എൻജിനീയറിം​ഗ് പഠനം തിരഞ്ഞെടുക്കുമ്പോൾ

എൻജിനീയറിം​ഗ് പഠനം തിരഞ്ഞെടുക്കുമ്പോൾ

യുവര്‍ കരിയര്‍

എം. ഷൈറജ്

ലോകത്തിലെ ഏറ്റവും മികച്ച കരിയറുകളിലൊന്നാണ് എന്‍ജിനീയറിംഗ് എന്നതില്‍ സംശയമില്ല. എന്നാല്‍ നമ്മുടെ നാട്ടില്‍ എന്‍ജിനീയറിംഗ് കോളജുകളുടെ എണ്ണത്തിലുണ്ടായ ഭീമമായ വര്‍ദ്ധനവുമൂലം തൊഴില്‍രഹിതരായ എന്‍ജിനീയറിംഗ് ബിരുദധാരികളുടെ എണ്ണവും പെരുകിയിരിക്കുന്നു. ഇവരില്‍ ബഹുഭൂരിപക്ഷവും തൊഴില്‍ സജ്ജരല്ല (employable) എന്നതാണു യാഥാര്‍ത്ഥ്യം. തൊഴിലിനാവശ്യമായ പ്രാവീണ്യം (skills) ഇക്കൂട്ടര്‍ക്കില്ലെന്നര്‍ത്ഥം. ഇത്തരമൊരു സാഹചര്യത്തില്‍ എന്‍ജിനീയറിംഗ് പഠനം ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ ബ്രാഞ്ച്, കോളജ് എന്നിവ തിരഞ്ഞെടുക്കുന്നതില്‍ ഏറെ ശ്രദ്ധ ചെലുത്തേണ്ടതായിട്ടുണ്ട്.

ശരിയായ പാത: എന്‍ജിനീയറിംഗ് ബ്രാഞ്ചിനെക്കുറിച്ചും കോളജിനെക്കുറിച്ചും ചിന്തിക്കുന്നതിനുമുമ്പ് എന്‍ജിനീയറിംഗ് പഠനവും കരിയറും തനിക്ക് അനുയോജ്യമായതാണോയെന്ന് ഓരോ വിദ്യാര്‍ത്ഥിയും വിലയിരുത്തണം. അദ്ധ്യാപകരുടെയോ മാതാപിതാക്കളുടെയോ സുഹൃത്തുക്കളുടെയോ അഭിപ്രായങ്ങള്‍ക്കപ്പുറം സ്വന്തം ഇഷ്ടമാണ് ഇക്കാര്യത്തില്‍ ഏറ്റവും പ്രധാനമായുള്ളത്. എന്‍ജിനീയറിംഗ് പഠനത്തിന്‍റെ പ്രത്യേകതകള്‍ എന്തൊക്കെയാണ്, പഠനശേഷം കിട്ടാവുന്ന തൊഴിലിന്‍റെ സ്വഭാവമെന്താണ് എന്നൊക്കെയുള്ള കാര്യങ്ങളില്‍ ഒരു ഏകദേശ ധാരണയെങ്കിലും ആര്‍ജ്ജിക്കണം. സ്വന്തം വ്യക്തിഗുണങ്ങളും താത്പര്യങ്ങളും ഇത്തരമൊരു പഠനത്തിനും തൊഴിലിനും അനുയോജ്യമാണോയെന്ന കാര്യം സ്വയം വിലയിരുത്തണം. പ്ലസ് ടു തലം വരെ വിവിധ വിഷയങ്ങള്‍ പഠിച്ചപ്പോള്‍ അവ ഓരോന്നിനോടും തോന്നിയിട്ടുള്ള ഇഷ്ടാനിഷ്ടങ്ങള്‍, ലഭിച്ച മാര്‍ക്കുകള്‍, സ്വന്തം ഹോബികള്‍, വായിക്കാനും ചര്‍ച്ച ചെയ്യാനും ഇഷ്ടമുള്ള വിഷയങ്ങള്‍ എന്നിവയൊക്കെ സ്വന്തം അഭിരുചി മനസ്സിലാക്കുവാനുള്ള വഴികളാണ്.

കോളജോ ബ്രാഞ്ചോ?: എന്‍ജിനീയറിംഗ് പഠനത്തിനൊരുങ്ങുമ്പോള്‍ കോളജിനാണോ ബ്രാഞ്ചിനാണോ പ്രാധാന്യം നല്കേണ്ടതെന്ന ചോദ്യം എപ്പോഴും ചോദിച്ചു കേള്‍ക്കാറുള്ളതാണ്. ബ്രാഞ്ച് തിരഞ്ഞെടുക്കുമ്പോള്‍ അഭിരുചിക്കും തൊഴില്‍ സാദ്ധ്യതയ്ക്കുമാണു മുന്‍തൂക്കം നല്കേണ്ടത്. കോളജ് തിരഞ്ഞെടുക്കുമ്പോള്‍ തൊഴില്‍ സാദ്ധ്യതയും പഠനസൗകര്യങ്ങളുമാവണം അളവുകോലുകള്‍. തനിക്കനുയോജ്യമായ ബ്രാഞ്ചുകളുടെ പട്ടിക തയ്യാറാക്കിയശേഷം അവ ലഭിക്കാന്‍ സാദ്ധ്യതയുള്ള കോളജുകള്‍ ഏതൊക്കെയെന്നു പരിശോധിക്കാം. ഏറ്റവും ഇഷ്ടമുളള ഒരു ബ്രാഞ്ച് റാങ്കിങ്ങില്‍ വളരെ താഴെയുള്ള ഒരു കോളജില്‍ പഠിക്കുന്നതു തൊഴിലവസരങ്ങളുടെ കാര്യത്തില്‍ പ്രതികൂലമായി വരും. അതിനാല്‍ തീരെ അനുയോജ്യമല്ലാത്ത ബ്രാഞ്ചുകള്‍ ഒഴിവാക്കിയശേഷം മികച്ച കോളജിനു മുന്‍തൂക്കം നല്കുന്നതില്‍ തെറ്റില്ല.

കോളജിനെക്കുറിച്ചും ബ്രാഞ്ചിനെക്കുറിച്ചും അവസാന തീരുമാനമെടുക്കുംമുമ്പ് ഓരോ ബ്രാഞ്ചിലെയും പഠനവിഷയങ്ങളെന്തൊക്കെയാണെന്നതിനെക്കുറിച്ചും ഓരോന്നിന്‍റെയും തൊഴില്‍ സാദ്ധ്യതയെക്കുറിച്ചും തൊഴിലിന്‍റെ സ്വഭാവത്തെക്കുറിച്ചും രാജ്യത്തെയും സ്വന്തം സംസ്ഥാനത്തെയും മികച്ച കോളജുകളെക്കറിച്ചും അവയിലെ കാമ്പസ് റിക്രൂട്ട്മെന്‍റുകളെക്കുറിച്ചും പഠനസൗകര്യങ്ങളെക്കുറിച്ചുമെല്ലാം ഒരു പഠനം നടത്തണം. എന്‍ട്രന്‍സ് പരിശീലനത്തിനായി രണ്ടോ മൂന്നോ അതിലധികമോ വര്‍ഷങ്ങള്‍ ചെലവഴിക്കുന്ന വിദ്യാര്‍ത്ഥികളും അവരുടെ മാതാപിതാക്കളും ഇക്കാര്യത്തില്‍ കുറച്ചു ദിവസങ്ങളെങ്കിലും വിനിയോഗിക്കുവാന്‍ തയ്യാറാകണം.

ബ്രാഞ്ചുകള്‍: എന്‍ജിനീയറിംഗ് ബ്രാഞ്ചുകള്‍ അനവധിയാണ്. എന്നാല്‍ മിക്ക വിദ്യാര്‍ത്ഥികള്‍ക്കും കൈവിരലിലെണ്ണാവുന്ന ബ്രാഞ്ചുകളെക്കുറിച്ചേ അറിവുള്ളൂ. ലഭ്യമായ ബ്രാഞ്ചുകള്‍ ഏതെല്ലാമെന്നറിയുകയാണ് ആദ്യം വേണ്ടത്. കേരള എന്‍ജിനീയറിംഗ് എന്‍ട്രന്‍സിന്‍റെ പ്രോസ്പക്ടസില്‍ 31 എന്‍ജിനീയറിംഗ് ശാഖകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്. IIT-JEE (Advanced)ന്‍റെ പ്രോസ്പക്ടസിലാവട്ടെ 40 BTech കോഴ്സുകളും B.S; B.Arch, B.Tech-M.Tech Dual Degree, B.S.-M.S. Dual Degree, Integrated M.Tech, Integrated M.S. തുടങ്ങിയവ ഉള്‍പ്പെടെ മൊത്തത്തില്‍ 106 കോഴ്സുകളും ഉള്‍പ്പെടുത്തിയിരിക്കുന്നു.

ഈ കോഴ്സുകളെ ഓരോന്നിനെയും വിലയിരുത്തുന്നതിനു പകരം ഗ്രൂപ്പുകളായി തിരിച്ചു അവലോകനം ചെയ്യാവുന്നതാണ്. ഉദാഹരണത്തിന് മെക്കാനിക്കലും അതിന്‍റെ അനുബന്ധ ബ്രാഞ്ചുകളും ഒരു ഗ്രൂപ്പായി കണക്കാക്കാം. ഇലക്ട്രോണിക്സും അനുബന്ധ ബ്രാഞ്ചുകളും കമ്പ്യൂട്ടര്‍ സയന്‍സും അനുബന്ധ ബ്രാഞ്ചുകളും സിവില്‍ എന്‍ജിനീയറിംഗ് അനുബന്ധ ബ്രാഞ്ചുകളും  മറ്റു ബ്രാഞ്ചുകള്‍ എന്നിങ്ങനെ ഗ്രൂപ്പുകളാക്കാം. അനുയോജ്യമായ ഗ്രൂപ്പുകള്‍ കണ്ടെത്തിയശേഷം ഗ്രൂപ്പുകളിലെ ഓരോ ബ്രാഞ്ചിനെക്കുറിച്ചും ചിന്തിക്കാം.

കോളജുകള്‍: മുമ്പു സൂചിപ്പിച്ചതുപോലെ, പഠനസകര്യങ്ങളും കാമ്പസ് റിക്രൂട്ട്മെന്‍റും മുന്‍നിര്‍ത്തിയാവണം കോളജ് തിരഞ്ഞെടുക്കേണ്ടത്. IIT-കള്‍, NIT കള്‍, സംസ്ഥാനത്തെ സര്‍ക്കാര്‍ എയ്ഡഡ് കോളജുകള്‍ എന്നിവ യഥാക്രമം മുന്‍പന്തിയിലാണെന്നതു പറയേണ്ടതില്ലല്ലോ? ഇവിടെ ശ്രദ്ധിക്കേണ്ട ഒരു കാര്യം IIT കളുടെയും NIT കളുടെയും എണ്ണത്തിലുണ്ടായ വര്‍ദ്ധനവാണ്. താരതമ്യേന പുതിയ ഒരു IITയേക്കാള്‍ പഴയ ഒരു NIT-ക്ക് ചിലപ്പോള്‍ പരിഗണന നല്കേണ്ടതായി വന്നേക്കാം. പുതിയ NIT-യും സംസ്ഥാനത്തെ എയ്ഡഡ് സര്‍ക്കാര്‍ കോളജുകളും താരതമ്യം ചെയ്യുമ്പോഴും ഇത്തരത്തിലുള്ള അഡ്ജസ്റ്റുമെന്‍റുകള്‍ വേണ്ടിവരാം.

മറ്റു കോളജുകള്‍ തിരഞ്ഞെടുക്കുമ്പോള്‍ വിവിധ ഏജന്‍സികളുടെ റാങ്കിംഗ് പരിഗണിക്കാം. അതിലുപരി ഓരോ കോളജിലെയും പഠനസൗകര്യത്തെക്കുറിച്ചും കാമ്പസ് സെലക്ഷനെക്കുറിച്ചും ആ സ്ഥാപനങ്ങളില്‍ മുമ്പു പഠിച്ച കുട്ടികളില്‍ നിന്നും വിവരം ശേഖരിക്കണം. കേരള ടെക്നിക്കല്‍ യൂണിവേഴ്സിറ്റി (KTY)യുടെ B.Tech പരീക്ഷാഫലത്തിന്‍റെ കോളജ് തിരിച്ചുള്ള സംഗ്രഹം വെബ്സൈറ്റില്‍ ലഭ്യമാണ്. കേരളത്തിലെ കോളജുകളുടെ നിലവാരം അറിയുവാനായി ഈ പട്ടിക ഒരു നല്ല ഉപാധിയാണ്.

NIT-കളിലെയും മറ്റു ചില മികച്ച കോളജുകളുടെയും പ്രവേശനം നടത്തുന്നത് JEE (main) പരീക്ഷയുടെ അടിസ്ഥാനത്തിലാണ്. ഈ സ്ഥാപനങ്ങളുടെ ലിസ്റ്റ് JEE (main) പ്രോസ്പക്ടസിലുണ്ട്.

ഉപരിപഠനം: അദ്ധ്യാപനം, ഗവേഷണം എന്നിവയില്‍ താത്പര്യമുള്ളവര്‍ക്ക് ഉപരിപഠനത്തിനുള്ള പദ്ധതി മനസ്സിലുണ്ടാകണം. ഇന്‍റഗ്രേറ്റഡ്, ഡ്യുവല്‍ കോഴ്സുകള്‍ ഇക്കൂട്ടര്‍ക്ക് അനുയോജ്യമാണ്. ബിടെക്കിനുശേഷം എം.ബി.എ ലക്ഷ്യമിടുന്നവര്‍ അവര്‍ക്കു പഠിക്കാനെളുപ്പുമുള്ള ബ്രാഞ്ച് ഏറ്റവും നല്ല കോളജില്‍ പഠിക്കുന്നതാണ് ഉത്തമം.

അംഗീകാരം: സ്വകാര്യ കോളജുകളില്‍ അഡ്മിഷന്‍ തേടുന്നവര്‍ അവയുടെ അംഗീകാരത്തിന്‍റെ കാര്യം പ്രത്യേകം ശ്രദ്ധിക്കണം. AICTE, University എന്നിവയുടെ വെബ്സൈറ്റുകള്‍ റഫര്‍ ചെയ്യാം. വിദേശ ജോലി ആഗ്രഹിക്കുന്നവര്‍ MBA അക്രെഡിഷന്‍ ഉള്ള കോളജുകള്‍ ശ്രദ്ധിക്കുന്നതും നന്ന്.

Websites
www.cee-kerala.org/docs/prospectus
www.Jeeadv.ac.in/information-Brochure.html
www.jeemain.nic.in www.ktu.edu.in www.rbaind.org.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org