പാഠം 15 : ബാധകതത്ത്വങ്ങള്‍

പാഠം 15 : ബാധകതത്ത്വങ്ങള്‍

ആരോഗ്യനൈവേദ്യം

ഫാ. പീറ്റര്‍ തിരുതനത്തില്‍

ലക്ഷ്യം മുന്നില്‍ക്കണ്ടാണ് എല്ലാവരും ജീവിതയാത്ര തുടരുന്നത്. ആത്മീയ, ഭൗതിക ലക്ഷ്യപ്രാപ്തിക്കായുള്ള ഈ യാത്രയില്‍ പ്രധാനങ്ങളെന്ന് കരുതുന്നത് അപ്രധാനമായും അപ്രധാനമായവ പ്രധാനമായും ഗണിക്കുമ്പോള്‍ അന്വേഷണാത്മക ജീവിതത്തിന് അനിവാര്യമായ ദുരന്തങ്ങള്‍ സംഭവിക്കാം. അധ്വാനം വ്യര്‍ത്ഥമാകാനും പരിശ്രമങ്ങളെല്ലാം പരാജയപ്പെടാനും ഇടയാക്കുന്ന ആറ് കാര്യങ്ങള്‍ ശ്രദ്ധിക്കാം.

അത്യാഹാരപ്രയാസശ്ച പ്രജല്പോ
നിയമാഗ്രഹഹ ജനസംഗശ്ച ലൗല്യംച
ഷഡ്ഭിര്‍യോഗോ വിനശ്യതിڈ

അതിഭക്ഷണം, അതിവ്യായാമം, അതിഭാഷണം, അമിതചിട്ടകള്‍, അമിത ജന സമ്പര്‍ക്കം, മനശ്ചാഞ്ചല്യം എന്നിവ ലക്ഷ്യപ്രാപ്തിക്ക് മാര്‍ഗ്ഗ തടസ്സങ്ങളാണ്. ആയുര്‍വേദവിധി പ്രകാരം 'അതി'കളും 'ഹീന'ങ്ങളും അപകടമാണ്.

1. അതിഭക്ഷണം-അധികം അഹിതം
(ഭക്ഷണംകൊണ്ട് ശരീരത്തെ ഭാരപ്പെടുമ്പോള്‍ മനസ്സ് തളരും, ഉണര്‍വ്വ് നഷ്ടമാകും).

ദഹനപ്രക്രിയകള്‍ സുഗമമാകുന്നതിന് ലളിതമായ ചില നടപടിക്രമങ്ങളുണ്ട്. യുക്തമായ ഭക്ഷണത്തിന്‍റെ അളവെന്നു പറയുന്നത് അരവയറാണ്. കട്ടിയാഹാരം കൊണ്ട് അരവയറെന്നാണ് പ്രമാണം. ബാക്കിയുള്ള പകുതി ജലാംശത്തിനും വായുവിനുമുള്ള ഇടമാണ്.

അമിതമാകുമ്പോള്‍ ആയാസമുണ്ടാകുന്നത് ശ്രദ്ധയില്‍പ്പെടേണ്ടതാണ്. മിക്സിയുടെ ജാറുപയോഗിക്കുമ്പോള്‍ കൊടുക്കുന്ന കരുതലെങ്കിലും നമ്മുടെ ഭക്ഷണത്തിനും വേണ്ടതാണ്. അമിത ഭക്ഷണം ആരോഗ്യം നഷ്ടപ്പെടുത്തുകയും രോഗത്തെ ക്ഷണിച്ചു വരുത്തുകയും ചെയ്യും. സമയവും, സ്വസ്ഥതയും, ഊര്‍ജ്ജവും നഷ്ടപ്പെടുത്തുന്ന അമിതാഹാരശീലം വര്‍ജ്ജനാലിസ്റ്റില്‍പെടേണ്ടതാണ്.

2. അതിവ്യായാമം/ അതി അധ്വാനം
കഠിനമായ വ്യായാമവും അധ്വാനവും ശരീരത്തിലെ ധാതുശോഷണത്തിനും ധാതുശോഷണം പേശികളുടെ ബലക്ഷയത്തിനും കാരണമാകും. മാനസീകാവസ്ഥയെയും ഇത് അസന്തുലിതമാക്കും. അമിതാവേശത്തിന്‍റെ പുറത്ത് ചെയ്യുന്നത് ഒരു പക്ഷെ ലക്ഷ്യത്തിലെത്തിക്കണമെന്നില്ല. പാതിവഴിയില്‍ അവസാനിച്ചേക്കാം.

3. അമിതഭാഷണം
നാവ് തീയാണ്, അത് ദുഷ്ടതയുടെ ഒരു ലോകം തന്നെയാണ്. നമ്മുടെ അവയവങ്ങളിലൊന്നായ അത് ശരീരം മുഴുവനെയും മലിനമാക്കുന്നു (യാക്കോ. 3:6).
ജീവനെ നശിപ്പിക്കാനും പുലര്‍ത്താനും നാവിനു കഴിയും. അതിനെ സ്നേഹിക്കുന്നവന്‍ അതിന്‍റെ കനി ഭുജിക്കണം (സുഭാ. 18:21) ഇന്ദ്രിയ നിഗ്രഹബന്ധിയായ ജീവിതശൈലി ജീവിതവിജയത്തിന് അത്യന്താപേക്ഷിതമാണ്. കരുത്തനെ നിശബ്ദനാകാനൊക്കൂ.

4. അമിതചിട്ടകള്‍
സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് മനസ്സ് വിശാലമാക്കണം. താന്‍ പാലിച്ചുപോരുന്ന ചില ചിട്ടകള്‍ പോകുന്നിടത്തൊക്കെ പാലിക്കപ്പെടണം എന്നു നിര്‍ബന്ധം പിടിക്കുന്നത് അവനവന്‍റെ മനഃസമാധാനവും കൂടെയായിരിക്കുന്നവരുടെ സന്തോഷവും തല്ലിക്കെടുത്തും. ക്രിസ്തീയപുണ്യങ്ങള്‍ മധ്യസ്ഥായിലായിരിക്കണം.

5. അമിതജനസംസര്‍ഗ്ഗം
വല്ലപ്പോഴുമൊരു ഉള്‍വലിയല്‍ സര്‍വ്വാരോഗ്യങ്ങള്‍ക്കും നല്ലതാണ്. എന്നും എപ്പോഴും, എന്തിനും കൂട്ടുവേണമെന്നു ശഠിക്കുന്നത് അപകടമാണ്. ഒറ്റയ്ക്കിരിക്കാന്‍ അവസരങ്ങള്‍ ഉണ്ടാക്കിനോക്കൂ; ഒത്തിരി ഉള്‍ക്കാഴ്ചകളും ആത്മഗതങ്ങളും വീണ്ടു വിചാരങ്ങളും കൊണ്ട് സമ്പന്നമാകും. വെല്ലുവിളികള്‍ ഏറ്റെടുക്കാനും ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കാനും നിശബ്ദത സഹായകമാണ്.

6. ചഞ്ചലമാനസം
മനുഷ്യമനസ്സ് കുരങ്ങിനെപ്പോലെയെന്നാണ് പറയുക. ഇക്കരെ നില്‍ക്കുമ്പോള്‍ തോന്നും അക്കരെപ്പച്ച. അക്കരെയ്ക്കു പോയാലൊ ഇക്കരെപ്പച്ച. ഇതാണ് നമ്മുടെ മാനസം. ചഞ്ചലചിത്തര്‍ പ്രത്യേകിച്ചു ഒന്നും നേടിയിട്ടില്ല, എന്നു മാത്രമല്ല, അസ്വസ്ഥരുമാണ്.

ആത്മീയ ഭൗതീകവഴികളില്‍ അനുദിനം പരിശോധിച്ച് തിരുത്തിക്കുറിക്കേണ്ട സംഗതികളാണീ ആറു മേഖലകള്‍.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org