വിയാനിയച്ചന്‍റെ പ്രാര്‍ത്ഥന

പാപത്തില്‍ ആമഗ്നമായ ഒരു നാടിനു മുഴുവനും വേണ്ടിയുള്ള കണ്ണീരൊഴുക്കിയ പ്രാര്‍ത്ഥനയായിരുന്നു വിശുദ്ധ ജോണ്‍ മരിയ വിയാനിയുടെ ആര്‍സിലെ ജീവിതം. പാതിര കഴിയുമ്പോള്‍, നാടു മുഴുവന്‍ ഉറക്കത്തിലാകുമ്പോള്‍ വിയാനിയച്ചന്‍ പള്ളിയില്‍ചെന്ന് മുട്ടുകുത്തി പ്രാര്‍ത്ഥിക്കും, ഏങ്ങിക്കരയും, നിലവിളിക്കും. "എന്‍റെ ദൈവമേ ഈ ഗ്രാമത്തെ മാനസാന്തരപ്പെടുത്തണമേ. ജീവിതകാലം മുഴുവന്‍ അങ്ങ് അയക്കുന്ന ഏതു വേദനയും സഹിക്കാന്‍ ഞാന്‍ ഒരുക്കമാണ്. വേണ്ടി വന്നാല്‍ ഒരു നൂറു വര്‍ഷത്തേക്ക് ഏതു ദുഃസ്സഹ പീഡകളും ഞാന്‍ സഹിച്ചുകൊള്ളാം. ഈ ജനത്തിന് മാനസാന്തരം കൊടുക്കണമേ." രാത്രിയുടെ യാമങ്ങളില്‍ വീടുകള്‍തോറുമുള്ള പാട്ടുകച്ചേരിയും നൃത്തവും മദ്യപാനവും അശുദ്ധിയും കണ്ട് വിയാനിയച്ചന്‍ ദിവ്യകാരുണ്യ സന്നിധിയില്‍ മുട്ടുകുത്തി കരം വിരിച്ച് ചങ്കുതകര്‍ന്നു നിലവിളിച്ചു. പള്ളിയില്‍ വന്നിരുന്ന ഏതാനും ഭക്തസ്ത്രീകളെ കൂട്ടി പരിശുദ്ധ അമ്മയുടെ ജപമാല സഖ്യം ആരംഭിച്ചു. ക്രമേണ ഇടവകയില്‍ മാറ്റങ്ങള്‍ കണ്ടുതുടങ്ങി. ഏറ്റം നിസ്സാരമെങ്കിലും മക്കളായ നമ്മുടെ ഓരോ നിലവിളിയും കണ്ണീരും ദൈവസന്നിധിയില്‍ വിസ്മരിക്കപ്പെടുന്നില്ല.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org