യഹൂദരുടെ തിരുനാളുക‌ൾ

യഹൂദരുടെ തിരുനാളുക‌ൾ

തിരുനാളുകള്‍: മൂന്നു തിരുനാളുകള്‍ (പെസഹാ, ആഴ്ചകളുടെ തിരുനാള്‍, കൂടാരതിരുനാള്‍) തീര്‍ത്ഥാടന തിരുനാള്‍ ആയിരുന്നു. പ്രായപൂര്‍ത്തിയായ യഹൂദപുരുഷന്മാരെല്ലാം ആ തിരുനാളുകള്‍ക്കായി ജെറുസലേമില്‍ ഒന്നിച്ചുകൂടേണ്ടിയിരുന്നു.

പെസഹാ: ഈജിപ്തില്‍ നിന്നുള്ള വിമോചനത്തിന്‍റെ ഓര്‍മ്മയാണു പെസഹായില്‍ ആചരിക്കുന്നത്. പ്രതിവര്‍ഷം രണ്ടു ലക്ഷം തീര്‍ത്ഥാടകര്‍ തിരുനാളിനായി ജെറുസലേമില്‍ എത്തിച്ചേരുമായിരുന്നു. നീസാന്‍ മാസം 14-ാം തീയതി ദേവാലയമുറ്റത്ത് ബലിയര്‍പ്പിക്കും. സൂര്യാസ്തമയത്തിനുശേഷം അവയെ വീടുകളില്‍വച്ചു ഭക്ഷിക്കണം. എട്ടു ദിവസമാണു തിരുനാള്‍ നീണ്ടുനില്ക്കുക. തിരുനാള്‍ ദിവസങ്ങളില്‍ അച്ചടക്കം ഉറപ്പുവരുത്താന്‍വേണ്ടി ചെസാറിയായില്‍ (കടല്‍ത്തീരത്തെ) താമസിക്കുന്ന റോമന്‍ പ്രൊക്കുറേറ്റര്‍ ജെറുസലേമില്‍ എത്തിച്ചേരുമായിരുന്നു.

ആഴ്ചകളുടെ തിരുനാള്‍: പെസഹായ്ക്കുശേഷം ഏഴ് ആഴ്ചകള്‍ക്കുശേഷം വരുന്ന ഈ തിരുനാള്‍ ഒരു വിളവെടുപ്പുത്സവമായിരുന്നു. ദൈവം സീനായ്മലയില്‍വച്ചു നിയമം നല്കിയത് ഓര്‍മ്മിച്ചുകൊണ്ടു ദൈവവുമായുള്ള ഉടമ്പടി നവീകരണമാണു യഹൂദര്‍ ഈ തിരുനാളില്‍ അനുഷ്ഠിക്കുന്നത്.

കൂടാരതിരുനാള്‍: മഹാപ്രയാണകാലത്തു മരുഭൂമിയില്‍ സുസ്ഥിരമായ വീടുകള്‍ ഇല്ലാതിരുന്നിട്ടും ദൈവം പിതാക്കന്മാരെ സംരക്ഷിച്ചുപോന്നതിന്‍റെ ഓര്‍മ്മയാണ് ഈ തിരുനാളില്‍ ആചരിക്കുന്നത്. പട്ടണങ്ങളില്‍ കൂടാരങ്ങള്‍ തീര്‍ത്ത് അതിലാണു തീര്‍ത്ഥാടകര്‍ വസിച്ചിരുന്നത്. (ഇപ്പോള്‍ ഓരോ വീട്ടിലെയും ബാല്‍ക്കണിയിലോ മുറ്റത്തോ ടെറസിലോ മുറിയ്ക്കകത്തുതന്നെയോ കൂടാരങ്ങള്‍ കെട്ടാറുണ്ട്.) ഓലകളും മരക്കൊമ്പുകളും ഉയര്‍ത്തി ശീലോഹ് കുളത്തിലേക്കു നടത്തുന്ന പ്രദക്ഷിണവും (യോഹ. 7:37-38) ദേവാലയമുറ്റത്ത് തെളിയിക്കുന്ന നാലു വലിയ ദീപക്കാഴ്ചകളും തിരുനാളിന്‍റെ ഭാഗമായിരുന്നു.

വലിയ പാപപരിഹാരദിനം (യോം കിപ്പൂര്‍), വര്‍ഷാരംഭം (റോഷ്ഹഷ്ന) ദേവാലയപ്രതിഷ്ഠാദിനം (ഹനൂക്ക – യോഹ. 10:22), വിമോചനതിരുനാള്‍ (പുരീം എസ്തെ 9:20) എന്നിവയാണു മറ്റു പ്രധാന തിരുനാളുകള്‍.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org