സിവിൽ സർവ്വീസിലേക്കുള്ള വഴി

യുവര്‍ കരിയര്‍

എം. ഷൈറജ്

ഐ.എ.എസ്; ഐ.പി.എസ്; ഐ.എഫ്.എസ്. എന്നിവയിലേക്കും ഇന്ത്യന്‍ ഭരണ യന്ത്രത്തിന്‍റെ മറ്റ് ഉന്നത ഉദ്യോഗങ്ങളിലേയ്ക്കുമുള്ള കവാടമാണ് സിവില്‍ സര്‍വ്വീസ് പരീക്ഷ. ഈ പരീക്ഷയുടെ രൂപഘടന കഴിഞ്ഞ തവണ പ്രതിപാദിച്ചിരുന്നുവല്ലോ? ബിരുദതലത്തില്‍ നിങ്ങള്‍ ഏതു വിഷയം പഠിച്ചുവെന്നതോ എത്ര മാര്‍ക്കു നേടിയെന്നതോ ഈ പരീക്ഷയില്‍ പ്രസക്തമല്ല. കൃത്യമായ പ്ലാനിംഗിലൂടെ കഠിനപ്രയത്നം ചെയ്യുവാന്‍ കഴിഞ്ഞാല്‍ സര്‍ക്കാര്‍ സര്‍വ്വീസിലെ ഈ ഉന്നത പദങ്ങളില്‍ തീര്‍ച്ചയായും എത്തിച്ചേരുവാന്‍ കഴിയും.

കേരളവും സിവില്‍സര്‍വ്വീസും
സിവില്‍സര്‍വ്വീസില്‍ കേരളത്തിന്‍റെ പ്രാതിനിധ്യം കുറേക്കാലമായി കുറഞ്ഞുവരികയായിരുന്നു. എന്നാല്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ ഈ ദുരവസ്ഥ മാറുകയും മലയാളികളായ ധാരാളം യുവതീയുവാക്കള്‍ സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ മികച്ച റാങ്കുകള്‍ നേടുകയും ചെയ്യുന്നുണ്ട്.

പൂര്‍ണ്ണസമര്‍പ്പണം
പരീക്ഷാവിജയത്തിന് അവശ്യം വേണ്ടത് ലക്ഷ്യപ്രാപ്തിക്കുവേണ്ടിയുള്ള പൂര്‍ണ്ണ സമര്‍പ്പണമാണ്. ബിരുദപഠനത്തിനുശേഷം തൊ ഴില്‍ നേടുന്നതിനു മുമ്പുള്ള കാലഘട്ടത്തില്‍ സിവില്‍ സര്‍വ്വീസ് പരീക്ഷയെഴുതിനോക്കാം എന്ന മട്ടിലാണ് നമ്മുടെ നാട്ടിലെ ഒട്ടുമിക്ക വിദ്യാര്‍ത്ഥികളും ഈ പരീക്ഷയെ സമീപിക്കുന്നത്. ഇത്തരം പാഴ്ശ്രമങ്ങളിലൂടെ സിവില്‍ സര്‍വ്വീസ് നേടിയെടുക്കുവാനാവില്ല. കൃത്യമായ പ്ലാനിംഗോടെ തീവ്രമായി, ചിട്ടയോടെ പഠനം നടത്തുക മാത്രമാണ് മാര്‍ഗ്ഗം.

നേരത്തെ തുടങ്ങുക
സ്കൂള്‍ / പ്ലസ് ടു തലത്തില്‍ തന്നെ സിവില്‍ സര്‍വ്വീസ് പരീക്ഷയുടെ രീതിയും ഘടനയും മനസ്സിലാക്കുന്നത് ഏറെ നല്ലതാണ്. വായനയ്ക്കും പഠനത്തിനും ആവശ്യമായ ദിശാബോധവും വിശാലതയും നല്കുന്നതിന് ഇത് ഉപകരിക്കും.

പരന്നതും ആഴത്തിലുള്ളതുമായ വായന ശീലമാക്കണം. നോട്ടുകള്‍ തയ്യാറാക്കണം. ജനറല്‍ സ്റ്റഡീസിനും ഇന്‍റര്‍വ്യൂവിനും ഇത് ഏറെ സഹായകരമായിരിക്കും.

ബിരുദപഠനത്തോടൊപ്പമോ അതിനുമുമ്പോ തന്നെയോ സിവില്‍ സര്‍വ്വീസ് പഠനം തുടങ്ങുന്നതാണ് ഉത്തമം. പാഠ്യവിഷയങ്ങള്‍ പഠിക്കുമ്പോള്‍ അവയുടെ അടിസ്ഥാന തത്ത്വങ്ങള്‍ മനസ്സിലാക്കുവാന്‍ ശ്രദ്ധിക്കണം.

പരീക്ഷാ കേന്ദ്രങ്ങള്‍ വേണമോ?
ശരിയായ ദിശാബോധമുള്ള കുട്ടികള്‍ക്ക് പരിശീലനകേന്ദ്രങ്ങള്‍ ഒരു അത്യാവശ്യമല്ല. എന്നാല്‍ നല്ല പഠനകേന്ദ്രങ്ങള്‍ പഠനത്തിനുള്ള ആക്കം വര്‍ദ്ധിപ്പിച്ചേക്കാം. അര്‍പ്പണബോധമുള്ള സഹപാഠികളുമായുള്ള സഹവാസം പ്രോത്സാഹനജനകമാവുകയും ചെയ്യാം. നമ്മുടെ നാട്ടിലും ധാരാളം പരിശീലനകേന്ദ്രങ്ങള്‍ അടുത്ത കാലത്തായി ഉയര്‍ന്നു വന്നിട്ടുണ്ട്. ഇവയില്‍ വളരെ മികച്ചവയും മികവു തീരെ പുലര്‍ത്താത്തവയുമുണ്ട്. ഗുണമേന്മ ഉറപ്പു വരുത്തിയതിനുശേഷം മാത്രമേ പരിശീലനകേന്ദ്രം തിരഞ്ഞെടുക്കാവൂ.

ഒന്നായ പഠനം
ആദ്യം പ്രിലിമിനറി പരീക്ഷയ്ക്കു പഠിക്കുകയും അതില്‍ വിജയിച്ചു കഴിഞ്ഞാല്‍ മെയിന്‍ പരീക്ഷാ പരിശീലനം തുടങ്ങുകയും തുടര്‍ന്ന് ഇന്‍റര്‍വ്യൂവിന് തയ്യാറെടുക്കുകയും ചെയ്യുക എന്നത് ശരിയായ രീതിയേയല്ല. സിവില്‍ സര്‍വ്വീസ് പരീക്ഷയെ ഒന്നായി കണ്ടുള്ള പരിശീലനം മാത്രമേ ഫലം കാണുകയുള്ളൂ. തുടക്കം മുതലുള്ള വായനയിലും പഠനത്തിലും മെയിന്‍ പരീക്ഷയും ഇന്‍റര്‍വ്യൂവും മനസ്സി ലുണ്ടാവണമെന്നു സാരം.

ഇന്‍റര്‍വ്യൂവിനുള്ള തയ്യാറെടുപ്പിന് ഉന്നതനിലവാരമുള്ള പരിശീലന കേന്ദ്രങ്ങള്‍ ഫലം ചെയ്തേക്കും. കാരണം മാതൃകാ ഇന്‍റര്‍ വ്യൂകള്‍ പ്രയോജനകരങ്ങളാണ്.

സമാന ഓപ്ഷണലുകള്‍ തിരഞ്ഞെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ തമ്മിലുള്ള കൂട്ടായ്മ ഫലപ്രദമാണെന്നു പറയാം. എന്നാല്‍ തീവ്രപരിശീലനത്തിന് ഉറപ്പിച്ചവര്‍ തമ്മിലാവണം കൂട്ടുകെട്ട്.

പഠനച്ചെലവ്
ഇക്കാലത്ത് പല പ്രൊഫഷനുകളിലേക്കുമുള്ള പഠനച്ചെലവ് സാധാരണക്കാരന് താങ്ങാന്‍ കഴിയാത്തതാണ്. എന്നാല്‍ താരതമ്യേന ചെറിയ ചെലവേ – പ്രധാനമായും പുസ്തകങ്ങള്‍ക്കും പ്രത്യേക പരിശീലനം വേണമെങ്കില്‍ അതിനും – സിവില്‍ സര്‍വ്വീസിലൂടെ ഉന്നത ശ്രേണിയിലുള്ള ഉദ്യോഗസ്ഥനാവാന്‍ വേണ്ടിവരൂ.

ഓപ്ഷണലിന്‍റെ തെരഞ്ഞെടുക്കല്‍
ബിരുദതലത്തിലോ അതിനുമുമ്പോ നിങ്ങള്‍ പഠിച്ച വിഷയങ്ങളിലൊന്ന് ഓപ്ഷണലായി തിരഞ്ഞെടുക്കണമെന്ന് ഒരു നിര്‍ബന്ധവുമില്ല. സിവില്‍ സര്‍വ്വീസ് പരീക്ഷയുടെ വിവിധ വിഷയങ്ങളുടെ സിലബസ് പഠനവിധേയമാക്കുകയും പുസ്തകങ്ങള്‍ റഫര്‍ ചെയ്യുകയും ചെയ്തതിനുശേ ഷം നിങ്ങള്‍ക്ക് ഏറ്റവും നന്നായി സ്കോര്‍ ചെയ്യാമെന്നു തോന്നു ന്ന വിഷയം വേണം തിരഞ്ഞെടുക്കാന്‍. ജനകീയ ഓപ്ഷണലുകളുടെ പിറകെ കണ്ണടച്ചു പോകുന്നത് ഒട്ടും ആശാസ്യമല്ല.

ടൈംടേബിള്‍
കൃത്യമായ ഒരു ടൈംടേബിളിന്‍റെ അടിസ്ഥാനത്തില്‍ വേണം സിവില്‍ സര്‍വ്വീസ് പരീക്ഷാ പരിശീലനം നടത്തേണ്ടത്. ദീര്‍ഘകാലത്തേക്ക് – ഒരു വര്‍ഷത്തേക്കോ ആറു മാസത്തേക്കോ ഉള്ള സമയക്രമം ആദ്യം തയ്യാറാക്കണം. അതിനനുസരിച്ച് ഒരു മാസത്തേക്കും ആഴ്ചയിലേക്കും ദിവസത്തിനുമുള്ള ടൈംടേബിള്‍ തയ്യാറാക്കാം.

ടൈംടേബിളുകള്‍ കൃത്യമായി പിന്തുടരുകയും അപൂര്‍വ്വമായി അങ്ങനെ പറ്റാതെ വരുമ്പോള്‍ ലക്ഷ്യപ്രാപ്തിയെ ബാധിക്കാത്തവണ്ണം അഡ്ജസ്റ്റുമെന്‍റുകള്‍ വരുത്തുകയും വേണം.

പുസ്തകങ്ങള്‍
ശരിയായ പുസ്തകങ്ങള്‍ കണ്ടെത്തുകയെന്നത് സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ ഏറെ പ്രധാനമാണ്. ജനറല്‍ സ്റ്റഡീസിനു വേണ്ട ചരിത്രം, ജ്യോഗ്രഫി, ഇന്ത്യന്‍ പൊളിറ്റിക്സ്, ഇക്കണോമിക്സ്, സയന്‍സ്, ടെക്നോളജി എന്നിവയ്ക്ക് എന്‍.സി.ഇ.ആര്‍.ടി.യുടെ എട്ടുമുതല്‍ പന്ത്രണ്ടു വരെയുള്ള ക്ലാസ്സുകളുടെ പുസ്തകങ്ങള്‍ നല്ല തുടക്കമായിരിക്കും. മുമ്പു പഠിച്ചു വിജയിച്ചവരോടും നല്ല അധ്യാപകരോടും ചര്‍ച്ച ചെയ്ത് വിവിധ വിഷയങ്ങളിലേക്കുള്ള പുസ്തകങ്ങള്‍ തിരഞ്ഞെടുക്കാം.

നിങ്ങള്‍ക്കും നേടാം
കുറച്ചു വര്‍ഷത്തേക്ക് ഏകാഗ്രതയോടെയും കൃത്യമായ പ്ലാനിംഗോടെയും കഠിനപ്രയത്നം ചെയ്യുവാന്‍ കഴിയുമെങ്കില്‍ സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ ഒരു ശരാശരി വിദ്യാര്‍ ത്ഥിക്കു പോലും മികച്ച നേട്ടം കൈവരിക്കുവാന്‍ കഴിയും.
വെബ്സൈറ്റ്
www.upsc.gov.in

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org