വിവാഹവും റീത്ത്മാറ്റവും

വിവാഹവും റീത്ത്മാറ്റവും

ഡോ. ജോസ് ചിറമേല്‍
(പ്രസിഡന്‍റ്, സീറോ-മലബാര്‍ മേജര്‍ ആര്‍ക്കി
എപ്പിസ്കോപ്പല്‍ ട്രിബ്യൂണല്‍)

ചോദ്യം
എന്‍റെ പിതാവ് ലത്തീന്‍ സഭയിലെയും മാതാവ് സീറോമലബാര്‍ സഭയിലെയും അംഗങ്ങളാണ്. ഞാന്‍ മാമ്മോദിസാ സ്വീകരിച്ചത് അമ്മയുടെ ഇടവകപള്ളിയിലാണ്. എനിക്ക് 8 വയസ്സുള്ളപ്പോള്‍ എന്‍റെ പിതാവ് മരിച്ചു. രണ്ട് വര്‍ഷം കഴിഞ്ഞപ്പോള്‍ അമ്മ സീറോമലബാര്‍ സഭാംഗമായ ഒരു പുരുഷനെ വിവാഹം ചെയ്തു. അമ്മയുടെ ഇപ്പോഴത്തെ ഭര്‍ത്താവ് നിയമാനുസൃതം എന്നെ ദത്തെടുത്തു. പിന്നീട് ഞാന്‍ അമ്മയുടെ ഇടവക പള്ളിയിലാണ് പോകുന്നത്. ആ ഇടവകാംഗവുമാണ്. ഇപ്പോള്‍ ഞാന്‍ ലത്തീന്‍ സഭാംഗമായ ഒരാളെ വിവാഹം ചെയ്യുവാന്‍ നിശ്ചയിച്ചിരിക്കുകയാണ്. സീറോമലബാര്‍ സഭയിലെ എന്‍റെ ഇടവകപള്ളിയിലാണ് വിവാഹം നടത്താന്‍ ഉദ്ദേശിക്കുന്നത്. ഞങ്ങളുടെ വിവാഹം ഇപ്രകാരം നടത്തുന്നതിന് എന്തെങ്കിലും അനുവാദം പ്രത്യേകം വാങ്ങേണ്ടതുണ്ടോ? വിവാഹശേഷം ഭര്‍ത്താവിനും സീറോമലബാര്‍ സഭാംഗത്വം ലഭിക്കുമോ?

ഉത്തരം
ഈ ചോദ്യത്തിന് എന്തെങ്കിലും പ്രത്യേകാനുവാദം വാങ്ങേണ്ട ആവശ്യമില്ല എന്ന് ഒറ്റവാക്കില്‍ ഉത്തരം നല്കാന്‍ കഴിയും. എന്നാല്‍ ഈ ഉത്തരത്തിലേയ്ക്ക് നയിക്കുന്ന കാനോനികവും സഭാപരവുമായ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നത് വിജ്ഞാനപ്രദമായിരിക്കുമെന്ന് കരുതുന്നു.

സ്വയാധികാരസഭയിലെ അംഗത്വം
ചോദ്യകര്‍ത്താവിന് ഏത് സ്വയാധികാരസഭ (Church sui juris) യിലാണ് അംഗത്വം എന്നതാണ് ആദ്യമായി മനസ്സിലാക്കേണ്ടത്. സഭയുടെ നിയമമനുസരിച്ച് ഒരു വ്യക്തിക്ക് കത്തോലിക്കാ സഭയില്‍ അംഗത്വം ലഭിക്കുന്നത് ഏതെങ്കിലുമൊരു സ്വയാധികാരസഭയിലൂടെയായിരിക്കും. ഒരാള്‍ ഒരു സ്വയാധികാര സഭയിലേയ്ക്ക് ചേര്‍ക്കപ്പെടുന്നത് താഴെപ്പറയുന്ന ഏതെങ്കിലും മാര്‍ഗ്ഗം വഴിയാണ്:

1 മാമ്മോദീസ; 2. ഒരു സ്വയാധികാരസഭയില്‍ നിന്ന് മറ്റൊന്നിലേയ്ക്കുള്ള മാറ്റം.; 3. വിവാഹം; 4. അകത്തോലിക്കാ സഭയില്‍ നിന്നുള്ള പുനരൈക്യം വഴി.

മാമ്മോദിസ സ്വീകരിക്കുന്നയാള്‍ 14 വയസ്സിന് മുകളിലാണെങ്കില്‍ ഏത് സ്വയാധികാരസഭയില്‍ അംഗമാകണമെന്ന് അയാള്‍ക്ക് സ്വയം തീരുമാനിക്കാം.

14 വയസ്സിന് താഴെയാണെങ്കില്‍
എന്നാല്‍ 14 വയസ്സിന് താഴെയാണെങ്കില്‍ കത്തോലിക്ക സഭാകൂട്ടായ്മയിലെ ഏതെങ്കിലുമൊരു സ്വയാധികാരസഭയില്‍ അംഗത്വം ലഭിക്കുന്നത് താഴെപ്പറയുന്ന വിധത്തിലായിരിക്കും:

1. അപ്പനും അമ്മയും കത്തോലിക്കരാണെങ്കില്‍ മക്കള്‍ അപ്പന്‍ അംഗമായിരിക്കുന്ന സ്വയാധികാര സഭയിലെ അംഗങ്ങളായിത്തീരും. എന്നാല്‍ അമ്മ മാത്രമേ കത്തോലിക്കാസഭയില്‍ അംഗമായിട്ടുള്ളൂവെങ്കില്‍ (മിശ്രവിവാഹത്തില്‍) മക്കള്‍, അമ്മ അംഗമായിരിക്കുന്ന സ്വയാധികാര സഭയില്‍ അംഗങ്ങളാകും.

2. ദത്തെടുക്കപ്പെടുന്ന കുഞ്ഞുങ്ങളുടെ കാര്യത്തിലും മേല്പറഞ്ഞ പ്രകാരം സംഭവിക്കുന്നു. ദത്തെടുക്കപ്പെടുന്ന കുട്ടി ഏതെങ്കിലുമൊരു സ്വയാധികാര സഭയില്‍ അംഗമാണെങ്കില്‍പോലും ദത്തെടുക്കപ്പെടുന്നതോടെ പിതാവിന്‍റെ സഭയിലാണ് അംഗത്വം ലഭിക്കുന്നത്.

3. സഭ അംഗീകരിക്കാത്ത സ്ത്രീ-പുരുഷ ബന്ധത്തില്‍ നിന്നുണ്ടാകുന്ന കുട്ടികള്‍ക്ക് അമ്മ അംഗമായിരിക്കുന്ന സ്വയാധികാരസഭയിലായിരിക്കും അംഗത്വം ലഭിക്കുക.

4. ഉപേക്ഷിക്കപ്പെട്ടു ലഭിക്കുന്ന കുട്ടികളുടെ (foundlings) കാര്യത്തിലും ദത്തെടുക്കുന്നവരുടെ കാര്യത്തിലെന്നപോലെ സംഭവിക്കുന്നു.

5.അക്രൈസ്തവ മാതാപിതാക്കളുടെ മക്കള്‍ മാമ്മോദീസ സ്വീകരിച്ചാല്‍ അവര്‍ക്ക് കത്തോലിക്കാ പരിശീലനം ഉറപ്പുനല്കുന്ന വ്യക്തിയുടെ സഭാംഗത്വമാണ് ലഭിക്കുന്നത് (CCEO.cc. 29,30; CIC.c. 111).

ചുരുക്കത്തില്‍ ഒരു വ്യക്തിയുടെ സഭാംഗത്വം തീരുമാനിക്കപ്പെടുന്നത് മാമ്മോദീസ നല്കുന്ന വ്യക്തിയുടെ സഭാംഗത്വമോ മാമ്മോദീസയുടെ കര്‍മ്മങ്ങള്‍ അനുഷ്ഠിക്കപ്പെടുന്ന റീത്തോ അടിസ്ഥാനമാക്കിയല്ല; പ്രത്യുത, മേല്‍വിവരിച്ച സഭാനിയമമനുസരിച്ചാണ്. ഉദാഹരണമായി, സഭാനിയമമനുസരിച്ച് ഒരു കുഞ്ഞ് ലത്തീന്‍സഭയില്‍ അംഗമായിത്തീരേണ്ടതാണെങ്കില്‍ ആ കുഞ്ഞിനെ സീറോമലബാര്‍ സഭയിലെ വൈദികന്‍ സീറോമലബാര്‍ ക്രമമനുസരിച്ച് സീറോ മലബാര്‍ പള്ളിയില്‍ മാമ്മോദിസ നല്കിയാലും ആ കുഞ്ഞ് ലത്തീന്‍ സഭാംഗമായിരിക്കും.

ചോദ്യകര്‍ത്താവിന്‍റെ സഭാംഗത്വം
ചോദ്യകര്‍ത്താവിന്‍റെ സഭാംഗത്വം ലത്തീന്‍സഭയില്‍ തന്നെയാണെന്നത് മേല്‍പ്രസ്താവിച്ച സഭാനിയമത്തില്‍ നിന്ന് വ്യക്തമാണല്ലോ. ഇത് ലത്തീന്‍ സഭയില്‍ മാമ്മോദിസ സ്വീകരിച്ചു എന്നതു കൊണ്ടല്ല, പ്രത്യുത, പിതാവ് ലത്തീന്‍ സഭാംഗമായതുകൊണ്ടാണ്.

പിതാവിന്‍റെ മരണവും മാതാവിന്‍റെ രണ്ടാം വിവാഹവും
പിതാവിന്‍റെ മരണവും തുടര്‍ന്ന് മാതാവ് നടത്തിയ രണ്ടാം വിവാഹവും ചോദ്യകര്‍ത്താവിന്‍റെ സഭാംഗത്വത്തില്‍ ഉണ്ടാക്കുന്ന മാറ്റങ്ങള്‍ എന്തൊക്കെയാണ്?
പൗരസ്ത്യ നിയമസംഹിതയിലെ 34-ാം കാനോനയനുസരിച്ചും ലത്തീന്‍ നിയമസംഹിതയിലെ 112-ാം കാനോനയനുസരിച്ചും മാതാപിതാക്കള്‍ സ്വന്തം സഭാംഗത്വം വെടിഞ്ഞ് കത്തോലിക്കാ സഭയിലെ കൂട്ടായ്മയിലെതന്നെ മറ്റൊരു സ്വയാധികാരസഭയിലെ അംഗങ്ങളാകുമ്പോള്‍ 14 വയസ്സ് പൂര്‍ത്തിയാകാത്ത അവരുടെ കുട്ടികളുടെയും സഭാംഗത്വം അതോടൊപ്പം മാറുന്നു. ചോദ്യകര്‍ത്താവിന്‍റെ പിതാവ് ലത്തീന്‍ സഭാംഗമായിരുന്നു. അദ്ദേഹം മരിച്ചു. മാതാപിതാക്കളില്‍ അവശേഷിക്കുന്നത് അമ്മയാണ്. അമ്മ സീറോമലബാര്‍ സഭാംഗമാണ്. അപ്പന്‍റെ മരണശേഷം അമ്മയോടൊപ്പം സീറോമലബാര്‍ പള്ളിയിലാണ് നിങ്ങള്‍ ആത്മീയാവശ്യങ്ങള്‍ക്കായി പോയിരുന്നതും. പിന്നീട് അമ്മ സീറോമലബാര്‍ സഭാംഗമായ പുരുഷനെയാണ് വിവാഹം ചെയ്തത്. അപ്പന്‍റെ മരണത്തോടെ 14 വയസ്സ് പൂര്‍ത്തിയാകാത്ത നിങ്ങള്‍ അമ്മയുടെ സഭാംഗമായി എന്നുതന്നെ പറയാം. മാത്രവുമല്ല, നിങ്ങളുടെ അമ്മ രണ്ടാമത് വിവാഹം കഴിച്ചിരിക്കുന്നതും സീറോ മലബാര്‍സഭാംഗത്തെയാണ്. നിങ്ങളുടെ രണ്ടാനപ്പന്‍ (step father) നിങ്ങളെ നിയമാനുസൃതം ദത്തെടുക്കുകയും ചെയ്തിട്ടുണ്ട്. നിങ്ങളുടെ നിയമാനുസൃതമുള്ള ഇപ്പോഴത്തെ മാതാപിതാക്കള്‍ സീറോ മലബാര്‍ സഭാംഗങ്ങളാണ്. തന്മൂലം താങ്കളും സീറോ മലബാര്‍ സഭാംഗം തന്നെയാണ്.

തിരിച്ചുപോകാമോ?
ഇങ്ങനെയുള്ള സാഹചര്യങ്ങളില്‍ നിങ്ങള്‍ക്ക് ആഗ്രഹമുണ്ടെങ്കില്‍ 14 വയസ്സ് പൂര്‍ത്തിയായിക്കഴിഞ്ഞാല്‍ മാമ്മോദീസ സ്വീകരിച്ചപ്പോള്‍ അംഗത്വം ലഭിച്ച പിതാവിന്‍റെ സ്വയാധികാരസഭയിലേയ്ക്ക് (ലത്തീന്‍സഭയിലേയ്ക്ക്) തിരികെ പോകുന്നതിന് സഭാനിയമം അനുവദിക്കുന്നുണ്ട് (CCEO.c.34; CIC.c. 112/1,3). എന്നാല്‍ ഈ മാറ്റം സ്വയമേവ നടക്കുന്ന (automatic) ഒന്നല്ല. സഭയുടെ നടപടിക്രമങ്ങള്‍ പാലിച്ച് ഇപ്രകാരമൊരു തിരികെപോക്ക് താങ്കള്‍ നടത്തിയിട്ടില്ല. എന്നുമാത്രമല്ല, സീറോമലബാര്‍ സഭയിലെ പള്ളിയിലാണ് ആദ്ധ്യാത്മികാവശ്യങ്ങള്‍ നിറവേറ്റിപ്പോന്നതും. ഇക്കാരണങ്ങളാല്‍ താങ്കള്‍ സീറോമലബാര്‍ സഭാംഗമാണെന്ന് നിസ്സംശയം പറയാവുന്നതാണ്.

താങ്കളും ലത്തീന്‍ പുരുഷനും തമ്മിലുള്ള വിവാഹം
അടുത്ത ചോദ്യം ലത്തീന്‍ സഭാംഗമായ പുരുഷനും സീറോമലബാര്‍ സഭാംഗമായ താങ്കളും തമ്മിലുള്ള വിവാഹം സംബന്ധിച്ചാണ്. സീറോമലബാര്‍ സഭയിലെ പള്ളിയില്‍ വച്ച് വിവാഹം നടത്തുവാന്‍ താങ്കള്‍ ആഗ്രഹിക്കുന്നു. ഇതിന് എന്തെങ്കിലും പ്രത്യേക അനുവാദം ആവശ്യമുണ്ടോ? ഇവിടെ രണ്ടു കത്തോലിക്കര്‍ തമ്മിലുള്ള വിവാഹത്തെപ്പറ്റിയാണ് പ്രതിപാദിക്കുന്നതെന്നകാര്യം വിസ്മരിക്കരുത്. ഇവര്‍ തമ്മില്‍ കത്തോലിക്കാ ദേവാലയത്തില്‍ വച്ച് വിവാഹം കഴിക്കുന്നതിന് വിവാഹത്തിന്‍റെ സാധാരണ നടപടിക്രമങ്ങള്‍ ഒഴിച്ച് മറ്റ് യാതൊരു പ്രത്യേക അനുവാദത്തിന്‍റെയും ആവശ്യമില്ല.

നിയമാനുസൃതത്തിനുവേണ്ടി
പൗരസ്ത്യ നിയമസംഹിതയിലെ 831-ാം കാനോനയിലെ രണ്ടാം ഖണ്ഡികയില്‍ പറയുന്നതനുസരിച്ച് വരന്‍റെ (bridegroom) ഇടവകവികാരിയുടെ മുമ്പാകെയാണ് വിവാഹം നടത്തേണ്ടത്. എന്നാല്‍ ഈ നിയമം വിവാഹത്തിന്‍റെ നിയമാനുസൃതത്തിന് (licity) വേണ്ടി മാത്രമുള്ളതാണ്. ഇത് ഒരു വിധത്തിലും വിവാഹത്തിന്‍റെ സാധുതയെ ബാധിക്കുന്നില്ല. ലത്തീന്‍ നിയമ സംഹിതയില്‍ ഇതിന് സമാനമായി (parallel) കൊടുത്തിട്ടുള്ള നിയമം (CIC.c.1115) വ്യത്യസ്തമാണ്. അതനുസരിച്ച് വിവാഹം വരന്‍റെയോ, വധുവിന്‍റെയോ ഇടവക വികാരിയുടെ മുമ്പാകെ നടത്താവുന്നതാണ്. ഇതും നിയമാനുസൃതത്തിനു വേണ്ടി മാത്രമുള്ളതാണ്. പൗരസ്ത്യനിയമം നിര്‍ദ്ദേശിക്കുന്നതുപോലെ വരന്‍റെ വികാരിയുടെ മുമ്പാകെ വിവാഹം നടത്തണമെന്ന് ലത്തീന്‍ നിയമം നിഷ്ക്കര്‍ഷിക്കുന്നില്ല.

നിങ്ങള്‍ തമ്മിലുള്ള വിവാഹം താങ്കളുടെ ഇടവക വികാരിയുടെ മുമ്പാകെയാണ് നടത്താന്‍ ഉദ്ദേശിക്കുന്നതെന്ന് ചോദ്യത്തില്‍ നിന്ന് മനസ്സിലാകുന്നു. ഈ വിവാഹത്തിലെ വരന്‍ ലത്തീന്‍ സഭാംഗമായതിനാല്‍ അയാള്‍ക്ക് ബാധകമായിട്ടുള്ളത് ലത്തീന്‍ നിയമമാണ്. തന്മൂലം അയാള്‍ക്ക് തന്‍റെ ഇടവക വികാരിയുടെയോ വധുവിന്‍റെ സ്വയാധികാരസഭയിലെ ഇടവക വികാരിയുടെയോ മുമ്പാകെ സാധുവായും നിയമാനുസൃതമായും ഈ വിവാഹം നടത്താം. അതിന് യാതൊരു അനുവാദവും ആവശ്യമില്ല. വധു സീറോ മലബാര്‍ സഭാംഗമായതിനാല്‍ പൗരസ്ത്യസഭകള്‍ക്കുള്ള പൊതുനിയമമാണ് വധുവിന് ബാധകമായിട്ടുള്ളത്. പ്രത്യേകിച്ച് ഈ നിയമസംഹിതയിലെ 831-ാം കാനോനയിലെ രണ്ടാം ഖണ്ഡികയിലെ വ്യവസ്ഥകളനുസരിച്ച് നിയമാനുസൃതത്തിനുവേണ്ടി ചോദ്യകര്‍ത്താവ് ലത്തീന്‍ വരനെ വിവാഹം കഴിക്കേണ്ടത് അദ്ദേഹത്തിന്‍റെ പള്ളിയില്‍ വച്ചാണ്. എന്നാല്‍ ലത്തീന്‍കാരനായ വരനും സീറോമലബാര്‍ സഭാംഗമായ വധുവും തമ്മിലുള്ള ഈ വിവാഹത്തില്‍ ലത്തീന്‍ നിയമത്തിനായിരിക്കും മുന്‍ഗണന. ലത്തീന്‍ നിയമത്തിലെ 1115-ാം കാനോനയിലെ വ്യവസ്ഥകള്‍ പൗരസ്ത്യനിയമത്തിലെ 831-ാം കാനോനയിലെ വ്യവസ്ഥകളെ ഉല്ലംഘിക്കുന്നതായിരിക്കും(supersede). തന്മൂലം മേല്പറഞ്ഞ വിവാഹം വധുവിന്‍റെ പള്ളിയില്‍ വച്ച് നടത്തുന്നതിന് യാതൊരു പ്രത്യേക അനുവാദത്തിന്‍റെയും ആവശ്യമില്ല.

വരന് വധുവിന്‍റെ സ്വയാധികാര സഭയിലേയ്ക്ക് മാറാമോ?
വിവാഹസമയത്തോ വിവാഹജീവിതത്തിനിടയ്ക്കോ വരന് വധുവിന്‍റെ സ്വയാധികാരസഭയിലേയ്ക്ക് മാറാമോ എന്നതാണ് മറ്റൊരു ചോദ്യം. ലത്തീന്‍കാരനായ വരന് ബാധകമായിട്ടുള്ളത് ലത്തീന്‍ നിയമമാണ്. ലത്തീന്‍ നിയമസംഹിതയിലെ 112-ാം കാനോനയനുസരിച്ച് ലത്തീന്‍കാരനായ പുരുഷന് വിവാഹ സമയത്തോ, വിവാഹജീവിതത്തിനിടയ്ക്കോ അയാളുടെ വധുവിന്‍റെ സ്വയാധികാരസഭയിലേയ്ക്ക് മാറുവാനുള്ള സ്വാതന്ത്ര്യമുണ്ട് (CIC.c.112/2). ഇതനുസരിച്ച് ഭര്‍ത്താവിന് താങ്കളുടെ സ്വയാധികാര സഭയില്‍ അംഗത്വം നേടാന്‍ സാധിക്കും. ഇതിന് അദ്ദേഹം ഭാര്യയുടെ ഇടവക വികാരിയുടെ മുമ്പാകെ നിയമാനുസൃതം അപേക്ഷ സമര്‍പ്പിക്കണം. ഇക്കാര്യം സ്വന്തം ഇടവക വികാരിയെ അറിയിക്കുകയും വേണം. ഇപ്രകാരമുള്ള മാറ്റം മാമ്മോദീസാ രജിസ്റ്ററില്‍ രേഖപ്പെടുത്തുകയും വേണം. ഇത് വളരെ പ്രധാനപ്പെട്ടതാണ്. കാരണം, ഇവര്‍ക്കുണ്ടാകുന്ന കുട്ടികള്‍ക്ക് അപ്പന്‍റെ സ്വയാധികാര സഭയിലാണല്ലോ അംഗത്വം ലഭിക്കുക.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org