യേശുവിന്റെ തിരുക്കല്ലറ

യേശുവിന്റെ തിരുക്കല്ലറ

യോഹന്നാന്‍ സുവിശേഷകന്‍ രേഖപ്പെടുത്തുന്നതനുസരിച്ച് യേശു ക്രൂശിക്കപ്പെട്ട സ്ഥലത്ത് ഒരു തോട്ടം ഉണ്ടായിരുന്നു. ആ തോട്ടത്തില്‍ ആരെയും സംസ്കരിച്ചിട്ടില്ലാത്ത ഒരു പുതിയ കല്ലറയും ഉണ്ടായിരുന്നു…. അവര്‍ യേശുവിനെ അവിടെ സംസ്കരിച്ചു.
കുരിശുമരണത്തിന്‍റെ സ്ഥലം അറമായ ഭാഷയില്‍ ഗോല്‍ഗോത്ത എന്നും ഗ്രീക്കുഭാഷയില്‍ ക്രാനിയോണ്‍ എന്നും അറിയപ്പെടുന്നു. ലത്തീന്‍ഭാഷയില്‍ ഇത് കാല്‍വരി എന്നും വിളിക്കപ്പെടുന്നു. കാല്‍വ എന്ന ലത്തീന്‍മൂലപദത്തില്‍ നിന്നായിരിക്കണം ഈ സ്ഥലത്തിന് ഇപ്രകാരമൊരു പേരു ലഭ്യമായത്. കാല്‍വ എന്നാല്‍ മുടിയില്ലാത്ത, തലയോട് എന്നൊക്കെയാണ് അര്‍ത്ഥം. ഒരിക്കലും കുന്ന് അല്ലെങ്കില്‍ മല എന്ന് ആദിമകാലത്ത് ഈ സ്ഥലത്തിന് പറഞ്ഞിരുന്നില്ല.
എന്തുകൊണ്ട് ഇപ്രകാരമൊരു പേരു വന്നു എന്നതിനും രസകരങ്ങളായ ചില വിവരണങ്ങള്‍ ഉണ്ട്. ആദത്തിന്‍റെ തലയോട് ഈ സ്ഥലത്തു മണ്ണിനടിയില്‍ കിടക്കുന്നുണ്ട് എന്നതായിരുന്നു ഒരൈതിഹ്യം. രണ്ടാമതായി തലയോടു പോലെ ഉയര്‍ന്ന ഒരു സ്ഥലമാണിത് അതിനാല്‍ തലയോടു പോലിരിക്കുന്ന സ്ഥലം എന്ന് പ്രാചീനകാലം മു തല്‍ അറിയപ്പെടുന്നു. മൂന്നാമതായി, കുറ്റവാളികളുടെ മരണശിക്ഷ നടപ്പാക്കിയിരുന്ന ഈ സ്ഥലത്ത് ഒരു തലയോടു പ്രദര്‍ശിപ്പിച്ചിരുന്നു. കുറ്റവാളികള്‍ക്കുണ്ടാകുന്ന അവസ്ഥയെക്കുറിച്ച് മുന്നറിവു കൊടുക്കുന്നതിനുള്ള മാര്‍ഗ്ഗമായിരുന്നിരിക്കണമിത്. നാലാമതായി, മദ്ധ്യ പൂര്‍വ്വദേശങ്ങളില്‍ മനുഷ്യശരീരത്തിന്‍റെ വിവിധ ഭാഗങ്ങളുടെ പേരു പറഞ്ഞ് സ്ഥലങ്ങളെ വ്യക്തമാക്കുന്ന രീതിയുമുണ്ടായിരുന്നു. മേല്‍പ്പറഞ്ഞ കാരണങ്ങളില്‍ ഏതെങ്കിലുമായിരിക്കണം കാല്‍വരി എന്ന പേരിന് അടിസ്ഥാനമായത്.
യേശുവിന്‍റെ മൃതശരീരം അടക്കം ചെയ്ത കബറിടം ഒരു സാധാരണ യഹൂദകല്ലറയായിരുന്നു. യഹൂദകല്ലറകള്‍ക്ക് രണ്ടു ഭാഗങ്ങള്‍ ഉണ്ട്. ആദ്യം ഒരു ചെറിയ വാതില്‍. അതു കടന്നാല്‍ വിശാലമായ ഒരു തളം. ഇവിടെയാണ് സാധാരണയായി ബന്ധുമിത്രങ്ങള്‍ ഒരുമിച്ചുകൂടി പ്രാര്‍ത്ഥനയും വിലാപവും നടത്തിയിരുന്നത്. തുറസ്സായ സ്ഥലത്തു നിന്നു വീണ്ടും ഒരു വാതില്‍ കൂടി കടന്നുചെല്ലുമ്പോള്‍ മൃതദേഹം വയ്ക്കാനുള്ള മേശ പോലെ ഒരു തട്ടുണ്ടാകും. അവിടെയാണ് സാധാരണയായി സുഗന്ധ ദ്രവ്യങ്ങള്‍ പൂശിയ മൃതദേഹം വയ്ക്കുക. പ്രധാന വാതില്‍ അടച്ചിരുന്നത് വലിയ ഒരു കല്ല് ഉരുട്ടിവച്ചായിരുന്നു. ഉരുട്ടിമാറ്റാവുന്ന രീതിയിലാണ് ഈ കല്ല് ഉണ്ടാക്കിയിരുന്നത്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org