യേശുവിൽ ആനന്ദിക്കുക

യേശുവിൽ ആനന്ദിക്കുക

ഫ്രാന്‍സിസ് പാപ്പയുടെ ആവര്‍ത്തിച്ചാവര്‍ത്തിച്ചുള്ള ഒരു പ്രതിപാദ്യവിഷയം ആനന്ദമാണ്. അദ്ദേഹത്തിന്‍റെ 2014 ഫെബ്രുവരി മാസത്തെ അപ്പസ്തോലിക ലേഖനംതന്നെ "സുവിശേഷത്തിന്‍റെ ആനന്ദം" എന്നാണ്. 2013-ല്‍ ബ്രസീലില്‍, അഖിലലോക യുവജന ദിവസത്തിലെ പ്രതിപാദ്യവിഷയവും ആനന്ദം എന്നതായിരുന്നു. അന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ അദ്ധ്യക്ഷനായിരുന്നു. അവിടെ സമ്മേളിച്ച മെത്രാന്മാരോടു ഹൃദയങ്ങളെ ജ്വലിപ്പിക്കേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ചാണു പ്രസംഗിച്ചത്. അദ്ദേഹം മാതൃകയായി എടുത്തു കാണിച്ചത്, യേശുവിന്‍റെ ഉത്ഥാനത്തിനുശേഷം എമ്മാവൂസിലേക്കു പോയ രണ്ടു ശിഷ്യന്മാരോടൊപ്പം നടന്ന കര്‍ത്താവിന്‍റെ പരസ്പരസംഭാഷണമാണ്. അതോടെ ശിഷ്യന്മാരുടെ ഹൃദയങ്ങള്‍ ജ്വലിച്ചു തുടങ്ങി. നമ്മുടെ ഹൃദയത്തിന്‍റെ അത്യന്തം ചൂടുള്ള കോണില്‍, ദൈവത്തിന് ഇടം വേണമെന്നാണ്, പരി. പിതാവ് അന്നു മെത്രാന്മാരെ ഓര്‍മ്മിപ്പിച്ചത്. വൈദികരുടെയും സന്ന്യാസശ്രേഷ്ഠന്മാരുടെയും മെത്രാന്മാരുടെയും നേര്‍ക്കു തിരിഞ്ഞ് ചോദിച്ചു. ജനങ്ങളുടെ ഹൃദയങ്ങളെ ജ്വലിപ്പിക്കാന്‍ കഴിവുള്ള ശുശ്രൂഷകരെ നിങ്ങള്‍ പരിശീലിപ്പിക്കുന്നുണ്ടോ? ജനങ്ങളുടെ പ്രതീക്ഷകളുമായി നിരാശകളുമായി സംവദിച്ചുകൊണ്ട് അവരോടൊപ്പം നടക്കാന്‍ അവര്‍ക്കു കഴിയുമോ? അങ്ങനെ അവരുടെ തകര്‍ച്ചയെ പരിഹരിക്കാന്‍ അവര്‍ക്കു കഴിയുമോ? യേശുവിനെ അഭിമുഖീകരിച്ചു യേശുവില്‍ ആനന്ദം കണ്ടവന്‍ ആര് എതിര്‍ത്താലും തന്‍റെ ആനന്ദം മറ്റുള്ളവരുമായി പങ്കുവയ്ക്കും. ഒരിക്കല്‍ ഫ്രാന്‍സിസ് പാപ്പ സഭയെ വിശേഷിപ്പിച്ചതു "സഭ ഒരു പ്രേമകഥ" എന്നാണ്. ലോകത്തില്‍ പ്രത്യാശയുടെയും ആനന്ദത്തിന്‍റെയും കൂദാശയായിട്ടാണ് അതിന്‍റെ ദിവ്യസ്ഥാപകന്‍ സഭയെ സ്ഥാപിച്ചത്. അതുകൊണ്ടു തിരുസ്സഭാ മാതാവിനോടു നമുക്കു മക്കളെന്ന നിലയില്‍ സ്നേഹവും ആനന്ദപൂര്‍ണമായ പ്രതിബദ്ധതയും ഉണ്ടാകേണ്ടതാണ്. സഭാസ്ഥാപകന്‍റെ വികാരിയായ ഫ്രാന്‍സിസ് മാര്‍പാപ്പയെപ്പോലെ ക്രിസ്തുവിന്‍റെ ദര്‍ശനം ഒരു യാഥാര്‍ത്ഥ്യമാക്കിത്തീര്‍ക്കേണ്ട ദൗത്യമാണു നമ്മുടെ ചുമതല.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org