തൊഴിലിനായി ഒരുങ്ങാം

തൊഴിലിനായി ഒരുങ്ങാം

യുവര്‍ കരിയര്‍

എം. ഷൈറജ്

ലോകത്തിലെ ഏറ്റവും മികച്ച മൂന്നാമത്തെ സാമ്പത്തികശക്തിയായി ഇന്ത്യ മാറുമെന്നാണു സമീപകാലത്തെ അന്തര്‍ദേശീയപഠനങ്ങള്‍ സൂചിപ്പിക്കുന്നത്. സാമ്പത്തികവളര്‍ച്ച തൊഴില്‍രംഗത്തും ഉണര്‍വുണ്ടാക്കും. വരുംവര്‍ഷങ്ങളില്‍ കോടിക്കണക്കിനു തൊഴിലവസരങ്ങള്‍ രാജ്യത്ത് പുതുതായി ഉണ്ടാകുമെന്നും അതിനാല്‍ കണക്കാക്കപ്പെട്ടിട്ടുണ്ട്. തൊഴില്‍ തേടുന്ന യുവജനങ്ങളെ സംബന്ധിച്ചിടത്തോളം ഇതൊരു വലിയ സാധ്യതയാണ്.

യുവാക്കളുടെ രാജ്യം
മറ്റൊരു കണക്കുകൂടി മുകളില്‍ പറഞ്ഞ വസ്തുതകളോടു ചേര്‍ത്തു വായിക്കേണ്ടതുണ്ട്. ഭാരതം യുവാക്കളുടെ രാജ്യമായി മാറിയിരിക്കുന്നുവെന്നതാണത്. മൂന്നിലൊന്ന് ഇന്ത്യക്കാര്‍ 15-നും 29-നുമിടയില്‍ പ്രായമുള്ളവരാണ്. ജനസംഖ്യയുടെ 64 ശതമാനവും തൊഴിലെടുക്കാന്‍ പ്രാപ്തമായ പ്രായപരിധിയിലുള്ളവരുമാണ്. 2020-ഓടെ ഭാരതജനതയുടെ ശരാശരിപ്രായം 29 ആയി കുറയും. അങ്ങനെ എണ്ണത്തിലും സാന്ദ്രതയിലും ഏറ്റവും കൂടുതല്‍ യുവജനതയുള്ള രാഷ്ട്രമായി മാറുകയാണ് ഇന്ത്യ.

രാഷ്ട്രപുരോഗതിയെ സംബന്ധിച്ചിടത്തോളം ഈ കണക്കുകള്‍ ഏറെ ഊര്‍ജ്ജം പകരുന്നവയാണ്. എന്നാല്‍ തൊഴിലന്വേഷകരുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നതിലൂടെ തൊഴില്‍ നേടുവാനുള്ള മത്സരവും വര്‍ദ്ധിക്കും. ഈ വെല്ലുവിളി മനസ്സിലാക്കി വേണം വിദ്യാര്‍ത്ഥികള്‍ മുന്നോട്ടുള്ള ചുവടുകള്‍ വയ്ക്കേണ്ടതെന്നു സാരം.

തൊഴില്‍ സജ്ജരാവുക
ഒരു ബിരുദമോ ബിരുദാനന്തരബിരുദമോ പ്രൊഫഷണല്‍ ഡിഗ്രിയോ നേടുന്നതിലൂടെ മാത്രം ജോലിക്കായുള്ള യോഗ്യത പൂര്‍ണമാവുകയില്ല എന്നതാണ് ഇപ്പോഴത്തെ കാഴ്ചപ്പാട്. പഠനയോഗ്യതയും മികവും മുന്‍ഗണനയോടെ തന്നെ തൊഴില്‍രംഗത്തു പരിഗണിക്കപ്പെടുമെങ്കിലും അതിനോടൊപ്പംതന്നെ വ്യക്തിഗുണങ്ങള്‍ക്കു പ്രാധാന്യം നല്കുന്ന രീതിയാണിന്നുള്ളത്. അതിനാല്‍ തൊഴിലിനാവശ്യമായ വ്യക്തിഗുണങ്ങള്‍ വികസിപ്പിക്കുന്നതിലൂടെ തൊഴില്‍ മാര്‍ക്കറ്റിലെ മികച്ച ഉത്പന്നങ്ങളായി മാറുവാന്‍ വിദ്യാര്‍ത്ഥികള്‍ ശ്രദ്ധ പുലര്‍ത്തണം.

ബിരുദധാരികളുടെ അവസ്ഥ
നമ്മുടെ നാട്ടിലെ ബിരുദധാരികള്‍ എത്രമാത്രം തൊഴില്‍ സജ്ജരാണെന്നു പഠിക്കുവാനായി നടത്തിയ നാഷണല്‍ എംപ്ലോയബിലിറ്റി സര്‍വ്വേയുടെ റിപ്പോര്‍ട്ട് ഒട്ടും ആശാവഹമായ ചിത്രമല്ല വരച്ചുകാട്ടുന്നത്. രാജ്യത്തെ ബിരുദധാരികളില്‍ 47%-വും തൊഴില്‍ യോഗ്യരല്ലെന്ന കണ്ടെത്തലാണ് ഇതില്‍ പ്രധാനം. ഇംഗ്ലീഷ് ഭാഷാപ്രാവീണ്യമില്ലാത്തതും അടിസ്ഥാനപരമായ ചില വൈദഗ്ദ്ധ്യങ്ങളുടെ അഭാവവുമാണിതിനു മുഖ്യകാരണം. 50% ബിരുദധാരികള്‍ക്കും കമ്പ്യൂട്ടര്‍ സോഫ്റ്റ്വെയറും ഹാര്‍ഡ്വെയറും തമ്മിലുള്ള വ്യത്യാസമില്ലെന്നും കോപ്പി-പേസ്റ്റ് പോലുള്ള ലളിതമായ കാര്യങ്ങള്‍ കംപ്യൂട്ടറില്‍ ചെയ്യാനറിയില്ലെന്നുമുള്ളതാണു റിപ്പോര്‍ട്ടിലെ മറ്റൊരു ഞെട്ടിക്കുന്ന കണ്ടെത്തല്‍. ക്ലാസ് റൂമില്‍ പഠിച്ച അറിവുകള്‍ പ്രായോഗിക തലത്തില്‍ ഉപയോഗിക്കുവാനുള്ള കഴിവ് 25 ശതമാനത്തില്‍ താഴെ ബിരുദധാരികള്‍ക്കേ ഉള്ളൂവെന്നും പഠനത്തിലുണ്ട്.

സ്കൂള്‍ പഠനത്തിനായെത്തുന്ന വിദ്യാര്‍ത്ഥികളില്‍ മൂന്നിലൊന്നു പേരും പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കാതെ പൊഴിഞ്ഞുപോകുന്ന ദയനീയാവസ്ഥകൂടി നമ്മുടെ രാജ്യത്തുണ്ട്. ഇക്കാര്യമെല്ലാം ഒരുമിച്ചു കണക്കിലെടുത്താല്‍ തൊഴില്‍ സജ്ജരായ (employable) യുവാക്കളുടെ എണ്ണം മൊത്തം യുവജനസംഖ്യയുടെ ചെറിയൊരു ശതമാനം മാത്രമാണെന്നു കാണാം. അതിനാല്‍ പഠനമികവിനോടൊപ്പം വ്യക്തിഗുണവികസനത്തിനുകൂടി മുന്‍തൂക്കം നല്കുന്ന വിദ്യാര്‍ത്ഥികള്‍ക്കു മുന്നില്‍ തൊഴിലവസരങ്ങളുടെ വാതായനങ്ങള്‍ വിശാലമായിത്തന്നെയുണ്ടാകും.

വ്യക്തിഗുണങ്ങളെന്തൊക്കെ?
ഓരോ തൊഴിലിനും വേണ്ട വ്യക്തിഗുണങ്ങള്‍ വ്യത്യസ്തമായിരിക്കും. ആഗ്രഹിക്കുന്ന തൊഴിലിനു വേണ്ട ഗുണങ്ങള്‍ വ്യക്തിജീവിതത്തില്‍ കൊണ്ടുവരാനാണു വിദ്യാര്‍ത്ഥികള്‍ ശ്രദ്ധിക്കേണ്ടത്. എന്നാല്‍ ഇതിനുപരിയായി ഏതൊരു ജോലിക്കും ആവശ്യമായ ചില വ്യക്തിഗുണങ്ങളുണ്ട്. അവ ഏതെല്ലാമാണെന്നു നോക്കാം.

ആശയവിനിമയ പ്രാവീണ്യം
ആശയവിനിമയ പ്രാവീണ്യം (communication skill) ഏറ്റവും മുഖ്യമായ വ്യക്തിഗുണമാണ്. നമ്മുടെ മനസ്സിലുള്ള ആശയം ലളിതമായും ഫലപ്രദമായും മറ്റുള്ളവരോടു പറയാനുള്ള കഴിവാണിത്. ഒറ്റയ്ക്കൊറ്റയ്ക്കുള്ള ആശയവിനിമയവും ഗ്രൂപ്പുകളിലുള്ള ആശയവിനിമയവും ഇതില്‍പ്പെടും. ഒരു സദസ്സിനു മുന്നില്‍ എഴുന്നേറ്റു നിന്നു വ്യക്തതയോടെ സംസാരിക്കുവാനുള്ള കഴിവും ആര്‍ജ്ജിക്കണം. ഇതിനു വലിയ പ്രാസംഗികനാകേണ്ട കാര്യമൊന്നുമില്ല. ലളിതമായും ടെന്‍ഷനില്ലാതെയും സംസാരിച്ചാല്‍ മതി. പടിപടിയായുള്ള പരിശ്രമത്തിലൂടെ ഏതൊരാള്‍ക്കും ആര്‍ജ്ജിക്കാവുന്ന കഴിവാണ് ആശയവിനിമയ പ്രാവീണ്യമെന്നത്.

ഭാഷാപ്രാവീണ്യം
വിവിധ ഭാഷകളില്‍, പ്രത്യേകിച്ചു മാതൃഭാഷയിലും ഇംഗ്ലീഷിലുമുള്ള പ്രാവീണ്യം ഏറെ അത്യാവശ്യമാണ്. ഇംഗ്ലീഷ് ഭാഷയില്‍ തെറ്റില്ലാതെ എഴുതുവാനും സംസാരിക്കുവാനും കഴിയണം. ഇംഗ്ലീഷ് ദിനപത്രങ്ങളും മാസികകളും പുസ്തകങ്ങളും നിത്യേന വായിക്കുന്നതിലൂടെയും ഇംഗ്ലീഷ് ടിവി ചാനലുകളും ഇന്‍റര്‍നെറ്റ് വീഡിയോകളും കേള്‍ക്കുന്നതിലൂടെയും ഈ കഴിവ് വളര്‍ത്തിയെടുക്കാം. അടിസ്ഥാന വ്യാകരണപാഠങ്ങള്‍ ഒരിക്കല്‍കൂടി പഠിക്കുന്നതും നന്നായിരിക്കും. ഇംഗ്ലീഷിനും മാതൃഭാഷയ്ക്കും പുറമെ മറ്റൊരു ഭാഷകൂടി അറിഞ്ഞിരുന്നാല്‍ ഏറെ പ്രയോജനകരമായിരിക്കും.

കമ്പ്യൂട്ടര്‍പരിജ്ഞാനം
കമ്പ്യൂട്ടര്‍ പരിജ്ഞാനം നല്ല രീതിയില്‍ തന്നെ ഉണ്ടാകണം. ഉദാഹരണത്തിനു ഒരു വേഡ് ഡോക്ക്മെന്‍റ് ഉണ്ടാക്കുവാനും ടൈപ്പ് ചെയ്യാനും പ്രിന്‍റെടുക്കാനുമൊക്കെ എല്ലാവര്‍ക്കുമറിയാം. എന്നാല്‍ എംഎസ് വേഡിലെ ഒരു ചെറിയ ശതമാനം ടൂള്‍സ് മാത്രമേ മിക്കവരും ഉപയോഗിക്കാറുള്ളൂ. സ്വയം പഠനത്തിലൂടെയോ അല്ലാതെയോ പകുതി ടൂളുകളെങ്കിലും ഉപയോഗിക്കാന്‍ പഠിക്കണം. അതുപോലെ കമ്പ്യൂട്ടര്‍ സോഫ്റ്റ്വെയറുകള്‍ക്കോ ഹാര്‍ഡ്വെയറിനോ ചെറിയ പ്രശ്നങ്ങളുണ്ടായാല്‍ അതു പരിഹാരിക്കാനുള്ള മാര്‍ഗങ്ങളും (trouble shooting) അറിഞ്ഞിരിക്കണം. സര്‍ച്ച് എന്‍ജിനുകള്‍ ഫലപ്രദമായും വേഗത്തിലും പ്രയോജനപ്പെടുത്തുവാനും അറിയണം.

ടീം വര്‍ക്ക്
ഒരു ടീമിന്‍റെ ഭാഗമായി പ്രവര്‍ത്തിക്കുവാനുള്ള കഴിവ് ഏതൊരു തൊഴിലിനും അത്യന്താപേക്ഷിതമാണ്. കാമ്പസിലെ ഗ്രൂപ്പ് പ്രവര്‍ത്തനങ്ങളില്‍ ഭാഗഭാക്കാകുന്നതിലൂടെ ഈ കഴിവ് ആര്‍ജിക്കുവാനാകും.

സംഘടനാപാടവം
പല കാര്യങ്ങള്‍ ഏകോപിപ്പിച്ചുകൊണ്ടു ലക്ഷ്യപ്രാപ്തി കൈവരിക്കാനുള്ള കഴിവാണിത്. പഠനകാലയളവിലെ ചെറുതും വലുതുമായ വിവിധ പരിപാടികളുടെ സംഘാടനത്തില്‍ പങ്കെടുക്കുന്നത് ഇക്കാര്യത്തില്‍ ഗുണകരമാകും.

പ്രശ്നപരിഹാരപാടവം
നമ്മുടെ മുന്നിലുള്ള പ്രശ്നങ്ങളെ ഇഴപിരിച്ച് അവ എന്താണെന്നു മനസ്സിലാക്കുവാനും മുന്നിലുള്ള പരിഹാരങ്ങള്‍ എന്തൊക്കെയാണെന്നു തിരിച്ചറിയുവാനും ഏറ്റവും അനുയോജ്യമായ പരിഹാരമാര്‍ഗം കണ്ടെത്തി നടപ്പിലാക്കുവാനുള്ള രീതി വളര്‍ത്തിയെടുക്കണം. ഓരോ ചെറിയ വ്യക്തിഗതപ്രശ്നങ്ങളിലും ഈ രീതിയിലുള്ള ചിന്തയും പ്രവൃത്തിയും കൊണ്ടുവന്നാല്‍ പടിപടിയായി ഈ വ്യക്തിഗണം വളരുകതന്നെ ചെയ്യും.

പഠനസന്നദ്ധത
പഠനമെന്നതു കോളജില്‍വച്ച് അവസാനിക്കുന്ന ഒന്നല്ലയിന്ന്. തൊഴില്‍രംഗത്ത് നിരന്തരമായ പഠനം ആവശ്യമായി വരും. അതിനാല്‍ വിദ്യാഭ്യാസകാലഘട്ടത്തില്‍ സിലബസിനു പുറത്തുള്ള കാര്യങ്ങള്‍ പഠിക്കുന്ന രീതി വളര്‍ത്തിക്കൊണ്ടു വരണം.

ക്രിയാത്മക സമീപനം
ഏതു കാര്യത്തിലും ക്രിയാത്മകമായ സമീപനം (positve attitude) അത്യന്താപേക്ഷിതമാണ്. ചിന്തയിലും പ്രവൃത്തിയിലുമുള്ള നെഗറ്റീവ് അംശങ്ങളെ ബോധപൂര്‍വം ഒഴിവാക്കുകവഴി ഈ വ്യക്തിഗുണം നേടിയെടുക്കാം.

ഏറെ സമാധാനത്തോടെയും ആസ്വദിച്ചും വേണം വ്യക്തിഗുണങ്ങള്‍ക്കായുള്ള പ്രയത്നങ്ങള്‍ നടത്തേണ്ടത്. കഠിനപ്രയത്നവും ജീവിതാസ്വാദനവും ഇഴചേര്‍ന്നുകൊണ്ടുള്ള സമീപനം വിദ്യാഭ്യാസകാലത്തുതന്നെ ശീലിച്ചാല്‍ ജീവിതവിജയം എളുപ്പമാകും.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org