Latest News
|^| Home -> Suppliments -> Baladeepam -> യഥാർത്ഥ സ്നേഹം

യഥാർത്ഥ സ്നേഹം

Sathyadeepam


റിയ സാറാ അലക്സ്

ക്ലാസ്സ് IX

ഒരിടത്ത് നല്ലവനും ദാനശീലനുമായ ഒരു രാജാവുണ്ടായിരുന്നു. എല്ലാവരും അദ്ദേഹത്തെ വളരെയധികം ബഹുമാനിക്കുകയും സ്നേഹിക്കുകയും ചെയ്തിരുന്നു.

ഒരിക്കല്‍ രാജാവിന് ഒരു ആഗ്രഹം തോന്നി, തന്‍റെ പിറന്നാള്‍ ദിവസം തന്‍റെ പ്രജകള്‍ക്കെല്ലാം അവര്‍ ആഗ്രഹിക്കുന്ന വിലയേറിയ സമ്മാനങ്ങള്‍ നല്കണമെന്ന്. അതിന്‍പ്രകാരം പിറന്നാള്‍ ആഘോഷത്തിനായി കൊട്ടാരം ഒരുങ്ങി. പ്രജകള്‍ക്കു വേണ്ട സമ്മാനങ്ങളും ഒരുക്കി എല്ലാവരും രാജകൊട്ടാരത്തില്‍ വന്ന് അത് സ്വീകരിക്കണമെന്ന് വിളംബരവും ചെയ്തു.

അന്നേദിവസം രാജാവ് വളരെ സന്തോഷപൂര്‍വ്വം രാജസിംഹാസനത്തില്‍ ഉപവിഷ്ടനായി. പ്രജകളും വളരെ നേരത്തെ തന്നെ കൊട്ടാരത്തില്‍ എത്തിയിരുന്നു. വന്നവര്‍ വന്നവര്‍ വിഭവ സമൃദ്ധമായ വിരുന്ന് ആസ്വദിച്ച് രാജാവൊരുക്കിവച്ചിരുന്ന അവരവരുടെ സമ്മാനങ്ങളും വാങ്ങി. ഏറെ സന്തോഷത്തോടെ മടങ്ങി. രാജാവിനും വളരെ സന്തോഷം തോന്നി.

അപ്പോഴതാ രാജാവിനെ അത്ഭുതപ്പെടുത്തിക്കൊണ്ട് ഒരു ചെറിയ പെണ്‍കുട്ടി ഓടി രാജാവിനടുത്തേക്ക് വന്നു. അവള്‍ രാജാവിനെ കെട്ടിപിടിച്ച്, ഉമ്മവെച്ച് ജന്മദിനാശംസകള്‍ നേര്‍ന്നു. രാജാവ് അമ്പരപ്പോടും അതിലേറെ ആഹ്ലാദത്തോടും അവളോടു ചോദിച്ചു.

“എന്തേ കുഞ്ഞേ, നിനക്കൊന്നും വേണ്ടായോ?”

അവള്‍ നിഷേധാര്‍ത്ഥത്തില്‍ തലയാട്ടി “എനിക്ക് അങ്ങയുടെ സ്നേഹം മാത്രം മതി.” അവള്‍ പറഞ്ഞു.

രാജാവ് അവളെ തന്‍റെ മടിയിലിരുത്തി, നെറുകയില്‍ ചുംബിച്ചു. രാജാവ് ചിന്തിച്ചു. അനേകം പ്രജകളില്‍ ഈ ഒരു കുഞ്ഞിനു മാത്രമാണ് തന്‍റെ സ്നേഹത്തിനായി കടന്നുവരാന്‍ തോന്നിയത്. രാജാവിന്‍റെ ഹൃദയം ആര്‍ദ്രമായി. അവള്‍ക്ക് തന്‍റെ സിംഹാസനം തന്നെ നല്കാന്‍ രാജാവ് തീരുമാനിച്ചു.

നമ്മുടെ സ്വര്‍ഗ്ഗസ്ഥനായ രാജാവ് നമ്മില്‍ നിന്നും ആഗ്രഹിക്കുന്നതെന്താണ്? തന്നെ സ്നേഹിക്കുകയും അനുസരിക്കുകയും ചെയ്യുക എന്നുള്ളതല്ലെ? എന്നാല്‍ നാമോ നമ്മുടെ ആഗ്രഹപൂര്‍ത്തീകരണത്തിനായി, സദാ കൈനീട്ടി, അനുഗ്രഹങ്ങള്‍ക്കു മാത്രമായി കര്‍ത്താവിനെ സമീപിക്കുന്നു. എത്ര അനുഗ്രഹങ്ങള്‍ തന്നാലും നമുക്ക് മതി വരുന്നുമില്ല. എന്നാല്‍ ഒരു സമ്മാനവും വേണ്ടെന്ന് വച്ച് ആ സ്വര്‍ഗ്ഗീയ രാജാവിനെ സ്നേഹിക്കാനും, മഹത്വപ്പെടുത്തുവാനും നമുക്കാകുമോ?

നമ്മുടെ സ്വര്‍ഗ്ഗീയ രാജാവായ യേശുവിനെ മറന്നാല്‍, അവിടുന്ന് നമുക്കായി ഒരുക്കിയിരിക്കുന്ന ജീവകിരീടം എന്നന്നേക്കുമായി നമുക്ക് നഷ്ടപ്പെട്ടേക്കാം.

Leave a Comment

*
*