ഭൂതത്താന്‍ കുഴിയിലെ കുഞ്ഞുങ്ങള്‍!

ഭൂതത്താന്‍ കുഴിയിലെ കുഞ്ഞുങ്ങള്‍!

യാത്രയ്ക്കിടയില്‍

സണ്ണി ചെറിയാന്‍

'തക്ഷന്‍കുന്ന്' എന്ന ഗ്രാമത്തിന്‍റെ നൂറു വര്‍ഷത്തെ രാഷ്ട്രീയ, സാമൂഹികമാറ്റം പ്രതിപാദിക്കുന്ന യു.കെ. കുമാരന്‍റെ ഏറെ പ്രശസ്തമായ 'തക്ഷന്‍കുന്ന്' എന്ന നോവലില്‍ നൂല്‍നൂല്ക്കാനുള്ള ചര്‍ക്ക കൊത്തി നുറുക്കി റാക്കുണ്ടാക്കാനുള്ള വിറകാക്കി മാറ്റുന്നു – പുതിയ കാലത്തെക്കുറിച്ച് എഴുതുന്നുണ്ട്.

ചെറുവള്ളി എസ്റ്റേറ്റിലെ ഭൂതത്താന്‍കുഴിയില്‍ എത്തിയപ്പോള്‍ എന്‍റെ മനസ്സിന്‍റെ അഗാധതലങ്ങളില്‍ പുതിയ കാലത്തെ കുഞ്ഞുങ്ങളെക്കുറിച്ചോര്‍ത്ത് ഒരു വിങ്ങല്‍.

ഭൂതത്താന്‍കുഴിയിലെ പാറക്കെട്ടില്‍ പെട്രോളിയം ജെല്ലിയില്‍ ഡീസല്‍ കലര്‍ത്തി ലഹരിയായി ഉപയോഗിച്ച നിരവധി കുട്ടികളെയാണു പൊലീസ് പിടികൂടിയത്.

ഒറ്റനോട്ടത്തില്‍ ലഹരിയാണെന്നു തോന്നിക്കാത്ത വസ്തുക്കളാണു മുമ്പും കുട്ടികള്‍ ഉപയോഗിച്ചിരുന്നത്. പശ, പെട്രോളിയം ജെല്ലി, നെയില്‍ പോളീഷ്, പെട്രോള്‍, ഡീസല്‍, വൈറ്റ്നര്‍ തുടങ്ങിയ വിവിധ വസ്തുക്കള്‍ ചേര്‍ത്തു ലഹരിക്കുള്ള വഴി തേടുന്നു.

അധികം തുക ചെലവഴിക്കാതെ മൂന്നു നാലു മണിക്കൂര്‍ ലഹരിയുടെ ലോകത്തു വ്യാപരിച്ചവരില്‍ ആഴ്ചതോറും മതബോധന ക്ലാസ്സുകളില്‍ പങ്കെടുക്കുന്ന നമ്മുടെ കുഞ്ഞുങ്ങളുമുണ്ടായിരുന്നു.

പ്രതിരോധ കുത്തിവയ്പുകളും പോഷകാഹാരവും കൊടുത്തു നാം നമ്മുടെ കുട്ടികളെ കൊഴിപ്പിച്ചെടുക്കുന്നു. കൊഞ്ചും മൊഴികളുമായി നടക്കുമ്പോള്‍ ഇംഗ്ലീഷ് പഠിക്കണം. ഇരുപത്തിയഞ്ചു വയസ്സ് തികയും മുമ്പേ നല്ലൊരു വരുമാനം ഉണ്ടാക്കുന്ന മനുഷ്യവിഭവം ആകണം. വരുംതലമുറയെ ഇങ്ങനെ വളര്‍ത്തിയെടുക്കുന്ന കൃഷിയില്‍ പലതരം വളപ്രയോഗവും ഹോര്‍മോണ്‍ ചികിത്സയും കീടനാശി പ്രയോഗവും ഉണ്ടാകും. ഇത്തരം മാതാപിതാക്കളുടെ ഈ പരിച്ഛേദനത്തെ എന്‍ട്രന്‍സ് പരീക്ഷാഹാളിലും കലോത്സവവേദികളിലും ഇപ്പോള്‍ റിയാലിറ്റിഷോകളുടെ പിന്നാമ്പുറങ്ങളിലും കാണാം.

പ്രത്യേക ഭക്ഷണവും പ്രത്യേക വസ്ത്രവും ധരിച്ചു പോക്കറ്റ് മണിയായി ആയിരത്തിന്‍റെ നോട്ടുകളുമായി വിദ്യാലയത്തില്‍ പോകുന്ന കുട്ടിയുടെ പടം ഫ്ളെക്സില്‍ വരാന്‍ കാത്തിരിക്കുന്ന മാതാപിതാക്കള്‍. പ്രശസ്ത മനഃശാസ്ത്രജ്ഞനായ ഡോ. വര്‍ഗീസ് പുന്നൂസ് ഈ വിഷയത്തില്‍ കുട്ടികളെ അറിഞ്ഞു കൂടെ നില്ക്കണമെന്നു പറയുന്നു. 'സംശയത്തോടെയല്ലാതെ കുട്ടികളുടെ പ്രവര്‍ത്തനങ്ങളെ നിരീക്ഷിക്കാന്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കണം. കുട്ടികളുടെ അഭിമാനം വ്രണപ്പെടുത്താനുള്ള സാഹചര്യം ഉണ്ടാകരുത്. എന്നാല്‍ കുട്ടികളുടെ പ്രവര്‍ത്തനം അറിയാതെയും പോകരുത്. ലഹരി ഉപയോഗം കണ്ടെത്തിയാല്‍ പ്രൊഫഷണല്‍ സമീപനം വേണം. കൗണ്‍സലിംഗ് നടത്തി വിട്ടാല്‍ പോരാ. അതിനുശേഷവും ശ്രദ്ധ വേണം. ഓരോ കുട്ടിക്കും ഓരോ തരം പ്രശ്നങ്ങളാകും ഉണ്ടാകുക. ഇതു മനസ്സിലാക്കാന്‍ സാധിക്കണം.

'ബ്ലൂ വെയിലും' 'ഹ്യൂമന്‍ എംബ്രോയിഡറി ഗെയിമും' 'സാത്താന്‍ സേവ'യുമൊക്കെ ഈ കുഞ്ഞുങ്ങളെ പൊടുന്നനെ വലയിലാക്കും. ബൈക്കല്ല, എയ്റോപ്ലെയിന്‍ വേണമെന്നു പറഞ്ഞാലും നാം വാങ്ങികൊടുക്കും.

അമ്മയുടെ നഗ്നദൃശ്യം പകര്‍ത്തിയ കൗമാരക്കാരനും വെബ് കാമിലൂടെ നഗ്നശരീരം പ്രദര്‍ശിപ്പിച്ച പെണ്‍കുട്ടിയും ഭാവനയില്‍ അദ്ധ്യാപികയുടെ ചിത്രം വരയ്ക്കുന്ന സ്കൂള്‍ വിദ്യാര്‍ത്ഥിയുമൊക്കെ നമ്മുടെ ചുറ്റുവട്ടത്തുള്ളവരാണ്.

പ്രശസ്തനായ ഒരു മനഃശാസ്ത്രജ്ഞന്‍ ഒരിക്കല്‍ പറഞ്ഞു: എന്നെ കാണാന്‍ വരുന്നവര്‍ മക്കള്‍ നന്നായി പഠിക്കുന്നില്ലെന്നു പറയും. എന്നാല്‍ അവരുടെ സ്വഭാവരൂപീകരണത്തെക്കുറിച്ച് അവരൊന്നും സൂചിപ്പിക്കാറേയില്ല.

തന്‍റെ കുഞ്ഞിനെ കൊല്ലാനും വലിച്ചെറിയാനും കാമുകനോടൊത്തു പോകാനും ശ്രമിക്കുന്ന അമ്മ, മകളെ പ്രാപിക്കാന്‍ ശ്രമിക്കുന്ന അച്ഛന്‍…

അപ്പന്‍ രാവന്തിയോളം മദ്യപിക്കുകയും അമ്മ 'മുഖപുസ്തകത്തിലെ' സൗഹൃകൂട്ടായ്മയ്മയില്‍ പുതിയ സൗഹൃദങ്ങള്‍ തേടുകയും ചെയ്യുമ്പോള്‍ 'ഭൂതത്താന്‍ കുഴിയിലെ' നിഗൂഢതയിലേക്കാണു നമ്മുടെ കുഞ്ഞുങ്ങള്‍ നടന്നുകയറുന്നത്.

സ്നേഹവും കരുണയും കരുതലും നമ്മുടെ കുടുംബങ്ങളില്‍ നിന്ന് അപ്രത്യക്ഷമാകുന്നു. ഒരിക്കലും മാഞ്ഞുപോകാത്ത മൂല്യങ്ങളുടെ കാവലാള്‍ ആകേണ്ട കുഞ്ഞുങ്ങള്‍ ലഹരിയുടെ പുത്തന്‍ വഴികള്‍ പരീക്ഷിക്കാന്‍ നാം അനുവദിച്ചുകൂടാ.

ജീവിതം അറിയാത്ത ബുദ്ധിരാക്ഷസന്മാരെയല്ല നമുക്കു വേണ്ടത്. വാങ്ങിക്കൂട്ടിയ ഉപഭോഗവസ്തുക്കളുടെ ധാരാളിത്തത്തിനിടയില്‍ ജീവിതം എന്തെന്നു പഠിക്കാന്‍ കുട്ടികളെ മൂല്യങ്ങളുടെ ഉപാസകരാക്കാന്‍ നമുക്കു കഴിയണം. കാരണം 'ശിശു മനുഷ്യന്‍റെ പിതാവാണല്ലോ.' – വേര്‍ഡ്സ് വര്‍ത്ത്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org