പാഠം 7 : ആരോഗ്യം- യോഗചികിത്സയിലൂടെ

പാഠം 7 : ആരോഗ്യം- യോഗചികിത്സയിലൂടെ

ഫാ. പീറ്റര്‍ തിരുതനത്തില്‍

ആരോഗ്യനൈവേദ്യം

രോഗം പിടിപെടുന്നതിനുമുമ്പ് ആരോഗ്യത്തെക്കുറിച്ച് ചിന്തിക്കാം. കാരണം ശാരീരിക ആരോഗ്യം മെച്ചപ്പെട്ട സമ്പത്താണ്, സ്വര്‍ണത്തെക്കാള്‍ ശ്രേഷ്ഠവുമാണ്.

ആരോഗ്യത്തിന്‍റെ അഞ്ച് അടിസ്ഥാനതത്വങ്ങള്‍ യോഗയില്‍ പറയുന്നതിങ്ങനെയാണ്.
1. ശരിയായ ഭക്ഷണം
2. ശരിയായ വ്യായാമം
3. ശരിയായ ശ്വസോച്ഛ്വാസം
4. ശരിയായ വിശ്രമം
5. മനോനിയന്ത്രണം

1. ശരിയായ ഭക്ഷണം
മിതം ഹിതം; അമിതം അഹിതം:
അളവും ഗുണവും മനസ്സും ഭക്ഷണ കാര്യത്തില്‍ പ്രധാനമാണ്. ജീവിക്കാന്‍ വേണ്ടി ഭക്ഷിക്കുക എന്നതായിരിക്കണം ഭക്ഷണത്തോടുള്ള നമ്മുടെ നിലപാട്. എന്‍റെ ഉള്ളില്‍ വസിക്കുന്ന ഈശ്വരന്‍റെ വിശപ്പടക്കാനായിരിക്കണം ഭക്ഷിക്കേണ്ടതും. ഭക്ഷണത്തിന്‍റെ മുഖ്യവിഭവം വിശപ്പായാല്‍ വിശേഷമായി. വിവിധ രീതിയില്‍ സംഭവിക്കാവുന്ന ദഹനക്കേടുകളാണ് പല രോഗങ്ങള്‍ക്കും കാരണം. ഭക്ഷണരീതി കള്‍ കൊണ്ടു മാത്രം രോഗിയായിത്തീര്‍ന്നൊരാള്‍ ഭക്ഷണപദാര്‍ത്ഥങ്ങള്‍ നോക്കി ഒന്നിനും പറ്റുന്നില്ലല്ലോ എന്ന് ഏങ്ങിക്കരയുന്നതിനേക്കാള്‍ ഭേദമാണല്ലോ ആരോഗ്യമുള്ള കാലത്ത് മിതമായി ഭക്ഷിക്കുന്ന ത്.

മുമ്പില്‍ വിളമ്പപ്പെടുന്ന ഭക്ഷണത്തിന്‍റെ നാള്‍വഴികളെ കൃതജ്ഞതയോടെ സ്മരിച്ചു വേണം ആഹരിക്കാന്‍. ഈശ്വരന്‍, പ്രകൃതി, കര്‍ഷകന്‍, പാചകം ചെയ്തവര്‍, വിളമ്പിയവര്‍, പങ്കുവെച്ചവര്‍ തുടങ്ങി മാസങ്ങളുടെ ഒരുക്കത്തിന്‍റെ സമ്പൂര്‍ണ്ണതയാണ് എന്‍റെ മുമ്പില്‍ തയ്യാറായിരിക്കുന്ന ഭക്ഷണം. നന്ദിയുടെ സ്മരണകള്‍ ഭക്ഷണത്തോടൊപ്പം അയവിറക്കുകയാണ് വേണ്ടത്.

2. ശരിയായ വ്യായാമം
അനുദിനഭക്ഷണംപോലെ അത്യന്താപേക്ഷിതമാണ് അനുദിന വ്യായാമവും. വരാനിരിക്കുന്നതും നിലവിലുള്ളതുമായ ദുഃഖങ്ങളെ ഒഴിവാക്കാന്‍ വ്യായാമമാകു ന്ന അഗ്നിയില്‍ ശരീരത്തെ സ്ഫുടം ചെയ്തെടുക്കേണ്ടതുണ്ട്. ദിനേന നിശ്ചിത സമയം വ്യായാമത്തിനായി മാറ്റിവച്ചാല്‍ ജീവിതയാത്രയില്‍ അതൊരു വലിയ മുതല്‍ക്കൂട്ടായിരിക്കും. നല്‍കപ്പെട്ടിരിക്കുന്നതും സ്വയം ഏറ്റെടുക്കുന്നതുമായ ജോലികള്‍ ഉത്സാഹത്തോടെ ചെയ്യുന്നത് ആരോഗ്യദായകമാണ്. വ്യായാമ രാഹിത്യമാണ് പല രോഗങ്ങള്‍ക്കും നിദാനം.

ആരോഗ്യവാനും, യുവാവിനും, വൃദ്ധനും, രോഗിക്കും, ദുര്‍ബലനും പരിശീലിക്കാന്‍ പോരുന്ന ആസനകള്‍ യോഗയിലുണ്ട്. തീര്‍ത്തും മാറ്റാന്‍ പറ്റാത്ത രോഗാവസ്ഥകളെ സമചിത്തതയോടെ തരണം ചെയ്യാന്‍ യോഗമുറകളിലൂടെ സാധിക്കുമെന്ന സവിശേഷതയുമുണ്ട്.

3. ശരിയായ ശ്വാസോച്ഛ്വാസം
ശ്വാസമാണ് ജീവന്‍. ദീര്‍ഘായുസ്സില്ലാത്തതാണ് ഓരോ ശ്വാസവും. അതുകൊണ്ടു തന്നെ ജീവന്‍ നിലനിര്‍ത്താന്‍ ഓരോ മിനിട്ടിലും 12-18 തവണയെങ്കിലും നാം ശ്വസിക്കണം. ശ്വാസകോശത്തിന്‍റെ പരമാവധിയുടെ ചെറിയൊരംശം മാത്രമേ സാധാരണഗതിയില്‍ നാം ഉപയോഗപ്പെടുത്തുന്നുള്ളൂ. ബോധപൂര്‍വ്വം മനസ്സിരുത്തി ശ്വാസോച്ഛ്വാസം ചെയ്യുകയാണെങ്കില്‍ (പ്രാണായാമം) രക്തശുദ്ധിയും, മനഃശാന്തിയും രോഗശാന്തിയുമൊക്കെ സിദ്ധിക്കും.

ആളുന്ന തീപോലെ വികാരംകൊണ്ട് ജ്വലിക്കുന്ന മനുഷ്യരെ കണ്ടിട്ടുണ്ട്. ഈ തീജ്വാലയില്‍ ജീവിതം പൂര്‍ണ്ണമായും നശിക്കും. ഉത്കണ്ഠ, അസൂയ, കോപം, അഹങ്കാരം തുടങ്ങിയ എല്ലാ നെഗറ്റീവ് വികാരങ്ങളും ജീവിതം നശിപ്പിക്കുന്ന തീ ജ്വാലകളാണ്. ഈ അഗ്നിയെ ശമിപ്പി ക്കാന്‍ പ്രാണായാമ ഏറെ സഹായിക്കും.

4. ശരിയായ വിശ്രമം
വിശ്രമം പരിശ്രമം പോലെ പ്രധാനമാ ണ്. ശരിയായി വിശ്രമിക്കാനോ, വിശ്രമത്തെ ആസ്വദിക്കാനോ, വിശ്രമത്തിന്‍റെ സൗഖ്യമേഖല തിരിച്ചറിയാനോ സാധിച്ചാല്‍ ഏറെ നല്ലതാണ്. നേരത്തെ ഉറങ്ങുന്നതും നേരത്തെ ഉണരുന്നതും ശീലമാക്കേണ്ടതാണ്. വിശ്രമത്തിലാണ് ഓരോ അവയവങ്ങളും സംവിധാനങ്ങളും അതി ന്‍റെ കേടുപാടുകള്‍ തീര്‍ക്കുക, പണിത്തരത്തിന് ഉപയുക്തമാക്കുന്ന ഒരുതരം Shut down work പോലെ ആരോഗ്യപരിപാല നത്തിന് വിശ്രമം ശ്രേഷ്ഠമാണ്.

പനിക്കുമ്പോള്‍ പണിമുടക്കുന്ന പചന പ്രക്രിയകളെ പകവീട്ടുന്നതരത്തില്‍ അനുചിതമായും അളവില്ലാതെയും കുത്തിനിറച്ച് ഭാരപ്പെടുത്തുന്നത് അതിന്‍റെ ക്ഷമതയിലുള്ള കടന്നു കയറ്റമാണെന്നു കൂടി ഉള്‍ബോധമുണ്ടാകണം. ഓരോ അവയവങ്ങള്‍ക്കും അര്‍ഹിക്കുന്ന വിശ്രമം അനുവദിക്കണമെന്ന്കൂടി ഇതില്‍ അര്‍ത്ഥം കല്‍പിക്കേണ്ടതുണ്ട്.

5. മനോനിയന്ത്രണം
സാമൂഹികവും വ്യക്താധിഷ്ഠിതവുമായ യമനിയമങ്ങളുടെ പാലനം, ധ്യാനം, നിശബ്ദത എന്നിവയിലൂടെ ആത്മബലവും മനോനിയന്ത്രണവും കൈവരിക്കാം. മനസ്സും ശരീരവും പ്രാണനും അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നതുകൊണ്ട് പ്രാണായാമയുടെ വിവിധ പരിശീലനങ്ങള്‍ മനോനിയന്ത്രണത്തിന് സഹായിക്കും.

തഴക്കദോഷങ്ങളോ, ദുശ്ശീലങ്ങളോ ബലഹീനതകളോ ഉണ്ടെങ്കില്‍ അതിന്‍റെ ബദല്‍ പുണ്യങ്ങളും നന്മകളും അഭ്യസി ച്ച് മനസ്സിനെ ബലപ്പെടുത്താം. പ്രകൃതിനി യമങ്ങളുടെ പാലനം സവിശേഷ ശ്രദ്ധ അര്‍ഹിക്കുന്നുണ്ട്. നന്മയുള്ള ചിന്തകളും നന്ദിനിറഞ്ഞ മനോഭാവവും ദിനംപ്രതി ശീലിക്കാം.

നിരന്തരം, ഇടതടവില്ലാതെ, നല്ലമനസ്സോടെ, മേല്‍പ്പറഞ്ഞ പഞ്ചതത്വങ്ങള്‍ ശീലിച്ച് ഈ ജീവിതയാത്രയെ ആസ്വാദ്യമുള്ളതാക്കാം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org