രൂപതാ കാര്യാലയത്തിലെ നടപടികളും ബന്ധപ്പെട്ടവരുടെ ഒപ്പുകളും

രൂപതാ കാര്യാലയത്തിലെ നടപടികളും ബന്ധപ്പെട്ടവരുടെ  ഒപ്പുകളും

നിങ്ങളുടെ സംശയങ്ങള്‍

ഡോ. ജോസ് ചിറമേല്‍
(പ്രസിഡന്‍റ്, സീറോ-മലബാര്‍ മേജര്‍ ആര്‍ക്കി
എപ്പിസ്കോപ്പല്‍ ട്രിബ്യൂണല്‍)

ചോദ്യം
ഒരു മെത്രാന്‍ തന്‍റെ രൂപതയിലെ വൈദികരെ സ്ഥലം മാറ്റി പുതിയ നിയമന ഉത്തരവുകള്‍ നല്കുമ്പോഴും മറ്റ് ഉത്തരവുകള്‍ പുറപ്പെടുവിക്കുമ്പോഴും തന്‍റെ ഒപ്പോടുകൂടിയ രേഖകള്‍ മാത്രമാണ് ഇതിനായി അയയ്ക്കുന്നത്. അദ്ദേഹത്തിന്‍റെ കാഴ്ചപ്പാടില്‍ ഇത്തരം രേഖകളില്‍ രൂപതാ ചാന്‍സലറിന്‍റെയോ നോട്ടറിയുടെയോ ഒപ്പ് അനാവശ്യമാണ്. ഇത് ശരിയാണോ? രൂപതാ ചാന്‍സലറിന്‍റെ ഒപ്പില്ലാതെ മെത്രാന്‍റെ ഒപ്പോടുകൂടി മാത്രം പുറപ്പെടുവിക്കുന്ന രേഖകളും ഉത്തരവുകളും നിയമപരമായി സാധുവാണോ?

ഉത്തരം
ചോദ്യകര്‍ത്താവിന്‍റെ സംശയത്തിനുള്ള വ്യക്തമായ മറുപടി ലത്തീന്‍ നിയമസംഹിതയിലെ 474-ാം കാനോനയില്‍ പ്രതിപാദിച്ചിട്ടുണ്ട്. അതനുസരിച്ച്, സ്വഭാവത്താല്‍ത്തന്നെ നൈയ്യാമിക ഫലമുണ്ടാകേണ്ട രൂപതാ കാര്യാലയത്തിലെ നടപടികള്‍, അവ പുറപ്പെടുവിച്ച സഭാധികാരി ഒപ്പിടേണ്ടതും അവയുടെ സാധുതയ്ക്ക് കാര്യാലയത്തിലെ ചാന്‍സലറോ നോട്ടറിയോ ഒപ്പിടേണ്ടതുമാണ് (CIC.c. 474).

മുകളില്‍ ഉദ്ധരിച്ച സഭാനിയമം രൂപതയിലെ എല്ലാ അധികാരികള്‍ക്കും (Ordinaries) ബാധകമാണോ അതോ രൂപതാ മെത്രാന്‍ ഒഴികെയുള്ളവര്‍ക്ക് മാത്രമാണോ ബാധകമാകുന്നത്? അതായത്, പ്രോട്ടോസിന്‍ഞ്ചെല്ലൂസ് (വികാരി ജനറാള്‍) സിന്‍ഞ്ചെല്ലൂസ് (എപ്പിസ് കോപ്പല്‍ വികാരി) എന്നിവര്‍ക്കു മാത്രമാണോ ഈ നിയമം ബാധകമാകുന്നത് എന്ന ചോദ്യം പ്രസക്തമാണ്. ചില കാനോന്‍ നിയമപണ്ഡിതരുടെ അഭിപ്രായത്തില്‍ മേലുദ്ധരിച്ച സഭാനിയമം രൂപതയിലെ വികാരി ജനറാള്‍ (പ്രോട്ടോ സിന്‍ഞ്ചെല്ലൂസ്) എപ്പിസ്കോപ്പല്‍ വികാരി (സിഞ്ചെല്ലൂസ്) എന്നിവര്‍ക്കു മാത്രമാണ് ബാധകമാവുക. രൂപതാ മെത്രാന് ഈ നിയമനിര്‍ദ്ദേശം ബാധകമല്ല. ഇപ്രകാരമൊരു നിഗമനത്തില്‍ എത്തിച്ചേരാന്‍ ഈ കാനോന്‍ നിയമ വിദഗ്ദ്ധരെ പ്രേരിപ്പിക്കുന്നത് ലത്തീന്‍ നിയമസംഹിതയിലെ 469-ാം കാനോനയിലെയും പൗരസ്ത്യ നിയമസംഹിതയിലെ 243-ാം കാനോനയിലെയും രൂപതാ കൂരിയയെ (രൂപതാ കാര്യാലയം) സംബന്ധിച്ച വിവരണങ്ങളാകാം. മേല്പറഞ്ഞ കാനോനയനുസരിച്ച്, രൂപതയുടെ മുഴുവന്‍ ഭരണത്തിലും പ്രത്യേകിച്ച് അജപാലന പ്രവര്‍ത്തനത്തിന്‍റെ നിയന്ത്രണത്തിലും രൂപതയുടെ കാര്യ നിര്‍വഹണത്തിലും നീതി ന്യായാധികാര വിനിയോഗത്തിലും മെത്രാനെ സഹായിക്കു ന്ന സംവിധാനങ്ങളും വ്യക്തികളും ഉള്‍പ്പെടുന്നതാണ് രൂപതാ കൂരിയ Eparchial Curia). മെത്രാന്‍ തന്നെ ഭരമേല്പിച്ചിട്ടുള്ള രൂപതയുടെ അജപാലനം നടത്തുന്നത് രൂപതാ കൂരിയയുടെ സഹായ ത്താലാണ്. രൂപതാ കൂരിയയുടെ സഹായം കൂടാതെ രൂപതയുടെ അജപാലന നിര്‍വഹണം കാര്യക്ഷമമായി നിര്‍വഹിക്കുവാന്‍ മെത്രാനാവില്ല.

രൂപതാ കൂരിയയെ സംബന്ധിക്കുന്ന നിര്‍വ്വഹണത്തില്‍ നിന്നുമാണ് ചില കാനോന്‍ നിയമ വിദഗ്ദ്ധര്‍ മേല്പറഞ്ഞ നിഗമനത്തിലെത്തുന്നത്. അവരുടെ നിഗമനത്തില്‍ രൂപതാ മെത്രാന്‍ രൂപതാ കൂരിയയുടെ ഭാഗമല്ല. രൂപതാ ഭരണത്തില്‍ അദ്ദേഹത്തെ സഹായിക്കുന്ന സംവിധാനങ്ങളും വ്യക്തികളുമാണ് രൂപതാ കൂരിയ. തന്മൂലം, രൂപതാ മെത്രാന്‍ പുറപ്പെടുവിക്കുന്ന ഉത്തരവുകളും രേഖകളും, അവയുടെ സാധുതയ്ക്ക് രൂപതാ കാര്യാലയത്തിലെ ചാന്‍സലറോ നോട്ടറിയോ ഒപ്പിടേണ്ട കാര്യമില്ല. ഒരുപക്ഷേ, ഈ അഭിപ്രായം തന്നെയായിരിക്കാം ചോദ്യ കര്‍ത്താവ് ഉന്നയിച്ച പ്രശ്നത്തില്‍ പ്രതിപാദിക്കപ്പെട്ടിരിക്കുന്ന മെത്രാനും ഉള്ളത്.

എന്നാല്‍, എന്‍റെ അഭിപ്രായത്തില്‍ ഈ നിഗമനം ശരിയല്ല. വിദഗ്ദ്ധരായ പല നിയമ പണ്ഡിതരും എന്‍റെ അഭിപ്രായത്തോട് യോജിക്കുന്നവരാണ്. പൗരസ്ത്യ നിയമ സംഹിതയില്‍ ഇക്കാര്യത്തെ സം ബന്ധിക്കുന്ന കാനോനയും ഇതി ന് തെളിവാണ് (CCEO. c. 243/1). പൗരസ്ത്യ നിയമസംഹിത വ്യക്തമാക്കുന്നതനുസരിച്ച്, രൂപതയുടെ ഭരണത്തില്‍ സഹായിക്കുവാന്‍ ഓരോ മെത്രാനും തന്‍റെ രൂപതയില്‍ രൂപതാ കൂരിയ സ്ഥാപിക്കേണ്ടതാണെന്ന് പറയുന്നു. തന്മൂലം, രൂപതാമെത്രാന്‍ രൂപതാകൂരിയയുടെ ഭാഗം തന്നെയാണ്. ലത്തീന്‍ നിയസംഹിതയിലെ 474-ാം കാനോനയില്‍ പറഞ്ഞിരിക്കുന്ന സഭാധികാരികളുടെ ഗണത്തില്‍ മെത്രാനും ഉള്‍പ്പെടുന്നതാണ്. ആകയാല്‍, രൂപതാ മെത്രാന്‍ പുറപ്പെടുവിക്കുന്ന ഉത്തരവുകളും രേഖകളും, അവയുടെ സാധുതയ്ക്ക് രൂപതാ കാര്യാലയത്തിലെ ചാന്‍സലറോ നോട്ടറിയോ ഒപ്പിടേണ്ടതാണ്.

സഭാധികാരിക്ക് ലത്തീന്‍ നിയ മ സംഹിതയില്‍ ഉപയോഗിച്ചിരിക്കുന്ന ഇംഗ്ലീഷ് പദം 'ഛൃറശിമൃ്യ' എന്നാണ്. എന്നാല്‍, പൗരസ്ത്യ നിയമസംഹിതയില്‍ സഭാധികാരിക്ക് ഉപയോഗിച്ചിരിക്കുന്ന പദം "Ordinary" എന്നാണ്. ലത്തീന്‍ നിയമമനുസരിച്ചും പൗരസ്ത്യ നിയമമനുസരിച്ചും രൂപതാ മെത്രാന്‍ സഭാധികാരിയാണ് (മേലദ്ധ്യ ക്ഷന്‍) (CIC. c. 134/1; CCEO. c. 984). അദ്ദേഹത്തിന്‍റെ നടപടികള്‍ രൂപതയുടെ ഓദ്യോഗിക ഭരണക്രമത്തിന്‍റെ ഭാഗമാണ്. തന്മൂലം, രൂപതാ മെത്രാന്‍റെ നടപടികളും അവയുടെ നിയമപരമായ സാധുതയ്ക്ക് രൂപതാ കാര്യാലയത്തിലെ മറ്റ് സഭാധികാരികളുടെ നടപടികള്‍ പോലെതന്നെ കാണേണ്ടതാണ്. രൂപതാമെത്രാന്‍ പുറപ്പെടുവിക്കുന്ന ഉത്തരവുകളിലും ഇതര രേഖകളിലും, അവയുടെ സാധുതയ്ക്ക് അദ്ദേഹം അതില്‍ ഒപ്പിടേണ്ടതാണ്. അതുവഴി ഉത്തരവ് പുറപ്പെടുവിച്ചത് മെത്രാനാണെന്നും ഉത്തരവിലെ വിവരങ്ങള്‍ മെത്രാന് അറിവുള്ളതാണെന്നും, ഉത്തരവിന്‍റെ കര്‍തൃത്വം മെത്രാനാണെന്നുമൊക്കെയാണ് അര്‍ത്ഥമാക്കുന്നത്. ഉത്തരവില്‍ രൂപതാചാന്‍സലറോ നോട്ടറിയോ ഒപ്പിടുമ്പോള്‍ പ്രസ്തുത ഉത്തരവിന്‍റെ ആധികാരികതയും രൂപതാ മെത്രാന്‍റെ ഒപ്പിന്‍റെ ആധികാരികതയുമാണ് ഇതുവഴി വ്യക്തമാക്കപ്പെടുന്നത്.

രൂപതാ മെത്രാന്‍റെ ഒപ്പ് അദ്ദേഹം പുറപ്പെടുവിക്കുന്ന ഉത്തരവിന്‍റെ അഥവാ രേഖയുടെ സാധുത യ്ക്ക് ആവശ്യമാണ്. ഒപ്പോടുകൂടിയല്ലാത്ത ഉത്തരവുകള്‍ക്കോ ഇതര രേഖകള്‍ക്കോ നിയമ സാധുതയുണ്ടാവുകയില്ല. എന്നാല്‍, പ്രസ്തുത ഉത്തരവില്‍ ചാന്‍സലര്‍ ഇടുന്ന ഒപ്പ് ഒരിക്കലും മെത്രാന്‍റെ ഉത്തരവിന്‍റെ നിയമപരമായ സാധുതയെ ബാധിക്കുന്ന ഒന്നല്ല. ഈ ഒപ്പ് ഉത്തരവിന്‍റെ നൈയ്യാമികതയെ സംബന്ധിക്കുന്ന (licity) ഒന്നുമാത്രമാണ്. കാരണം സഭാനിയമമനുസരിച്ച്, ഒരു നടപടി അസാധു വാണെന്നോ ഒരു വ്യക്തിക്ക് ഏതെങ്കിലും പ്രവൃത്തി ചെയ്യാന്‍ അയോഗ്യത ഉണ്ടെന്നോ വ്യക്തമായി പറയുന്ന നിയമങ്ങള്‍ മാത്രമെ അസാധുവാക്കുന്നതോ (invali-dating) അയോഗ്യമാക്കുന്നതോ (incapacitating) ആയ നിയമങ്ങളായി പരിഗണിക്കുകയുള്ളൂ (CIC. c. 10; CCEO. c. 1495). മാത്രവുമല്ല, സഭാനിയമത്തില്‍, ചാന്‍സലറിന്‍റെയോ നോട്ടറിയുടെയോ ഒപ്പ് മെത്രാന്‍ പുറപ്പെടുവിക്കുന്ന ഉത്തരവുകളുടെ സാധുതയ്ക്ക് ആവശ്യമാണെന്ന് ഒരിക്കലും പറഞ്ഞിട്ടില്ല (Communications 14 (1982) 213).

മേല്പറഞ്ഞ നിയമങ്ങളുടെയും നിയമവ്യാഖ്യാനങ്ങളുടെയും വെളിച്ചത്തില്‍, ചോദ്യകര്‍ത്താവ് സൂചിപ്പിച്ചിരിക്കുന്ന രൂപതാ മെത്രാന്‍ രൂപതാ ചാന്‍സലറിന്‍റെയോ നോട്ടറിയുടെയോ ഒപ്പു കൂടാതെ പുറപ്പെടുവിക്കുന്ന ഉത്തരവുകള്‍ നിയമപരമായി ശരിയല്ലെന്ന നിഗമനത്തില്‍ വേണം എത്തിച്ചേരാന്‍. എന്നാല്‍ ചാന്‍സലറിന്‍റെയോ നോട്ടറിയുടെയോ ഒപ്പിന്‍റെ അഭാവത്തില്‍ രൂപതാ മെത്രാന്‍റെ ഉത്തരവുകള്‍ നിയമപരമായി അസാധുവാകുകയും ചെയ്യുന്നില്ല.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org