വണ്ടര്‍ ബോക്സ്

വണ്ടര്‍  ബോക്സ്

ബ്രദര്‍ ആല്‍ബിന്‍ കറുകപ്പള്ളില്‍ സിഐംഐ

മമ്മ നീട്ടിയ ബാര്‍ബിപ്പാവയെ തട്ടിത്തെറിപ്പിച്ചുകൊണ്ട് അവള്‍ തന്‍റെ കൊച്ചുമുറിയിലേക്ക് ഓടി. വാതിലടച്ചു കുറ്റിയിട്ടശേഷം അവള്‍ തന്‍റെ കട്ടിലിലേക്കു കമിഴ്ന്നു കിടന്നു കരഞ്ഞുതുടങ്ങി. കുറച്ചു നേരം കഴിഞ്ഞു കണ്ണു തുറന്നു ചുറ്റും നോക്കിയപ്പോഴാണ് ഉറങ്ങിപ്പോയിരുന്ന കാര്യം അവള്‍ക്കു മനസ്സിലായത്. വാതില്‍ ആരോ ചാരിയിട്ടുണ്ട്. മുറിയില്‍ ഇളംനീല നിറത്തിലുള്ള സീറോബള്‍ബ്, മങ്ങിയ വെളിച്ചം പരത്തുന്നുണ്ട്. പപ്പയോ മമ്മിയോ മുറിയില്‍ വന്നിരുന്നിരിക്കണം. അവള്‍ ചുവരിലെ ക്ലോക്കിലേക്കു നോക്കി. സമയം ഏഴു മണിയാകുന്നു. യൂണിഫോം പോലും മാറിയിട്ടില്ല. അപ്പുറത്തെ മുറിയില്‍ നിന്നു പപ്പയുടെ സ്വരം കേ ട്ടു.

"ടീനാ, യൂ ഡോണ്ട് വറി, ഷീ ഈസ് ഓണ്‍ലി എ കിഡ്. ഷീ വില്‍ ഫൊര്‍ഗെറ്റ് എവരിതിങ്ങ് സൂണ്‍…"

അവള്‍ക്കതു കേട്ടപ്പോള്‍ ദേഷ്യമാണു തോന്നിയത്. മറക്കുമത്രേ. തന്‍റെ എത്ര നാളത്തെ കാത്തിരിപ്പും സ്വപ്നങ്ങളുമായിരുന്നു… അഥവാ താന്‍ മറന്നാലും ഇവര്‍ക്കതു മറക്കാന്‍ പറ്റുമോ? തനിക്കൊന്നുമറിയില്ലെന്നാണ് അവരുടെ വിചാരം.

കൈകള്‍കൊണ്ടു മുഖം തുടച്ചശേഷം അവള്‍ മെല്ലെ കട്ടിലില്‍നിന്നും ഊര്‍ന്നിറങ്ങി. നിലത്തു മുട്ടുകുത്തിയിരുന്നു കട്ടിലിനടിയില്‍ നിന്നും അവളുടെ 'വണ്ടര്‍ ബോക്സ്' അവള്‍ പുറത്തേയ്ക്കെടുത്തു. അവളുടെ വര്‍ഷങ്ങളായുള്ള സമ്പാദ്യം മുഴുവനും ആ പെട്ടിയിലാണ്. നാലാം ക്ലാസ്സിലെത്തിയതുവരെ അവള്‍ക്കു വില പിടിച്ചതെന്നു കരുതിയ സാധനങ്ങളെല്ലാം ആ പെട്ടിയിലാണ്. ആദ്യമായി കിട്ടിയ പാവ മുതല്‍ കഴിഞ്ഞ ഓണത്തിനു തറവാട്ടില്‍ ചെന്നപ്പോള്‍ മുത്തച്ഛന്‍ നല്കിയ മയില്‍പ്പീലിയും തറവാട്ടില്‍ ജോലിക്കു നില്ക്കുന്ന രമണിയേടത്തിയുടെ മക്കള്‍ക്കൊപ്പം കാറ്റാടിക്കുന്നില്‍ പോയി ശേഖരിച്ച കുന്നിക്കുരുവിന്‍റെയും മഞ്ചാടികുരുകളുടെയും ശേഖരം വരെ ആ പെട്ടിയിലുണ്ട്. മിനിഞ്ഞാന്നുംകൂടി താനത് എല്ലാം പുറത്തെടുത്തു വൃത്തിയാക്കിവച്ചതാണ്, തന്‍റെ അനുജത്തിക്കുട്ടിക്കു കൊടുക്കാനായി.

തനിക്ക് ഒരു കുഞ്ഞനുജത്തി വരാന്‍ പോകുന്നുവെന്നു മമ്മ പറഞ്ഞപ്പോള്‍ മുതല്‍ അവള്‍ ഒരുക്കങ്ങള്‍ തുടങ്ങിയതാണ്. എല്ലാ ദിവസവും അവള്‍ കുഞ്ഞുവാവയ്ക്കായി പ്രാര്‍ത്ഥിക്കാറുമുണ്ടായിരുന്നു. എന്തിനേറെ, ഇന്നുപോലും ക്ലാസ്സില്‍ കൂട്ടുകാരോട് "എനിക്കുടനെ ഒരു കുഞ്ഞനുജത്തി ഉണ്ടാകുമല്ലോ…" എന്നു പറഞ്ഞ് അഹങ്കരിച്ചതാണ്. തനിക്കു കൂട്ടുകൂടാനും കളിക്കാനും സ്വന്തമായൊരു അനിയത്തിക്കുട്ടി… അതവളുടെ ഒരാഗ്രഹമായിരുന്നു. എന്നിട്ടിപ്പോള്‍… അവളുടെ കണ്ണുകള്‍ നിറഞ്ഞൊഴുകാന്‍ തുടങ്ങി…

കുറച്ചു ദിവസമായി വീട്ടില്‍ പപ്പയും മമ്മയും തമ്മില്‍ തര്‍ക്കിക്കുന്നത് അവള്‍ കേള്‍ക്കുന്നുണ്ടായിരുന്നു. കുഞ്ഞുവാവയുടെ കാര്യം ആദ്യം മമ്മ വീട്ടില്‍ പറഞ്ഞ ദിവസം മുതല്‍ പപ്പ ചിരിക്കുന്നത് അവള്‍ കണ്ടിട്ടില്ല. എല്ലായ്പ്പോഴും എന്തൊക്കെയോ ആലോചനയും ദേഷ്യവുമായിരുന്നു.

മിനിഞ്ഞാന്ന് രാത്രി ഭക്ഷണത്തിനിരുന്നപ്പോഴും അവര്‍ തമ്മില്‍ തര്‍ക്കിച്ചിരുന്നു: "ടീനാ, യൂ സീ, വീ ഹാവ് ഓള്‍റെഡി എ ഡോട്ടര്‍. ആന്‍റ് വാട്ട് അദേഴ്സ് വില്‍ തിങ്ക്? സച്ച് ഏ ലോങ് ഗ്യാപ്…"

"ബട്ട് ഹൗ കാന്‍ വീ, ജോ? ദിസ് ഈസ് ഓള്‍ സോ…"

"ഡോണ്ട് ബി സോ സില്ലി ആന്‍റ് ഓര്‍ത്തഡോക്സ്. ബി പ്രാക്ടിക്കല്‍. വീ ഡോണ്ട് നീഡ് ഇറ്റ് നൗ…!"

പിന്നെ മമ്മ അധികമൊന്നും പറയുന്നതു കണ്ടില്ല. കുറച്ചു നാളായി മമ്മയുടെ ചിരിയും എവിടെയോ പോയിരിക്കുകയാണ്. ചിലപ്പോള്‍ വയറില്‍ തലോടിക്കൊണ്ട് ജനലില്‍ ചാരിനിന്ന് എന്തൊക്കെയോ പിറുപിറുത്തുകൊണ്ടു നില്ക്കുന്നതു കാണാം. ഒരുപക്ഷേ, കുഞ്ഞുവാവയോടു സംസരിക്കുകയായിരുന്നിരിക്കാം.

ഇന്നു സ്കൂള്‍ വിട്ടുവന്നപ്പോള്‍ പതിവുപോലെ തന്നെ കാത്തു ഗെയ്റ്റില്‍ നില്ക്കാറുള്ള മമ്മയെയല്ല, മറിച്ച് അകത്തു ടി.വി. ഹാളില്‍ ഫോണില്‍ എന്തൊക്കെയോ ടൈപ്പ് ചെയ്തുകൊണ്ടിരിക്കുന്ന പപ്പയെയാണ് കണ്ടത്. സാധാരണ പപ്പ ആറു മണി കഴിഞ്ഞേ വരാറുള്ളൂ. അവളെക്കണ്ടു പപ്പ വേഗം എഴുന്നേറ്റ് അടുത്തു വന്നു ബാഗ് വാങ്ങിയശേഷം പറഞ്ഞു:

"മമ്മയ്ക്കു നല്ല തലവേദനയാ. സോ ഡോണ്ട് ഡിസ്റ്റര്‍ ബ് ഹേര്‍ നൗ. വന്ന് സ്നാക്സ് കഴിക്ക്. നിന്‍റെ ഫേവറെറ്റ് പിസയും പെപ്സിയും വാങ്ങിയിട്ടുണ്ട്…"

വേഗം കഴിച്ചശേഷം മമ്മയുടെ അടുത്തേയ്ക്ക് ഓടി. കട്ടിലിന്‍റെ അടുത്തു ചെന്ന് ഉറങ്ങിക്കിടക്കുന്ന മമ്മയുടെ മുഖത്തേയ്ക്കു നോക്കി. പെട്ടെന്ന്, മമ്മ കണ്ണു തുറന്നു. ക്ഷീണം തങ്ങിനില്ക്കുന്ന, ചുവന്നു കലങ്ങിയ കണ്ണുകള്‍ കണ്ടപ്പോള്‍ അസാധാരണമായ എന്തോ ഒരു പേടി തോന്നി. തന്നെക്കണ്ടു പുഞ്ചിരിക്കാന്‍ ശ്രമിച്ചുകൊണ്ടു മമ്മ കൈനീട്ടി അരികിലേക്കു വിളിച്ചപ്പോഴും മമ്മ പറയാന്‍ പോകുന്നതെന്തെന്നു തനിക്കറിയില്ലായിരുന്നു. അല്പനേരം തന്നെ ചേര്‍ത്തുനിര്‍ത്തി തന്‍റെ കയ്യില്‍ പിടിച്ചുകൊണ്ട് മമ്മ പറഞ്ഞ വാക്കുകള്‍ എന്തു വലിയ ഒരാഘാതമായിരുന്നെന്നു തനിക്കേ അറിയൂ.

"ജെന്നീ, നമ്മുടെ കുഞ്ഞുവാവ തിരിച്ചു സ്വര്‍ഗത്തിലേക്കു പോയി. മോള് വാവയ്ക്കുവേണ്ടി പ്രാര്‍ത്ഥിച്ചാല്‍ മതീട്ടോ. മോള്‍ക്ക് കൂട്ടിനു ഞാനും പപ്പയുമൊക്കെയുണ്ടല്ലോ…"

അനങ്ങാന്‍ പോലുമാകാതെ നിന്ന തന്‍റെ കയ്യിലേക്കു മമ്മ ആ ബാര്‍ബിപാവ വച്ചുതന്നപ്പോഴാണു തനിക്കു പ്രതികരണശേഷി വീണ്ടുകിട്ടിയതെന്നു തോന്നുന്നു. മമ്മയുടെ കണ്ണുകള്‍ നിറഞ്ഞിരുന്നുവോ…? ഓര്‍ക്കുന്നില്ല….

അവള്‍ ക്ലോക്കിലേക്കു നോക്കി. സമയം ഏഴര കഴിഞ്ഞു. മുറിയുടെ പുറത്തു പപ്പയുടെ സ്വരം കേട്ടു.

"ടീനാ, അതിനും മാത്രം ഒന്നും സംഭവിച്ചില്ലല്ലോ. നീ പോയി റെസ്റ്റെടുക്ക്. അവള്‍ നാളത്തേയ്ക്ക് എല്ലാം മറന്നോളും…!"

"ഇല്ല പപ്പ, ഞാന്‍ മറക്കില്ല. എനിക്കെങ്ങനെ മറക്കാന്‍ പറ്റും…? എന്‍റെ വാവ…" അവള്‍ പതിയെ പറഞ്ഞു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org