webqoof അല്ലെങ്കില്‍ സാമൂഹ്യമാധ്യമ വിഡ്ഢി

webqoof അല്ലെങ്കില്‍ സാമൂഹ്യമാധ്യമ വിഡ്ഢി

ഡോ. ഡെയ്സന്‍ പാണേങ്ങാടന്‍
അസി. പ്രഫസര്‍, സെന്‍റ് തോമസ് കോളേജ്, തൃശ്ശൂര്‍

ഇന്‍റര്‍നെറ്റിലൊ, സാമൂഹ്യമാധ്യമങ്ങളിലോ വരുന്ന കാര്യങ്ങള്‍ അപ്പാടെ വിശ്വസിക്കുന്നവരാണ് webspoof, എന്നാണ് ഗൂഗിള്‍ പക്ഷം. മലയാളികള്‍ക്കിടയില്‍ കഴിഞ്ഞ ദശാബ്ദം വരെ അല്പംപോലും പ്രാധാന്യമില്ലാതിരുന്ന ഈ വാക്കിന് വളരെയേറെ പ്രസക്തി ഇപ്പോള്‍ നമ്മുടെ കേരള സമൂഹത്തിലുണ്ട്. കയ്യിലിരിക്കുന്ന മൊബൈല്‍ ഫോണില്‍ എവിടെ നിന്നോ വീണുകിട്ടിയ പോസ്റ്റുകള്‍ ആധികാരികതയുടേയോ വിശ്വാസ്യതയുടേയോ അകമ്പടിയല്പം പോലുമില്ലാത്ത ഇതാദ്യം കിട്ടിയതെനിക്കാണെന്ന അഹന്തയോടെയുള്ള വ്യഗ്രതയില്‍ എല്ലാ ഗ്രൂപ്പുകളിലേയ്ക്കും വാരി വിതറുന്ന നാം മലയാളിക്ക് കിട്ടിയ ഏറ്റവും നല്ല പാഠമാണ് (സംസാരഭാഷയില്‍ എട്ടിന്‍റെ പണി) ഈ ദിവസങ്ങളിലുണ്ടായ സാമൂഹ്യമാധ്യമവിവാദം. ഒരൊറ്റ ദിവസം കൊണ്ട് കാല്പ്പന്തു ലോകകപ്പിനിടയിലെ പുതു താരോദയമായി മാറിയ ക്രൊയേഷ്യന്‍ പ്രസിഡണ്ട് കൊലിണ്ട ഗ്രാബറിനെ ഔന്നത്യത്തിലേയ്ക്കുയര്‍ത്തിയ; 19-കാരി മീന്‍കാരിയെ തൊട്ടടുത്ത ദിവസം പഴയതിനേക്കാള്‍ മോശം തെരുവിലേയ്ക്ക് വലിച്ചെറിഞ്ഞ കാഴ്ച, നമ്മുടെ കണ്ണുകളില്‍ നിന്നിനിയും മായാനിടയില്ല. കഷ്ടപ്പാടിന്‍റെ പശ്ചാത്തലത്തിലുണ്ടായ സഹതാപത്തിന്‍റെ ഉന്നതിയില്‍ അവളെ സ്നേഹിക്കാനും പരിഗണിക്കാനും നമ്മെ പഠിപ്പിച്ച അതേ സാമൂഹ്യമാധ്യമം തന്നെ ഞൊടിയിട കൊണ്ടവളെ വസ്ത്രാക്ഷേപം നടത്തി പൊതുജനമധ്യത്തിലവഹേളിച്ചു. സാമൂഹ്യമാധ്യമങ്ങളിലെ തുടക്കക്കാരും ശരാശരിക്കാരും എന്തിനേറെ താപ്പാനകള്‍ വരെ ഈ സഹതാപക്കെണിയില്‍ കുറിപ്പുകളെഴുതിയും ഫോട്ടോ സഹിതം പങ്കുവെച്ചും പെട്ടുപോയെന്നതാണ് വാസ്തവം. സമീപകാലത്ത് സാമൂഹ്യമാധ്യമങ്ങളില്‍ ഏറ്റവും കൂടുതല്‍ പേര്‍ കുറിപ്പുകളെഴുതുകയും പോസ്റ്റു ചെയ്യുകയും ഷെയര്‍ ചെയ്യുകയും ചെയ്ത, ചുരുങ്ങിയ ഇടവേള കൊണ്ട് തന്നെ അതേ ആളുകളാല്‍ തന്നെ പിന്‍വലിക്കപ്പെടുകയും ചെയ്ത പോസ്റ്റിന്‍റെ റെക്കോഡ് ഇനി ഇതിനായിരിക്കും.

ഒട്ടേറെ സഹതാപവും അര്‍ഹിക്കുന്നവര്‍ക്ക് പരിഗണനയും പ്രായോഗിക ജീവിതത്തിലല്പം പോലുമില്ലെങ്കിലും അതെല്ലാം സാമൂഹ്യമാധ്യമങ്ങളിലൂടെ കൊടുക്കാന്‍ വ്യഗ്രതപ്പെടുന്നവരാണ് മലയാളി. ഈ പ്രകടനപരത തന്നെയാണ് ബ്ലഡ് ആവശ്യമുണ്ടെന്ന മാസങ്ങള്‍ക്കു മുമ്പത്തെ അറിയിപ്പുകളും കര്‍ണ്ണാടകയില്‍ റെയില്‍വേ സ്റ്റേഷനില്‍ ഭിക്ഷക്കാരിയോടൊപ്പം ഇരിക്കുന്ന കുട്ടിയുടെ ചിത്രങ്ങളും ക്യാന്‍സര്‍ മാറാനുള്ള പച്ചമരുന്നും ഊരുംപേരുമില്ലാതെ പ്രചരിക്കുന്ന വിവിധ പോസ്റ്റുകളും യാതൊരുവിധ പുനര്‍ചിന്തയും കൂടാതെ സാക്ഷരത കൊണ്ട് പ്രബുദ്ധരായ നാം മലയാളികള്‍ പ്രചരിപ്പിക്കുന്നത്. ബ്ലഡ് ആവശ്യമുണ്ടെന്ന പേരില്‍ പ്രചരിക്കുന്ന പോസ്റ്റുകളില്‍ അവ ഫോര്‍വേര്‍ഡ് ചെയ്യുന്ന കപടസാമൂഹ്യ പ്രവര്‍ത്തനത്തിനപ്പുറം, എന്‍റെ ബ്ലഡ് ഗ്രൂപ്പ് നിങ്ങളാവശ്യപ്പെട്ടതാണ്, ഞാന്‍ രക്തദാനത്തിന് തയ്യാറാണെന്ന മറുപടി, രക്തദാനത്തിനു വേണ്ടി രൂപീകരിക്കപ്പെട്ട ഗ്രൂപ്പുകളിലൊഴിച്ച് വേറൊരു ഗ്രൂപ്പിലും കണ്ടിട്ടില്ല. അപ്പോള്‍ അവനവന്‍റെ അസ്തിത്വത്തെ തൊടാതെയുള്ള സാമൂഹ്യ പ്രവര്‍ത്തനമേ, സാമൂഹ്യമാധ്യമങ്ങളിലൂടെ മലയാളി ഉദ്ദേശിക്കുന്നുള്ളൂവെന്ന് ചുരുക്കം.

ഇതോടൊപ്പം ഏതൊരു ഇല്ലാക്കാര്യവും അല്‍പ്പത്തവും ഭാഷാ പ്രാവീണ്യം കൊണ്ടും പ്രകടനപരതയ്ക്കായുള്ള ഇടപെടല്‍ കൊണ്ടും പറഞ്ഞു വിശ്വസിപ്പിക്കാന്‍ മിടുക്കന്‍ കൂടിയാണ് ഒരു ശരാശരി മലയാളി. ഈ രണ്ടു കാര്യങ്ങളും ഒരുമിച്ചാലുണ്ടാകുന്ന സാധ്യതയുടെ പ്രായോഗികതയാണ് നാമിവിടെ കണ്ടത്. വിമര്‍ശന മനോഭാവത്തോടെ കബളിപ്പിക്കപ്പെട്ടതും ഊതിവീര്‍പ്പിക്കപ്പെട്ടതുമായ ഒരു സംസ്കാരത്തിന്‍റെ പേരാണു മലയാളി എന്നു എവിടെയോ വായിച്ചത് ഇത്തരുണത്തില്‍ എത്രയോ പ്രസക്തമാണെന്ന് തോന്നിപ്പോകുന്നു.

നിലവാരത്തെക്കാള്‍ പ്രാമുഖ്യം ആസ്വാദ്യതയ്ക്കു നാം മലയാളികള്‍ കൊടുക്കുന്നതു കൊണ്ടു തന്നെയാണ് ലോകവിപണിയിലെ എന്തും വില്ക്കപ്പെടാവുന്ന വളക്കൂറുള്ള മണ്ണായി നമ്മുടെ നാട് മാറിയത്. ഇതേ സംസ്കാരം തന്നെയാണ് വേളാങ്കണ്ണി മാതാവിന്‍റെ നോട്ടീസിനും പരസ്യചാനലുകളിലെ വലംപിരി ശംഖുകള്‍ക്കും ധനാകര്‍ഷണ യന്ത്രങ്ങള്‍ക്കും നമ്മുടെ നാട്ടില്‍ അപ്രതീക്ഷിത വിപണിയുണ്ടാക്കിയത്.

ഇത്തരത്തില്‍ പറ്റിക്കുകയും പറ്റിക്കപ്പെടുകയും ചെയ്യുന്നത് നാം ചുരുക്കം ചില മലയാളിയുടെയെങ്കിലും മുഖമുദ്രയായി തന്നെ മാറിയിരിക്കുന്നു.

48 ലക്ഷത്തോളം ഫേസ്ബുക്ക് എക്കൗണ്ടുകള്‍ കേരളത്തിലുണ്ടെന്നാണ് ഫേസ് ബുക്കിന്‍റെ തന്നെ കണക്ക്. ഇതില്‍ 71% പുരുഷ ഉപഭോക്താക്കളും 29% വനിതാ ഉപഭോക്താക്കളുമാണ്. വാട്ട്സ്ആപ്പ് ഉപയോഗിക്കുന്ന മലയാളിയുടെ എണ്ണം ഇതിന്‍റെ രണ്ടു മടങ്ങാണെന്നാണ് വിവരം. അവരിലൂടെ പങ്കുവെയ്ക്കുന്ന ഇത്തരം വിവരങ്ങള്‍ കാണുന്ന എത്രയോ ലക്ഷം ആളുകള്‍ സ്വാഭാവികമായും പിന്നെയുമുണ്ടാകും. അപ്പോള്‍ ഇല്ലാകഥകളും പാതി മറച്ച സത്യങ്ങളും എത്തപ്പെടുന്ന എക്കൗണ്ടുകളുടെയെണ്ണം നമുക്കൂഹിക്കാവുന്നതിലും അപ്പുറത്താണ്. അതു കൊണ്ട് തന്നെ ആവിഷ്ക്കാര സ്വാതന്ത്ര്യത്തിന്‍റെ പേരില്‍ സത്യമെന്തെന്ന് നിര്‍വ്വചിക്കാതെ എന്തെഴുതാനും അവ പരമാവധിയാളുകളിലേയ്ക്കു പങ്കുവെയ്ക്കാനും നാം കാണിക്കുന്ന വ്യഗ്രതയ്ക്ക് കടിഞ്ഞാണിടുക തന്നെ വേണം.

പങ്കിടുന്ന വിവരങ്ങളുടേയും പോസ്റ്റുകളുടേയും ആധികാരികതയും അവയുടെ സത്യസന്ധതയും കണ്ടുപഠിക്കുക എന്നത് ഇന്നത്തെ കാലത്ത് അത്ര വലിയ ബുദ്ധിമുട്ടുള്ള കാര്യമൊന്നുമല്ല. അന്വേഷണാത്മകതയും അല്പമൊരു ക്ഷമയും കൈമുതലായുണ്ടെങ്കില്‍ സത്യത്തെ നിര്‍വ്വചിക്കുകയെന്നതു കഠിനാധ്വാനമുള്ള ജോലിയുമല്ല. അതിനല്പം മെനക്കെടാനുദ്ദേശിക്കാത്തവര്‍ കണ്ണുമടച്ച് ഫോര്‍വേഡ് ചെയ്യുന്ന ഈ പണിക്ക് പോകണമെന്നുമില്ല.

സത്യമറിയാതെയുള്ള ഇത്തരം ഫോര്‍വേഡുകളുടെ വിതരണത്തിന് നാമെന്തിനാണ് വ്യഗ്രതപ്പെടുന്നത്. ഇനി അത്തരക്കാരെ കാത്ത് ഏതെങ്കിലും അവാര്‍ഡുകളിരിപ്പുണ്ടോ? അപ്പോള്‍ യാതൊരു വിധ ഉത്തരവാദിത്വബോധമില്ലാത്ത ഇല്ലാക്കഥകളും പാതിസത്യങ്ങളും പ്രചരിപ്പിക്കുന്ന ഇക്കൂട്ടരുടെ ലക്ഷ്യമെന്തു തന്നെയായാലും അവരുടെ ചെയ്തികള്‍ നിയമ വിധേയമാകേണ്ടതും വിമര്‍ശന വിധേയമാകേണ്ടതും തന്നെ.

ഇവിടെയുണ്ടാകേണ്ടതും വളര്‍ത്തിയെടുക്കേണ്ടതും പുതിയൊരു സാമൂഹ്യ മാധ്യമസംസ്കാരമാണ്. പൂര്‍ണ്ണബോധ്യമുള്ളതും സത്യമായതും പങ്കുവെയ്ക്കുന്നതു കൊണ്ട് മറ്റാളുകള്‍ക്ക് ഉപകാരപ്രദമാകാവുന്ന കാര്യങ്ങള്‍ മാത്രം ഷെയര്‍ ചെയ്യുന്നതിനുള്ള സംസ്ക്കാരം. അല്ലെങ്കില്‍ നമുക്കുണ്ടാകുക; സാമൂഹ്യ മാധ്യമങ്ങളിലെ വിഡ്ഢി പരിവേഷമാകാം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org