വിശ്വസിച്ചാൽ വിജയം

വിശ്വസിച്ചാൽ വിജയം

പണ്ടുപണ്ട് ഒരിടത്ത് ഒരു ചെറിയ രാജ്യമുണ്ടായിരുന്നു. ചെറിയ രാജ്യത്തിനു ചെറിയ ഒരു പട്ടാളവുമുണ്ടായിരുന്നു. ചെറിയ പട്ടാളത്തെ നയിക്കാനോ വലിയ ഒരു ജനറലുമുണ്ടായിരുന്നു. ബുദ്ധിശക്തിയിലും ആത്മവിശ്വാസത്തിലുമായിരുന്നു ജനറലിന്‍റെ വലിപ്പം; ശരീരത്തിനല്ലായിരുന്നു.

ഒരിക്കല്‍ ഈ ജനറലിന് അടുത്തുള്ള രാജ്യവുമായി യുദ്ധം ചെയ്യേണ്ടി വന്നു. തന്‍റെ പട്ടാളത്തെയും നയിച്ചുകൊണ്ടു ജനറല്‍ നടന്നു. പകുതി വഴിയെത്തിയപ്പോള്‍ അവിടെ ഒരു ദേവാലയം കണ്ടു. അദ്ദേഹവും പട്ടാളക്കാരും അവിടെ പ്രാര്‍ത്ഥിച്ചു. എന്നിട്ട് അദ്ദേഹം പോക്കറ്റില്‍ നിന്നും ഒരു നാണയം പുറത്തെടുത്തു പിടിച്ചു. തന്‍റെ ചുറ്റും കൂടിനിന്ന പട്ടാളക്കാരോടു പറഞ്ഞു: "പ്രിയപ്പെട്ടവരേ, നാം യുദ്ധത്തിനു പുറപ്പെട്ടിരിക്കുകയാണ്. നമ്മുടെ എതിരാളികള്‍ ശക്തരാണ്. നമ്മുടെ ഇരട്ടി വരുന്ന പട്ടാളമാണ് അവരുടേത്. അതിനാല്‍ നമ്മള്‍ ജയിക്കുമോ? എന്‍റെ ചില സുഹൃത്തുക്കള്‍ അങ്ങനെ സംശയം ചോദിക്കുന്നത് ഞാന്‍ കേട്ടു. ഇതാ ഒരു നാണയം. ഞാന്‍ പ്രാര്‍ത്ഥിച്ചുകഴിഞ്ഞു. ഈ ദേവാലയമുറ്റത്ത് ഇനി ഈ നാണയം ഇട്ടുനോക്കുകയാണ്. തലയാണു മുകളില്‍ വരുന്നതെങ്കില്‍ നമ്മള്‍ ജയിക്കും; വാലാണെങ്കില്‍ നമ്മള്‍ നശിക്കും. നമുക്കു നോക്കാം."

ജനറല്‍ നാണയം മുകളിലേക്കു ചുറ്റിയെറിഞ്ഞു. അത് ഉയര്‍ന്നു. പിന്നെ താണു വന്നു നിലത്തു വീണു. ഹായ്! തല തന്നെ മുകളില്‍. എല്ലാവര്‍ക്കും സന്തോഷമായി. തല; തല മുകളില്‍. നമ്മള്‍ ജയിക്കും. പട്ടാളക്കാര്‍ പരസ്പരം പറഞ്ഞു. ജനറല്‍ തലകുലുക്കി നാണയമെടുത്തു പോക്കറ്റിലിട്ടു പട്ടാളക്കാരെ മുന്നോട്ടു നയിച്ചു.

അവസാനം അവര്‍ അതിര്‍ത്തിയിലെത്തി. ശത്രുക്കളുടെ നേരെ പാഞ്ഞു ചെന്നു. ഉഗ്രമായ യുദ്ധം നടന്നു. എതിര്‍പട്ടാളം തോറ്റു കീഴടങ്ങി. ജനറല്‍ എതിരാളികള്‍ക്കു മാപ്പു കൊടുത്തു സമാധാനം സ്ഥാപിച്ചു.

തിരിച്ചു സ്വന്തം രാജ്യത്തെത്തിയ ജനറലിനോടു ഭാര്യ യുദ്ധവിശേഷങ്ങള്‍ തിരക്കി. അപ്പോള്‍ അദ്ദേഹം നാണയമിട്ടു വിജയിക്കുമോ എന്നു നോക്കിയ കഥ പറഞ്ഞു. എന്നിട്ടു പോക്കറ്റില്‍ കിടന്ന നാണയം എടുത്തു ഭാര്യയെ കാണിച്ചു. ഭാര്യ നാണയം തിരിച്ചും മറിച്ചും നോക്കി. അന്തംവിട്ടു നിന്നു! അതിന്‍റെ ഇരുവശത്തും തലയായിരുന്നു! ജനറല്‍ അപ്പോള്‍ പൊട്ടിച്ചിരിച്ചുകൊണ്ടു പറഞ്ഞു:

"ആത്മവിശ്വാസമാണു വിജയത്തിലേക്കു നയിക്കുന്നത്. നാണയമിട്ടു തല മുകളില്‍ വന്നതു ഞാന്‍ പട്ടാളക്കാരെ കാണിച്ചു. അതോടെ അവര്‍ക്കു വിജയിക്കും എന്നു വിശ്വാസമായി. ഞങ്ങള്‍ വിജയിക്കുകയും ചെയ്തു."

"വിശ്വാസമാണു വിജയത്തിന്‍റെ വഴി." നിന്‍റെ വിശ്വാസം നിന്നെ പൊറുപ്പിക്കും!

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org