വിശ്വാസപരിശീലനത്തില്‍ എന്തിനിത്രയും കാര്യങ്ങള്‍?

വിശ്വാസപരിശീലനത്തില്‍ എന്തിനിത്രയും കാര്യങ്ങള്‍?

ഷാജി മാലിപ്പാറ

(വിശ്വാസപരിശീലനത്തിന്‍റെ ഭാഗമായി നാം ചെയ്യുന്ന വിവിധ കാര്യങ്ങള്‍ സഭാപരമായും ലളിതമായും വിശകലനം ചെയ്യുന്ന ലേഖനം)

"ഞായറാഴ്ച വേദപാഠത്തിനു പോയാല്‍ എന്തെല്ലാം കാര്യങ്ങളാ? കുര്‍ബാന തുടങ്ങുംമുമ്പ് പള്ളിയിലെത്തണം. പ്രാര്‍ത്ഥനകള്‍ ഉറക്കെച്ചൊല്ലണം. കുര്‍ബാന സ്വീകരിക്കണം. കുര്‍ബാന കഴിഞ്ഞാല്‍ അസംബ്ലി. അതില്‍ കുറെ ഉപദേശം കേള്‍ക്കണം. വേദപാഠക്ലാസിലെത്തിയാല്‍ പാഠം പഠിക്കണം, നമസ്കാരം മനഃപാഠമാക്കണം, ബൈബിള്‍ഭാഗം പഠിക്കണം, പ്രാര്‍ത്ഥന ചൊല്ലണം. രോഗീസന്ദര്‍ശനം എന്നൊക്കെപ്പറഞ്ഞ് വേറെയുമുണ്ട് കാര്യങ്ങള്‍." ഇതു കുട്ടികളുടെ പരാതിയാണെങ്കില്‍, മാതാപിതാക്കള്‍ക്കും പരാതിയുണ്ട്: "ഞായറാഴ്ചയും കാലത്തെഴുന്നേറ്റ്, കുട്ടികളെ ഒരുക്കിയിറക്കി പള്ളിയില്‍ വിടണം. വൈകിയെത്താന്‍ സമ്മതിക്കില്ല, മുടങ്ങാനും സമ്മതിക്കില്ല. ഓരോരോ പേരില്‍ പലപല കാര്യങ്ങള്‍. എന്തിനാണാവോ ഇത്രയൊക്കെ ചെയ്തുകൂട്ടുന്നത്!"

വിശ്വാസപരിശീലനകാര്യങ്ങളെക്കുറിച്ച് ഇത്തരം പരാതികളുയരുന്നത് അതിനോടുള്ള താല്പര്യക്കുറവുകൊണ്ടു മാത്രമാണോ? അല്ലെന്നതാണ് വാസ്തവം. ഇതെല്ലാം എന്താണെന്നും എന്തിനാണെന്നും പലര്‍ക്കുമറിയില്ല. അത് നേരാംവണ്ണം അറിഞ്ഞാല്‍ത്തന്നെ മനോഭാവത്തില്‍ മാറ്റം വരും. വിശ്വാസപരിശീലനത്തോടുള്ള സമീപനത്തിലും ഗുണപരമായ വ്യത്യാസമുണ്ടാകും.

ക്രിസ്തീയവിശ്വാസപരിശീലനത്തിന് പ്രധാനമായും നാലു സ്തംഭങ്ങളുണ്ട്. അവ നാലും ചേര്‍ന്നാണ് ക്രിസ്തീയവിശ്വാസവും ക്രൈസ്തവസംസ്കാരവും തലമുറകളിലേക്ക് പകരുന്നത്. അവയെക്കുറിച്ച് മതബോധനവേദിയുമായി ബന്ധപ്പെടുന്ന ഏവരും അറിഞ്ഞിരിക്കേണ്ടതാണ്.

1. വിശ്വസിക്കാനുള്ള കാര്യങ്ങള്‍
നാമേവരും വിശ്വസിക്കേണ്ട ചില സംഗതികളുണ്ട്. സഭയുടെ അടിസ്ഥാനവിശ്വാസസത്യങ്ങളാണ് ഇവ. മറ്റൊരു വാക്കില്‍ പറഞ്ഞാല്‍ വിശ്വാസപ്രമാണം തന്നെ. ഏതു വേദപാഠ ക്ലാസിലും ഏറിയോ കുറഞ്ഞോ കു ട്ടികള്‍ക്ക് പകരുന്നത് ഇക്കാര്യങ്ങളാണ്. ദൈവം നമ്മുടെ പിതാവ്, യേശു നമ്മുടെ രക്ഷകന്‍, പരിശുദ്ധാത്മാവ് നമ്മുടെ സഹായകന്‍, സ്വര്‍ഗം നമ്മുടെ ലക്ഷ്യം – ഇക്കാര്യങ്ങളുടെ വിശദീകരണമോ വിപുലനമോ വ്യാഖ്യാനമോ ആണ് വിശ്വാസപരിശീലനവേദിയില്‍ സംഭവിക്കുന്നത്. ഇവ ശരിയായി പഠിക്കുകയും ഉറപ്പായി വിശ്വസിക്കുകയും ചെയ്യേണ്ടതാണ്.

2. പാലിക്കാനുള്ള കാര്യങ്ങള്‍
വിശ്വസിക്കുന്നതിന്‍റെ തുടര്‍ച്ചയായി നാം ചില കാര്യങ്ങള്‍ പാലിക്കാന്‍ കടപ്പെട്ടിരിക്കുന്നു. പത്തു കല്പനകളാണ് ഇവയില്‍ സര്‍വപ്രധാനം. അവ മനഃപാഠമാക്കിയാല്‍ പോരാ, പാലിക്കുകയും വേണം. ഉദാഹരണമായി 'കൊല്ലരുത്' എന്ന അഞ്ചാം പ്രമാണം, വിശാലാര്‍ത്ഥത്തില്‍ മറ്റുള്ളവരെ വളര്‍ത്താനുള്ള
നിര്‍ദ്ദേശം കൂടി ഉള്‍ക്കൊള്ളുന്നു. രോഗികളെ സന്ദര്‍ശിക്കാനും അഗതികളെ സഹായിക്കാനും ഒക്കെ നമുക്ക് കടമയുണ്ട്. വിശ്വാസപരിശീലനക്ലാസ്സുകളുടെ ഭാഗമായി ഇത് നാം പരിശീലിക്കുകയും പരിശീലിപ്പിക്കുകയും ചെയ്യുന്നു.

തിരുസ്സഭയുടെ അഞ്ചു ക ല്പനകളും പാലിക്കാനുള്ളവയില്‍ ഉള്‍പ്പെടുന്നു. അതില്‍ ആദ്യത്തേതിലെ നിര്‍ദ്ദേശമാണ് ഞായറാഴ്ചകളിലും കടപ്പെട്ട തിരുനാളുകളിലും മുഴുവന്‍ കുര്‍ബാനയില്‍ പങ്കുകൊള്ളണമെന്നത്. സമയം വൈകാതെ പള്ളിയില്‍വന്ന് ശരിയായി കുര്‍ബാനയില്‍ സംബന്ധിച്ച്, കുര്‍ബാന സ്വീകരിക്കുവാനുള്ള പരിശീലനം മതബോധനത്തിന്‍റെ ഭാഗമാകുന്നത് ഇതിനാലാണ്.

3. അനുഷ്ഠിക്കാനുള്ള കാര്യങ്ങള്‍
വിശ്വാസജീവിതത്തില്‍ നാം അനുഷ്ഠിച്ചുപോരേണ്ടവയാണിത്. ഏഴു കൂദാശകള്‍ ഇവയില്‍ മുഖ്യമാണ്. അതിനാല്‍ കൂദാശാജീവിതം വിശ്വാസപരിശീലനത്തിലെ സുപ്രധാനഭാഗമാണ്. കുരിശിന്‍റെ വഴി, പ്രദക്ഷിണം, നൊവേന തുടങ്ങിയ കൂദാശാനുകരണങ്ങളും വിശ്വാസികള്‍ അനുഷ്ഠിക്കുന്നവ തന്നെയാണ്. ഇക്കാര്യങ്ങളും ചെറുപ്പത്തില്‍ അഭ്യസിക്കാനും ജീവിതത്തിന്‍റെ ഭാഗമാക്കാനും മതബോധനം വഴിയൊരുക്കുന്നു.

4. പ്രാര്‍ത്ഥിക്കാനുള്ള കാര്യങ്ങള്‍ അഥവാ മാര്‍ഗങ്ങള്‍
നമ്മുടെ വിശ്വാസജീവിതം ഒരര്‍ത്ഥത്തില്‍ പ്രാര്‍ത്ഥനാജീവിതം കൂടിയാണല്ലോ. പ്രാര്‍ത്ഥിക്കാന്‍ ശിഷ്യന്മാരെ പഠിപ്പി ച്ചതുപോലെ പ്രാര്‍ത്ഥിക്കാന്‍ കുട്ടികളെ പരിശീലിപ്പിക്കുന്നതു കൂടിയാണ് വിശ്വാസപരിശീലനം. നമസ്കാരങ്ങള്‍, ജപമാല, ഇതരപ്രാര്‍ത്ഥനകള്‍ എന്നിവയുടെയൊക്കെ പ്രസക്തി ഇവിടെയാണ്. നിരന്തരം അവസരങ്ങള്‍ നല്‍കിയും തിരുത്തലുകള്‍ നിര്‍ദ്ദേശിച്ചും മാതൃകകള്‍ സമ്മാനിച്ചും കുട്ടികളില്‍ നല്ല പ്രാര്‍ത്ഥനാശീലങ്ങള്‍ വളര്‍ത്തിയെടുക്കേണ്ടതാണ്.
മേല്‍പ്പറഞ്ഞ നാലു സ്തംഭങ്ങള്‍ക്കും ആധാരമായിട്ടുള്ളത് ദൈവവചനമായ വിശുദ്ധ ബൈബിളാണ്. അതിനാല്‍ ബൈബിള്‍ പഠിക്കാനും ധ്യാനിക്കാനുമുള്ള അവസരങ്ങളേകുന്നതില്‍ മതബോധനരംഗം എല്ലായ്പോഴും ശ്രദ്ധിക്കുന്നു.

മടുപ്പിക്കുന്ന കാര്യങ്ങളും ഒഴിവാക്കേണ്ട കാര്യങ്ങളുമല്ല, വിശ്വാസപരിശീലനവേദിയില്‍ നടക്കുന്നവയെന്ന് നമുക്ക് ഓര്‍ത്തിരിക്കാം. അവ അര്‍ത്ഥമറിഞ്ഞ് അനുവര്‍ത്തിക്കാന്‍ ഉത്സാഹിക്കാം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org