Latest News
|^| Home -> Suppliments -> ULife -> വോട്ടര്‍മാര്‍ക്കും രാഷ്ട്രീയം പാടില്ലേ?

വോട്ടര്‍മാര്‍ക്കും രാഷ്ട്രീയം പാടില്ലേ?

Sathyadeepam

ഡോ. ഡെയ്സന്‍ പാണേങ്ങാടന്‍

ഇക്കഴിഞ്ഞ ദിവസങ്ങളിലുണ്ടായ വിദ്യാര്‍ത്ഥി രാഷ്ട്രീയം സംബന്ധിച്ച കോടതിവിധിയുടെ പശ്ചാത്തലത്തില്‍ ഈ ചോദ്യത്തിന്‍റെ പ്രസക്തി ഏറി വരികയാണ്. വിദ്യാര്‍ത്ഥി-യുവജന പ്രസ്ഥാനങ്ങളിലൂടെ നേതൃരംഗത്തെത്തിയ ആളുകള്‍ സംസ്ഥാനത്തെ നിയമനിര്‍മ്മാണ സഭകളും രാജ്യത്തിന്‍റെ ഭരണസംവിധാനങ്ങളും നിയന്ത്രിക്കുന്ന ഈ കാലഘട്ടത്തില്‍ ഈ കോടതിവിധിയുണ്ടാക്കുന്ന ആഘാതം മുന്‍വിധിയോടെയേ നോക്കി കാണാനാകൂ. പൊതുവേ അരാജകത്വത്തിന്‍റെയും മാനേജ്മെന്‍റ് ഭരണനിര്‍വഹണ ഫാസിസത്തിന്‍റെയും ഇടങ്ങളായ ഈ ചെറു ന്യൂനപക്ഷ ക്യാമ്പസുകളെങ്കിലും നമ്മുടെ നാട്ടിലുണ്ടെന്നുള്ളത് വാസ്തവം തന്നെ. അതില്‍ത്തന്നെ സ്വാശ്രയ മേഖലയുമായി ബന്ധപ്പെട്ടുള്ള സ്ഥാപനങ്ങളില്‍ സ്ഥാപന ഫാസിസത്തിന്‍റെ ഇരയായി ഇന്നും നീതി കിട്ടാതെയുള്ള ജിഷ്ണുവിന്‍റെ ഓര്‍മ്മ നമുക്കിടയില്‍ നീറുന്ന വേദനയായി നിലനില്ക്കുന്നു. ഇവിടെയൊക്കെ വിദ്യാര്‍ത്ഥി പക്ഷം നില്ക്കാന്‍, പലപ്പോഴും വികലമാകാറുള്ള വിദ്യാഭ്യാസ നയങ്ങളില്‍ സ്വയം പ്രതിരോധം തീര്‍ക്കാന്‍ വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങളില്ലാതെ പോകുന്നതിന്‍റെ യുക്തി ആലോചിക്കാനേ വയ്യ.

വിദ്യാര്‍ത്ഥി സംഘടനകള്‍: യാഥാര്‍ത്ഥ്യം
രാഷ്ട്രീയപാര്‍ട്ടികളുടെ ചട്ടുകങ്ങളല്ല; അവയുടെ നിയമാവലിയനുസരിച്ച് യഥാര്‍ത്ഥത്തില്‍ വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങള്‍, ഇനി അപ്രകാരം ആയിട്ടുണ്ടെങ്കില്‍ – ആകുന്നുണ്ടെങ്കില്‍ തിരുത്തലുകള്‍ അനിവാര്യം തന്നെ. നിയതമായ നിയമാവലിയുടെ പശ്ചാത്തലത്തില്‍ വിദ്യാര്‍ത്ഥി-വിദ്യാഭ്യാസ വിഷയങ്ങളില്‍ വിദ്യാര്‍ത്ഥി പക്ഷം ചേര്‍ന്ന് നീതിയുടെ കാവലാളാകുകയെന്നതു തന്നെയാണ് മിക്കവാറും സംഘടനകള്‍ മുന്നോട്ടു വയ്ക്കുന്ന അടിസ്ഥാന ലക്ഷ്യം. അവയ്ക്ക് രാഷ്ട്രബോധവും രാഷ്ട്രീയബോധവും പാടില്ലെന്നു പറയാനാര്‍ക്കാണാവകാശം. പലപ്പോഴും വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങള്‍ രാഷ്ട്രീയ കക്ഷികളുടെയും നേതാക്കളുടെയും കേവലപോഷക വിഭാഗങ്ങളാകുന്നതാണ്, പ്രശ്നങ്ങള്‍ക്കു കാരണമാകാറുള്ളത്. അവയെ പ്രതിരോധിക്കേണ്ടത് കാലത്തിന്‍റെ ആവശ്യം തന്നെ. ഒറ്റപ്പെട്ട സംഭവങ്ങളും ആസൂത്രിത നീക്കങ്ങളും സാമാന്യവല്‍ക്കരിച്ച് വിദ്യാര്‍ത്ഥി രാഷ്ട്രീയം കലുഷിത പ്രശ്നമായവതരിപ്പിക്കാനുള്ള ശ്രമങ്ങള്‍ വര്‍ദ്ധിച്ചു കൊണ്ടിരിക്കുന്നു. ഇങ്ങനെയൊക്കെയെങ്കിലും സാമൂഹ്യനിര്‍മ്മിതിയിലും തുല്യ നീതിയുറപ്പാക്കുന്നതിലും അടിസ്ഥാനമാക്കിയുള്ള വേറിട്ട വിദ്യാഭ്യാസ സമ്പ്രദായം നടപ്പിലാക്കുന്നതില്‍ വിദ്യാര്‍ത്ഥി സംഘടന കള്‍ക്കുണ്ടായിരുന്ന പങ്ക് കാണാ തെ പോകരുത്.

വേണം ആത്മശോധന
വിമര്‍ശനങ്ങളുടെയും കോടതി വിധികളുടെയും പശ്ചാത്തലത്തില്‍ വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തനശൈലി അവരവരുടെ ഫോറങ്ങളില്‍ ക്രിയാത്മകമായി തന്നെ ആത്മശോധന ചെയ്യുന്നത് നല്ലതാണ്. കോടതിവിധിയുടെ മറവില്‍ ഉണ്ടാകാനിടയുള്ള വിദ്യാര്‍ത്ഥി രാഷ്ട്രീയ നിരോധന പ്രശ്നത്തെ, സംഘടനകളുടെ സ്ഥാപിത ലക്ഷ്യങ്ങളെ പൊതു ജനപക്ഷമവതരിപ്പിച്ച് സമൂഹത്തിന്‍റെ കൂടെ പിന്തുണയോടെ മേല്‍ക്കോടതികളില്‍പോയി, പ്രശ്ന പരിഹാരത്തിനുള്ള സാധ്യതകളാരായേണ്ടിയിരിക്കുന്നു. രാഷ്ട്രീയ സംഘടനയെന്ന പതിവു പല്ലവിയില്‍ നിന്നു വ്യത്യസ്തമായി വിദ്യര്‍ത്ഥികളുടെ പൊതുജനാധിപത്യ വേദിയെന്ന ചിന്തയോടെ പ്രവര്‍ത്തിച്ചാല്‍, അവയില്‍ നന്മയുടേയും നീതിയുടേയും കണങ്ങളവശേഷിക്കുമെന്നു തീര്‍ച്ച. രാഷ്ട്രീയ തിമിരവും വര്‍ഗ്ഗീയകാഴ്ചയും സമ്മാനിച്ച് സഹപാഠിയുടെ കയ്യും കാലും തലയും പൊളിക്കുന്ന വൈരനിരാതന ബുദ്ധിയോടെയുള്ള രാഷ്ട്രീയ വെറിയുടെ സാംഗത്യമാണോ, അതോ; നീതിക്കും നന്മയ്ക്കും സാഹോദര്യത്തിനും വേണ്ടി നിലകൊള്ളുന്ന വര്‍ഗ്ഗബോധത്തിന്‍റെ രാഷ്ട്രീയമാണോ വര്‍ത്തമാന കാലഘട്ടത്തിനനിവാര്യമെന്ന് വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങള്‍ സജീവമായി ചിന്തിക്കട്ടെ. ഒരു കാര്യം ഉറപ്പാണ്; ക്യാമ്പസുകള്‍ നിശബ്ദമാക്കപ്പെടേണ്ടവയല്ല. വോട്ടര്‍മാര്‍ പഠിക്കുന്ന, രാഷ്ട്രീയബോധവും സ്വത്വബോധവുമുള്ള യുവാക്കള്‍ പഠിക്കുന്ന അവിടെ നിന്നു തന്നെയാണ് അനീതിക്കും അസമത്വത്തിനും അസഹിഷ്ണുതയ്ക്കുമെതിരെയുള്ള പ്രതിഷേധത്തിന്‍റെയും പ്രതിരോധത്തിന്‍റെയും ശബ്ദങ്ങള്‍ ആരംഭിക്കേണ്ടത്. അവിടെ അക്രമത്തിനു പ്രസക്തിയില്ല; മറിച്ച് സാഹോദര്യത്തിന്‍റെ ചിന്തകളിലൂന്നിയ നന്മയുടെ മേലാപ്പു ചാര്‍ത്തിയ പ്രവര്‍ത്തനങ്ങളും നേതാക്കളും ഉദിച്ചുപൊങ്ങട്ടെ.

മാതൃകയാക്കേണ്ട ജെ.എന്‍.യുവിലെ വിദ്യാര്‍ത്ഥി രാഷ്ട്രീയം
കോളേജധ്യാപകരുടെ ഓറിയന്‍റേഷന്‍ കോഴ്സിന്‍റെ ഭാഗമായി കുറച്ചുകാലം ഡല്‍ഹിയിലെ ജനവഹര്‍ലാല്‍ നെഹ്റു സര്‍വ്വാകലാശാലയിലുണ്ടായിരുന്നു. ജെ.എന്‍.യുവെന്ന് കേട്ടാല്‍ നമ്മുടെ ചിന്തകളിലോടിയെത്തുക അഫ്സല്‍ ഗുരു അനുസ്മരണവും അതേ തുടര്‍ന്ന് രാജ്യാന്തര നിലവാരത്തിലേക്കുയര്‍ന്ന യൂണിയന്‍ ചെയര്‍മാന്‍ കനയ്യകുമാറുമാണ്. ഇതിനുമൊക്കെയപ്പുറത്തേയ്ക്ക് അക്കാദമിക നിലവാരവും രാഷ്ട്രീയ പ്രബുദ്ധതയും സാംസ്കാരിക ബോധവും സാമൂഹ്യ ചിന്തയുമുള്ള ഒരു വലിയൊരു വിദ്യാര്‍ത്ഥി സമൂഹം ജനാധിപത്യത്തിനു കാവലാളായി ഇവിടെയുണ്ടെന്നത് ഏറെ അഭിമാനകരമായി തോന്നി. നമ്മുടെ വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങള്‍ക്കും അവയുടെ നേതൃത്വത്തിനും അനുകരിക്കാവുന്ന മാതൃകാപരവും ഒപ്പം ചിന്തനീയവുമായ രാഷ്ട്രീയ പ്രവര്‍ത്തനം.

ശ്രദ്ധിച്ചാല്‍, നമ്മുടെ നാട്ടിലെ പഞ്ചായത്തു തെരഞ്ഞെടുപ്പിന് മതിലായ മതിലുകളൊക്കെ ചുവരെഴുത്തുകളാല്‍ നിറയുന്നതുപോലെയാണ് ഇവിടെ സ്കൂളുകളുടെയും ഹോസ്റ്റലുകളുടെയും ചുമരുകളില്‍ വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങള്‍ക്കും അവയുടെ ആശയങ്ങള്‍ക്കും ഇടം ലഭിച്ചിരിക്കുന്നത്. വിദ്യാര്‍ത്ഥികളുടെ വിപ്ലവചിന്തകളും പൊതു വിഷയങ്ങളിലും സര്‍വ്വകലാശാല ഭരണവിഷയങ്ങളിലുമുള്ള ഇടപെടലുകളും നമ്മുടെ വിദ്യാര്‍ത്ഥി തലമുറയ്ക്ക് മാതൃകയാകേണ്ടതു തന്നെ. നമ്മുടെ വിദ്യാര്‍ത്ഥി നേതാക്കളില്‍ നിന്ന് വ്യത്യസ്തമായി, തികഞ്ഞ അക്കാദമിക നിലവാരത്തോടെ ബിരുദാനന്തര ബിരുദവും ഗവേഷണവും പ്രൊജക്ടുകളും ചെയ്യുന്നതോടൊപ്പം വിദ്യാര്‍ത്ഥി വിഷയങ്ങളിലും രാഷ്ട്രീയവിഷയങ്ങളിലും ഇടപെടാനുള്ള ആര്‍ജ്ജവം ഇവിടുത്തെ വിദ്യാര്‍ത്ഥികള്‍ കാണിക്കുന്നു. ഒരു വിദ്യാര്‍ത്ഥി നേതാവിന്‍റെയും ഫ്ളക്സുകള്‍ ഇവിടെയില്ല; മറിച്ച് അവരവര്‍ പ്രവര്‍ത്തിക്കുന്ന വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിന്‍റെ ആശയങ്ങള്‍ പ്രചരിപ്പിക്കുന്ന വരച്ചതോ എഴുതിയതോ ആയ പോസ്റ്ററുകളും മറ്റുളളവയെ വിമര്‍ശിക്കുന്ന കാര്‍ട്ടൂണുകളും കാരിക്കേച്ചറുകളുമാണ് ഇവിടെ സര്‍വ്വസാധാരണം. ദളിത് പീഢനത്തിന്‍റെ ഇരയായ രോഹിത് വെമുലയും രണ്ടു പതിറ്റാണ്ടുകളായി തടവറയ്ക്കുള്ളില്‍ കിടക്കുന്ന നമ്മുടെ നാട്ടില്‍ നിന്നുള്ള അബ്ദുള്‍ നാസര്‍ മ്അദനിയും ഇവിടെ പോസ്റ്ററുകളിലെ താരങ്ങളാണ്. ആശയപരമായ സംവാദങ്ങള്‍ക്കും പോസ്റ്റര്‍ പ്രചരണങ്ങള്‍ക്കുമപ്പുറത്തേയ്ക്ക് ശാരീരിക സംഘട്ടനങ്ങളോ അതിന്‍റെ പേരിലുള്ള അതിക്രമങ്ങളോ ഇവിടെ നിന്ന് വാര്‍ത്തകളാകുന്നില്ല. സര്‍വ്വാകലാശാലയുമായി ബന്ധപ്പെട്ട വിദ്യാര്‍ത്ഥികളുടെ പൊതു ആവശ്യങ്ങള്‍ക്കുള്ള സമരങ്ങളൊക്കെ വിദ്യാര്‍ത്ഥി സംഘടനകള്‍ ഒരുമിച്ചാണ്. മറ്റാവശ്യങ്ങളിലൊക്കെ ഭിന്നതകള്‍, വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങള്‍ക്കിടയിലുണ്ടെങ്കിലും പൊതുവായ ആവശ്യങ്ങള്‍ക്ക് ആണ്‍-പെണ്‍ വ്യത്യാസമില്ലാതെ വിദ്യാര്‍ത്ഥി നേതാക്കള്‍ സമരമുഖത്തുള്ളത് പുതുമയുള്ള യാഥാര്‍ത്ഥ്യമാണ്. പ്രകടനങ്ങളും പ്രതിഷേധങ്ങളും മുദ്രാവാക്യങ്ങളുമില്ലാതെ ജെ.എന്‍.യു. ഇല്ല. മിക്കവാറും പ്രതിഷേധ കൂട്ടായ്മകളും സമര പ്രഖ്യാപനങ്ങളും അരങ്ങേറുന്നത്, സായാഹ്നങ്ങളിലാണെന്നത്, വിദ്യര്‍ത്ഥികളുടെ അക്കാദമിക സാധ്യതകളോട് പക്ഷം ചേര്‍ന്നുള്ള പോരാട്ട വീര്യത്തിനുദാഹരണം. അതുതന്നെയാണ് ഇവിടെ നിന്ന് വളര്‍ന്ന പ്രകാശ് കാരാട്ട്, ദിഗ്വിജയ് സിംഗ്, നിര്‍മ്മല സീതാരാമന്‍, സീതാറാം യെച്ചൂരി, ഡോ. തോമസ് ഐസക്, യോഗേന്ദ്ര യാദവ്, ത്രിപാഠി ഉള്‍പ്പെടെയുള്ള നേതാക്കളുടെ പാരമ്പര്യം.

നമ്മുടെ വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങളോടും അവയുടെ നേതൃത്വത്തോടും ഒരു വാക്ക്
വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തനങ്ങളില്‍ ജെ.എന്‍.യു.വിലെ വിദ്യാര്‍ത്ഥികളേയും സംഘടനാ നേതാക്കളേയും മാതൃകയാക്കുക. അവര്‍ വളരുന്നതും പ്രവര്‍ത്തിക്കുന്നതും ലോകോത്തര നിലവാരമു ള്ള അക്കാദമിക യോഗ്യതകളോടെയാണ്. സമര-പോരാട്ട വീര്യത്തോടൊപ്പം അക്കാദമിക നിലവാരം ഉറപ്പാക്കാനും ആക്രമണ- പ്രത്യാക്രമണ രാഷ്ട്രീയത്തിനപ്പുറത്തേയ്ക്ക് ആശയസംവാദങ്ങള്‍ക്കു സാധുത നല്കാനും ഒരു പുതിയ വിദ്യാര്‍ത്ഥി രാഷ്ട്രീയ നേതൃത്വം രൂപപ്പെടട്ടെയെന്നാശംസിക്കു ന്നു. ഒപ്പം നന്മകള്‍ നേരുന്നു.

Leave a Comment

*
*