തിരുക്കുടുംബങ്ങളില്‍ നിലാവു പൊഴിയുമ്പോള്‍

തിരുക്കുടുംബങ്ങളില്‍ നിലാവു പൊഴിയുമ്പോള്‍

ഡില്‍ന ജെ. മരിയ, താമരശ്ശേരി

നിലാവെളിച്ചത്തില്‍ വരാന്തയിലിരുന്ന് അലസമായി കാലുകളിളക്കിക്കൊണ്ട് ജസ്റ്റിന്‍ ഫോണില്‍ സംസാരിച്ചു കൊണ്ടേയിരുന്നു. 'ആ അതു ഞാന്‍ വേണ്ടാന്നു വെച്ചെടാ… ഇല്ല ഇല്ല… മനസമ്മതം കഴിഞ്ഞില്ലാരുന്നു… നോമ്പിനു മുമ്പുറപ്പിച്ചു വച്ചതാരുന്നു… ഈസ്റ്റര്‍ കഴിഞ്ഞു നടത്താന്‍… അതിനിടെ ആ പെണ്ണിനു കോവിഡ് പിടിച്ചു… സീരിയസായിരുന്നു… ഇപ്പോ മാറിയിട്ടുണ്ട്… എന്നാലും പറയാന്‍ പറ്റുവോ… നമ്മളെന്തിനാ വെറുതേ റിസ്‌ക്കെടുക്കുന്നേ… ഏത്… വേറെ വല്ലതും നോക്കാം…'
ഊണുമേശയ്ക്കരികിലെ കസേരയില്‍ താടിക്കു കൈയ്യും കൊടുത്തിരുന്ന ലിസമ്മയുടെ കണ്ണുകള്‍ അറിയാതെ നനഞ്ഞു "എന്നാലും ബേബിച്ചായാ നമ്മളീ ചെയ്തതു ശരിയായോ. എനിക്കെന്തോ ഇവന്റെ സംസാരം കേട്ടിട്ട് സഹിക്കുന്നില്ല. എത്ര ലാഘവത്തോടെയാ അവന്‍ പറയുന്നത് ഉറപ്പിച്ച കല്യാണം വേണ്ടെന്നു വെച്ചെന്ന്. മെറിനെ ഞാന്‍ എന്റെ മരുമോള്‍ടെ സ്ഥാനത്തു കണ്ടു പോയി."
"മനസ്സാക്ഷിക്കുത്തൊക്കെ എനിക്കുമുണ്ട് ലിസമ്മേ. നമ്മളു വിവാഹത്തിന്നു പിന്‍മാറുവാണെന്നു പറഞ്ഞപ്പോ മെറിന്റെ അപ്പന്റെ നെടുവീര്‍പ്പിന്റെ ശബ്ദം ഞാന്‍ കേട്ടതല്ലേ. എങ്കിലും നമുക്കെന്തു ചെയ്യാനാവും? നമ്മള്‍ നിര്‍ബന്ധിച്ചിട്ട് ഭാവിയില്‍ എന്തെങ്കിലും പ്രശ്‌നമുണ്ടായാ അവന്‍ നമ്മളെ കുറ്റപ്പെടുത്തില്ലേ." ബേബിച്ചന്‍ കണ്ണട മടക്കി മേശപ്പുറത്തു വച്ചു.
"എന്നാലും എനിക്കെന്തോ. അല്ല, കല്യാണത്തിനു ശേഷമായിരുന്നു രോഗം പിടിച്ചേങ്കില്‍ ഇവന്‍ എന്തു ചെയ്‌തേനെ." ലിസമ്മയുടെ ചോദ്യം കേട്ടുകൊണ്ട് അകത്തു വന്ന ജസ്റ്റിന് അരിശം വന്നു.
"എത്രയോ കല്യാണങ്ങള്‍ മനസ്സമ്മതം കഴിഞ്ഞ് മാറിപ്പോകുന്നു" പിറുപിറുത്തു കൊണ്ട് അവന്‍ ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ വച്ചു.
"മമ്മി കുരിശു വരക്കുന്നുണ്ടോ!" കതകും ചാരിയിരുന്നു കൊണ്ട് അവന്‍ ശബ്ദമുയര്‍ത്തി.
തിരിതെളിച്ചത് ക്രൂശിത രൂപത്തിനു മുന്‍പിലാണെങ്കിലും ജപമാലയിലുടനീളം ലിസമ്മയുടെ കണ്ണുകള്‍ തിരുക്കുടുംബത്തിലുടക്കി നിന്നു. ജസ്റ്റിനും മെറിനും ജോസഫും മേരിയും. മറ്റൊരു തിരുക്കുടുംബമാകേണ്ടിയിരുന്നവര്‍. എന്റെ യൗസേപ്പിതാവേ. എന്റെ കുഞ്ഞിനു സല്‍ബുദ്ധി തോന്നിക്കണേ. അവള്‍ ആരും കാണാതെ കണ്ണീര്‍ തുടച്ചു.
യാന്ത്രികമായി ചൊല്ലിത്തീര്‍ത്ത ജപമാലക്കു ശേഷം ജസ്റ്റിന്‍ പതിവുപോലെ ബൈബിള്‍ നിവര്‍ ത്തി. മത്തായിയുടെ സുവിശേഷം ഒന്നാം അധ്യായം, പതിനെട്ടു മുതല്‍ ഇരുപത്തഞ്ചുവരെയുള്ള വാക്യങ്ങള്‍: യേശുവിന്റെ ജനനം. എത്രയോ തവണ വായിച്ചു കേട്ട സുവിശേഷഭാഗം. പക്ഷേ, ചില വാക്കുകള്‍ മിന്നല്‍ പിണറുകള്‍ പോലെ ആത്മാവില്‍ തുളഞ്ഞു കയറുന്നത് ജസ്റ്റിന്‍ അറിഞ്ഞു. "നീതിമാനായ ജോസഫ്, അവളെ രഹസ്യമായി ഉപേക്ഷിക്കാന്‍… നിദ്രയില്‍ നിന്നുണര്‍ന്ന് കര്‍ത്താവിന്റെ ദൂതന്‍ കല്‍പിച്ചതു പോലെ, അവന്‍ തന്റെ ഭാര്യയെ സ്വീകരിച്ചു…' ദൈവമേ… ഞാനെന്തു നീതികേടാണു ചെയ്യുന്നത്! വിവാഹം കഴിക്കാന്‍ പോകുന്നവള്‍ ഗര്‍ഭിണിയാണെന്നറിഞ്ഞിട്ടും അവളെ സ്വീകരിച്ച ജോസഫ്. ഞാനോ. വെറുമൊരു രോഗം വന്ന പേരില്‍ നിഷ്‌കളങ്കയായ ഒരു പെണ്‍കുട്ടിയെ… ഇതു മഹാ പാപമാണ്… ജോസഫ് നാമധാരിയായ ഞാന്‍… തെറ്റുതിരുത്തിയേ തീരൂ… മാപ്പു പറയണം… അവള്‍ ക്ഷമിക്കുമോ…
സന്ധ്യാപ്രാര്‍ത്ഥന, കുടുംബ പ്രതിഷ്ഠയും 'ദയയുള്ള മാതാവേ'യും കടന്ന് യൗസേപ്പിതാവി നോടുള്ള ജപത്തിലെത്തിയിരുന്നു. 'ഭാഗ്യപ്പെട്ട മാര്‍ യൗസേപ്പേ ഞങ്ങളുടെ അനര്‍ത്ഥങ്ങളില്‍ അങ്ങേപ്പക്കല്‍ ഓടിവന്ന്…' ലിസമ്മ നിറകണ്ണുകളോടെ ഉരുവിട്ടു കൊണ്ടിരുന്നു. അരൂപിയുടെ ആഹ്വാനമെന്നപോലെ ജസ്റ്റിന്‍ പിടഞ്ഞെണീറ്റു. ചാര്‍ജറില്‍ നിന്നും ഫോണ്‍ വലിച്ചൂരിയെടുത്ത് അകത്തേ മുറിയിലേക്കു കയറി. എന്താണു സംഭവിച്ചതെന്നറിയാതെ ബേബിച്ചനും ലിസമ്മയും പരസ്പരം നോക്കി. അകത്തെ മുറിയില്‍നിന്നും കേള്‍ക്കുന്ന ഇടറുന്ന ശബ്ദത്തില്‍, മുറിയുന്ന വാക്കുകളില്‍ അവര്‍ കാര്യം ഗ്രഹിച്ചു. മാനസാന്തരത്തിന്റെ, ഏറ്റുപറച്ചിലിന്റെ, ക്ഷമായാചനത്തിന്റെ, പ്രായശ്ചിത്തത്തിന്റെ… ഒടുവില്‍ ആത്മാവില്‍ നിറയുന്ന സന്തോഷത്തിന്റെ സ്വരങ്ങള്‍…
'യൗസേപ്പിതാവെന്റെ കണ്ണു തുറപ്പിച്ചു മമ്മീ… നമുക്കു നാളെ മെറിന്റെ വീട്ടില്‍ പോണം.' നിറകണ്ണുകളോടെ പുറത്തുവന്ന ജസ്റ്റിന്‍ പറഞ്ഞതു കേട്ട് ലിസമ്മ ഓടിച്ചെന്നു തിരുക്കുടുംബ രൂപത്തില്‍ ചുംബിച്ചു. നിലാവ് അപ്പോഴും പൊഴിഞ്ഞു കൊണ്ടേ യിരുന്നു… പുതിയ പുതിയ തിരുക്കുടുംബങ്ങളില്‍…

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org