Latest News
|^| Home -> Suppliments -> ULife -> ദേശ, വര്‍ണ, വംശഭേദങ്ങള്‍ നിഷ്പ്രഭം; മുഴങ്ങുന്നത് മാനവൈക്യത്തിന്‍റെ ആരവം

ദേശ, വര്‍ണ, വംശഭേദങ്ങള്‍ നിഷ്പ്രഭം; മുഴങ്ങുന്നത് മാനവൈക്യത്തിന്‍റെ ആരവം

Sathyadeepam

എസ്. ജോസഫ്

2014-ലെ ലോകക്കപ്പിന്‍റെ ആരവങ്ങള്‍ മുഴങ്ങുമ്പോള്‍ ബ്രസീലില്‍ വേറിട്ട ഒരു ശബ്ദമുയര്‍ന്നു. കത്തോലിക്കാ മെത്രാന്‍ സംഘത്തിന്‍റെ പ്രസ്താവനയായിരുന്നു അത്. ലോകത്തില്‍ ഏറ്റവും അധികം കത്തോലിക്കരുള്ള രാജ്യമാണ് ബ്രസീല്‍. ബ്രസീലിന്‍റെ ലോകോത്തര ഫുട്ബോള്‍ താരങ്ങളിലേറെയും കത്തോലിക്കാ/ക്രൈസ്തവ വിശ്വാസം ഏറ്റു പറയുന്നവര്‍. അതുകൊണ്ടു തന്നെ മെത്രാന്മാരുടെ പ്രസ്താവനയ്ക്കു അതിന്‍റേതായ പ്രാധാന്യമുണ്ടായിരുന്നു. മനുഷ്യര്‍ ദാരിദ്ര്യം കൊണ്ടു പൊറുതിമുട്ടുമ്പോള്‍ ലോകക്കപ്പ് മത്സരങ്ങളും മത്സരവേദികളും ഒരുക്കാന്‍ വന്‍തോതില്‍ പണം ചിലവഴിക്കുന്നതിനെതിരെയായിരുന്നു സഭാദ്ധ്യക്ഷന്മാരുടെ പ്രസ്താവന. ലോകക്കപ്പ് ആഘോഷത്തിനു കത്തോലിക്കാസഭയുടെ റെഡ്കാര്‍ഡ് എന്നായിരുന്നു അന്നു ബ്രസീലിയന്‍ മാധ്യമങ്ങളില്‍ ഈ വാര്‍ത്തയ്ക്കു തലക്കെട്ട്. റെഡ്കാര്‍ഡ് എന്നത് വെറുതെ വന്ന വാക്കല്ല. ചുവപ്പു കാര്‍ഡിന്‍റെ രൂപത്തില്‍ ഈ നിലപാട് മെത്രാന്‍ സംഘം അച്ചടിച്ചു ഇടവകകളില്‍ വിതരണം ചെയ്തിരുന്നു. അത്രയും ഗൗരവമായിട്ടാണ് ഈ വിഷയത്തെ അന്നു ബ്രസീലിയന്‍ സഭ കണ്ടത്.

ഫുട്ബോള്‍ വലിയ വികാരമായി കൊണ്ടു നടക്കുന്നു, ആരംഭം മുതല്‍ ലോകക്കപ്പില്‍ കളിച്ചിട്ടുണ്ട്, എന്നതുകൊണ്ട് ഫുട്ബോള്‍ ലോകക്കപ്പ് നടത്താനുള്ള അവസരം ബ്രസീലിനു കിട്ടി. എന്നാല്‍ ചാക്കു കണക്കിനു പണം ചിലവഴിച്ചു അങ്ങനെയൊരു ആഗോള ആഘോഷം സംഘടിപ്പിക്കാനുള്ള സാമ്പത്തിക ശേഷിയുള്ള രാജ്യമായിരുന്നില്ല ബ്രസീല്‍. അതൊരു സമ്പന്ന രാജ്യമല്ല. ജനകോടികള്‍ ദാരിദ്ര്യരേഖയ്ക്കു താഴെ കഴിയുന്ന, ചേരികളില്‍ കുഞ്ഞുങ്ങള്‍ പട്ടിണി കിടക്കുന്ന ഒരു രാജ്യം കൂടിയാണത്. ഈ വസ്തുതയെ വസ്തുതയായി കണ്ടുകൊണ്ടുള്ളതായിരുന്നു ബ്രസീലിയന്‍ കത്തോലിക്കാസഭയുടെ നിലപാട്.

പൊതുപ്പണം ചിലവഴിക്കുന്നതിനുള്ള മുന്‍ഗണനകള്‍ സംബന്ധിച്ച് ചര്‍ച്ചകള്‍ വേണമെന്നും ഈ ചര്‍ച്ചകളില്‍ സ്വന്തം നിലപാടു പറയാന്‍ സഭയാഗ്രഹിക്കുന്നുവെന്നും മെത്രാന്‍മാര്‍ പറഞ്ഞു. ആരോഗ്യം, വിദ്യാഭ്യാസം, ശുചിത്വം, ഗതാഗതം, സുരക്ഷ തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങള്‍ക്കായി ചിലവഴിക്കപ്പെടേണ്ട പണം സ്റ്റേഡിയങ്ങള്‍ നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്നതില്‍ അര്‍ത്ഥമില്ലെന്ന് അവര്‍ വ്യക്തമാക്കി. സ്റ്റേഡിയങ്ങള്‍ നിര്‍മ്മിക്കാന്‍ പാരിസ്ഥിതികാഘാതം നോക്കാതെ ഭൂമിയേറ്റെടുക്കുന്നതും പാവപ്പെട്ടവരെ അവരുടെ വാസകേന്ദ്രങ്ങളില്‍ നിന്നൊഴിപ്പിക്കുന്നതും പ്രതിഷേധാര്‍ഹമാണെന്നു സഭ പറഞ്ഞു.

ബ്രസീലിയന്‍ ലോകക്കപ്പില്‍ ബ്രസീലിയന്‍ സഭ ഇങ്ങനെയൊരു നിലപാട് സ്വീകരിച്ചുവെങ്കിലും അതു ഫുട്ബോളിനോ കായികവിനോദങ്ങള്‍ക്കോ എതിരായ ഒരു നിലപാടല്ലെന്ന് സഭയെയും കായിക ചരിത്രത്തെയും പരിശോധിക്കുന്നവര്‍ക്കറിയാം. ഒളിമ്പിക്സും ഫുട്ബോള്‍ ലോകക്കപ്പുള്‍പ്പെടെയുള്ള ആഗോള കായികമേളകളും ഉണ്ടാകുമ്പോള്‍ സഭ എന്നും അവയെ പ്രോത്സാഹിപ്പിക്കാറുണ്ട്. മാനവസംസ്കാരത്തിന്‍റെ വളര്‍ച്ചയില്‍ കായികവിനോദങ്ങള്‍ വഹിക്കുന്ന പങ്കിനെ സഭ എന്നും അംഗീകരിക്കുന്നു.

നിറവും ദേശവും വംശവും നോക്കാത്ത മാനവസാഹോദര്യത്തെയും സഹവര്‍ത്തിത്വത്തെയും വളര്‍ത്തുന്നതില്‍ കായികവിനോദങ്ങള്‍ വലിയ പങ്കു വഹിക്കുന്നു. ലോകക്കപ്പ് ഫുട്ബോള്‍ തുടങ്ങുമ്പോള്‍ അതിന്‍റെ സ്ഥാപകനും അതു തന്നെയാണ് പ്രധാനമായും ലക്ഷ്യം വച്ചിരുന്നത്. ഫ്രാന്‍സില്‍ ജനിച്ചു വളര്‍ന്ന യൂള്‍ റിമെറ്റ് ആണ് ലോകക്കപ്പ് ഫുട്ബോള്‍ മേളകള്‍ക്കു തുടക്കമിട്ടത്. ഉറച്ച ഒരു കത്തോലിക്കാ വിശ്വാസിയും ആയിരുന്നു അദ്ദേഹം. തൊഴിലാളികളുടെ മാഗ്നാകാര്‍ട്ട എന്നറിയപ്പെട്ട ലിയോ പതിമൂന്നാമന്‍ മാര്‍പാപ്പയുടെ റേരും നൊവാരും എന്ന ചാക്രികലേഖനത്തില്‍ നിന്നു പ്രചോദനമുള്‍ക്കൊണ്ട് തൊഴിലാളികള്‍ക്കു വേണ്ടിയുള്ള ഒരു സംഘടന സ്ഥാപിച്ചുകൊണ്ടാണ് റിമെറ്റ് തന്‍റെ ആക്ടിവിസ്റ്റ് ജീവിതം ആരംഭിക്കുന്നത്. ചാരിറ്റി പ്രവര്‍ത്തനങ്ങളുമാരംഭിച്ചു. കത്തോലിക്കാസഭയുടെ ഭാഗമായി നില്‍ക്കുന്ന ഒരു സാമൂഹ്യപരിഷ്കര്‍ത്താവ് എന്ന നിലയിലേയ്ക്ക് അദ്ദേഹത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ വളര്‍ന്നു. തുടര്‍ന്നാണ് സാമൂഹ്യ സൗഹാര്‍ദം വര്‍ദ്ധിപ്പിക്കുന്നതിനുള്ള ഒരു മാര്‍ഗമെന്ന നിലയില്‍ അദ്ദേഹം ഫുട്ബോള്‍ ക്ലബ്ബുകളുടെയും മേളകളുടെയും സംഘാടനത്തിലേയ്ക്കു തിരിഞ്ഞത്.

ഫിഫ എന്നറിയപ്പെടുന്ന അന്താരാഷ്ട്ര ഫുട്ബോള്‍ ഫെഡറേഷന്‍റെ ആദ്യ പ്രസിഡന്‍റായി റിമെറ്റ് അവരോധിതനായി. 1930-ല്‍ ഉറുഗ്വേയില്‍ വച്ച് ആദ്യത്തെ ലോകക്കപ്പ് നടത്തുകയും ചെയ്തു. തുടര്‍ച്ചയായ 33 വര്‍ഷം അദ്ദേഹം ഫിഫയുടെ പ്രസിഡന്‍റായിരുന്നു. രണ്ടാം ലോകമഹായുദ്ധത്തിന്‍റെ സംഘര്‍ഷങ്ങള്‍ക്കിടയിലും വിഭാഗീയതകള്‍ക്കും ശത്രുതകള്‍ക്കും അടിപ്പെടാതെ ഫിഫയെ ഒന്നിപ്പിച്ചു നിറുത്താനും മുന്നോട്ടു നയിക്കാനും അദ്ദേഹത്തിനു സാധിച്ചു. മരണമടയുന്ന വര്‍ഷത്തില്‍ സമാധാനത്തിനുള്ള നോബല്‍ സമ്മാനത്തിന് അദ്ദേഹത്തിന്‍റെ പേര് നിര്‍ദേശിക്കപ്പെടുകയും ചെയ്തു.

റിമെറ്റിനെ സംബന്ധിച്ച് ഫുട്ബോള്‍ ലോകസമാധാനത്തിനും സാഹോദര്യത്തിനും മാനവൈക്യത്തിനുമുള്ള ഒരു മാര്‍ഗമായിരുന്നു. ഫുട്ബോളിന്‍റെ അതിരു കടന്ന കച്ചവടവത്കരണത്തിനു റിമെറ്റ് എന്നും എതിരായിരുന്നു. ഇന്നു ലോകക്കപ്പിലും അന്താരാഷ്ട്ര പ്രൊഫഷണല്‍ ഫുട്ബോളിലും വന്നിരിക്കുന്ന കോര്‍പറേറ്റ് വത്കരണവും പണക്കൊഴുപ്പും കണ്ടാല്‍ അദ്ദേഹത്തിന് ഒരിക്കലും സന്തോഷിക്കാന്‍ കഴിയുമായിരുന്നില്ലെന്ന് അദ്ദേഹത്തിന്‍റെ കുടുംബാംഗങ്ങള്‍ പറയുന്നു.

സ്ഥാപകന്‍ വിഭാവനം ചെയ്തിട്ടില്ലാത്ത, ആശാസ്യമല്ലാത്ത മാറ്റങ്ങള്‍ കാലക്രമത്തില്‍ ഫുട്ബോള്‍ ലോകത്തു കടന്നു കൂടിയിട്ടുണ്ടെങ്കിലും ദേശ, നിറ, വംശ ഭേദമെന്യേ മനുഷ്യര്‍ കൂടിക്കലരുകയും സൗഹൃദം പങ്കുവയ്ക്കുകയും ഐക്യമാര്‍ജിക്കുകയും ചെയ്യുന്ന ഒരു മേളയായി തന്നെയാണ് ലോകക്കപ്പ് ഫുട്ബോള്‍ തുടരുന്നത്. വളരുന്ന തലമുറയ്ക്ക് അതു നല്ല സന്ദേശങ്ങള്‍ നല്‍കുന്നു. ഒരുദാഹരണത്തിന് ഈ ലോകക്കപ്പില്‍ പരിക്കേറ്റ ഉറുഗ്വായ് താരം കവാനിയെ കളിക്കളത്തിനു പുറത്തേയ്ക്കു താങ്ങി നടത്തിക്കൊണ്ടു പോകുന്ന പോര്‍ച്ചുഗല്‍ താരം ക്രി സ്റ്റ്യാനോ റൊണാള്‍ഡോയുടെ ചിത്രം നോക്കുക. തന്‍റെ സ്വപ്നങ്ങള്‍ക്കു അന്ത്യം വിധിച്ചു, രണ്ടു ഗോളുകള്‍ക്കു തോല്‍പിച്ചു പുറത്തേക്കയച്ച എതിരാളിയെയാണ് റൊണാള്‍ഡോ താങ്ങി നടത്തിയത്. സൗഹൃദത്തിന്‍റെ ഈ ചൈതന്യമാണ് ഫുട്ബോള്‍ പഠിപ്പിക്കുകയും പരത്തുകയും ചെയ്യുന്നത് എന്നതുകൊണ്ടാണ് സഭ അതിനെ പ്രോത്സാഹിപ്പിക്കുന്നത്.

Leave a Comment

*
*