൂ.

വിശ്വാസപരിശീലനത്തിന്‍റെ ആദ്യപാഠം അതാണ്. നിര്‍ഭാഗ്യവശാല്‍ ഇന്നെവിടെയും പ്രസംഗിക്കപ്പെടുന്നത് സമൃദ്ധിയുടെ സുവിശേഷമാണ്. അതുകൊണ്ട് സമൃദ്ധിയില്ലാത്തിടത്ത് ദൈവമില്ലെന്നും അവിടം ശപിക്കപ്പെട്ടതാണെന്നുമുള്ള തെറ്റായ നിഗമനത്തിലാണ് ആധുനിക വിശ്വാസസമൂഹം എത്തിച്ചേരുന്നത്. അവരെ സംബന്ധിച്ചിടത്തോളം വിശ്വാസമെന്നത് ഈ സമൃദ്ധി കൈവരിക്കാന്‍ മാത്രമുള്ളതാണ്. അതുകൊണ്ട് ഇതു നേടിക്കഴിഞ്ഞാല്‍ പിന്നെ വിശ്വാസത്തിന് പ്രസക്തിയില്ലാതാകുന്നു. ഇത് നേടാന്‍ കഴിയാതെ വരുമ്പോള്‍ നിരാശരായി ഒന്നുകില്‍ വിശ്വാസമുപേക്ഷിക്കുന്നു. അല്ലെങ്കില്‍ അതിന്‍റെ കാരണമന്വേഷിച്ച് ഏതെങ്കിലും തെറ്റായ പഠനങ്ങളുടെ പിന്നാലെ പോകുന്നു. അങ്ങനെ അവര്‍ സഭയിലൂടെയും സഭയില്‍ പരികര്‍മ്മം ചെ യ്യപ്പെടുന്ന കൂദാശകളിലൂടെയും സ്വന്തമാക്കേണ്ട ദൈവകരുണയില്‍ നിന്നും അകറ്റപ്പെടുന്നു. അത്ഭുതങ്ങളില്ലാത്തിടത്ത് ദൈവസാന്നിധ്യമില്ലെന്ന തെറ്റായ വിശ്വാസത്തിനടിമകളായിത്തീരുന്ന ഇവര്‍ക്ക് സഭയുടെ ആരാധനാനുഷ്ഠാനങ്ങള്‍ അരോചകമായി തോന്നുന്നു. സാമൂഹികമായ ആവശ്യങ്ങള്‍ക്കുവേണ്ടി മാത്രം ആരാധനാനുഷ്ഠാനങ്ങളില്‍ പങ്കെടുക്കുന്ന ഇവര്‍ തികച്ചും നിഷ്ക്രിയരായി നിര്‍വ്വികാരതയോടെ നില്ക്കുന്നു. ഇതാണ് മിക്കവാറും എല്ലായിടത്തും അവസ്ഥ. ഇതിനൊരു മാറ്റമുണ്ടാകണമെങ്കില്‍ കാലഘട്ടത്തിനനുസൃതമായി വിശുദ്ധ ഗ്രന്ഥം, സഭ, കൂദാശകള്‍, ആരാധന അഥവാ പ്രാര്‍ത്ഥന എന്നിവയെക്കുറിച്ച് അടിസ്ഥാനപരമായ കാര്യങ്ങള്‍ പഠിപ്പിക്കണം. അത് അനുദിനജീവിതത്തില്‍ പ്രായോഗികമാക്കുന്നതിലൂടെ ലഭിക്കുന്ന ആത്മീയ സന്തോഷം അനുഭവിക്കാന്‍ പ്രാപ്തരാക്കുന്നതായിരിക്കണം നമ്മുടെ വിശ്വാസ പരിശീലനരീതി. വെക്കേഷന്‍ കാലത്ത് പുസ്തകം ഉപേക്ഷി ച്ച് നിര്‍വികാരരായി വിശുദ്ധ കുര്‍ബാനയില്‍ സംബന്ധിക്കുന്നവര്‍ തുടര്‍ന്നുള്ള ജീവിതത്തില്‍ വിശുദ്ധ കുര്‍ബാനയുടേയും മറ്റു കൂദാശകളുടേയും മഹത്ത്വം തിരിച്ചറിഞ്ഞ് ജീവിക്കുമെന്ന് കരുതുന്നത് തികച്ചും മൗഢ്യം തന്നെയാണ്. ഇന്ന് കൂദാശകള്‍ സ്വീകരിക്കുമ്പോള്‍ അതിന്‍റെ ആത്മീയാനുഭവത്തേക്കാള്‍ അതിന്‍റെ ആഘോഷത്തിലെ ആര്‍ഭാടങ്ങള്‍ക്കാണ് പ്രാധാന്യം കൊടുക്കുന്നത്. മാമ്മോദീസ മുതല്‍ വിവാഹമുള്‍പ്പെടെയുള്ള കൂദാശകള്‍ സ്വീകരിക്കുന്നത് എത്ര ലാഘവബുദ്ധിയോടെയാണ്! വിവാഹമുള്‍പ്പെടെയുള്ള എല്ലാ കൂദാശകളും തുല്യപ്രാധാന്യമുള്ളതാണെന്നും മതിയായ ഒരുക്കത്തോടും വിശുദ്ധിയോടും കൂടെ വേണം ഏതു കൂദാശയും സ്വീകരിക്കാനുമെന്നുമുള്ള അവബോധം നല്‍കാന്‍ നമുക്ക് കഴിയാതെ പോകുന്നു. വിവാഹം ഒരു കൂദാശയാണെന്ന തിരിച്ചറിവ് നഷ്ടപ്പെട്ടതാണ് വിവാഹമോചനങ്ങളുടെ വര്‍ദ്ധനയുടെ ഒരു കാരണം. അതുകൊണ്ട് മുമ്പ് പറഞ്ഞതു പോലെ ക്രൈസ്തവജീവിതത്തിന്‍റെ അടിസ്ഥാനശിലകളായ വിശുദ്ധഗ്രന്ഥം, വിശുദ്ധ കൂദാശകള്‍, ആരാധന അഥവാ വിശുദ്ധ കുര്‍ബാന, മറ്റു പ്രാര്‍ത്ഥനകള്‍, വിശുദ്ധ കത്തോലിക്കാസഭ എന്നിവയെ കുറിച്ച് ആഴമായ ബോധ്യം നല്കുന്നതാകണം വിശ്വാസ പരിശീലനം. പെന്തക്കുസ്താ സ്മരണകളിലൂടെ കടന്നുപോയ ഈ പുതിയ ദിനങ്ങളില്‍ അദ്ധ്യയന വര്‍ഷത്തിലേക്കു പ്രവേശിച്ച നമ്മുടെ ചിന്തയില്‍ ഇക്കാര്യങ്ങളുണ്ടാകട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org