എന്താണു വിവാഹത്തിന്റെ അവിഭാജ്യത

എന്താണു വിവാഹത്തിന്റെ അവിഭാജ്യത

വിവാഹബന്ധം ജീവിതാവസാനംവരെയുള്ളതാണ്. കൗദാശിക വിവാഹബന്ധം മനുഷ്യനു വേര്‍പെടുത്താനാവില്ല. മത്തായി സുവിശേഷകന്‍ 19:16-ല്‍ ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. ഒരു കൂദാശ എന്ന നിലയില്‍ വിവാഹം ഏകവും അവിഭാജ്യവുമാണ്. കാരണം വിവാഹം വെറും ഈ ലോക യാഥാര്‍ത്ഥ്യമല്ല. അതില്‍ അഭൗമികമായ യാഥാര്‍ത്ഥ്യങ്ങള്‍ വ്യക്തമാക്കപ്പെടുന്നു. ദമ്പതിമാര്‍ ഈ ബന്ധത്തിലൂടെ രക്ഷാകരപ്രവൃത്തിയില്‍ ഭാഗഭാക്കുകളായിത്തീരുന്നു. ഇതിനു വിരുദ്ധമായ നിയമം മോശ നല്കിയത് ഇസ്രായേല്‍ക്കാരുടെ ഹൃദയകാഠിന്യം മൂലം മാത്രമാണ്. ആദി മുതല്‍ അങ്ങനെയായിരുന്നില്ല. സംയോഗം വഴി പൂര്‍ണത കൈവരാത്ത കൗദാശിക വിവാഹബന്ധം ഗൗരവമായ കാരണങ്ങളുള്ളപ്പോള്‍ സഭാധികാരികള്‍ക്കു വേര്‍പെടുത്താവുന്നതാണ്. ഇവിടെ വിവാഹബന്ധം വേര്‍പെടുത്തുകയല്ല, പ്രത്യുത, നിയമപരമായും സത്താപരമായും സംഭവിച്ചിരിക്കുന്ന അവാസ്തവികത പ്രഖ്യാപിക്കുക മാത്രമാണു ചെയ്യുക.

വിവാഹം സ്നേഹത്തിന്‍റെ ബന്ധമാണ്. അങ്ങനെയെങ്കില്‍ സ്നേഹമില്ലാതെ വിവാഹബന്ധത്തില്‍ കഴിയുന്ന നിരവധി ദമ്പതിമാര്‍ക്കു വേര്‍പെടുവാനാവില്ലേ? ഇല്ല. കാരണം വിവാഹബന്ധം ഓരോ ദിവസവും അഥവാ ഓരോ അവസരത്തിലും ഭാര്യാഭര്‍ത്താക്കന്മാര്‍ അനുഭവിക്കുന്ന സ്നേഹബന്ധത്തിനെ ആശ്രയിച്ചല്ല നിലനില്ക്കുന്നത്. പ്രത്യുത, അവര്‍ വിവാഹം ചെയ്തപ്പോള്‍ എടുത്ത തീരുമാനവും അവര്‍ക്കുണ്ടായിരുന്ന ആഗ്രഹവും അതിന്‍റെ വെളിച്ചത്തില്‍ അവര്‍ നടത്തിയ സ്നേഹപ്രതിജ്ഞയുമാണു കൗദാശികതയ്ക്ക് അടിസ്ഥാനം. പിന്നീടുള്ള ജീവിതത്തില്‍ ഏതെങ്കിലും ചില അവസരങ്ങളില്‍ ഇതിനു കുറവു വന്നാല്‍ വിവാഹം ഇല്ലാതാവുകയില്ല. മാനുഷികപശ്ചാത്തലത്തില്‍, ഈ സ്നേഹാനുഭവത്തിനും അതിന്‍റെ അവതരണത്തിനും ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകാം. വിവാഹത്തില്‍ ലഭിച്ച കൃപാവരത്തിന്‍റെ ശക്തിയില്‍ സ്നേഹത്തിലേക്കു തിരിച്ചുവരുവാന്‍ ദമ്പതികള്‍ക്കു സാദ്ധ്യമാകും. അവര്‍ ദൈവകൃപാവരത്തോടു സഹകരിക്കണം എന്നു മാത്രം. വാഗ്ദാനങ്ങളില്‍ വിശ്വസ്തനായ ദൈവം ഇസ്രായേലിനോടു ചെയ്ത ഉടമ്പടിയുടെ പ്രതീകമായ വിവാഹവും നിലനില്ക്കുന്ന ഉടമ്പടിയാണ്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org